UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിരമിക്കാന്‍ വരട്ടെ പിന്നിലുണ്ട് അപകടങ്ങള്‍; ഒരു ചലച്ചിത്രോത്സവ മറുവിചാരം

Avatar

എം കെ രാംദാസ്

അഗ്രഹാരത്തില്‍ കഴുത പ്രദര്‍ശിപ്പിക്കുന്ന കാലം. തിയേറ്ററുകളോ ടാക്കീസുകളോ ആിരുന്നില്ല കേന്ദ്രങ്ങള്‍. നുറും ഇരുന്നൂറും മുന്നൂറും പ്രേക്ഷകര്‍ ഒത്തുകൂടിയിരുന്ന പ്രദര്‍ശനയിടങ്ങള്‍. നഗര, ഗ്രാമ ഭേദമെന്യേ സിനിമ അറിയാനെത്തിയ ചെറുകൂട്ടങ്ങള്‍. കൊയിലാണ്ടി വിക്ടറി ടാക്കീസില്‍ സാക്ഷാല്‍ ജോണ്‍ എബ്രഹാം കഴുതയെ കുറിച്ച് സംവദിക്കാനെത്തിയ ഒരുച്ച ഈ ഓര്‍മ്മയുടെ പരിസരം. എന്തുകൊണ്ട് കഴുത എന്ന് ചോദ്യം. നിന്നെ കണ്ടെത്താനാകാത്തത് കൊണ്ട്, ജോണിന്റെ മറുപടി. ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ കെ പി രമേശ് ഫിലിം സൊസൈറ്റി കാലത്തേയും ഒഡേസയേയും ഓര്‍ത്തു കൊണ്ടാണ് ഇക്കാര്യം വിവരിച്ചത്. ജോണ്‍ എബ്രഹാമിനുമേല്‍ അവരോധിക്കപ്പെട്ട നര്‍മ്മാനുഭവങ്ങള്‍ അല്ല ഇവിടെ പ്രതിപാദ്യം.

സിനിമ സ്വകാര്യമായി ആസ്വദിക്കുകയോ അറിയുകയോ ചെയ്യേണ്ട കലാരൂപമല്ല എന്ന ബോധം സൂക്ഷിച്ചിരുന്ന ഒരു കാലഘട്ടം. കഥയോ കവിതയോ പാരായണത്തിന് ആവശ്യമില്ലാത്ത സംഘാസ്വാദനം ചലച്ചിത്രത്തിന് വേണമെന്ന തിരിച്ചറിവാണ് ഫിലിം സൊസൈറ്റികളുടെ പിറവിക്ക് കാരണം. ഉണര്‍വില്‍ വിപ്ലവം പടരുന്ന കാലത്തില്‍ ചിന്തകള്‍ പങ്കിടാനും മുന്നോട്ടു കൊണ്ടുപോകാനും തയ്യാറായ ചെറുപ്പക്കാര്‍ ഗ്രാമങ്ങളിലെ പൊതുയിടങ്ങളില്‍ കൂട്ടം ചേര്‍ന്നു. വായനശാലകളും പുസ്തക വില്‍പന കേന്ദ്രങ്ങളും ഇവരുടെ ഇരിപ്പിടമായി. കോഴിക്കോട്ടെ ബോധിയും അശ്വിനിയും കാഴ്ചയും ഡയലോഗും കൊയിലാണ്ടിയിലേയും വടകരയിലേയും ഫാല്‍ക്കേയും മലപ്പുറത്തെ രശ്മിയും മാഹിയിലെ കലാഗ്രാമവും വയനാട്ടിലെ തേടലും നീതിയും ഫിലിം സൊസൈറ്റികളോ പുസ്തകശാലകളോ ആയിരുന്നു. മണ്ണാര്‍ക്കാട്ടും ലോകനാര്‍കാവിലും എല്ലാം ഫിലിം സൊസൈറ്റികള്‍ ഉണ്ടായിരുന്നു. കോണ്‍സുലേറ്റ് വഴി എത്തുന്ന വിദേശ സിനിമകള്‍ കണ്ടിരുന്ന കാലം. ഈ ഒരു സിനിമാസ്വാദന പരിസരത്തു നിന്നാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഇരുപതാമത് പതിപ്പിലേക്ക് എത്തപ്പെടുന്നത്.

1984-ലാണ് ഒഡേസയുടെ ആരംഭം. ഒന്നരവര്‍ഷത്തോളം സിനിമ പ്രദര്‍ശനങ്ങള്‍. ചലച്ചിത്ര പ്രദര്‍ശനം ആയിരുന്നില്ല ഒഡേസയുടെ പ്രധാനലക്ഷ്യം. മറിച്ച് സിനിമയിലൂടെയുള്ള സമൂഹ സൃഷ്ടിയായിരുന്നു. ആസ്വാദനത്തിന്റെ ജനകീയ തലങ്ങള്‍ രൂപപ്പെടുത്തുക, ജനപക്ഷ സിനിമകള്‍ നിര്‍മ്മിക്കുക, ജനകീയ കഥകള്‍ കണ്ടെത്തുക, ചലച്ചിത്ര പഠനം-ഗവേഷണം എന്നിവയ്ക്കുവേണ്ട സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയവയെല്ലാം ഒഡേസയുടെ ലക്ഷ്യങ്ങള്‍ ആയിരുന്നു. ഈ തുടര്‍ച്ചയിലാണ് അമ്മ അറിയാന്‍ നിര്‍മ്മിക്കപ്പെടുന്നത്. 1986-ലാണ് അത്. ആറ് മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായി. 100 ശതമാനവും ജനകീയമായി നിര്‍മ്മിക്കപ്പെട്ട സിനിമയാണിത്. 1987-ല്‍ ഇന്ത്യാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അമ്മ അറിയാന്‍ പ്രദര്‍ശിക്കപ്പെട്ടു. 1987-ല്‍ തന്നെ ജോണ്‍ മരിച്ചു. ഒഡേസ പിന്നേയും പ്രവര്‍ത്തിച്ചു. മലബാറില്‍ ആകെ തന്നെ പതിനായിരത്തിലേറെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. ആനന്ദ് പട് വര്‍ദ്ധന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രദര്‍ശനവേദികളില്‍ സജീവമായി. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജോണ്‍ സ്മരണയുണ്ടായി. ജോണ്‍ എബ്രഹാമിന്റെ കടുത്ത വിമര്‍ശകനായിരുന്ന ഡെറിക് മാല്‍ക്കം പങ്കെടുത്ത അനുസ്മരണ ചടങ്ങിനെതിരെ വിമര്‍ശനം ഉയര്‍ന്നു.

അമ്മദ് അറിയാന്‍ എന്നാണ് ജോണ്‍ എബ്രഹാമിന്റെ സിനിമയ്ക്ക് അര്‍ത്ഥവത്തായ പേരെന്ന് വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്. ജോണ്‍ ഇക്കാര്യം പലതവണ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ആരാണീ അമ്മദ് എന്ന് അറിയാത്തവര്‍ അക്കാലത്ത് ഉണ്ടായിരുന്നില്ല. പി ആന്റ് ടിയില്‍ എഞ്ചിനീയര്‍ ആയിരുന്നു അമ്മദ്. അല്‍പകാലം സൈന്യത്തിലും. ഒഡേസയുടെ സ്ഥാപകരില്‍ പ്രധാനി. ജോണ്‍ എബ്രഹാം ഉള്‍പ്പെടെയുള്ള അരാജവാദികളായ സര്‍ഗധനന്മാരുടെ പ്രവര്‍ത്തനങ്ങളെ ഋഷി തുല്യമായ സഹനത്തോടെ ക്രമീക്കരിക്കുക എന്ന ദൗത്യമായിരുന്നു അമ്മദിന്റേത്. അമ്മ അറിയാന്‍ എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മിതിയും അങ്ങനെ ആയിരുന്നുവല്ലോ. മലബാറിലെ ഫിലം സൊസൈറ്റി പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്നു അമ്മദ്. ജോണിന് ശേഷവും കുറെക്കാലം അമ്മദ് ഒഡേസയെ നയിച്ചു. 1994-ല്‍ ഒഡേസയില്‍ നിന്ന് അകന്നു. കോഴിക്കോട്ടെ മീഡിയ സ്റ്റഡി സെന്റര്‍ എന്ന സ്ഥാപനവുമായി അമ്മദ് ഇപ്പോഴും ഉണ്ട്. ഒഡേസയുടെ സമാന ലക്ഷ്യം തന്നെയാണ് എംഎസ് സിയുടേതും.

ഇനി അമ്മദ് പറയുന്നതിലേക്ക്. ചലച്ചിത്രോത്സവത്തിന്റെ ആഘോഷ പെരുമയില്‍ ശങ്കിക്കപ്പെടേണ്ടതുണ്ട്. ചലച്ചിത്ര അക്കാദമി നേരിട്ട് ഇത്തരമൊരു മേള സംഘടിപ്പിക്കേണ്ടത് ഉണ്ടോ. ഫിലിം സൊസൈറ്റികളെ പോഷിപ്പിക്കേണ്ട ചുമതല നിര്‍വഹിക്കേണ്ട അക്കാദമി പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ചലച്ചിത്രോത്സവത്തിന്റെ അമരക്കാരാകുമ്പോള്‍ നഷ്ടം സംഭവിക്കുന്നത് യഥാര്‍ത്ഥ സിനിമാ ആസ്വാദകര്‍ക്കാണ്. സിനിമയില്‍ ഒത്തുചേരലിന്റെ സംഘബലമുണ്ട്. ഫിലിം സൊസൈറ്റികളില്‍ സജീവമായ കാലങ്ങളില്‍ സംഭവിച്ചത് അതാണ്. സിനിമയോടൊപ്പം അവിടങ്ങളിലെല്ലാം സാമൂഹിക പ്രശ്‌നങ്ങള്‍ തലനാരിഴ കീറി പരിശോധിക്കപ്പെടുന്നു. പരിഹാരങ്ങളും ഇടപെടലുകളും മുളപൊട്ടി. കലാപ്രവര്‍ത്തനങ്ങളുടെ സാമൂഹികാവശ്യം നിര്‍ണ്ണയിക്കപ്പെട്ടത് ഇത്തരം സംവാദങ്ങളിലൂടെയാണ്. ഇതെല്ലാം നഷ്ടം ആയോയെന്ന് പുനരാലോചന വേണം, അമ്മദ് പറയുന്നു.

ഫിലിം സൊസൈറ്റികള്‍ പിറവിയെടുക്കുന്നില്ലിപ്പോള്‍. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരവും തള്ളിക്കയറ്റവും ആകാം ഇതിനൊരു കാരണം. നവ സാമൂഹ്യ മാധ്യമങ്ങളുടെ വരവും ഫിലം സൊസൈറ്റി പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കാം. മള്‍ട്ടി പ്ലക്‌സുകള്‍ വ്യാപകം ആകുന്നതോടെ ചലച്ചിത്രങ്ങളുടെ പരിമിതികള്‍ അതിജീവിക്കാന്‍ ആകുമോയെന്ന് പരിശോധിക്കപ്പെടണം. സാര്‍ത്ഥകമായ അറിവിന്റെ വിനിമയം നടക്കുന്നില്ലിവിടെ. സാംസ്‌കാരിക ഒത്തുചേരലുകള്‍ അസ്തമിച്ചിരിക്കുന്നു. സമൂഹത്തിന്റെ മൂല്യശോഷണം തുടങ്ങുന്നതും ഇവിടെ നിന്നാകാം. വായനശാലകളില്‍ നിന്നും ചലച്ചിത്ര പ്രദര്‍ശന ഹാളുകളില്‍ നിന്നും പുറപ്പെട്ടു പോയവര്‍ ഗുണ്ടാ സംഘങ്ങളില്‍ അഭയം തേടുന്നതിന്റെ പശ്ചാത്തലം തിരിച്ചറിയണം.സമാന്തര ചലച്ചിത്രങ്ങളെ ഉള്‍പ്പെടെ വാണിജ്യവല്‍ക്കരിച്ച് വിജയം നേടിയെന്ന് വേണമെങ്കില്‍ അഭിമാനിക്കാം. റിലീസ് ചിത്രങ്ങള്‍ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് പ്രകടിപ്പിക്കുന്ന ദാര്‍ഷ്ട്യം തിരിച്ചറിയപ്പെടണം.

അമ്മ അറിയാന്‍ എന്ന ചലച്ചിത്രം പതിനായിരത്തിലേറെ ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദിവസവും അഞ്ചും ആറും പ്രദര്‍ശനങ്ങള്‍ വരെയുണ്ടായി. സമൂഹത്തിന്റെ പരിച്ഛേദമായിരുന്നു പ്രദര്‍ശന സംഘാടകര്‍. എവിടെയോ തുടര്‍ച്ച നഷ്ടപ്പെട്ടു. വര്‍ഷത്തിലൊരു ഉല്‍സവം എന്ന നിലയിലേക്ക് ചലച്ചിത്ര മേളകള്‍ ചുരുങ്ങുന്നു. പ്രൗഢം എന്ന വാഴ്ത്തുപാട്ടിന് വേണ്ടി തകര്‍ന്ന് അടിയുന്ന സാംസ്‌കാരിക പ്രതലം തിരിച്ചറിയേണ്ടത് ചലച്ചിത്ര ആസ്വാദകരുടെ കടമയെന്നും അമ്മദ് വിശ്വസിക്കുന്നു.

(അഴിമുഖം കണ്‍സള്‍ട്ടിങ് എഡിറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍