UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ടാണ് ഒരു മലയാളസിനിമയ്ക്ക് സുവര്‍ണ്ണ ചകോരം ലഭിക്കാത്തത്?

Avatar

“ഫിലിം മേക്കേഴ്സിനെ വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ ഫിലിം ഫെസ്റ്റിവല്‍ പരാജയപ്പെട്ടു എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. മടിയില്ലാതെ പറയേണ്ട കാര്യമാണ്. എന്തുകൊണ്ട് പരാജയപ്പെട്ടു എന്നു ചോദിച്ചു കഴിഞ്ഞാല്‍…, പലപ്പോഴും നമ്മുടെ സോസെറ്റി ഒരു കന്‍സ്യൂമര്‍ സൊസേറ്റിയാണ്. കണ്‍സ്യൂമറിസം നമ്മളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. പുറമേയുള്ള സംഭവം നമ്മള്‍ കണ്‍സ്യൂം ചെയ്യും. എന്നാല്‍ പ്രൊഡക്ഷന്‍സിന്റെ കാര്യത്തില്‍ നമ്മള്‍ പിന്നിലാണ്. എല്ലാ മേഖലകളിലും ഇതു തന്നെയാണ് പ്രശ്നം. തമിഴ്നാട്ടില്‍ നിന്നു പച്ചക്കറി ഇറക്കുമതി ചെയ്യുന്നത് പോലെ തന്നെ സിനിമയിലും.  അതിനെ റിഅഡ്രസ് ചെയ്യേണ്ട സമയമായി കഴിഞ്ഞിരിക്കുന്നു. റിഅഡ്രസ് ചെയ്യേണ്ട സിസ്റ്റം വലിയൊരു വിഷന്റെ ഭാഗമായിട്ടുള്ള ഡ്രൈവ് ആണ്.” ഇരുപതാമത് അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉപദേശക സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അഴിമുഖത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞതാണ് ഇത്. ചലച്ചിത്രോത്സവം ഇരുപതു വര്‍ഷം പൂര്‍ത്തിയായിട്ടും എന്തുകൊണ്ടാണ് ഒരു മലയാള സിനിമയ്ക്ക്  മേളയിലെ ഏറ്റവും വലിയ പുരസ്കാരമായ സുവര്‍ണ്ണ ചകോരം നേടാന്‍ സാധിക്കാത്തത്? ലോകസിനിമയിലേക്ക് ഇത്രയേറെ തുറന്നു വച്ച ഒരു സമൂഹം വേറെ ഉണ്ടാകില്ല. എന്നിട്ടും അത് നമ്മുടെ സംവിധായകരെ പ്രചോദിപ്പിക്കുന്നതിലും പഠിപ്പിക്കുന്നതിലും പരാജയപ്പെടുകയാണോ? അല്ലെങ്കില്‍ മറ്റെന്തെങ്കിലും സ്ഥാപിത താത്പര്യങ്ങള്‍ ഇതിന് പിന്നിലുണ്ടോ? അഴിമുഖം ചര്‍ച്ച ആരംഭിക്കുന്നു. 

‘അടൂരിന് മാത്രമേ മലയാള സിനിമയില്‍ അനുയോജ്യ ചലച്ചിത്ര പരിസരം സൃഷ്ടിക്കാനായിട്ടുള്ളൂ. കൊടിയേറ്റം നിര്‍മ്മിക്കാനായതും അദ്ദേഹത്തിന്റെ പ്രതിഭ കൊണ്ടാണ്. ഇന്ന് അത് അസാധ്യമാണ്’, യുവസംവിധായകരില്‍ ശ്രദ്ധേയനായ സുദേവന്‍ പറയുന്നു. ചലച്ചിത്രമേളയുടെ ജനകീയ പങ്കാളിത്തവും പ്രാധാന്യവും എന്തുകൊണ്ട് മികച്ച സിനിമകളുടെ പിറവിക്ക് കാരണമാകുന്നില്ലെന്ന ചോദ്യത്തിന് ഉത്തരമായാണ് സുദേവന്റെ പ്രതികരണം.

സര്‍ഗ്ഗശേഷിയുടേത് ഒരു പ്രശ്‌നമാകാം. വിപണിക്ക് വേണ്ടി അനുരഞ്ജനത്തിന് തയ്യാറാകുന്നതോടെ തകിടം മറയുകയാണ് എല്ലാം. ഫിലിം സൊസൈറ്റികള്‍ അപ്രസക്തമായി. സമാന്തര സിനിമകള്‍ക്ക് പിന്നെ എവിടെയാണ് ഇടം? സൊസൈറ്റികളെ ശാക്തീകരിക്കുന്നതില്‍ ഫിലിം ഫെഡറേഷന്‍ നിഷ്‌ക്രിയമാണ്. തട്ടിന്‍പുറത്തപ്പന്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായത് ഇരുപതില്‍ താഴെ സിനിമാ സംഘങ്ങള്‍ മാത്രമാണ്. ഫെഡറേഷന്റെ പിന്തുണയും ലഭിച്ചില്ല. മറ്റൊരു കാര്യം സര്‍ക്കാര്‍ പിന്തുണയാണ്. മറാത്തി സിനിമയുടെ അവസ്ഥ പരിശോധിക്കാം. ശുഷ്‌കമായിരുന്നു മറാത്തി സിനിമ. 40 ലക്ഷം രൂപ വരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സിനിമ നിര്‍മ്മിക്കാന്‍ സഹായം നല്‍കുന്നു. ഇരുപതില്‍ താഴെ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്ന ഇടത്ത് നൂറില്‍ അധികം ചലച്ചിത്രങ്ങള്‍ മറാത്തി ഭാഷയില്‍ പ്രേക്ഷകരില്‍ എത്തുന്നു. അതും മികച്ച സിനിമകള്‍. സുതാര്യമായി സഹായം ലഭിച്ച് തുടങ്ങിയതോടെ ബോളിവുഡിനെ കവച്ചു വയ്ക്കുന്ന ചിത്രങ്ങള്‍ പിറന്നു. സാമ്പത്തിക സുരക്ഷിതാവസ്ഥയായിരുന്നു ഇവിടെ മാറ്റത്തിന് വഴി തുറന്നത്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ കീഴ്‌മേലാണ്. ഫിലിം ഡെവലെപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് സഹായം ലഭിക്കണമെങ്കില്‍ അവിഹിത ഇടപെടല്‍ വേണം. 

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ കോര്‍പ്പറേഷന്‍ നല്‍കിയ സബ്‌സിഡി ലിസ്റ്റ് പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. ഇരുപത് ശതമാനത്തില്‍ താഴെ മികച്ച ചിത്രങ്ങള്‍ക്ക് മാത്രമേ സഹായം ലഭിച്ചുള്ളൂ. അവശേഷിക്കുന്ന ഭൂരിഭാഗവും ചവറുകള്‍ ആയിരുന്നു. കൈക്കൂലിയും അഴിമതിയും ആണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. പ്രതിഭയുള്ള സംവിധായകര്‍ക്ക് പിന്തുണ നല്‍കിയില്ലെങ്കില്‍ പിന്നെ എങ്ങനെ മികച്ച സിനിമകള്‍ രൂപപ്പെടും. അക്കാദമിയില്‍ നയങ്ങള്‍ തലതിരിയുകയാണ്. മികച്ച മലയാള സിനിമയെ കണ്ടെത്തുന്ന സിനിമയില്‍ മലയാളികള്‍ ആരുമില്ല. സബ് ടൈറ്റിലുകള്‍ മനസിലാക്കി വിലയിരുത്തിയാല്‍ മതിയെന്നാണ് അക്കാദമി വാദം. ചലച്ചിത്രമേളയില്‍ മലയാള മത്സര സിനിമാ വിഭാഗത്തില്‍ ജൂറി അംഗമാകാന്‍ ഭയക്കുന്ന സാഹചര്യം ഉണ്ടിവിടെ. വിവാദവും ആക്ഷേപവും ആരോപണവുമാണ് അധൈര്യത്തിന് അടിസ്ഥാനം. എവിടെയാണ് പിഴയ്ക്കുന്നത് എന്ന് പുനപരിശോധിക്കപ്പെടേണ്ടതുണ്ട്, സുദേവന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍