UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐ എഫ് എഫ് കെ; ലോകോത്തര പുരസ്കാരം നേടിയ 9 ചിത്രങ്ങള്‍

Avatar

അഴിമുഖം/ഐ എഫ് എഫ് കെ ഡെസ്ക്

ലോകോത്തര ചലച്ചിത്രമേളകളില്‍ ഉന്നത പുരസ്‌കാരങ്ങള്‍ നേടി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങളാണ് ഇരുപതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഡിസംബര്‍ നാലു മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയില്‍ കാന്‍, ബെര്‍ലിന്‍, വെനീസ്, മോസ്‌കോ, ഷാങ്ഹായ്, ടൊറന്റോ മേളകളില്‍ മികച്ച ചിത്രങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടെ 2015ലെ പ്രമുഖ പുരസ്‌കാരജേതാക്കള്‍ ശ്രദ്ധാകേന്ദ്രമാകും. അന്താരാഷ്ട്ര ചലച്ചിത്രലോകത്തിന്റെ അംഗീകാരം നേടി ഐഎഫ്എഫ്‌കെയിലെത്തുന്ന ചിത്രങ്ങളില്‍ ചിലത്:

ദീപന്‍, സംവിധായകന്‍: ജാക്വസ് ഓഡിയാഡ്
കാന്‍ ചലച്ചിത്രമേളയില്‍ പാം ഡീ ഓര്‍ പുരസ്‌കാരം 

വിഖ്യാത സംവിധായകന്‍ ജാക്വസ് ഓഡിയാഡിന്റെ ദീപന്‍ ശ്രീലങ്കയില്‍ നിന്ന് ഫ്രാന്‍സിലേക്കു പലായനം ചെയ്ത മൂന്ന് തമിഴ് അഭയാര്‍ത്ഥികളുടെ കഥ പറയുന്നു. കുട്ടിക്കാലത്ത് എല്‍ടിടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീലങ്കന്‍ നടന്‍ ആന്റണിത്താസന്‍ ജെസ്യൂത്താസനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 68-ാമത് കാന്‍ ചലച്ചിത്രമേളയില്‍ മികച്ചചിത്രത്തിനുള്ള പാം ഡി ഓര്‍ നേടിയ ദീപന്‍ 2015 ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സ്‌പെഷ്യല്‍ പ്രസന്റേഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

ടാക്‌സി, സംവിധായകന്‍: ജാഫര്‍ പനാഹി
ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബിയര്‍, ഫിപ്രസി പുരസ്‌കാരങ്ങള്‍

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ഏറ്റവും പുതിയ ചിത്രമാണ് ടാക്‌സി. 65-ാമത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഗോള്‍ഡന്‍ ബിയറും ഫിപ്രസി പുരസ്‌കാരവും നേടി. ‘ആധുനിക ടെഹ്റാന്റെ ചിത്രം’ എന്നു വിശേഷിപ്പിക്കപ്പെട്ട ടാക്‌സി പൂര്‍ണമായും കാറിന്റെ ഡാഷ്‌ബോര്‍ഡ് ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. 2010 മുതല്‍ 20 വര്‍ഷത്തേക്ക് സിനിമ നിര്‍മ്മിക്കുന്നതില്‍ നിന്നും സഞ്ചരിക്കുന്നതിനും ഇറാന്‍ ഭരണകൂടം പനാഹിയെ വിലക്കിയിട്ടുണ്ട്. ജാഫര്‍ പനാഹിയെ ചലച്ചിത്രകാരന്‍ ടാക്‌സി ഡ്രൈവറായി ഒതുക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ച പനാഹിയുടെ അനന്തിരവള്‍ ഹനാ സയ്യേദിയാണ് സംവിധായകനു വേണ്ടി ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ഫ്രം അഫര്‍, സംവിധായകന്‍: ലോറന്‍സോ വിഗാസ്
വെനീസ് ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം

വെന്വസ്വേലയില്‍ നിന്നുള്ള ലോറന്‍സോ വിഗാസ് എന്ന സംവിധായകന്‍ 72-ാം വെനീസ് മേളയുടെ അത്ഭുതമായിരുന്നു. കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കിയ ആദ്യചിത്രം ഫ്രം അഫറിലൂടെ അദ്ദേഹം സ്വന്തമാക്കിയത് മേളയുടെ പരമോന്നത പുരസ്‌കാരമായ ഗോള്‍ഡന്‍ ലയണ്‍ ആയിരുന്നു. മധ്യവയസ്‌കനായ സ്വവര്‍ഗ്ഗരതിക്കാരനും തെരുവിലെ പരുക്കന്‍ യുവാവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏറെ പ്രശംസനേടി. ബാലതാരമായി സിനിമയിലെത്തി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ സൂപ്പര്‍താരമായ ആല്‍ഫ്രെഡോ കാസ്‌ട്രോയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

റൈറ്റ് നൗ, റോങ്ങ് ദെന്‍, സംവിധായകന്‍: ഹോങ് സാങ് സൂവ്
ലൊക്കാര്‍ണോ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലെപ്പാര്‍ഡ് പുരസ്‌കാരം

പ്രസിദ്ധ ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂവിന്റെ റൊമാന്റിക് കോമഡി ചിത്രം റൈറ്റ് നൗ റോങ്ങ് ദെന്‍ കഥയിലെ സൂക്ഷ്മാംശങ്ങളാലാണ് പ്രേക്ഷക പ്രീതി നേടിയത്. 68-ാം ലൊക്കാര്‍ണോ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലെപ്പാര്‍ഡ് പുരസ്‌കാരം നേടിയ ചിത്രത്തിലെ പ്രകടനത്തിന് പ്രധാനനടന്‍ ജൂങ് ജായെ യുങ് മികച്ച നടനുള്ള പുരസ്‌കാരവും നേടി. ടൊറന്റോ മേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ദി നൈറ്റ് വാച്ച്മാന്‍, സംവിധായകന്‍: പിയറി ജോലിവെറ്റ്
ഷാങ്ഹായ് മേളയില്‍ ഗോള്‍ഡന്‍ ഗോട്ടെറ്റ് പുരസ്‌കാരം

ഫ്രഞ്ച് സംവിധായകന്‍ പിയറി ജോലിവെറ്റിന്റെ ദി നൈറ്റ് വാച്ച്മാന്‍ ഒരു ഷോപ്പിംഗ് മാളിലെ രാത്രികാവല്‍ക്കാരന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചാണ് പറയുന്നത്. പതിനെട്ടാമത് ഷാങ്ഹായ് മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗോട്ടെറ്റ് നേടി. ഒലിവര്‍ ഗൗര്‍മെറ്റ്, വലെറി ബോണെറ്റോ, മാര്‍ക്ക് സിന്‍ഗ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

പ്രൈസ് ഓഫ് ലൗ, സംവിധായകന്‍: ഹെര്‍മന്‍ ഹെയ്‌ലി
ടൊറൊന്റോ മേളയില്‍ ജനപ്രിയചിത്രം

എതോപ്യന്‍ തലസ്ഥാനനഗരമായ ആഡിസ് അബാബയിലെ ടാക്‌സി ഡ്രൈവറും വേശ്യയും തമ്മിലുള്ള പ്രണയമാണ് പ്രൈസ് ഓഫ് ലൗ എന്ന ചിത്രത്തിന്റെ പ്രമേയം. ഹെര്‍മന്‍ ഹെയ്‌ലി സംവിധാനം ചെയ്ത ചിത്രം ടൊറൊന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ജനപ്രിയചിത്രമായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. തെരുവു ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും അവയുടെ കാരണങ്ങളും ചര്‍ച്ചചെയ്യാറുള്ള ഹെയ്‌ലി ചിത്രങ്ങളുടെ പതിവുപാതയാണ് സംവിധായികയുടെ മൂന്നാമത്തെ പ്രൈസ് ഓഫ് ലൗ പിന്‍പറ്റുന്നത്. ആഡിസ് അബാബ എന്ന നഗരത്തിന്റെ അപ്രകാശിത കോണുകളിലേക്ക് ചിത്രം വെളിച്ചം വീശുന്നു.

നാഹിദ്, സംവിധായകന്‍: ഇദാ പനഹാന്‍ദേ
കാന്‍ ചലച്ചിത്രമേളയില്‍ പ്രോമിസിംഗ് ഫ്യൂച്ചര്‍ അവാര്‍ഡ്

വിവാഹബന്ധം വേര്‍പ്പെടുത്തിയ അമ്മ തന്റെ മക്കളുടെ സംരക്ഷാവകാശനുവേണ്ടി നടത്തുന്ന പോരാട്ടങ്ങളാണ് ഇദാ പനഹാന്‍ദേയുടെ നാഹിദ് എന്ന ചിത്രത്തിന്റെ പ്രമേയം. കാന്‍ ചലച്ചിത്രമേളയില്‍ പ്രോമിസിംഗ് ഫ്യൂച്ചര്‍ പുരസ്‌കാരം നേടിയ ചിത്രം 2011 ല്‍ ഓസ്‌കാര്‍ നേടിയ എ സെപറേഷന്‍ എന്ന ചിത്രത്തിനു സമാനമായാണ് നാഹിദ് വിലയിരുത്തപ്പെടുത്. ഇറാനിലെ നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്യുതിനോടൊപ്പം വിവാഹബന്ധം വേര്‍പ്പെടുത്തുതും പുനര്‍വിവാഹവും സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന പൊതുധാരണകളെയും ചിത്രം വിമര്‍ശിക്കുന്നു.

ദി പ്രോജക്ട് ഓഫ് ദി സെഞ്ച്വറി, സംവിധായകന്‍: കാര്‍ലോസ് എം ക്വിന്റേല
റോട്ടര്‍ഡാം മേളയില്‍ ടൈഗര്‍ അവാര്‍ഡ്

ക്യൂബന്‍ സംവിധായകന്‍ കാര്‍ലോസ് എം ക്വിന്റേലയുടെ ദി പ്രോജക്ട് ഓഫ് ദി സെഞ്ച്വറി റിയലിസത്തിനും സര്‍റിയലിസത്തിനുമിടയില്‍ അനായാസം സഞ്ചരിക്കുന്ന ചിത്രമാണ്. 44-ാമത് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ടൈഗര്‍ അവാര്‍ഡ് നേടിയ ചിത്രം ക്യൂബയിലെ പണിപൂര്‍ത്തിയാകാത്ത സോവിയറ്റ് ന്യൂക്ലിയര്‍ പവര്‍‌സ്റ്റേഷനിലെ തൊഴിലാളി ക്വാട്ടേഴ്‌സിലെ മൂന്ന് തലമുറകളുടെ കഥപറയുന്നു. ചുറ്റുമുള്ള ലോകം മുന്നോട്ടു പോകുമ്പോഴും മാറ്റങ്ങളറിയാതെ ജീവിക്കുന്ന ജനതയെയാണ് ദി പ്രോജക്ട് ഓഫ് ദി സെഞ്ച്വറി ചിത്രീകരിക്കുന്നത്.

ഇമ്മോര്‍ട്ടല്‍, സംവിധായകന്‍: ഹാദി മൊഹദേഗ്
ബുസാന്‍ മേളയില്‍ ന്യൂ കറന്റ്‌സ് വിഭാഗത്തില്‍ മികച്ച ചിത്രം, ഫിപ്രസി പുരസ്‌കാരം

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഇമ്മോര്‍ട്ടല്‍ ഇറാനിയന്‍ സംവിധായകന്‍ ഹാദി മൊഹദേഗിന്റെ രണ്ടാമത്തെ മുഴുനീള കഥാചിത്രമാണ്. ഇരുപതാമത് ബുസാന്‍ ചലച്ചിത്രമേളയില്‍ ന്യൂ കറന്റ്‌സ് വിഭാഗത്തിലെ മികച്ച ചിത്രമായും ഫിപ്രസി പുരസ്‌കാരത്തിനും തെരെഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ ശക്തമായ ദൃശ്യഭാഷ നിരൂപക പ്രശംസ നേടി. ആവര്‍ത്തിച്ച് ആത്മഹത്യാ ശ്രമങ്ങള്‍ നടത്തുന്ന ഏകാന്തനായ ഒരു വൃദ്ധന്റെ പാപബോധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍