UPDATES

സിനിമ

IFFK: കാഴ്ചക്കാര്‍ക്ക് പരിധി നിശ്ചയിക്കരുത് ഹോ! എന്തൊരു നാറ്റം അഥവാ ഒരു അടൂരിയന്‍ തീട്ടൂരം

Avatar

അജിത് കെ ജോസഫ്

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള; സിനിമാ പ്രേമികള്‍ക്ക് അതൊരു ഉല്‍സവമാണ്. തീര്‍ഥാടനം പോലെയാണ് ഓരോ വര്‍ഷവും ഡിസംബര്‍ രണ്ടാം വാരം സിനിമാ പ്രേമികള്‍ തലസ്ഥാനത്ത് ഒത്തുചേരുന്നത്. സംസ്ഥാനത്തിനു പുറത്ത് ജോലി ചെയ്യുന്നവരും അവധിയെടുത്ത് സിനിമകളുടെ ഉല്‍സവകാലം ആഘോഷിക്കാന്‍ എത്തുന്നു. ഓരോ വര്‍ഷം കഴിയുന്തോറും ചലച്ചിത്രമേളയ്‌ക്കെത്തുന്ന ആസ്വാദകരുടെ എണ്ണം കൂടിവരികയാണ്. പതിനേഴായിരത്തോളം പേര്‍ കഴിഞ്ഞ തവണ ചലച്ചിത്രമേളയ്‌ക്കെത്തിയെന്നാണ് കണക്ക്. കൂടുതല്‍ പേര്‍ എത്തുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന അസൗകര്യങ്ങളും പരാതികളും കഴിഞ്ഞവര്‍ഷവും ഉണ്ടായി. പരാതികള്‍ ഒഴിവാക്കാന്‍ ഡെലിഗേറ്റുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പരാതി ഉയര്‍ന്നുകഴിഞ്ഞു. സിനിമാ ആസ്വാദകരുടെ വിദ്യാഭ്യാസ യോഗ്യതയും അഭിരുചിയുമെല്ലാം പരിശോധിച്ച് ഡെലിഗേറ്റ് പാസ് അനുവദിക്കുന്ന രീതിയാണ് വിവാദമാകുന്നത്.

 

ആസ്വാദകര്‍ കൂടുമ്പോഴുണ്ടാകുന്ന അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ ഡെലിഗേറ്റുകളുടെ എണ്ണം കുറയ്ക്കുകയാണോ അതോ കൂടുതല്‍ തിയറ്ററുകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണോ വേണ്ടത് എന്നാണ് ചോദ്യം. ചലച്ചിത്രമേളയുടെ ആസൂത്രണത്തില്‍ കുറച്ചുകൂടി ശ്രദ്ധ ചെലുത്തിയാല്‍ ഒരു പരിധിവരെ പരാതികള്‍ പരിഹരിക്കാന്‍ കഴിയില്ലേ? ഗോവയിലെല്ലാം പരീക്ഷിച്ചു വിജയിച്ച റിസര്‍വേഷന്‍ സംവിധാനം തിരുവനന്തപുരം മേളയില്‍ ഇപ്പോഴും പരീക്ഷണഘട്ടത്തില്‍ തന്നെയാണ്. ചലച്ചിത്രമേളയ്ക്ക് സ്ഥിരം വേദി എന്ന പ്രഖ്യാപനം ഇപ്പോഴും കടലാസിലൊതുങ്ങുന്നു. ഓരോ ചിത്രവും ഏതു തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണം, എത്ര തവണ പ്രദര്‍ശിപ്പിക്കണം എന്ന കാര്യത്തിലും ആലോചന ആവശ്യമാണ്. കിം കി ഡുക് പോലെ കേരളത്തിലെ സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകരുടെ ചിത്രങ്ങളും, കാന്‍ ഉള്‍പ്പെടെ പ്രമുഖ ചലച്ചിത്രമേളകളില്‍ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും വലിയ തിയറ്ററുകളില്‍, ആവശ്യമെങ്കില്‍ കൂടുതല്‍ തവണ പ്രദര്‍ശനം നടത്തേണ്ടിവരും.

 

 

ചലച്ചിത്രമേളയുടെ നിലവാരം കുറയുന്നു എന്ന പരാതിയും ശക്തമാണ്. പുറത്തിറങ്ങുന്ന ചലച്ചിത്രങ്ങളുടെ നിലവാരം മെച്ചപ്പെടാത്തതും, ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലെ പാളിച്ചകളും, സംഘാടനത്തിലെ പിഴവുകളും ആസ്വാദകരുടെ അതിവൈകാരിക പ്രതികരണങ്ങളുമെല്ലാം ഇതിനു കാരണമാകാം. സെന്‍സര്‍ ചെയ്യാത്ത സിനിമകള്‍ കാണാന്‍ വേണ്ടിയാണ് ചലച്ചിത്രപ്രേമികള്‍ മേളയ്‌ക്കെത്തുന്നത് എന്ന വിമര്‍ശനം ശരിയല്ല. ഒരുപക്ഷേ ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നവരുടെ മനോനിലയാകാം അത് സൂചിപ്പിക്കുന്നത്. ഇന്റര്‍നെറ്റും യൂ ട്യൂബും വാട്‌സ് ആപ്പുമെല്ലാം പ്രചാരം നേടിയ കേരളത്തില്‍ അത്തരം ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് ചലച്ചിത്രമേളയെ ആശ്രയിക്കേണ്ട കാര്യമില്ല. മാത്രമല്ല, നല്ല സിനിമ സ്വപ്നം കണ്ട് മേളയ്‌ക്കെത്തുന്ന നൂറുകണക്കിനു ചലച്ചിത്ര പ്രേമികളെ അപമാനിക്കുന്നതാണ് ഇത്തരം പരാമര്‍ശങ്ങള്‍.

 

ചലച്ചിത്രമേളയുടെ വിജയം എന്നത് അതിലെ ജനപങ്കാളിത്തം കൂടിയാണെന്ന്‍ സംഘാടകരെ എങ്ങനെ ബോധ്യപ്പെടുത്തും. പ്രമുഖ വിദേശ സംവിധായകരെ വന്‍തുക മുടക്കി തിരുവനന്തപുരത്തെത്തിച്ചതുകൊണ്ടോ, രാജ്യാന്തര തലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിച്ചതുകൊണ്ടോ മാത്രം എങ്ങനെ മേള വിജയമാകും? ഇതെല്ലാം ആസ്വദിക്കാന്‍ നിറഞ്ഞ സദസ്സുകൂടി ചേരുമ്പോഴല്ലേ മേളയ്ക്ക് പൂര്‍ണത കൈവരൂ?. തിയറ്ററുകളുടെ തറയിലിരുന്നുവരെ സിനിമ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകരെ മേളയ്ക്കെത്തിയ വിദേശ സംവിധായകര്‍ എത്രയോ വട്ടം പ്രശംസിച്ചിരിക്കുന്നു. കച്ചവട സിനിമകളുടെ കാലത്ത് ഏറെ കഷ്ടപ്പെട്ട് ചിത്രീകരിക്കുന്ന നല്ല സിനിമകള്‍ക്ക് സ്വന്തം നാട്ടില്‍ പ്രേക്ഷകരെ കിട്ടാത്ത സംവിധായകര്‍ക്ക് തിരുവനന്തപുരം മേളയിലെ നിറഞ്ഞ സദസ്സുകാണുമ്പോള്‍ തന്നെ മനസ്സ് നിറയുന്നു. മറ്റൊരവാര്‍ഡിനും പകരാനാവാത്ത സംതൃപ്തി ലഭിക്കുന്നു. ഏറെ സജീവമായ ഓപ്പണ്‍ ഫോറങ്ങളും തിരുവനന്തപുരം മേളയുടെ മാത്രം സവിശേഷതയായിരുന്നു.

 

 

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പൊതുജനങ്ങളുടെ പണമുപയോഗിച്ച് സംഘടിപ്പിക്കുന്ന മേളയില്‍ നിന്ന് അവരെ അകറ്റിനിര്‍ത്തുന്നത് ശരിയല്ല. താല്‍പര്യമുള്ള എല്ലാവര്‍ക്കും മേളയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണം. പൊതുവേ ചലച്ചിത്രമേളയോട് സഹകരിക്കുകയും അതിന്റെ വിജയത്തിനായി ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ തയാറാവുകയും ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷം സിനിമാപ്രേമികളും. ചെറിയൊരു വിഭാഗം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന വിമര്‍ശനങ്ങള്‍ നിഷേധിക്കുന്നില്ല. പലപ്പോഴും പൊലീസിന്റെ ഇടപെടലും സംഘാടകരുടെ നിരുത്തരവാദപരമായ പെരുമാറ്റവുമാണ് സിനിമാ പ്രേമികളെ പ്രകോപിതരാക്കുന്നത്. നല്ല സിനിമ കാണാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥ ഏതൊരു പ്രേക്ഷകനേയും മടുപ്പിക്കും. ഒന്നുകില്‍ റിസര്‍വേഷന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രേക്ഷകരെ പ്രവേശിപ്പിക്കുക. അല്ലെങ്കില്‍ ക്യൂ നില്‍ക്കുന്നവരെ മാത്രം പരിഗണിക്കുക. ഏറെ നേരം ക്യൂ നിന്നശേഷം തിയറ്ററില്‍ സീറ്റില്ല എന്നറിയുമ്പോള്‍ പ്രേക്ഷകര്‍ക്കു നിരാശയുണ്ടാവുക സ്വാഭാവികം. എത്രപേരെ വേണമെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നിശാഗന്ധി പോലുള്ള വലിയ വേദികളില്‍ നല്ല ചിത്രങ്ങള്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന കാര്യം സംഘാടകര്‍ക്ക് പരിശോധിക്കാവുന്നതാണ്.

ബെസ്റ്റ് ഓഫ് മലയാളം 

ഞാന്‍ വെളിയില്‍ നിന്നോളാം: അടൂരിന് ബി ഉണ്ണികൃഷ്ണന്റെ മറുപടി
ഹോ! എന്തൊരു നാറ്റം അഥവാ ഒരു അടൂരിയന്‍ തീട്ടൂരം
നിലവാരത്തകര്‍ച്ച ആര്‍ക്ക്? പ്രേക്ഷകര്‍ക്കോ അതോ സിനിമയ്ക്കോ?
ഈ ചലച്ചിത്രോത്സവം കൊണ്ട് ആര്‍ക്കു പ്രയോജനം?
മുഖ്യധാരയുടെ പേക്കൂത്തുകള്‍ക്ക് അന അറേബ്യയിലൂടെ ഒരു ഒറ്റ ഷോട്ട് മറുപടി

സിനിമാ തീര്‍ഥാടനകാലം വീണ്ടും വരികയാണ്. മദ്യത്തിന്റേയും സിഗരറ്റിന്റേയും വിയര്‍പ്പിന്റേയും മണമുള്ള ദിനരാത്രങ്ങള്‍. തിരുവനന്തപുരത്തെ ലോഡ്ജുകള്‍ സിനിമാ പ്രേമികളെക്കൊണ്ടു നിറയും. ചായക്കടകളിലും ‘ചാരായ’ക്കടകളിലും സിനിമാ ചര്‍ച്ചകള്‍. ഓരോ ഓട്ടോറിക്ഷകളിലും മുന്നിലും പിന്നിലുമായി നാലും അഞ്ചും ഡെലിഗേറ്റുകള്‍. നഗരം നിറയേ വിവിധ നിറങ്ങളിലുള്ള ഫെസ്റ്റിവല്‍ കിറ്റുകള്‍ തോളിലേറ്റി ചുറ്റിക്കറങ്ങുന്ന സിനിമാ ആസ്വാദകര്‍. തിരുവനന്തപുരം ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള സിനിമാ പ്രേമികള്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. സദാചാര ഗുണ്ടകള്‍ക്കു മുന്നിലൂടെ അര്‍ധരാത്രിയിലും ആണും പെണ്ണും തോളില്‍ കയ്യിട്ട് നിര്‍ഭയം നടന്നു നീങ്ങും. അതേ, ചലച്ചിത്രമേള നാലു ചുവരുകളുള്ള എസി മുറിക്കുള്ളില്‍ ഒതുങ്ങുന്ന മള്‍ട്ടിപ്ലക്‌സ് അനുഭവമല്ല. അതൊരു ജനകീയ സാംസ്‌കാരിക വിപ്ലവമാണ്. ജനങ്ങളെ അകറ്റിനിര്‍ത്തി, സര്‍ക്കാര്‍ പണം ചെലവഴിക്കാനുള്ള വെറുമൊരു ചടങ്ങുമാത്രമായി ചലച്ചിത്രമേളയെ മാറ്റാനാണ് ശ്രമമെങ്കില്‍ അത് കേരളത്തിലെ നല്ല സിനിമയുടെ ആസ്വാദകര്‍ ചെറുത്തുതോല്‍പിക്കുമെന്നുറപ്പ്. 

 

(മനോരമ ചാനലിന്റെ ഡല്‍ഹി ബ്യൂറോയില്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)

 

*Views are personal

ശരത് കുമാര്‍

ആര്‍ക്കും എന്ത് വിഡ്ഢിത്തവും എഴുന്നള്ളിക്കുന്ന നാടായി കേരളം മാറുകയാണോ? ചലച്ചിത്ര അക്കാദമിയുടെ ഉപദേശക സമിതിയാണ് (അതോ ചലച്ചിത്രമേളയുടെ നടത്തിപ്പിന്റെയോ?)  ഇത്തവണ വെടിപൊട്ടിച്ചിരിക്കുന്നത്. ശരിക്കും പൊട്ടിച്ചിരിക്കാന്‍ തോന്നുന്ന നിര്‍ദ്ദേശങ്ങളാണ് ലോകത്തര ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. തികച്ചും ‘മാന്യമായി’ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താനുള്ള വഴികളാണ് ഉപദേശകസമിതി നല്‍കിയിരിക്കുന്നത്.

ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണം കുറയ്ക്കും. അവരുടെ സിനിമാ താല്‍പര്യങ്ങളും അഭിരുചിയും മുന്‍മേളകളിലെ സാന്നിധ്യവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ഒക്കെ മാനദണ്ഡങ്ങളില്‍ പെടുന്നു. അത്യാവശ്യം വിദ്യാഭ്യാസമുള്ളവര്‍ മാത്രം സിനിമ കണ്ടാല്‍ മതിയെന്നാണ് അടൂര്‍ സമിതിയുടെ തീരുമാനം. സിനിമയെ ഗൗരവത്തോടെ എടുക്കുന്ന പ്രേക്ഷകരെ മാത്രം മേളയില്‍ ഉള്‍പ്പെടുത്താനാണ് ഇക്കുറി മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതെന്ന് വകുപ്പ് മന്ത്രി പത്രസമ്മേളനത്തില്‍ വിവരിക്കുകയും ചെയ്തു. പുതിയ പ്രേക്ഷകര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സിനിമ പഠിക്കാനുള്ള വേദിയല്ല അന്താരാഷ്ട്ര ചലച്ചിത്രമേള എന്ന് ഓര്‍മ്മപ്പെടുത്താനും നമ്മുടെ മഹത്തായ ചലച്ചിത്രകാരന്‍ മറന്നില്ല.

സിനിമ പിടിച്ച് മാത്രമല്ല, തീരുമാനമെടുക്കാന്‍ അധികാരമുള്ള സമിതികളില്‍ ഇരുന്നും മലയാളി സാംസ്‌കാരിക രംഗത്തെ മലീമസമാക്കിയേ അടങ്ങു എന്ന വാശിയിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന് തോന്നുന്നു. താന്‍ പിടിച്ച മുയലിന് മൂന്നോ നാലോ കൊമ്പുണ്ടെന്നും സിനിമയുടെ അവസാനവാക്ക് താനാണെന്നും ഇദ്ദേഹം എന്നോ ധരിച്ച് വശായിട്ടുണ്ട്. നല്ല വിമര്‍ശകര്‍ക്ക് പകരം സ്തുതിപാഠകരെ മാത്രം കണ്ട് ശീലിച്ചതിന്റെ കുഴപ്പമാകാം ഇത്.

 
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നത് അതിലെ പ്രേക്ഷക സാന്നിധ്യമാണ്. മലയാളിയുടെ ഇടയില്‍ നല്ല സിനിമ നാലുപേര്‍ അംഗീകരിക്കുന്ന ഒന്നായി മാറ്റിയതിന്, ഈ മേള നല്‍കിയ സംഭാവന ചില്ലറയല്ല. പുതിയ പ്രേക്ഷകരെ, പ്രത്യേകിച്ചും യുവപ്രേക്ഷകരെ ആകര്‍ഷിക്കാനും മലയാളി സമൂഹത്തില്‍ നല്ല സിനിമയ്ക്ക് ഇന്നുള്ള സ്വീകാര്യത ലഭിക്കാനുമുള്ള പ്രധാനകാരണം ഈ മേളയാണെന്ന വിലയിരുത്തല്‍ പുതുതല്ല. അങ്ങനെ പുതിയ ഒരു ഭാവുകത്വം സൃഷ്ടിക്കുകയും സിനിമയില്‍ നിരവധി പരീക്ഷണങ്ങള്‍ക്ക് കാരണമാവുകയും ചെയ്ത ഈ പ്രേക്ഷക സാന്നിധ്യം ഇല്ലാതാക്കാനാണ് അടൂര്‍ സമിതിയുടെ ശ്രമം. മറ്റുള്ളവര്‍ സിനിമ കാണുകയും അതിനെ കുറിച്ച് അറിയുകയും ചെയ്താല്‍ സ്വന്തം കഞ്ഞികുടി മുട്ടിപ്പോകും എന്ന ഭയമാണോ ഈ നിയന്ത്രണം ഏര്‍പ്പെടുത്തലിന് കാരണമെന്ന് ഏതായാലും അദ്ദേഹം വ്യക്തമാക്കേണ്ടി വരും.

 

പോലീസുകാര്‍ ചില പ്രതിഷേധ സമരങ്ങള്‍ നിരോധിക്കുന്നതാണ് ഓര്‍മ വരുന്നത്. സമരമുണ്ടായാല്‍ ക്രമസമാധാനം തകരും എന്ന കാരണം പറഞ്ഞാണ് പല പ്രതിഷേധങ്ങളും പോലീസ് തടയുക. എന്നാല്‍ സമരം നടത്താന്‍ അനുവദിക്കുകയും അപ്പോള്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാവാതെ നോക്കുകയും ചെയ്യാനാണ് പോലീസുകാര്‍ക്ക് ഖജനാവില്‍ നിന്നും ശമ്പളം നല്‍കുന്നതെന്ന കാര്യം അവര്‍ ബോധപൂര്‍വം വിസ്മരിക്കും. അതുപോലെയാണ് ഇവിടെയും. പ്രേക്ഷരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ദ്ധന അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് സംഘാടകര്‍ തയ്യാറവേണ്ടത്. അല്ലാതെ പ്രേക്ഷകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെുടത്തി തലവേദന ഒഴിവാക്കാനല്ല ഖജനാവില്‍ നിന്നും കാശ് മുടക്കി ആളുകളെ ഓരോ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്.

ഇംഗ്ലീഷ് അറിയാത്തവര്‍ സിനിമ കാണേണ്ട, അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവര്‍ മാത്രം സിനിമ കണ്ടാല്‍ മതിയെന്നാണ് തിരുവുത്തരവ്. സബ്‌ടൈറ്റില്‍ വായിക്കാന്‍ അറിയാവുന്നവര്‍ മാത്രം സിനിമ കണ്ടാല്‍ മതിയെന്ന് സാരം. സിനിമയുടെ ഭാഷ എന്താണെന്നാവും നമ്മുടെ വിശ്വചലച്ചിത്രകാരന്‍ ധരിച്ച് വച്ചിരിക്കുന്നത്?  ജനം സബ്‌ടൈറ്റില്‍ വായിച്ചാല്‍ മതി, സിനിമ കാണേണ്ട എന്നാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രതിനിധികളുടെയെല്ലാം വിലാസത്തില്‍ കുറെ സിനിമകളുടെ സബ്‌ടൈറ്റില്‍ അയച്ചു കൊടുത്താല്‍ മതിയാവും. തിയേറ്റര്‍ വാടകയ്‌ക്കെടുക്കല്‍, പ്രേക്ഷകരെ നിയന്ത്രിക്കല്‍, സമയത്തിന് പ്രിന്റ് എത്തിക്കല്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത പ്രശ്‌നങ്ങള്‍ എത്ര വേഗം പരിഹരിക്കാന്‍ കഴിയും! കുറേ സ്റ്റില്‍ ഫോട്ടോകള്‍ ഒരുമിച്ച് വച്ച് കഥ പറഞ്ഞ് ശീലിച്ച ഒരു സിനിമാക്കാരനെ സംബന്ധിച്ചിടത്തോളം, സിനിമയുടെ കാഴ്ച എന്നാല്‍ സബ്‌ടൈറ്റില്‍ വായന മാത്രമായി പരിമിതപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല.

മാത്രമല്ല, ഇംഗ്ലീഷിന് പകരും ഫ്രഞ്ചോ ഇറ്റാലിയനോ മറ്റേതെങ്കിലും ഭാഷയോ അറിയാവുന്നവരെ സിനിമ കാണാന്‍ അനുവദിക്കുമോ എന്തോ? ഏതായാലും കുറച്ച് നാള്‍ മുമ്പ് ഈ തീരുമാനം എടുക്കാതിരുന്നത് നന്നായി. ഈ ലേഖകന് നേരിട്ട് പരിചയപ്പെടാനും സംസാരിക്കാനും അവസരം ലഭിച്ച വലിയ സിനിമാക്കാരായ മിഗ്വല്‍ ലിറ്റിന്‍, മഖ്മല്‍ബഫ്, കിം കിഡുക് (മിഗ്വല്‍ ലിറ്റിന്‍ 1997ലെ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമയത്താണ് തിരുവനന്തപുരത്ത് വന്നതെന്ന് തോന്നുന്നു) തുടങ്ങിയവര്‍ക്കൊന്നും ഇംഗ്ലീഷ് അറിയില്ല. അതുകൊണ്ട് തന്നെ അടൂര്‍ ഗോപാലകൃഷ്ണന്‍ അവരെ നമ്മുടെ ചലച്ചിത്രമേളയ്ക്ക് അടുപ്പിക്കുകുയും ചെയ്യുമായിരുന്നില്ല. തീരുമാനം വൈകിയത് കാരണം മാത്രം ഇവര്‍ക്കൊക്കെ കേരളത്തില്‍ വരാനും നമ്മോട് സംവദിക്കാനും സാധിച്ചു.

ഫിലിം സൊസൈറ്റികളില്‍ സിനിമകള്‍ കണ്ട് തഴക്കവും പഴക്കവും സിദ്ധിച്ചവര്‍ മാത്രം കേരള ചലച്ചിത്രമേളയ്ക്ക് അപേക്ഷിച്ചാല്‍ മതിയെന്നാണ് മറ്റൊരു തീട്ടൂരം. കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായ എത്ര ഫിലിം സൊസൈറ്റികള്‍ ഉണ്ടാവോ? അദ്ദേഹം ഇപ്പോഴും ചിത്രലേഖ കാലത്തിനപ്പുറത്തേക്ക് വളര്‍ന്നിട്ടില്ല എന്ന് വേണം കരുതാന്‍. അക്കാലത്ത് ലോകസിനിമ കാണണമെങ്കില്‍ ഏതെങ്കിലും ഫിലിം സൊസൈറ്റിയോ അല്ലെങ്കില്‍ ചലച്ചിത്രമേളകളോ മാത്രമായിരുന്നു ആശ്രയം. ഇപ്പോ അങ്ങനെയല്ല സാര്‍. തിരുവനന്തപുരത്ത് ഏത് സിനിമയും കിട്ടുന്ന സ്ഥലങ്ങളുണ്ട്. വീട്ടില്‍ കൊണ്ട് വന്ന് സ്വസ്ഥമായി ഇരുന്ന് കാണാം. അല്ലെങ്കില്‍ ടോറന്‍റ് സൈറ്റുകളില്‍ നിന്ന് പിള്ളേര്‍ ഡൌണ്‍ലോഡ് ചെയ്യും. പുതിയ കുട്ടികള്‍ അങ്ങനെയാണ് വിഭോ സിനിമകള്‍ കാണുന്നത്. അവരെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുന്നതിന് മുമ്പ് അല്‍പം ലോകവിവരം ഒക്കെ ഉണ്ടാക്കി വയ്ക്കുന്നത് നന്ന്. പുതിയ കുട്ടികളാണ്. പഴയ ബഹുമാനം ഒന്നും അവര്‍ കാണിച്ചെന്ന് വരില്ല. പി എസ് സി പരീക്ഷയ്ക്ക് കോച്ചിംഗിന് പോകുന്നവര്‍ മാത്രം കാണേണ്ട ഒന്നല്ല അന്താരാഷ്ട്ര ചലച്ചിത്രമേള എന്നറിയാനുള്ള വിവേകമെങ്കിലും ഈ വയസുകാലത്ത് പ്രകടിപ്പിക്കണം സാര്‍.

സിനിമ പഠിക്കാനുള്ള വേദിയല്ല ചലച്ചിത്രമേളകള്‍ എന്നും അടൂര്‍ സാറിന് നല്ല ബോധ്യമുണ്ട്. ആളുകള്‍ക്ക് സിനിമ കാണാനും മനസിലാക്കാനും അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനുമല്ലെങ്കില്‍ പിന്നെ എന്തിനാണാവോ നികുതിപ്പണമെടുത്ത് ഇത്രയും വലിയ ഒരു മാമാങ്കം സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്? ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് മാത്രം പഠിക്കാന്‍ കഴിയുന്ന ഒന്നാണോ സിനിമ? നമ്മുടെ എണ്ണപ്പെട്ട സിനിമാക്കാരായ എ വിന്‍സന്റും രാമു കാര്യാട്ടും പി എന്‍ മേനോനുമൊക്കെ ഏത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണാവോ സിനിമ പഠിച്ചത്. അടൂരിന്റെ പ്രിയപ്പെട്ട സിനിമക്കാരനായ സത്യജിത് റായും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പ്രതിഭയായ ഋത്വിക് ഘട്ടക്കുമൊന്നും ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി സിനിമ പഠിച്ചതായി അറിയില്ല. അവര്‍ സിനിമ പഠിപ്പിച്ചിരുന്നു എന്ന് മാത്രം. അപ്പോള്‍ സിനിമയുടെ കാഴ്ചയിലൂടെ തന്നെയാവണം ഈ പറഞ്ഞവരൊക്കെ സിനിമ പഠിച്ചിരിക്കാന്‍ സാധ്യത. അല്ലാതെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലാസു മുറികളില്‍ നിന്നോ അല്ലെങ്കില്‍ സബ്‌റ്റൈറ്റില്‍ വായിച്ചിട്ടോ ആവില്ല.

അടൂരിലെ തറവാട്ടിലെ കാരണവരാകുന്നത് നല്ലത്. അത് പക്ഷെ സ്വന്തം തറവാട്ടിലെ കാശും മുതലും കൈകാര്യം ചെയ്യാനാവണം. അല്ലാതെ ജനങ്ങളുടെ നികുതി എടുത്ത് നടത്തുന്ന ഒരു കലാപരിപാടിക്കിടെ നായര്‍ തറവാട്ടിലെ കാരണവര്‍ കളിക്കാന്‍ വരരുത്. ഒരു എലിപ്പത്തായത്തിന്റെ പേരില്‍ ജനങ്ങള്‍ എല്ലാം അംഗീകരിച്ചുകൊള്ളും എന്ന് തെറ്റിധരിക്കുകയും ചെയ്യരുത്.

 

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍