UPDATES

ലോകസിനിമയോട് കിടപിടിക്കുന്ന സിനിമകള്‍ ഇവിടെ ഉണ്ടാകുന്നില്ല; കെ ആര്‍ മോഹനന്‍

Avatar

കെ ആര്‍ മോഹനന്‍/ എം കെ രാമദാസ്

ചലച്ചിത്രോത്സവം ഇരുപതു വര്‍ഷം പൂര്‍ത്തിയായിട്ടും എന്തുകൊണ്ടാണ് ഒരു മലയാള സിനിമയ്ക്ക് മേളയിലെ ഏറ്റവും വലിയ പുരസ്‌കാരമായ സുവര്‍ണ്ണ ചകോരം നേടാന്‍ സാധിക്കാത്തത്? ലോകസിനിമയിലേക്ക് ഇത്രയേറെ തുറന്നു വച്ച ഒരു സമൂഹം വേറെ ഉണ്ടാകില്ല. എന്നിട്ടും അത് നമ്മുടെ സംവിധായകരെ പ്രചോദിപ്പിക്കുന്നതിലും പഠിപ്പിക്കുന്നതിലും പരാജയപ്പെടുകയാണോ? അല്ലെങ്കില്‍ മറ്റെന്തെങ്കിലും സ്ഥാപിത താത്പര്യങ്ങള്‍ ഇതിന് പിന്നിലുണ്ടോ? അഴിമുഖം ചര്‍ച്ചയില്‍  ചലച്ചിത്ര അക്കാദമി മുന്‍ അധ്യക്ഷനും പ്രശസ്ത സംവിധായകനുമായ കെ ആര്‍ മോഹനന്‍.(ചര്‍ച്ചയിലെ  മുന്‍ പ്രതികരണങ്ങള്‍- കമല്‍ , സുദേവന്‍ഡോ. ബിജു ,ബി. ഉണ്ണികൃഷ്ണന്‍, പ്രതാപ്)

ഇരുപതാമത് എഡിഷനാണിത് ഫെസ്റ്റിവലിന്റെ… നമ്മള്‍ ഇന്‍ട്രഡ്യൂസ് ചെയ്തിട്ടുള്ള രാജ്യങ്ങളിലൊക്കെ നല്ല ചിത്രങ്ങളുണ്ടാകുന്നു… ലോക നിലവാരമുള്ള സിനിമയുണ്ടാകുന്നു.. പക്ഷേ മലയാളത്തില്‍ നിന്നും അങ്ങനെ യൊന്നുണ്ടാകുന്നില്ല. അങ്ങനെ തോന്നുന്നുണ്ടോ… അങ്ങനെ ഒരു വിലയിരുത്തല്‍ ശരിയാണോ?


നാലാമത്തെ എഡിഷന്‍ മുതലാണല്ലോ ഇതില്‍ മത്സരവിഭാഗം ഉണ്ടായത്. അന്ന് മുതലാണ് മലയാളം ഉള്‍പ്പെടുത്തുന്നതും ഈ പതിനാല് സിനിമയുടെ ഭാഗമാകുന്നതും. മറ്റു ഭാഷകളിലെ സിനിമകളുടെ ഭാഗമായിട്ട് കാണുമ്പോഴാണ് നമ്മുടെ സിനിമ എവിടെ നില്‍ക്കുന്നുവെന്നു നാം മനസ്സിലാക്കുന്നത്. ഈ വര്‍ഷങ്ങളിലൊന്നും മലയാള സിനിമയ്ക്ക് ലഭിക്കാത്തത് അത് അവഗണിക്കപ്പെട്ടുവെന്നുള്ളതല്ല, ആ നിലവാരത്തിലേക്ക്… നിലവാരമെന്നുവച്ചാല്‍ അന്താരാഷ്ട്ര നിലവാരമെന്നല്ല ഞാന്‍ പറഞ്ഞത്, പക്ഷേ അത്തരം സിനിമകള്‍ കൈകാര്യം ചെയ്ത പ്രമേയങ്ങളുമായിട്ടോ പരിചരണരീതികളുമായിട്ടോ അതിനോടൊപ്പം നില്‍ക്കാവുന്ന ദൃശ്യപരമായിട്ടുള്ള സിനിമയുടെ രീതികളിലൊന്നും ഒപ്പം നില്‍ക്കാവുന്ന മലയാള സിനിമകള്‍ ഉണ്ടായിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. ഒറ്റപ്പെട്ട സിനിമകളൊക്കെ ഉണ്ടായിട്ടുണ്ട്. നല്ല സിനിമകളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അതിനൊന്നും അവസരം ലഭിച്ചുമില്ലന്നേയുള്ളു.

ഫെസ്റ്റിവലുകളുടെ ലക്ഷ്യമെന്നത് സിനിമ കാണാനുള്ള അവസരം മാത്രമായി പോകുന്നുണ്ടോ?

നമ്മളിപ്പോള്‍ അത് മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഫെസ്റ്റിവലിന്റെ ചരിത്രത്തിലാദ്യമായിട്ട് ഒരു ഫിലിം മാര്‍ക്കറ്റ് എന്ന സെക്ഷന്‍ തന്നെ ഇല്ലെന്നു വച്ചിരിക്കുകയാണ്. അത് പ്രായോഗികമല്ലെന്ന് നമ്മള്‍ തന്നെ തീരുമാനിച്ചുകൊണ്ട് ഇല്ലെന്നു വച്ചിരിക്കുകയാണ്. എല്ലാവര്‍ഷവും നമ്മള്‍ എത്ര സിനിമകള്‍ വില്‍ക്കുന്നുണ്ട് എന്നുള്ളതല്ല, അതൊരു ഫെസ്റ്റിവലിന്റെ ഭാഗമാണ്. നമ്മുടെ സിനിമകളെ നമ്മള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഒരു വേദികൂടിയാണ്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തെ പോലും അതില്‍ പ്രമോട്ട് ചെയ്യേണ്ടതാണ്. ഈ വര്‍ഷം അത് വേണ്ടെന്ന് വച്ചത് ശരിയായില്ല. ഇതിപ്പോള്‍ സിനിമകള്‍ കാണാനുള്ള മാത്രം വേദിയായിട്ട് മാറിക്കൊണ്ടിരിക്കുകയാണ്.

സിനിമയില്‍ ആക്ടീവായിട്ടുള്ളവരുടെ പങ്കാളിത്തം ഭയങ്കരമായി കുറഞ്ഞുപോയിട്ടുണ്ട്? അങ്ങനെ ഒരു ന്യൂനതയുണ്ടോ?

ആദ്യകാല ഫെസ്റ്റിവലില്‍ സിനിമയില്‍ ആക്ടീവായ ഫിലിം മേക്കേഴ്‌സിന് വേണ്ടിയും ഫിലിം സൊസൈറ്റികളുമായി ബന്ധപ്പെട്ട സിനിമാസ്വാദകര്‍ക്ക് വേണ്ടിയും സിനിമയെക്കുറിച്ച് എഴുതുന്നവരുമായ ഒരു ആയിരമോ ആയിരത്തിയിരുന്നൂറ്റമ്പതോ പേരിലൊതുങ്ങിയിരുന്നു. ഇന്നിപ്പോള്‍ അതിന്റെ സ്വഭാവം മാറി. ഒരു ജനകീയ സ്വഭാവമായതുകൊണ്ട് സിനിമയുമായി ബന്ധപ്പെട്ടവരേക്കാള്‍ കൂടുതല്‍ പേര്‍ സിനിമയുമായി ബന്ധപ്പെടാത്തവരാണ്. പക്ഷേ ഈ മാറിയ കാലത്ത് ഇവരില്‍ കുറേയൊക്കെ പേര്‍ സിനിമയുമായിട്ടോ, ടെലിവിഷനുമായിട്ടോ, ഒറ്റപ്പെട്ട ഡോക്യുമെന്ററി ശ്രമങ്ങളായിട്ടോ ഒക്കെ ബന്ധപ്പെട്ടിട്ടുണ്ടാവും. എങ്കിലും മുഖ്യധാരാ സിനിമയുമായി ബന്ധപ്പെട്ട ആള്‍ക്കാര്‍ കുറവാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍