UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിനിമ കാണല്‍ എന്ന വലിയ കല

Avatar

ശരത് കുമാര്‍

സിനിമ കാണല്‍ വലിയ ഒരു കലയായിരുന്നു അക്കാലത്ത്. പ്രത്യേകിച്ചും ഇഷ്ടപ്പെട്ട സിനിമകളുടെ കാണല്‍. തിരുവനന്തപുരത്ത് സൂര്യയും, ചലച്ചിത്രയും പിന്നെ ഫൈന്‍ ആര്‍ട്സ് കോളേജുമൊക്കെ അപൂര്‍വമായി അത്തരം ചില സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ച് തരാറുണ്ടായിരുന്നു. പിന്നെ ഗോവന്‍ കാര്‍ണിവല്‍ തുടങ്ങുന്നതിന് മുമ്പുള്ള ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളും. ഒന്നരാടം വര്‍ഷങ്ങളില്‍ ഡല്‍ഹിയിലും പിന്നെ ചില സംസ്ഥാന തലസ്ഥാനങ്ങളിലും നടക്കുന്ന ഇഫിയായിരുന്നു ഒരു പക്ഷെ സിനിമയുടെ നവവഴികളുടെ കാതല്‍. സിഡികളും ഡിവിഡികളുമൊന്നും അക്കാലത്ത് ചിത്രത്തില്‍ തെളിഞ്ഞിരുന്നതുമില്ല.

അക്കാലത്ത് വലിയ ഒരു അനുഗ്രഹമായിരുന്നു സിനിമയുടെ നൂറാം വാര്‍ഷികം പ്രമാണിച്ച് സൂര്യ കൃഷ്ണമൂര്‍ത്തി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവല്‍. ബ്രസണിനും നവസിനിമയുടെ പെഡ്രോ അല്‍മഡോവര്‍മാരെയും അവിടെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും സിനിമയുടെ വാര്‍ഷികം കേരളത്തില്‍ ആഘോഷിക്കപ്പെടുമ്പോള്‍ ജോണും അരവിന്ദനും അവിടെ പങ്കാളികളായിരുന്നില്ലെങ്കിലും ഒരു വലിയ ലോകത്തേക്ക് ഒട്ടേറെ പേരെ കൈപിടിച്ച് നടത്തി ആ മേള. സിനിമയുടെ നൂറ് വര്‍ഷങ്ങള്‍ നൂറ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അന്ന് സൂര്യ ആഘോഷിച്ചത്.

അതില്‍ നിന്നും കെഎസ്എഫ്ഡിസി ഊര്‍ജ്ജം കൊള്ളുകയും ചെലവൂര്‍ വേണു എന്ന വലിയ ഒരു സംഘാടകന്‍ കൈകൊടുക്കുകയും ചെയ്തതോടെയാണ് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്ന ആശയം അന്ന് ചെയര്‍മാനായിരുന്ന ‘താരം’ സുകുമാരനെയും കൂട്ടാളികളുടെയും മനസില്‍ വിരിയിച്ചത്. അങ്ങനെ ആദ്യത്തെ ഐഎഫ്എഫ്‌കെ കോഴിക്കോട് സംഘടിപ്പിക്കപ്പെട്ടു. 1994ല്‍ നടന്ന ആ മേള ലോകസിനിമയുടെ നൂറാം വാര്‍ഷീകത്തിന്റെ സ്മാരകം തന്നെയായിരുന്നു. പിന്നെ അതൊരു തുടര്‍ പ്രസ്ഥാനമായി നടത്താം എന്ന് പി കെ നായരെ പോലെ ദീര്‍ഘവീക്ഷണമുള്ള ആളുകള്‍ തീരുമാനിക്കുകയായിരുന്നു.

രണ്ടാമത്തെ ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെടുമ്പോള്‍ കലാഭവന്‍ തിയേറ്ററിന്റെ താഴത്തെ ഹാളിന്റെ പിന്‍നിരയില്‍ ഇരിക്കാന്‍ മാത്രം ശേഷിയുള്ള കാണികളെ അതിന് അകമ്പടി സേവിക്കാന്‍ ഉണ്ടായിരുന്നുള്ളു. വിരലിലെണ്ണാവുന്ന കാണികളുടെ ആ സാന്നിധ്യം പോലും ഒരു പക്ഷെ കെഎസ്എഫ്ഡിസിക്ക് ചില്ലറ ഊര്‍ജ്ജം പകര്‍ന്നിരിക്കണം. കാരണം, രണ്ട് വര്‍ഷത്തിന് ശേഷം 1998ല്‍ വളരെ വിപുലമായ രീതിയില്‍ മൂന്നാമത്തെ മേള സംഘടിപ്പിക്കപ്പെട്ടു. അതും കെഎസ്എഫ്ഡിസിയുടെ കാര്‍മികത്വത്തില്‍ തന്നെയായിരുന്നു. ഒരു പക്ഷെ ഐഎഫ്എഫ്‌കെയുടെ പില്‍ക്കാല സ്വഭാവം നിര്‍ണയിക്കപ്പെട്ട മേള കൂടിയായിരുന്നു അത്. സാക്ഷാല്‍ ലൂയി ബുനുവലിന്റെ റെട്രോസ്‌പെക്ടീവിനൊപ്പം ആഫ്രിക്കന്‍ സിനിമയുടെ ഒരു വലിയ ലോകവും കേരളത്തിലെ കാണികള്‍ക്ക് മുന്നില്‍ ആ മേള തുറന്നിട്ടു. ഉസ്മാനെ സെംബയെ പോലുള്ള സംവിധായകര്‍ ഈ ലോകത്തില്‍ തന്നെയാണ് ജീവിച്ചിരിക്കുന്നതെന്ന് മലയാള സിനിമ പ്രേക്ഷകര്‍ മനസിലാക്കിയ മേളയായിരുന്നു അത്. പ്രേക്ഷക സാന്നിധ്യം കലാഭവന്‍ തിയേറ്ററിന് പുറത്തേക്ക് വളരാനും തുടങ്ങി.

പിന്നെയാണ് ചലച്ചിത്ര അക്കാദമി എന്ന സങ്കല്‍പം വരുന്നതും ടി കെ രാമകൃഷ്ണന്‍ എന്ന സാംസ്‌കാരിക മന്ത്രിയുടെ കാര്‍മികത്വത്തില്‍ ഷാജി എന്‍ കരുണ്‍ അക്കാദമിയുടെ ചെയര്‍മാനാവുന്നതും. അങ്ങനെ നാലാം ഐഎഫ്എഫ്‌കെ എറണാകുളത്ത് സംഘടിപ്പിക്കപ്പെട്ടു. ഴാങ് ലൂക് ഗൊദാര്‍ദിന്റെ റെട്രോസ്‌പെക്ടീവായിരുന്നു മേളയുടെ മുഖ്യ ആകര്‍ഷണം. എന്നാല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററുകളുടെ ശീലമില്ലായ്മയും ഏറെയും പതിനാറ് എംഎം പ്രിന്റുകളിലായി വന്ന ഗൊദാര്‍ദിന്റെ ചിത്രങ്ങള്‍ 35എംഎം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതിന്റെ ദിക്ക്മുട്ടലുകളും മേളയെ അരോചകമാക്കി. അപ്പോഴും താങ്ങാവുന്ന പ്രേക്ഷക സാന്നിധ്യം മാത്രമായിരുന്നു മേളയ്ക്ക് ഉണ്ടായിരുന്നത്. ചില വട്ടന്മാര്‍ മാത്രം കാണുന്ന എന്തോ ഒരു പ്രസ്ഥാനമായി വിശ്വസിനിമ അപ്പോഴും ഭൂരിപക്ഷം മലയാളിക്കും അന്യമായി നിന്നു. മാത്രമല്ല, കണ്ട് ശീലമുള്ളവര്‍ക്ക് മാത്രം നല്‍കുന്ന ഒന്നായിരുന്നു അക്കാലത്തും പാസ് എന്ന ദിവ്യാത്ഭുതം. കാശ് കൊടുത്താല്‍ പാസ് ലഭിക്കുന്ന സാഹചര്യത്തിലേക്ക് മേള അപ്പോഴും ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിരുന്നില്ല.

പക്ഷെ അടുത്ത വര്‍ഷം നടന്ന കോഴിക്കോട് മേള ഐഎഫ്എഫ്‌കെയുടെ ചരിത്രത്തില്‍ തന്നെ നിര്‍ണായകമായിരുന്നു. പിയര്‍ പൗലോ പാസോളിനി എന്ന ദുര്‍നടത്തക്കാരനായ സിനിമാക്കാരന്റെ മേളയായിരുന്നു അത്. പാസോളിനിയുടെ മുഴുവന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ട ആ മേള ഗൗരവമായി സിനിമ കാണുന്ന മലയാളികളുടെ മനസില്‍ ഇപ്പോഴും മങ്ങാത്ത ഓര്‍മ്മയായി നില്‍ക്കുന്നുണ്ടാവും. പരാഞ്ജനോവിന്റെ ‘കളേഴ്‌സ് ഓഫ് പോമഗ്രന്‍സ്’ അല്‍മദോവറിന്റെ ‘ഓള്‍ എബൌട്ട് മൈ മദര്‍’ തുടങ്ങിയവയും ആ മേളയുടെ ആകര്‍ഷണങ്ങളായിരുന്നു.

എന്നാല്‍, മുന്‍യോഗ്യതകള്‍ക്കപ്പുറം ആര്‍ക്കും കാശ് മുടക്കി കാണാവുന്ന ഒന്നായി നമ്മുടെ ചലച്ചിത്രമേള മാറിയതോടെയാണ് അത് ജനകീയമായി മാറാന്‍ തുടങ്ങിയത്. കഥകള്‍ക്കും കഥപറച്ചിലുകള്‍ക്കും ഒപ്പം സിനിമയും ദൃശ്യങ്ങളും നമ്മുടെ ‘അടുക്കളയില്‍’ കയറ്റാന്‍ കൊള്ളാവുന്ന ഒന്നാണെന്ന ബോധം മലയാളി ആര്‍ജ്ജിച്ചത് അതിന് ശേഷമാണ്. വരുന്ന ഓരോ മേളകളിലും നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് ആ വീക്ഷണമാണ്. അതാണ് ഈ സാംസ്‌കാരിക സംരംഭം മലയാളിക്ക് നല്‍കുന്ന സന്ദേശവും. ഈ വലിയ ജനകീയ സാന്നിധ്യമാണ് ഐഎഫ്എഫ്‌കെയെ മറ്റ് മേളകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കൂടുതല്‍ സൗകര്യങ്ങള്‍, കൂടുതല്‍ സിനിമകള്‍, കൂടുതല്‍ ചര്‍ച്ചകള്‍…അങ്ങനെ വളര്‍ന്ന് വരുന്ന ഒരു സാംസ്‌കാരിക പരിപ്രേക്ഷ്യമാവണം ഈ മേളയുടെ ആത്യന്തിക ലക്ഷ്യവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍