UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ട് ഐ എഫ് എഫ് കെ തുടരണം? പ്രശസ്ത സിനിമ നിരൂപകന്‍ ജി പി രാമചന്ദ്രന്‍ സംസാരിക്കുന്നു

Avatar

ജി പി രാമചന്ദ്രന്‍/രാംദാസ് എം കെ 

ഐ എഫ് എഫ് കെ  20-ാം എഡിഷനാണല്ലോ ഇത്. തുടങ്ങിയ സമയത്ത് ലാറ്റിന്‍ അമേരിക്കന്‍ പാക്കേജുകളൊക്കെ വരികയും അവിടെ വലിയ സിനിമകളുണ്ടാവുകയും ചെയ്തു. മലയാളത്തില്‍ സുവര്‍ണ്ണ ചകോരം കിട്ടുന്ന തരത്തിലൊരു സിനിമ ഉണ്ടാകുന്നില്ല. ഫെസ്റ്റിവലിന്റെ എന്തെങ്കിലുമൊരു പ്രശ്നമായിട്ട് ഇതിനെ കാണാന്‍ കഴിയുമോ?    

ഐ എഫ് എഫ് കെ  ഏഷ്യന്‍, ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ സിനിമകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഡിസൈന്‍ ചെയ്തിരുക്കുന്നത്. അതിന്റെ ഒരു ക്യാരക്ടര്‍ ഇപ്പോള്‍ ഒരു പരിധി വരെ നഷ്ടപ്പെട്ടു. നേരത്തെ നാഷണലിലും ഇവിടെയുമുള്ള അക്കാദമികളിലെ ഉദ്യോഗസ്ഥരും ഫിലിം മേക്കേഴ്‌സും അവരുടേതായ സ്രോതസില്‍കൂടി ചിത്രങ്ങള്‍ സെലക്ട് ചെയ്യുകയാണ് ചെയ്തിരുന്നത്. അതിന് അതിന്റേതായ പരിമിതികളുണ്ടായിരുന്നു എങ്കിലും അതിന് ഒരു ഇന്‍ഡിവിഡ്വല്‍ ടേസ്റ്റ് ഉണ്ടായിരുന്നു.  സിനിമാ മേഖലയിലെ അവരുടെ എക്‌സ്പീരിയന്‍സും വച്ച് സംഘടിപ്പിക്കുന്നതിന് പകരം ഇന്ന് പ്രോഗ്രാമിംഗും ക്യൂറേറ്റേഴ്‌സുമൊക്കെ കടന്നു വന്നിരിക്കുന്നു. മറ്റ് ഫെസ്റ്റിവലുകളില്‍ നിന്നും അവര്‍ ഡിസൈന്‍ ചെയ്യുന്ന ഒരു പാക്കേജിനെയാണ് കൊണ്ടുവരുന്നത്. അത് ഒരു പ്രൊഫഷണല്‍ രീതിയാക്കി പെട്ടെന്ന് അക്‌സപ്റ്റബിള്‍ ആക്കാനുള്ള അതിന്റേതായ അടിസ്ഥാന ജോലികളെല്ലാം അതിന്റെ പിന്നിലുണ്ടാകും. സിനോപ്‌സിസുകളും ആര്‍ട്ടിക്കുകളും എല്ലാം അവരു ചെയ്യുമെങ്കിലും അതിന്റെ ഒരു അനൗപചാരികത ഉണ്ടായിരുന്നു. ആ അനൗപചാരികത ഐ.എഫ്.എഫ്.കെ.യ്ക്ക് ഇപ്പോഴും നഷ്ടപ്പെട്ടില്ലെങ്കില്‍ പോലും ഇത് ബാധിക്കുന്നുണ്ട്. അതാണ് ഒരു ഘടകം.

ഐ.എഫ്.എഫ്.കെ. ഉണ്ടായതിനുശേഷം ചെറിയ മാറ്റമുണ്ടായിട്ടുണ്ട്. അത് നമ്മള്‍ കാണാതിരിക്കരുത്. എഴുപതിലുണ്ടായ മാറ്റങ്ങള്‍ക്കു ശേഷം മലയാള സിനിമയില്‍ ചെറിയ തോതിലുള്ള മാറ്റം അടുത്തകാലത്ത് ഉണ്ടായിട്ടുണ്ട്. അതിന് ഒരു പരിധി വരെ ഐ.എഫ്.എഫ്.കെ. ഒരു കാരണമാണ്. സുദേവന്റെ സിആര്‍. 89, കെ.ആര്‍.മനോജിന്റെ കന്യകാ ടാക്കീസ്, ഹര്‍ഷദിന്റെ ചിത്രം… ഇങ്ങനെ കുറേ ചിത്രങ്ങള്‍. ഇതൊക്കെ വേള്‍ഡ് ക്ലാസാണോ എന്നുള്ളതൊരു ചോദ്യമാണ്. സത്യത്തില്‍ ഇതൊന്നുമല്ല വിഷയം. നമ്മള്‍ ഈ അനുഭവിക്കുന്ന കള്‍ച്ചറിന്റെയും പൊളിറ്റിക്‌സിന്റെയും സങ്കീര്‍ണ്ണതകളാണ്. ഇതിനെ നമ്മള്‍ ഫെയ്‌സ് ചെയ്യുന്നുണ്ടോ എന്ന പ്രശ്‌നമാണ് സിനിമ. യഥാര്‍ത്ഥ ഇഷ്യൂ വരാന്‍ പോകുന്നത് സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ടാണ്. പൂനെയിലെ സമരത്തിനെ നമ്മളെല്ലാരും അനുകൂലിക്കുന്നു. അവിടെ സമരത്തിന് നേതൃത്വം കൊടുത്ത കിസ്‌ലെ എന്നു പറയുന്ന യൂണിയന്റെ ജനറല്‍ സെക്രട്ടറി ജെ.എന്‍.യുവില്‍ വന്നുപറഞ്ഞത് അതൊരു ഐലന്റുപോലെയാണെന്നാണ്. ഇന്ത്യയില്‍ എല്ലാക്കാലത്തും ഉണ്ടാകുന്ന ഗ്ലോബലൈസേഷന്റെയും മറ്റും പ്രശ്‌നങ്ങള്‍ അവരെ ബാധിക്കുന്നില്ല എന്ന രീതിയില്‍ അവര്‍ ഒരു ഐലന്റായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ്. പക്ഷേ ഈ 120 ദിവസത്തെ സമരത്തോടുകൂടിയിട്ട് അവര്‍ സാധാരണ ജനങ്ങളുടെ, അതായത് മഹാരാഷ്ട്രയിലുള്ള സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ദളിത് ഇഷ്യു, ട്രേഡ് യൂണിയന്‍ പ്രശ്‌നങ്ങള്‍, അടിസ്ഥാനതല സാമൂഹ്യപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ എല്ലാം അവര്‍ മനസ്സിലാക്കുന്നുണ്ട്. ഇനി ഇറങ്ങുന്ന ആ ബാച്ചുണ്ടല്ലോ… അവര്‍ വരുമ്പോള്‍ സെന്‍സര്‍ഷിപ്പിന്റെ പ്രശ്‌നം വരും. ഇന്ത്യയില്‍ സെന്‍സര്‍ഷിപ്പിനെതിരായ ഒരു വലിയ സമരം ആരംഭിക്കേണ്ട ഘട്ടം കാണുന്നുണ്ട്. ഇന്‍ഡസ്ട്രിക്ക് പോലും അതിനോട് ചേരേണ്ടിവരാം. കാരണം ഇന്‍ഡസ്ട്രിയിലുള്ള ആളുകളും ഇതിലേക്ക് വരുന്നുണ്ട്. പക്ഷേ അതിനോട് മലയാള സിനിമ എങ്ങനെ പ്രതികരിക്കുന്നുവെന്നറിയില്ല. മലയാള സിനിമയില്‍ ചെറുപ്പക്കാരുടെയിടയില്‍ ഭാവനയും ഫിലിം ലാംഗ്വേജിലൊക്കെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരുമായിട്ടുള്ള ഒരുപാട് ടാലന്റ്‌സ് ഉണ്ട്.        

സിനിമ ഇന്‍ഡസ്ട്രിയിലെ ആളുകള്‍ക്ക് ഫെസ്റ്റിവലില്‍ പങ്കാളിത്തം ഇല്ലാതെ പോകുന്നത് ഒരു കുറവല്ലേ? 

ഇപ്പോള്‍ പങ്കാളിത്തമുണ്ടെന്നാണ് തോന്നുന്നത്. രണ്ട് മൂന്നു ഘട്ടങ്ങളുണ്ടായിരുന്നു. ആദ്യം ബുദ്ധിജീവികളും ഫിലിം സൊസൈറ്റികളും മാത്രമുള്ളതാണെന്ന് വച്ച് മാറിനിന്നിരുന്നു. ഇപ്പോള്‍ ഇന്‍ഡസ്ട്രിക്കാരും ഇതില്‍ ഇക്കണോമിക്ക് മാത്രമല്ലാത്ത ബെനഫിറ്റ് ശ്രദ്ധിക്കുന്നതുകൊണ്ട് അവര്‍ കുറച്ചുകാലമായിട്ട് അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഫെഫ്കയിലെ മാറ്റങ്ങള്‍, കമല്‍, ബി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരുടെ സഹകരണം ഇതൊക്കെ വന്നിട്ടുണ്ട്. ഗോവയിലൊക്കെ ബോളിവുഡ് ടേക്കപ്പ് ചെയ്തതുപോലെ ഇവിടെയും അതിന് ശ്രമിക്കുന്നുണ്ടെന്നൊക്കെ പറയുന്നുണ്ട്. അതിനോട് ഞാന്‍ യോജിക്കുന്നുമില്ല. വിയോജിക്കുന്നുമില്ല. പക്ഷേ അതിനനുസരിച്ച് ഇന്‍ഡസ്ട്രിയില്‍ മാറ്റമുണ്ടാകുന്നുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. ലാല്‍ ജോസിനെപ്പോലുള്ള ആളുകളില്‍ അതിന്റെ മാറ്റമുണ്ട്. അദ്ദേഹത്തിന്റെ നിര്‍മ്മാണക്കമ്പനിയില്‍ നിന്നും അത്തരം മാറ്റങ്ങളുണ്ടാകുന്നു. 

ഫെസ്റ്റിവലില്‍ നമ്മുടെ സിനിമയ്ക്ക് മാര്‍ക്കറ്റ് കണ്ടുപിടിക്കുന്നതിനെക്കുറിച്ചുള്ള ശ്രമങ്ങള്‍ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.   

അത് രണ്ടുരീതിയില്‍ ചെയ്യണം. ഒന്ന് ഇന്റേണല്‍ മാര്‍ക്കറ്റുമുണ്ട് ഔട്ട്‌സൈഡ് മാര്‍ക്കറ്റുമുണ്ട്. മള്‍ട്ടിപ്ലക്‌സുകളും അതിന്റെ ചെയിനുകളുമൊക്കെ പാക്കേജ് രീതിയിലേക്ക് വന്നതുകൊണ്ട് അവരുടെ രീതിയില്‍ ഫെസ്റ്റിവല്‍ മാര്‍ക്കറ്റും ടെലിവിഷന്‍ മാര്‍ക്കറ്റും അതോടൊപ്പം ഇന്റേണല്‍ മാര്‍ക്കറ്റും പോകുന്നുണ്ട്. നമ്മുടെ കെ.എസ്.എഫ്.ഡി.സി.യും പരിമിതമായ സ്‌ക്രീനിംഗ് കൊടുക്കുന്നുണ്ട്. പക്ഷേ ആ പരിമിതമായ സ്‌ക്രീനിംഗും പ്രേക്ഷകരും ഫിലിം സൊസൈറ്റികളും എത്ര കണ്ട് സ്വീകരിക്കുന്നുവെന്ന ഒരു ആത്മിവിചാരണയ്ക്ക് നാം സ്വയം തയ്യാറാവണം. പണ്ട് സായിപ്പിനുവേണ്ടിയുണ്ടാക്കുന്ന സിനിമ എന്ന ഒരു കളിയാക്കലുണ്ടായിരുന്നു. പക്ഷേ ജനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന സിനിമ എന്ന നിലയിലേക്ക് മാറേണ്ടതൊരാവശ്യമാണ്. ഫിലിം മാര്‍ക്കറ്റ് എടുത്തുകളഞ്ഞത് ഒരു പോരായ്മയാണ്. ഗോവയിലെ ഫിലിം മാര്‍ക്കറ്റ് വന്‍ കാശ് വാങ്ങിച്ചിട്ടെന്നാണ് സുഹൃത്തുക്കളില്‍ പലരും പറയുന്നത്. ഐ,എഫ്.എഫ്.കെ.യുടെയും അക്കാദമിയുടെയും ഒരു പ്രാഥമിക ഉത്തരവാദിത്വം നമ്മുടെ സിനിമയെ പുറത്തേക്ക് ഫോക്കസ് ചെയ്യുകയെന്നുള്ളതു തന്നെയാണ്. അത് നമുക്ക് കഴിയുന്നില്ല. നമുക്ക് ശേഷം തുടങ്ങിയ ഫെസ്റ്റിവലാണ് ബുസാന്‍. ബുസാന്‍ ഫെസ്റ്റിവലിന് അവാര്‍ഡ് കിട്ടിയ ഒരു ചിത്രത്തിനെ ലോകത്തിന് മുമ്പില്‍ ഷോക്കേസ് ചെയ്യാന്‍ കഴിയുന്നുണ്ട്.  

ഇത് സിനിമ കാണുന്നവരുടെ ഒരു മേളയായിട്ട് മാറിയിട്ടുണ്ടോ? ഫിലിം സൊസൈറ്റികളുടെ തകര്‍ച്ച  വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ടോ? 

അത് മുഴുവന്‍ ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഫിലിം സൊസൈറ്റികള്‍ മുഴുവന്‍ തകര്‍ന്നിട്ടില്ല. ഡിജിറ്റല്‍ വന്നതോടുകൂടി സിനിമ കാണുന്നതിന്റെ രീതി മാറി. ഇതിന്റെ ലഭ്യതയെക്കുറിച്ച് ആളുകള്‍ അറിഞ്ഞുതുടങ്ങി. ടോറന്റുണ്ട്. ഡി.വി.ഡി. ഒക്കെ വരുന്നതുകൊണ്ട് ഫിലിം സൊസൈറ്റികളിലൂടെ മാത്രമേ സിനിമ വരുന്നുള്ളു എന്നരീതി മാറി. പക്ഷേ അതിനുള്ള ഡിസ്‌കഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടോ എന്നുള്ളതാണ് ഫിലിം സൊസൈറ്റിയുടെ കൂട്ടായ്മയുടെ ഒരു പ്രശ്‌നം. അതല്ലാതെ ഐ.എഫ്.എഫ്.കെയ്ക്ക് ഫിലിം സൊസൈറ്റിപ്രവര്‍ത്തകരോ ഫിലിമുമായി ബന്ധപ്പെട്ടവരോ മാത്രമേ വരേണ്ടതുള്ളു എന്ന് നേരത്തെ അടൂരടക്കം പറഞ്ഞിട്ടുണ്ടായിരുന്നു. ഞാനതിനോട് യോജിക്കുന്നില്ല. ഒരു വര്‍ഷത്തില്‍ ഒരിക്കലും സിനിമ കാണാത്ത ആളുകളും ഇവിടെ വരണമെന്നാണ് എന്റെ ആഗ്രഹം. ഏത് ജോലിചെയ്യുന്ന ആളും സിനിമയുമായി ഇന്‍ടറാക്ട് ചെയ്യണമെന്നാണ് ആഗ്രഹം. നമ്മള്‍ പലതും വായിക്കുന്നുണ്ടെങ്കിലും ഗാസയില്‍ നിന്നൊരു സിനിമ കാണുമ്പോള്‍ നമുക്കുണ്ടാകുന്ന ഫീല്‍ വളരെ വലുതാണല്ലോ. പൊളിറ്റിക്കള്‍ ആന്റ് ഹിസ്റ്റോറിക്കല്‍ അവയര്‍നെസിന് വേണ്ടിയിട്ടും നമ്മുടെ ഒരു സോഷ്യല്‍ ഔട്ട്‌ലുക്കിന് വേണ്ടിയിട്ടും ഐ എഫ്.എഫ്.കെ. തുടരേണ്ടതുണ്ട്. അതിന് മറ്റു ചര്‍ച്ചകള്‍ ഇല്ലാതാകുന്നില്ല. ഒഡേസയെയൊക്കെ സംബന്ധിച്ചിടത്തോളം ജോണ്‍ എബ്രഹാമിലൊക്കെ മാത്രം ഒതുങ്ങുന്നതല്ല അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയും അത് ആ തലമുറയിലുണ്ടാക്കിയ അസ്വസ്ഥതകളും എല്ലാമുള്‍പ്പെടെയുള്ള മറ്റു കാരണങ്ങളുണ്ട്.  അതേ സമയം അത് വ്യക്തികളുടെ പ്രവര്‍ത്തനത്തിനും അതിന്റെ കാഴ്ചപ്പാടിനും പ്രധാനമാണ്. അത് പുറത്തു പ്രവര്‍ത്തിക്കാന്‍ കഴിയാത്തതുകൊണ്ട് നമ്മള്‍ സ്വയം കുറ്റപ്പെടുത്തുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ പറയുന്ന ആളുകളും ബാക്കിയുള്ള സമയത്ത് എന്ത് പ്രവര്‍ത്തനമാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് ചോദിക്കേണ്ടത്. മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ സുഖമാണ്. ഈ കുറ്റപ്പെടുത്തുന്നവര്‍ ഐ.എഫ്.എഫ്.കെ. കഴിഞ്ഞിട്ട് ഒന്നും ചെയ്യുന്നുണ്ടാവില്ല.    

രാഷ്ട്രീയം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞല്ലോ.. അതെന്തുകൊണ്ടാണ്?

നമ്മള്‍ അനുഭവിക്കുന്ന രണ്ട് പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ ഒന്ന് ഇക്കണോമിക് ലിബറലൈസേഷന്റെ ഭാഗമായിട്ട് ക്യാപിറ്റലിസത്തിന്റെ ഒരു സമ്മതി നിര്‍മ്മിക്കുന്നത് ഒരു ഭാഗത്തുനിന്നും പിന്നെ ഫാസിസത്തിന്റെ പ്രശ്‌നവുമാണ്. ഇത് രണ്ടുമാണ് നമ്മുടെ ജീവിതത്തെ പിടിച്ചുലയ്ക്കുന്ന പ്രശ്‌നങ്ങള്‍. ഇതിന്റെ ഒരു അവൈര്‍നെസ് നമ്മള്‍ ഓരോരുത്തരുടെ ഉള്ളിലേക്കും പോകുന്നു എന്നുള്ളത് അത് പൊളിറ്റിക്കല്‍ ക്ലാസിന്റെ പ്രശ്‌നമല്ല, ആളുകള്‍ ഇതിന്റെയെല്ലാം ഏജന്‍സികളാകുന്നോ എന്നതിന്റെ പ്രശ്‌നമാണ്. ക്യാപിറ്റലിസത്തിന്റെയോ ഫാസിസത്തിന്റെയോ ഒരു സ്ഥലത്ത് ജോലി ചെയ്ത് ജീവിക്കുകയെന്നുള്ളത് അത് റിപ്രൊഡ്യൂസ് ചെയ്യുകയാണ്, അതേ സമയത്ത് ഓരോ ഇഷ്യൂസിലും നമ്മള്‍ ആന്തരികമായിട്ട് ഇതിനെ കാണണം. ഫാസിസമെന്ന് പറയുന്നത് ഒരു ഇലക്ഷനില്‍ ഒരാള്‍ തോല്‍ക്കുകയും വേറൊരിടത്ത് ജയിക്കുകയും ചെയ്യുന്നപോലെ ലാളിത്യത്തോടെ കാണുന്ന ഒന്നായി മാറുകയാണ്. കാലങ്ങളായുള്ള സംസ്‌കാരത്തിന്റെ ഒരു പോപ്പുലാരിറ്റിയുടെ ബലത്തില്‍ തന്നെയാണ് സിനിമയും പ്രവര്‍ത്തിക്കുന്നത്. അതായത് ജനപ്രീയതയുടെ ഒരു സൗന്ദര്യമണ്ഡലത്തിലാണ് ബോളിവുഡും മലയാള സിനിമയുമൊക്കെ പ്രവര്‍ത്തിക്കുന്നത്. പുതിയ തലമുറ പൊളിറ്റിക്കലി വളരെ മുകളിലാണ്. പക്ഷേ അത് ഫോക്കസ്ഡ് ആവുന്നുണ്ടോ എന്ന പ്രശ്‌നമാണ്. മര്‍ദ്ദനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതുകൊണ്ട് അത് ഫോക്കസ്ഡ് ആവുമെന്നാണ് ഞാന്‍ കരുതുന്നത്. പ്രതിരോധത്തിന് ഫോക്കസ്ഡ് ആകാതെ പറ്റില്ല. 

ഈ ഫെസ്റ്റിവലിലെ നല്ല ചിത്രങ്ങള്‍… 

എനിക്കേറ്റവും ഇഷ്ടപ്പെട്ടത് പേള്‍ ബട്ടണ്‍ എന്ന സിനിമയാണ് പെട്രീഷ്യ ഗുസ്മാന്റെ ചിലിയില്‍ നിന്നും വന്ന സിനിമയാണ്. അത് ഡോക്യുമെന്ററിയാണ്. ഈ ഡോക്യുമെന്ററിയില്‍ തന്നെ നൂതന രീതി കൊണ്ടുവന്നിട്ടുള്ളയാളാണ് ഗുസ്മാന്‍. ചിലിയിലെ ഒരു ആദിവാസി സമൂഹത്തിന്റെ പൊളിറ്റിക്കല്‍ ഹിസ്റ്ററിയാണ് അദ്ദേഹം ഇതിലേക്ക് ആവിഷ്‌ക്കരിക്കുന്നത്. പക്ഷേ അദ്ദേഹം ഇത് തുടങ്ങുന്നത് ജീവന്റെ ഉല്‍പ്പത്തി തൊട്ടാണ്. പ്രകാശവും വെള്ളവും കൊണ്ടെങ്ങനെ ജീവനുണ്ടായി. അവസാനം കൊന്നിട്ട് വെള്ളത്തില്‍ താഴ്ത്തുകയാണ്. അങ്ങനെ വെള്ളത്തില്‍ ജീവനുണ്ടായിട്ട് വെള്ളത്തില്‍ തന്നെ അവസാനിപ്പിക്കുന്ന ആഖ്യാനമാണ്. ഒരു പേള്‍ ബട്ടണാണ് ബാക്കിനില്‍ക്കുന്നത് ഒരു തെളിവായിട്ട്. നമ്മുടെ ഒരു പൊളിറ്റിക്കല്‍ ഹിസ്റ്ററിയാണ് ഇതില്‍ വരുന്നതെന്നുപോലും കാണുന്നില്ല. അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പടം. അതുപോലെ തന്നെ ഗാസയില്‍ നിന്നുള്ള ഡിഗ്രേഡ്, ഐഡല്‍… ഗാസയിലെ ജീവിതത്തിനെ പുറത്തുകൊണ്ടുവരുന്ന രീതിയിലുള്ള ഒരു തീവ്രത ആ ചിത്രങ്ങള്‍ക്കുണ്ടായിരുന്നു. 

(അഴിമുഖം കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് രാംദാസ്)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍