UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിനിമയുടെ ലാളിത്യം അത്ര നിഷ്കളങ്കമല്ല; അത് സൂപ്പര്‍മാര്‍ക്കറ്റ് സംസ്കാരത്തിന്റെ ഭാഗം-ബി ഉണ്ണികൃഷ്ണന്‍

Avatar

ബി.ഉണ്ണികൃഷ്ണന്‍/രാംദാസ് എം കെ 

ചലച്ചിത്രോത്സവം ഇരുപതു വര്‍ഷം പൂര്‍ത്തിയായിട്ടും എന്തുകൊണ്ടാണ് ഒരു മലയാള സിനിമയ്ക്ക്  മേളയിലെ ഏറ്റവും വലിയ പുരസ്കാരമായ സുവര്‍ണ്ണ ചകോരം നേടാന്‍ സാധിക്കാത്തത്? ലോകസിനിമയിലേക്ക് ഇത്രയേറെ തുറന്നു വച്ച ഒരു സമൂഹം വേറെ ഉണ്ടാകില്ല. എന്നിട്ടും അത് നമ്മുടെ സംവിധായകരെ പ്രചോദിപ്പിക്കുന്നതിലും പഠിപ്പിക്കുന്നതിലും പരാജയപ്പെടുകയാണോ? അല്ലെങ്കില്‍ മറ്റെന്തെങ്കിലും സ്ഥാപിത താത്പര്യങ്ങള്‍ ഇതിന് പിന്നിലുണ്ടോ? അഴിമുഖം ചര്‍ച്ച യില്‍ പ്രമുഖ സംവിധായകന്‍ കമല്‍ സംസാരിക്കുന്നു. (ചര്‍ച്ചയിലെ  മുന്‍ പ്രതികരണങ്ങള്‍- സുദേവന്‍ഡോ. ബിജു,കമല്‍)

മലയാള സിനിമയ്ക്കെന്തുകൊണ്ടാണ് ഇതുവരെയായി ഒരു സുവര്‍ണ്ണ ചകോരം കിട്ടാത്തത്?

നല്ല സിനിമ ഉണ്ടാകുന്നില്ല എന്നത് തന്നെയാണ് മുഖ്യ പ്രശ്നം. അത് ഇവിടത്തെ മാത്രം വിഷയമായി ഞാന്‍ കാണുന്നില്ല. ഈ കാര്യത്തില്‍ സിനിമ ഒറ്റയ്ക്കല്ല. സാഹിത്യത്തിന്റെയും കലയുടെയും രംഗത്ത് ഉണ്ടായിട്ടുള്ള, മൊത്തം നമ്മുടെ പരിസരത്തുണ്ടായിട്ടുള്ള ഒരു ചോര്‍ച്ച സിനിമയുടെ ഭാഗത്തും ഉണ്ടായിട്ടുണ്ട്. പിന്നെ ആഗോളീകരണത്തിന്റെ ഭാഗമായി ഇറാനിയന്‍ സിനിമകള്‍ക്ക് കിട്ടുന്ന ഒരു സ്വീകാര്യതയുണ്ടല്ലോ അത് പൊളിറ്റിക്കലായിട്ടുള്ള ഒരു സ്വീകാര്യതയായിട്ട് എനിക്ക് തോന്നിയിട്ടില്ല. നമ്മള്‍ വളരെ പൊളിറ്റിക്കലായിട്ട് ഐഡന്റിഫൈ ചെയ്താണ് അതിനെ കൊണ്ടുവരുന്നതെങ്കിലും അതിനെ സൂക്ഷിച്ചു നോക്കിക്കഴിഞ്ഞാല്‍ ചില സ്റ്റീരിയോടൈപ്പുകളെ പിന്നെയും പിന്നെയും ഉല്‍പ്പാദിപ്പിക്കുന്ന സിനിമകളെ പെട്ടെന്ന് നല്ല സിനിമയായിട്ട് ഐഡന്റിഫൈ ചെയ്യുന്നു എന്നതാണ് സത്യം. അതായത് ഈ ഗഹനതകളില്‍ നിന്ന് മാറിയിട്ട് ലാളിത്യത്തിലേക്ക് സിനിമയുടെ നറേഷന്‍ മാറിയെന്നാണ് പൊതുവേ പറയുന്നത്. ഉദാഹരണത്തിന്, ഫ്രഞ്ച് എന്ന സിനിമയുടെ അല്ലെങ്കില്‍ യൂറോപ്യന്‍ എന്ന സിനിമയുടെ കാലത്ത് സിനിമയിലുണ്ടായിട്ടുള്ള, അലന്‍ റെനോയുടെ സിനിമയിലോ അല്ലെങ്കില്‍ ഗൊദാര്‍ദിന്റെ സിനിമയിലോ അല്ലെങ്കില്‍ ബര്‍ഗ്മാന്റെ സിനിമയിലോ കണ്ടിട്ടുള്ള ഒരു ഫിലോഫിക്കല്‍,  ഹെര്‍സോഗിന്റെ സിനിമകളിലെ ടൈമിനെക്കുറിച്ചുള്ള ആധികള്‍ ഇങ്ങനെ പൊളിറ്റിക്കലായിട്ടുള്ള, ഫിലോസഫിക്കാലായിട്ടുള്ള എന്‍ഗേജ്‌മെന്റ്‌സ് ഇപ്പോള്‍ സിനിമകളിലുണ്ടാകുന്നില്ല.

അവിടെ നിന്ന് മാറിയിട്ട് ഇപ്പോള്‍ കുറേക്കൂടി സിനിമ ലീനിയര്‍ ആയി. ഈ മാറ്റം നിഷ്കളങ്കമാണ് എന്ന് ഞാന്‍ കരുതുന്നില്ല. ഈ ലാളിത്യം ഒരു സൂപ്പര്‍മാര്‍ക്കറ്റ് സംസ്‌കാരത്തിന്റെ കൂടി ഭാഗമായിട്ടുള്ള ലാളിത്യമാണ്.  ഏറ്റവും വലിയ തമാശ, ഇത്തരം വലിയ സിനിമകളെല്ലാം ഫണ്ട് ചെയ്യുന്നത് ഓരോ ഏജന്‍സികളാണല്ലോ.. ജോണ്‍ എബ്രഹാം പിരിച്ചെടുത്ത് സിനിമയുണ്ടാക്കിയതോ, അല്ലെങ്കില്‍ രവി മുതലാളി പൈസ മുടക്കി സിനിമയെടുത്തതോ പോലെയല്ല അത്. ഫണ്ടിംഗ് ഏജന്‍സിക്ക് നമ്മള്‍ നമ്മുടെ പ്രൊപ്പോസല്‍ കൊടുക്കണം. മരണസിംഹാസനം എന്ന പടം കാനില്‍ വിജയിച്ചപ്പോള്‍ മുരളീനായര്‍ തന്നെ അദ്ദേഹത്തിന്റെ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത് 30-40 കോടി വരെ അതില്‍ നിന്നുണ്ടാക്കി എന്നാണ്. അതാണ് മാര്‍ക്കറ്റ്.  അവര്‍ തിരക്കഥ ചോദിക്കുമ്പോള്‍ അവര്‍ക്കീ പൊളിറ്റിക്കല്‍ ഫിലോസഫിക്കല്‍ ഡെപ്തിലേക്ക് പോകുന്നതിനോട് താല്‍പ്പര്യമില്ല. വളരെ പെട്ടെന്ന് ആക്‌സസ് ചെയ്യാവുന്ന ആര്‍ക്കും പെട്ടെന്ന് കടന്നുചെല്ലാവുന്ന മാനുഷികാവസ്ഥകളുണ്ട്. അത് ആണ്‍ പെണ്‍ ബന്ധങ്ങളാവാം സഹോദരന്‍ സഹോദരി ബന്ധങ്ങളാവാം. അച്ഛന്‍ മകള്‍… അത്തരത്തിലുള്ള ബന്ധങ്ങളിലേക്ക് പെട്ടെന്ന് ആക്‌സസ് ചെയ്യുന്ന സിനിമ ചെയ്യാനാണ് അവര്‍ക്ക് താല്‍പ്പര്യം. ഇതെല്ലാം കൂട്ടിവേണം നാമിതെല്ലാം കാണാന്‍.

ഫെസ്റ്റിവല്‍ നല്ല സിനിമകളുണ്ടാവാനുള്ള വേദികൂടിയാവണ്ടേ.. ഒഡേസയുടെ ലക്ഷ്യം പോലെ… 

അതുതന്നെയാണ് ഞാന്‍ പറഞ്ഞത്. ഫെസ്റ്റിവലില്‍ ആളുകള്‍ വരികയും അതിന്റെ വിപണി വികസിക്കുകയും ചെയ്തുവെന്നത് ശരിയാണ്. അതിനനുസരിച്ച് പ്രെപ്പോര്‍ഷനേറ്റായിട്ട് ഭാവുകത്വവും വികസിപ്പിക്കണമെന്ന് ഒരു തിയറി നമ്മള്‍ വച്ചാല്‍ അത് സംഭവിക്കുന്നില്ലായെന്നുള്ളതിന് ഒരുപാട് ആഗോള രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞത്.

ലോക സിനിമയുടെ തലത്തിലേക്ക് നമുക്ക് ഉയരാന്‍ സാധിക്കുന്നില്ലല്ലോ…. 

ലോക സിനിമയില്‍ അത്ര ഗംഭീര ചലനങ്ങളുണ്ടായിട്ടുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അക്കാര്യത്തില്‍ ഞാനൊരു പഴഞ്ചനായിരിക്കാം.  ഞാനീ പറഞ്ഞ ഒരു ഭാവുകത്വ കാലമുണ്ടല്ലൊ. ആ പീരീഡിലൊക്കെ ഉണ്ടായിട്ടുള്ള ഗംഭീരമായിട്ടുള്ള മാനുഷികാവസ്ഥയിലൊക്കെ ശരിയായ പൊളിറ്റിക്കല്‍ ഇടപെടലുകള്‍ ലോകത്തെമ്പാടുമുണ്ടായിട്ടുണ്ട്. ഇന്ന് ഒറ്റപ്പെട്ട ശ്രമങ്ങളില്ലായെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ നമ്മള്‍ ഒന്നു തൂക്കി നോക്കുകയാണെങ്കില്‍ അതുപോലുള്ള കാര്യങ്ങളിലെല്ലാം സിനിമയില്‍ കുറവുവരുന്നുണ്ട്. ഇത് ഉത്തരാധുനികതയുടെ കലകളെ നിരസിക്കുന്ന കാലമാണ്. ആ കലകളെ നിരസിക്കുന്ന കാലത്തിന് അനുയോജ്യമായ സിനിമ തന്നെയാണ് നമ്മള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അത് മോശം സിനിമയാണ് എന്ന് ഞാന്‍ പറഞ്ഞതിന് ഒരര്‍ത്ഥവുമില്ല. 

ഫെസ്റ്റിവല്‍ മാര്‍ക്കറ്റ് കൂടിയായി മാറേണ്ടതില്ലേ… അത്തരത്തിലൊരു ശ്രമം?

ഫെസ്റ്റിവല്‍ മാര്‍ക്കറ്റ് കൂടിയായി മാറുന്നതിനുള്ള ഒരു ശ്രമം ഉണ്ടാകുന്നില്ല. ഇവിടെ സിനിമയെടുക്കാന്‍ താല്‍പ്പര്യമുള്ള ഒരുപാട് ചെറുപ്പക്കാര്‍ കടന്നുവന്നിട്ടുണ്ട്. അവര്‍ക്ക് ഈ ഫെസ്റ്റിവല്‍ സ്‌പെയിസില്‍ തന്നെ അതിനുള്ള സൗകര്യം  ഒരുക്കിക്കൊണ്ട് അവരെ മാര്‍ക്കറ്റ് ഡെവലപ്പ് ചെയ്യാനുള്ള സൗകര്യമൊരുക്കിയാല്‍ നേരത്തെ സൂചിപ്പിച്ച ഫണ്ടിംഗ് ഏജന്‍സികളെ കണ്‍വിന്‍സ് ചെയ്യിക്കാനായി അവര്‍ക്ക് പോകേണ്ട കാര്യമില്ല. എന്തുകൊണ്ടോ അത് സംഭവിക്കുന്നില്ല. ഇത്തവണയും ഞാന്‍ ഐ എഫ് എഫ് കെ സംഘാടകരോട് അത് പറഞ്ഞിട്ടുണ്ട്. ഫെഫ്ക അങ്ങനെയൊരു സംഗതി ഏറ്റെടുത്തുകൊണ്ട് അതിന്റെ പരീക്ഷണമെന്ന നിലയില്‍ തുടങ്ങിവച്ചിട്ടുണ്ട്. അടുത്ത  അഞ്ചുവര്‍ഷത്തിനുള്ളില്‍ നമ്മള്‍ ആ നിലയില്‍ ഡെവലപ്പാവും. അതിലൊരു സംശയവുമില്ല.

മുഖ്യധാരാ സിനിമക്കാര്‍ മാറിനില്‍ക്കുന്നു…

എവിടെ മാറിനില്‍ക്കുന്നു.. ഈ മൊത്തം ഫിലിംഫെസ്റ്റിവലില്‍ കൂടുതല്‍ കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നത് മുഖ്യധാരാ സിനിമാക്കാരാണ്.  കഴിഞ്ഞ അഞ്ചുവര്‍ഷത്തെയോ ആറുവര്‍ഷത്തെയോ കാര്യം നിങ്ങള്‍ എടുത്തുനോക്കൂ. ഇവിടെ കാണുന്നത് മുഖ്യധാരാ സിനിമക്കാരെ അവജ്ഞയോടെ കാണുകയും അവരെ ചീത്തവിളിക്കുകയും അവരെ അവഗണിക്കുകയും തീയറ്ററില്‍ സിനിമ കാണാന്‍ വരുമ്പോള്‍ കൂകിവിളിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും ഇതിന്റെ നടത്തിപ്പില്‍  ഗവണ്‍മെന്റിനോടും അക്കാദമിയോടും ഏറ്റവും കൂടുതല്‍ സഹകരിക്കുകയും ധനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുടക്കുകയും മാന്‍പവര്‍  സപ്ലൈ ചെയ്യുകയും ചെയ്യുന്നത് മുഖ്യധാരാ സിനിമാക്കാര്‍ തന്നെയാണ്. അതിനൊരു സംശയവും വേണ്ട. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍