UPDATES

‘ഞാന്‍ എന്തുകൊണ്ട് ചലച്ചിത്ര മേളക്ക് വരുന്നില്ല?’ 164 വട്ടം ദേശീയ ഗാനം കേട്ടാല്‍ തല ചുറ്റും

അഴിമുഖം പ്രതിനിധി

21-മത് ചലച്ചിത്രമേളയില്‍ താന്‍ വരാത്തതിന് കാരണം വിശദീകരിച്ച് കോളേജ് പ്രൊഫസര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രസിദ്ധീകരിച്ച് കുറിപ്പ് വൈറലാകുന്നു. ‘സ്വാതന്ത്ര്യത്തിന്റെ ഭാരം’ എന്ന തലക്കെട്ടോടു കൂടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആസോസിയേറ്റ് പ്രൊഫസര്‍ ഉമ്മര്‍ തറമേല്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലായിരിക്കുന്നത്. മേളയില്‍ 164-ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും ഈ ചിത്രങ്ങള്‍ കാണാന്‍ കയറിയാല്‍ അത്രയും തവണ ദേശീയ ഗാനം കേള്‍ക്കേണ്ടി വരും അത് തനിക്ക് തലചുറ്റലുണ്ടാക്കും അതുകൊണ്ട് താന്‍ മേളക്ക് വരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ധാരാളം പേര്‍ മേളയില്‍ ദേശീയ ഗാനം ഇടുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ദേശീയഗാനം എല്ലാ സാഹചര്യത്തിലും ഉപയോഗിക്കാനുള്ളതല്ലെന്നാണ് അവര്‍ പറയുന്നത്.

ഉമ്മര്‍ തറമേലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

‘സ്വാതന്ത്ര്യത്തിന്റെ ഭാരം

ചലച്ചിത്ര മേളക്ക് സലാം. 164 സിനിമകള്‍ പ്രദര്‍ശിപ്പിക്കിന്നു. എല്ലാ സിനിമയോടൊപ്പവും ദേശീയഗാനം. അംഗ വൈകല്യമില്ലാത്തവര്‍ ഒഴികെ എല്ലാരും എഴുന്നേറ്റു നില്‍ക്കണം. ഒരാള്‍ക്ക്, ദിവസം 5 സിനിമ കാണാന്‍ കഴിയും, സീറ്റു പിടിക്കാനും ഓണ്‍ലൈന്‍ മിടുക്കുമുണ്ടെങ്കില്‍. അപ്പോള്‍,35 സിനിമകള്‍ ചുരുങ്ങിയത് കാണും. എന്നാലും, 164 വട്ടം ദേശീയ ഗാനം അനുസരണയോടെ കേട്ട് തല ചുറ്റും, ഇപ്രാവശ്യത്തെ ഫെസ്റ്റിവല്‍.

തിരിച്ചു പോരുമ്പോള്‍, ഓരോ ഡെലിഗേറ്റും അമിതമായ ദേശീയസ്‌നേഹം കൊണ്ട് വീര്‍പ്പ് മുട്ടും. ഈ സ്വാതന്ത്ര്യത്തിന്റെ ഭാരം, എങ്ങനെ താങ്ങും. എനിക്ക് അത്യാവശ്യം, ദേശീയബോധം ഇപ്പോള്‍ തന്നെ ഉണ്ട്. അത്, എന്റെ സാംസ്‌കാരിക/സാമൂഹ്യ ജീവിതത്തിലൂടെ ഞാന്‍ നേടിയെടുത്തതാണ്. അത് ആര്‍ക്കും ചോദ്യം ചെയ്യാനുള്ള അവകാശം ഞാന്‍ കൊടുത്തിട്ടില്ല. ഇന്ത്യ എന്ന മഹാരാജ്യത്തെ ഞാന്‍ കുറച്ച് ഒക്കെ നടന്നു കണ്ടു, അതിന്റെ വൈവിധ്യത്തെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അത്ര കണ്ടു ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു.

ഇതിലപ്പുറം താങ്ങാന്‍ പറ്റില്ല. അത് കൊണ്ട്, കമല്‍ സാര്‍ ഞാന്‍ ഇപ്രാവശ്യം ചലച്ചിത്ര മേളക്ക് വരുന്നില്ല. എന്നോട് ക്ഷമിക്കണം. (എ അയ്യപ്പനൊക്കെ മരിച്ചു പോയത് ന്യൂ ജനറേഷന്റെ ഭാഗ്യം.)’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍