UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റെഫ്യൂജിയാഡോ: ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ ഭേദിക്കുന്ന ഭയത്തിന്‍റെ ചിത്രം

Avatar

സജ്നാ ആലുങ്കല്‍

അര്‍ജന്റീനന്‍ സംവിധായകന്‍ ഡീഗോ ലെമാന്റെ ആറാമത്തെ ചിത്രമായ റെഫ്യൂജിയാഡോ, ബന്ധങ്ങളുടെ വിള്ളലുകള്‍ക്കിടയില്‍ പകച്ചു നില്‍ക്കുന്ന എട്ടു വയസ്സുകാരന്റെ കഥ പറഞ്ഞാണ് പത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം നേടിയത്. മാനസിക നില തെറ്റിയ ഭര്‍ത്താവ് ഫാബിയാനില്‍ നിന്ന് രക്ഷപ്പെടാന്‍ ലോറയും മകന്‍ മത്യാവൂസും ബ്യൂണസ് അയേഴ്‌സിലെ നഗരവീഥികളിലൂടെ അലയുന്നിടത്താണ് ചിത്രം പുരോഗമിക്കുന്നത്. മനുഷ്യന്റെയുള്ളിലെ ഭയത്തെ മനോഹരമായും ഉല്‍ക്കിടിലത്തോടെയും ആവിഷ്‌കരിക്കുന്ന ചിത്രം ജീവിതത്തില്‍ ആരും സുരക്ഷിതരല്ലെന്ന സന്ദേശമാണ് നല്‍കുന്നത്. 

കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിന് ശേഷം വീട്ടിലെത്തുന്ന കുഞ്ഞു മത്യാവൂസ് അമ്മ തറയില്‍ വീണുകിടക്കുന്നതാണ് കാണുന്നത്. പിതൃത്വ സംശയത്തെ തുടര്‍ന്ന് മാനസിക നില തെറ്റിയ ഭര്‍ത്താവ് ഫാബിയന്റെ ആക്രമണത്തിനരയാകുന്ന ലോറ മത്യാവൂസിനെയും കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഫാബിയാന്‍ ലോറയെ പിന്തുടരുന്നതോടെ ചിത്രം കൂടുതല്‍ സംഘര്‍ഷ ഭരിതമാകുന്നു. ലോറയുടെയും മത്യാവൂസിന്റെയും ഭയത്തെ ഓരോ ഷോട്ടിലൂടെയും ഡീഗോ ലേമാന്‍ കാഴ്ച്ചക്കാരിലെത്തിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് അഭയം നല്‍കുന്ന സ്ഥലത്തും രണ്ട് ഹോട്ടലുകളിലും മാറിത്താമസിച്ച് ലോറ ബ്യൂണസ് അയേഴ്‌സിന് ഏറെ ദൂരെയുള്ള സ്വന്തം വീട്ടിലെത്തുന്നു. ശേഷം സ്‌ക്രീനില്‍ തെളിയുന്നത് മത്യാവൂസ് ജീവിതത്തിലെ കഠിനമായ യാഥാര്‍ത്ഥ്യങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതാണ്. 

ഫോണിലൂടെ ലോറയുമായി സംസാരിക്കുന്ന ഫാബിയാന്‍ ചെയ്ത തെറ്റുകളെല്ലാം പൊറുക്കണമെന്നും വീട്ടിലേക്ക് തിരികെ വരണമെന്നും ലോറയോട് അപേക്ഷിക്കുന്നു. ഫാബിയാന്റെ സ്‌നേഹത്തിന് നിറഞ്ഞ കണ്ണുകളോടെ മറുപടി പറയുന്ന ലോറക്ക് പക്ഷെ അയാളുടെ വാക്കുകളെ വിശ്വസിക്കാനാവുന്നില്ല. ഇതിനിടയില്‍ മുറിയിലേക്ക് വന്ന മത്യാവൂസിനോട് അവള്‍ പുറത്ത് നില്‍ക്കാന്‍ പറയുന്നു. ഫോണുമായി കാടിനുള്ളിലേക്ക് പോകുന്ന മത്യാവൂസ് പിന്നീട് തന്റെ ജീവിതത്തിലെ അരക്ഷിതാവസ്ഥയെ തനിക്ക് കഴിയും വിധം അടിച്ചോടിക്കാന്‍ ശ്രമിക്കുകയാണ്. ഫാബിയാന്‍ നിരന്തരം ഫോണിലേക്ക് വിളിക്കുന്നതോടെ മത്യാവൂസിന് തന്റെ ദേഷ്യം അടക്കാനാവുന്നില്ല. പുല്‍നാമ്പുകള്‍ ദേഷ്യത്തോടെ വടികൊണ്ട് അടിച്ചു തകര്‍ക്കുന്ന മത്യാവൂസ് ഫോണിന്റെ റിങ് ടോണിനനസുരിച്ച് കാടിനുള്ളിലൂടെ ഓടുകയാണ്. അവസാനം പുഴയുടെ തീരത്ത് വിശ്രമിക്കുന്ന എട്ടു വയസ്സുകാരന്‍ ആ ഫോണ്‍ വെള്ളത്തിലേക്ക് വലിച്ചെറിയുന്നു. എന്തിനോടെന്ന് നിശ്ചയമില്ലാത്ത ദേഷ്യം തീര്‍ക്കുകയാണ് അവന്‍. ഒടുവില്‍ ഇരുട്ടുമ്പോഴേക്കും വീട്ടിലേക്ക് തന്നെയാണ് അവന്റെ മടക്കം.

ഗര്‍ഭിണിയും എട്ടു വയസ്സുകാരന്റെ അമ്മയുമായ യുവതിയുടെ അതിജീവനം വരച്ചിടുന്നതോടൊപ്പം കുടുംബ ബന്ധങ്ങളിലെ അരക്ഷിതാവസ്ഥ കുട്ടികളുടെ ലോകത്തെ ഇല്ലാതാക്കുന്നതുമാണ് സംവിധായകന്‍ ഡീഗോ ലെമാന്‍ പറയുന്നത്. പലപ്പോഴും പക്വത വന്ന ചെറുപ്പക്കാരനെപ്പോലെയാണ് മത്യാവൂസ് ചിത്രത്തില്‍ ലോറയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത്. നമുക്ക് എല്ലാം അതിജീവിക്കാമെന്ന് ലോറ മകനോട് പറയുമ്പോള്‍ മരണത്തെ മാത്രം അതിജീവിക്കാനാവില്ലയെന്ന കുഞ്ഞു മത്യാവൂസിന്റെ മറുപടി മതി അവന്‍ ജീവിതത്തെ എങ്ങനെയാണ് കാണുന്നതെന്ന് മനസ്സിലാക്കാന്‍.

സംഘര്‍ഷങ്ങളും ആക്രമണങ്ങളും ഏറ്റവും എളുപ്പത്തിലും ആഴത്തിലും ബാധിക്കുക കുട്ടികളെയാണ്. രാജ്യങ്ങള്‍ തമ്മിലെ യുദ്ധങ്ങളായാലും കുടുംബാന്തരീക്ഷത്തിലെ സംഘര്‍ഷങ്ങളായാലും കുട്ടികള്‍ ഒരു തരം അരക്ഷിതബോധത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. അത്തരം അരക്ഷിതാബോധങ്ങള്‍ കുട്ടിയുടെ മനസിന്റെ നാനാവിധമായ വികസനങ്ങള്‍ക്കുമേല്‍ കരിനിഴല്‍ പടര്‍ത്തുമെന്നതില്‍ ഒരു സംശയവുമില്ല. അത്തരമൊരു ആശങ്കയിലാണ് റെഫ്യൂജിയാഡോ അവസാനിക്കുന്നത്.

മത്യാവൂസായി സക്രീനിലെത്തിയ സെബാസ്റ്റ്യന്‍ന്‍ മൊലിനാറോയും ലോറയായി വേഷമിട്ട ജൂലിയറ്റ ഡയസുമാണ് റെഫ്യൂജിയാഡോയ്ക്ക് ജീവന്‍ നല്‍കിയത്. ഫാബിയാനും ലോറയും മത്യാവൂസും ബ്യൂണസ് അയേഴ്‌സില്‍ മാത്രമല്ല, ദേശത്തിന്റെയും ഭാഷയുടെയും അതിര്‍ വരമ്പുകളില്ലാതെ എവിടെയും കാണാമെന്ന സന്ദേശമാണ് ചിത്രം ബാക്കി വെക്കുന്നത്.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍