UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍റെ സിനിമ കോപ്പിലെഫ്റ്റ്- ഒരാള്‍പ്പൊക്കത്തിന്‍റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

Avatar

പത്തൊമ്പതാമത് ചലച്ചിത്രോത്സവത്തില്‍ മലയാളം സിനിമ ടുഡെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘ഒരാള്‍പ്പൊക്കം’ വ്യത്യസ്തമായ കഥാഖ്യാനശൈലികൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഹിമാലയത്തിന്റെ ഭൂപ്രകൃതിയില്‍ ചിത്രീകരിച്ച സിനിമ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലാണ് എടുത്തിരിക്കുന്നത്. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അഴിമുഖം പ്രതിനിധി നീതു ദാസുമായി സംസാരിക്കുന്നു. 

എന്തുകൊണ്ട് ‘ഒരാള്‍പ്പൊക്കം’? പ്രത്യക്ഷത്തില്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന വിഷയങ്ങള്‍ക്ക് പകരം ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് അയാളുടെ ബാഹ്യവും മാനസികവുമായ സഞ്ചാരങ്ങളെക്കുറിച്ച് പറയാന്‍ താത്പര്യപ്പെട്ടതിന്റെ പിന്നിലെ പ്രചോദനം?
സമൂഹത്തിന്റെ അടിസ്ഥാനം വ്യക്തി തന്നെയാണ്. സമൂഹത്തിന്റെ എല്ലാ പ്രതിഫലനങ്ങളും അയാളിലും കാണാന്‍ കഴിയും. ഒരു മനുഷ്യന്‍ ഉള്ളില്‍ എന്താണെന്ന്, ഒരാള്‍ എത്രപേരാണെന്ന് എടുത്തുകാണിക്കുക അതൊക്കെ സാമൂഹികമായി പ്രസക്തമായ വിഷയങ്ങള്‍ തന്നെയാണ്. ഞാന്‍ ആദ്യമേ തന്നെ ഇത്തരത്തിലുള്ള വിഷയത്തില്‍ തത്പരനായിരുന്നു.

വ്യത്യസ്തമായ ആഖ്യാന ശൈലി സ്വീകരിച്ചതിനെക്കുറിച്ച്?
കവിതകളും കഥകളുമൊക്കെ എഴുതാന്‍ എനിക്കിഷ്ടമാണ്. പക്ഷെ സിനിമ എന്നത് കഥ പറച്ചിലല്ല. അതൊരു ദൃശ്യ -ശ്രാവ്യ അനുഭവമാണ് പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ വേരോടെ പറിച്ച് പുതുമ ഉണ്ടാക്കാന്‍ പറ്റില്ല. ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അത്തരം പരീക്ഷണങ്ങള്‍ എത്രമാത്രം ആളുകള്‍ അംഗീകരിക്കുമെന്നോ മനസിലാക്കുമെന്നോ അറിയില്ലായിരുന്നു. ഉദ്ദാഹരണത്തിന് ‘ഒരാള്‍പ്പൊക്ക’ത്തില്‍, ഒഴുകുന്ന ഒരു പുഴ മാത്രമാണ് കഴിഞ്ഞു പോകുന്ന കാലത്തെ സൂചിപ്പിക്കുന്നത്. ഒരു ട്രാന്‍സിഷന്‍ ഷോട്ടും ഉപയോഗിച്ചിട്ടില്ല. അതെല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ‘ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം’ അല്ലെങ്കില്‍ ‘1998’ എന്നൊക്കെ എഴുതിക്കാണിക്കുക എന്നത് സിനിമയില്‍ ഒഴിച്ചു കൂടാനാകാത്തതൊന്നുമല്ല. സബ്‌ടൈറ്റിലുകളില്ലാതെ തന്നെ ഏതൊരു ഭാഷ സംസാരിക്കുന്നയാള്‍ക്കും മനസിലാക്കാനാകുന്നതായിരിക്കണം സിനിമ. സിനിമയുടെ ഭാഷ തന്നെ വേറെയാണ്. അത് എഴുതലോ പറച്ചിലോ പോലെയല്ല. സ്‌ക്രീനില്‍ കാണുന്നത് പോലുമല്ല, കാഴ്ചക്കപ്പുറമുള്ള അനുഭവമാണ് സിനിമ. അതാണതിന്റെ ഭാഷ. ദൃശ്യവും ശബ്ദവും ചേരുമ്പോഴുണ്ടാകുന്ന എന്നാല്‍ അതു രണ്ടുമല്ലാത്ത ഒരനുഭവം. സാര്‍വത്രികമായി മനുഷ്യരുടെ അഭിരുചികള്‍ ഒന്നാണ്. അങ്ങനെ സാര്‍വത്രികമായി മനുഷ്യര്‍ക്ക് അനുഭവവേദ്യമാകുന്നതായിരിക്കണം സിനിമ. ഞാന്‍ സിനിമ പഠിച്ചിട്ടില്ല. എന്നിലുള്ള ആസ്വാദകനാണ് എന്നെ സിനിമക്കാരനാക്കിയത്.

കേരളത്തില്‍ ഇത്തരത്തിലൊരു പ്രേക്ഷക സമൂഹം ഉള്ളതായി കരുതുന്നുണ്ടോ?മലയാളികളായ പ്രേക്ഷകരെ മാത്രം ഉന്നംവെച്ചുള്ളതല്ല എന്റെ സിനിമകള്‍. പറയാന്‍ ഉദ്ദേശിക്കുന്നത് പ്രേക്ഷകര്‍ക്ക് മനസിലാകുമൊയെന്ന് ചിന്തിക്കുന്നതോടുകൂടി കലാസൃഷ്ടിക്ക് യഥാര്‍ഥത്തില്‍ പരിമിതികള്‍ കല്പിക്കുകയാണ്. പ്രേക്ഷകനെ മനസ്സില്‍ കണ്ടുകൊണ്ട് സിനിമ ചെയ്യരുതെന്നാണ് എന്റെ പക്ഷം. സിനിമയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ ചുരുക്കം ചിലരുണ്ടാകും. അവര്‍ക്കു വേണ്ടിയാണ് സിനിമ ഉണ്ടാക്കുന്നത്. സിനിമയുടെ പ്രേക്ഷകന്‍ ലോകം മുഴുവനുമുള്ള മനുഷ്യരാണ്.

സിനിമാനിര്‍മാണവും വിതരണവുമായൊക്കെ ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയായിരുന്നു?
പന്ത്രണ്ട് വര്‍ഷമായി ഒരു സിനിമയുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. എന്നാല്‍ ഞാന്‍ മനസ്സില്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള സിനിമ നിര്‍മിക്കാനോ അതില്‍ അഭിനയിക്കാനോ ആളെ കിട്ടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. സ്വതന്ത്രമായി സിനിമാ നിര്‍മാണത്തില്‍ ഏര്‍പ്പെടാനാണ് 2001ല്‍ കാഴ്ച ചലച്ചിത്ര വേദി ഉണ്ടാക്കുന്നത്. താത്പര്യപ്പെടുന്ന ആളുകളില്‍ നിന്ന് സിനിമക്കായി പണം കണ്ടെത്താനുള്ള ഒരു വേദിയാണത്. ലോ കോളജിലെ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്താണ് ‘അതിശയ ലോകം’ എന്ന ഷോട്ട് ഫിലിം എടുക്കുന്നത്. ആളുകളില്‍ നിന്ന് നൂറ് രൂപ വെച്ച് പിരിച്ചാണ് അതെടുത്തത്. പക്ഷെ അതെവിടെയും എത്തിയില്ല. ഒണ്‍ലൈനിലൂടെയുള്ള പ്രചാരണമൊന്നും അക്കാലത്തില്ലല്ലൊ. അതുകൊണ്ട് തന്നെ ആ ഷോട്ട് ഫിലിം ചര്‍ച്ച ചെയ്യപ്പെട്ടുകൂടിയില്ല. അങ്ങനെ ചര്‍ച്ചയാകണമായിരുന്നെങ്കില്‍ അത് പ്രശസ്തമായ ബാനറില്‍ നിര്‍മിക്കുന്നതോ അതില്‍ പ്രശസ്തനായ സംവിധായകനോ, അഭിനേതാക്കളോ ഭാഗമാവുകയോ വേണം. ഇന്റര്‍നാഷണല്‍ വീഡിയോ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തില്‍ സിനിമ തെരഞ്ഞെടുക്കപ്പെട്ടു. ആ മേളയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സണ്ണി ജോസഫിന്റെ ക്യമറയും ബീനാ പോളിന്റെ എഡിറ്റിങ്ങുമായിരുന്നു ചിത്രത്തില്‍.  2008ല്‍ ‘പരോള്‍’ എന്ന ഷോട്ട് ഫിലിം ചെയ്തു. ‘ഫ്രോഗ്’ എന്ന ഷോട്ട് ഫിലിമിനായുള്ള കഥ ഒരു സുഹൃത്തിന്റെ അഭ്യര്‍ഥനയില്‍ ഉണ്ടാക്കിയതാണ്. എന്നാല്‍ കഥയ്ക്കകത്ത് സ്വവര്‍ഗാനുരാഗം പ്രതിപാദിക്കുന്നതിനാല്‍ ആ സുഹൃത്ത് അതില്‍ നിന്ന് പിന്മാറുകയായിരുന്നു. പക്ഷെ ആ തിരക്കഥ എനിക്കങ്ങനെ മറക്കാന്‍ കഴിയുമായിരുന്നില്ല. നാല്‍പ്പതിനായിരം രൂപയാണ് ആ ഷോട്ട് ഫിലിമിന് നിര്‍മാണ ചെലവായത്. അതിലൂടെ കിട്ടിയ അനുഭവങ്ങള്‍ വലിയ ഉള്‍ക്കാഴ്ചയാണ് നല്‍കിയത്. അതിനു ശേഷമാണ് ഒരു നിര്‍മാതാവിനെ തപ്പി നടക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.

ക്രൗഡ് ഫണ്ടിങ്ങില്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ്?
വളരെ മുമ്പ് തന്നെ കേരളത്തിലെ ഫിലിം സൊസൈറ്റികള്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഒരു സമാന്തര ധാര സൃഷ്ടിച്ചിട്ടുണ്ട്. ലോകസിനിമയില്‍ തന്നെ ചര്‍ച്ചചെയ്യപ്പെട്ട രീതിയില്‍ ജോണ്‍ എബ്രഹാമിനെപ്പോലുള്ളവര്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ സിനിമയെടുത്തിട്ടുമുണ്ട്. ക്രൗഡ് ഫണ്ടിങ് സിനിമകള്‍ നേരിടുന്ന ഏറ്റവും വിലയ പ്രശ്‌നം അതിന്റെ വിതരണവുമായി ബന്ധപ്പെട്ടാണ്. നിര്‍മാണത്തിനായി പണം മുടക്കിയവര്‍ പിന്നീടുള്ള ഘട്ടങ്ങളില്‍ സിനിമയുടെ ഭാഗമായിക്കൊള്ളണമെന്നില്ല. അതുകൊണ്ടു തന്നെ വിതരണവുമായി ബന്ധപ്പെട്ട ബാധ്യതകള്‍ കൂടി സംവിധായകന്‍ തന്നെ കൈകാര്യം ചെയ്യേണ്ടതായി വരും. ഒരു കൂട്ടം വ്യക്തികളെ എല്ലായ്‌പ്പോഴും ആശ്രയിക്കാന്‍ പറ്റിയെന്നും വരില്ല. ഇങ്ങനെ ചെലവാക്കുന്ന പണം സിനിമയിലൂടെ തന്നെ തിരിച്ചു കിട്ടുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എങ്കില്‍ മാത്രമെ അതൊരു തുടര്‍ പ്രക്രിയ ആവുകയുള്ളു. ഒരു നിര്‍മാതാവ് മാത്രമുള്ള സിനിമയാണെങ്കില്‍ അതിന്റെ വിപണി ആ നിര്‍മാതാവ് തന്നെ കണ്ടെത്തിക്കൊള്ളും. എന്നാല്‍ ക്രൗഡ് ഫണ്ടിങ് സിനിമകളില്‍ അത്തരത്തിലൊരു ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സംവിധായകന്‍ തന്നെയല്ലാതെ മറ്റാരുമില്ലെന്നതാണ് സത്യം. ചെയ്തു കഴിഞ്ഞ സിനിമയുടെ ഇത്തരം കുടുക്കുകള്‍ അടുത്ത സിനിമയ്ക്കായുള്ള സംവിധായകന്റെ ചിന്തകളെ തടസ്സപ്പെടുത്തുകയാണ് യഥാര്‍ഥത്തില്‍. ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വതന്ത്ര സംവിധായകര്‍ക്ക് സിനിമാ നിര്‍മാണത്തിനായൊരു വേദി കിട്ടിയെന്നുള്ളത് ശരിയാണ്. എന്നാല്‍ ഇപ്പോഴും അതൊരു സെല്ലിങ് പ്ലാറ്റ്‌ഫോമല്ല. ഇന്‍ഡസ്ട്രിയല്‍ സിസ്റ്റത്തിനപ്പുറമുള്ള ഒരു ബദല്‍ വ്യവസ്ഥ സിനിമാ വിതരണത്തിനായി ഉണ്ടാകണം. ഫിലിം സൊസൈറ്റികള്‍ വഴിയുള്ള സിനിമ പ്രദര്‍ശനം ഒരു പരിധിവരെയേ ഇതിന് പരിഹാരമാകുന്നുള്ളു. കാരണം, ഇത്തരത്തില്‍ ഇറങ്ങുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമ്പത്തിക ശേഷി നമ്മുടെ ഫിലിം സൊസൈറ്റികള്‍ക്കില്ല എന്നത് തന്നെയാണ്. 

സ്പ്രിങ്ങര്‍ എന്ന ഓണ്‍ലൈന്‍ ഫണ്ടിങ് പ്ലാറ്റഫോമിലൂടെയാണ് ഒരാള്‍പ്പൊക്കം നിര്‍മിച്ചത്. പക്ഷെ വെറും പതിനായിരം രൂപയാണ് ഇതിലൂടെ കിട്ടിയത്. 35 ലക്ഷത്തോളം രൂപയായിരുന്നു സിനിമയുടെ ചെലവ്. ബാക്കിയുള്ള തുക കണ്ടെത്തിയത് ഫേസ്ബുക്ക് ഗൂഗിള്‍ കോണ്‍ടാക്ടുകള്‍ ഉപയോഗിച്ചാണ്.

വാണിജ്യപരമല്ലാത്ത സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് വേദി കിട്ടാത്തതല്ലെ അത്തരം സിനിമകള്‍ ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ കാരണം?
കാണാനുള്ള അവസരമുണ്ടായാലും വളരെ ശോചനീയമായ രീതിയിലാണ് പ്രതികരണം. സിനിമക്ക് പിന്നിലെ സാമ്പത്തിക സമ്മര്‍ദം പ്രേക്ഷകന് അറിയില്ല. ചെലവു കുറഞ്ഞെടുക്കുന്ന ഇത്തരം സിനിമകള്‍ ഫ്രീയായിട്ട് കാണാനാണ് ആളുകള്‍ക്ക് താത്പര്യം. സിനിമക്ക് ഗുണകരമായൊരു മാനസികാവസ്ഥ ഉണ്ടാകണം. ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ് പ്രാദേശിക ഭാഷയിലുള്ള സിനിമകള്‍ക്ക് ഗുണം ചെയ്യുന്നില്ല എന്നതാണ് എന്റെ അനുഭവം. നല്ലതായതുകൊണ്ടു മാത്രം ഒരു സിനിമ ഫെസ്റ്റിവലുകളിലേക്ക് തെരഞ്ഞെടുക്കപ്പെടണമെന്നില്ല. ഫെസ്റ്റിവെല്‍ ഏജന്റുകള്‍ വഴിയാണ് സിനിമകള്‍ ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

സിനിമ കോപ്പിലെഫ്റ്റായിട്ട് രജിസറ്റര്‍ ചെയ്യുന്നതിലൂടെ നല്‍കുന്ന സന്ദേശം?
മനുഷ്യനന്മയില്‍ ഊന്നിയുള്ള കണ്‍സെപ്റ്റാണ് കോപ്പി ലെഫ്റ്റ്. അത് സമൂഹത്തിന്റെയാകെ ഇടപെടലും അതിലൂടെയുള്ള തുടര്‍ പ്രക്രിയയും ആവശ്യപ്പെടുന്നുണ്ട്. ഇത് ഏത് മേഖലയിലേതായാലും ആധിപത്യങ്ങള്‍ തകര്‍ക്കാന്‍ ഉപകരിക്കും. എന്റെ സിനിമയുടെ വരവ് ചെലവ് കണക്കുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. പണം നല്‍കിയവരോടുള്ള ആത്മാര്‍ഥതയുടെയും സുതാര്യതയുടെയും ഭാഗമാണത്. എന്നാല്‍ അങ്ങനൊന്നും ചെയ്യരുതെന്ന പറഞ്ഞ് പലരും സമീപിച്ചിട്ടുമുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വേണമെന്ന് ആഗ്രഹിക്കാത്തവരാണവര്‍. സിനിമാ നിര്‍മാണത്തിലും തുടര്‍പ്രക്രിയയിലും സമൂഹത്തിനെയാകെ പങ്കാളിയാക്കുക എന്നതാണ് കോപ്പിലെഫ്റ്റിലൂടെ ശ്രമിക്കുന്നത്. സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവരില്‍ നിന്ന് നല്ല പ്രതികരണങ്ങള്‍ കിട്ടില്ലെന്ന് അടച്ചാക്ഷേപിക്കാന്‍ ഞാന്‍ തയ്യാറല്ല. തുടര്‍ന്നും ഇത്തരം പരീക്ഷണങ്ങളിലൂടെ മുന്നോട്ട് പോവുക എന്നതെ എനിക്ക് ചെയ്യാനുള്ളു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍