UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആളുകള്‍ കാണാന്‍ തന്നെയാണ് ഞാന്‍ സിനിമ ചെയ്യുന്നത്-സിദ്ധാര്‍ത്ഥ് ശിവ സംസാരിക്കുന്നു

Avatar

പത്തൊന്‍മ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘സഹീര്‍’ എന്ന് ചിത്രത്തിന്റെ സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ അഴിമുഖം പ്രതിനിധി ഷെറിന്‍ തോമസിനോട് സംസാരിക്കുന്നു.

ഐ എഫ് എഫ് കെ അനുഭവങ്ങള്‍?
അങ്ങനെ പറയാന്‍ ഒന്നുമില്ല. ഞാന്‍ ആദ്യമായിട്ട് ഐ എഫ് എഫ് കെയില്‍ പങ്കെടുക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്. എന്റെ സിനിമ, നൂറ്റൊന്നു ചോദ്യങ്ങള്‍ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതുവഴിയാണ് മേളയുടെ ഭാഗമാകുന്നത്. അല്ലാതെ ഡലിഗേറ്റായിട്ട് പങ്കെടുത്തിട്ടില്ല. ഇതെന്റെ രണ്ടാമത്തെ ചലച്ചിത്രമേളയാണ്. ഇത്തവണയും ഞാനെത്തിയിരിക്കുന്നത് എന്റെ സിനിമ, സഹീറുമായിട്ടാണ്. ഈ രണ്ടുവര്‍ഷവും ചലച്ചിത്രമേള ഞാന്‍ ആസ്വദിക്കുന്നുണ്ട്. അതല്ലാതെ എന്നിലെ നടനെയോ, സംവിധായയകനെയോ ഈ മേള ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല. ഐ എഫ് എഫ് കെയില്‍ വരുന്നതിനും മുമ്പ് ഞാന്‍ നടനും സംവിധായകനുമായി. ഒരു ഡെലിഗേറ്റ് ആയിട്ട് മേളയില്‍ വരാന്‍ കഴിയാതെ പോയത് പോരായ്മ തന്നെയാണ്.

കോമേഴ്‌സ്യല്‍ സിനിമകളിലെ നടന്‍, ആര്‍ട്ട് സിനിമകളുടെ സംവിധായകന്‍- ഈ വ്യത്യസ്ത എങ്ങനെ സംഭവിക്കുന്നു?
ആളുകള്‍ കാണാന്‍ തന്നെയാണ് ഞാന്‍ സിനിമ ചെയ്യുന്നത്. ഇത്തരം സിനിമകള്‍ കാണാന്‍ ആരും തയ്യാറാകാത്തതാണ് പ്രശ്‌നം. ആളുകള്‍ കാണുന്ന സിനിമ കൊമേഴ്‌സ്യലും കാണാത്തത് ആര്‍ട്ടുമെന്നാണ് നമ്മള്‍ തിരിച്ചിരിക്കുന്നത്. എന്റെ സിനിമകള്‍ തിയേറ്ററില്‍ ഓടണമെന്ന് ആഗ്രഹിക്കുന്നൊരാള്‍ തന്നെയാണ് ഞാന്‍.

നിര്‍മാണ ചെലവുകള്‍ ദശകോടികളിലേക്ക് എത്തിയിരിക്കുന്നു നമ്മുടെ ഇന്‍ഡസ്ട്രിയിലും. അതിനിടയില്‍ നിന്നുകൊണ്ട് ചെലവു കുറച്ച്, എന്നാല്‍ കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടല്ലോ? 
സിനിമയുടെ നിര്‍മാണ ചെലവിന്റെ മൃഗീയഭാഗവും താരങ്ങളുടെ ശമ്പളയിനത്തിലാണ്. എന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്റെ സുഹൃത്തുക്കളാണ്. അവര്‍ ഇതിന്റെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നത്, കാശല്ല. മറ്റൊരു വശം, സിനിമയുടെ സാങ്കേതിവിഭാഗത്തിലെ ചെലവാണ്. അവിടെയും വലിയ ആര്‍ഭാടങ്ങള്‍ക്ക്  ശ്രമിക്കാറില്ല. മിതമായ ടെക്‌നിക്കുകള്‍ കൊണ്ട് തന്നെ ഒരു സിനിമ  സംവേദനക്ഷമമാക്കാന്‍ കഴിയുമെങ്കില്‍, അതൊരു മിടുക്കല്ലേ. നല്ല സിനിമകള്‍ ഉണ്ടാക്കുക എന്ന് ആഗ്രഹത്തില്‍ നിന്നാണ് എന്റെ രണ്ടു സിനിമകളും ഉണ്ടായിരിക്കുന്നത്.

ഐഎഫ്എഫ്‌കെ, സിനിമ ആസ്വാദനത്തിനുമാത്രമോ അതോ ഇതിലൂടെ സിനിമ പഠനത്തിനും വഴിയൊരുങ്ങുമോ?
സിനിമ പഠിക്കാനുള്ള വേദിയാണിതെങ്കില്‍ സിനിമാക്കാര്‍മാത്രമെ ഇവിടെ കാണാവൂ. എല്ലാ വിഭാഗം ആളുകളും ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഒരു ബസ് യാത്രയും നമുക്ക് പഠനമാണ്. ആ രീതിയില്‍, പലതും അറിയാനുള്ള മാര്‍ഗം എന്ന നിലയില്‍ ചലച്ചിത്രമേളകളും ഒരു പഠനസാഹചര്യമൊരുക്കുന്നുണ്ട്. പക്ഷെ, അതൊരു ഇന്‍സ്റ്റിറ്റ്യൂഷനല്‍ പഠനമല്ല. അറിയാനും അനുഭവിക്കാനുമുള്ള പ്രകൃതിയാണ് ചലച്ചിത്രമേളകള്‍. സിനിമ എന്നത് ഒരു സാംസ്‌കാരിക ഉത്പന്നമാണ്. ഓരോ രാജ്യത്തെ സിനിമയും അതാത് നാടിന്റെ സംസ്കാരം  പ്രതിഫലിപ്പിക്കുന്നുണ്ട്. നമുക്കറിയാത്തും ലോകത്തിന്റെ പലഭാഗങ്ങളിലും നിലനില്‍ക്കുന്നതുമായ വ്യത്യസ്ത സംസ്‌കാരങ്ങളെ അടുത്തറിയാനുതകുന്ന തരത്തില്‍ സിനിമകള്‍ സഹായിക്കുന്നു എന്നതാണ് ചലച്ചിത്രമേളകള്‍ നല്‍കുന്ന വിദ്യാഭ്യാസം.

മലയാളം സബ്‌ടൈറ്റില്‍ സിനിമകള്‍ക്ക് വേണമെന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?
ബുസാന്‍ ചലച്ചിത്രമേളയില്‍ എന്റെ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. അവിടെ കൊറിയന്‍ ഭാഷയിലായിരുന്നു സബ്‌ടൈറ്റിലുകള്‍ കാണിച്ചത്. ഒരു കുഴപ്പം എനിക്ക് തോന്നുന്നത്, ഓരോ ഭാഷയ്ക്കും അതിന്റെതായൊരു സാഹിത്യമുണ്ട്. പരിഭാഷയിലൂടെ ആ സാഹിത്യഭംഗി നഷ്ടപ്പെടും. ഒരു ഡയലോഗിലൂടെ നമ്മള്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്ന വികാരം മൊഴിമാറ്റത്തിലൂടെ നഷ്ടപ്പെട്ടുപോകും. തെലുങ്ക് മൊഴിമാറ്റ ചിത്രങള്‍  കേരളത്തില്‍ കാണിക്കുമ്പോള്‍ പലപ്പോഴും അസഹനീയമാകാറില്ലേ? ഭാഷയുടെ യഥാര്‍ത്ഥ അന്തഃസത്ത അതിന്റെ പരിഭാഷയില്‍ നഷ്ടപ്പെടുമെന്നുള്ളത് വാസ്തവമാണ്. പിന്നെ സിനിമയുമായി റിലേറ്റ് ചെയ്യാന്‍ സബ്‌ടൈറ്റിലുകള്‍ ഉപകരിക്കുമെന്നുമാത്രം.

തിരക്കഥ കത്തിക്കണമെന്ന വാദത്തോട്?
തിരക്കഥയില്ലാതെ സിനിമ ചെയ്യാന്‍ സാധിക്കില്ലെന്നു വിശ്വസിക്കുന്നൊരാളാണ് ഞാന്‍. അതേ സമയം, നിങ്ങള്‍ ഉദ്ദേശിക്കുന്ന തിരക്കഥ ഒരുകെട്ട് പേപ്പറാണെങ്കില്‍ അതില്ലാതെ സിനിമ ചെയ്യാമെന്നും വിശ്വസിക്കുന്നു. അങ്ങനെ സിനിമ ചെയ്യുന്നൊരാളുമാണ് ഞാന്‍. സഹീര്‍ എന്ന സിനിമയ്ക്ക് തിരക്കഥയില്ല. ആര്‍ട്ടിസ്റ്റുകളെയെല്ലാം ഒരുമിച്ചു വിളിച്ചുകൂട്ടി അവരോട് കഥയും സാഹചര്യങ്ങളും പറഞ്ഞുകൊടുക്കുകയായിരുന്നു. അഭിനേതാക്കളെ പ്രമേയവുമായി ബന്ധപ്പെടുത്തി, ആ സാഹചര്യങ്ങളിലൂടെ അവരെ കടത്തിവിട്ടുകൊണ്ട് സ്വാഭാവിക പ്രതികരണത്തിന് തയ്യാറാക്കുകയായിരുന്നു. അവരത് ചെയ്യുന്നതോടെയാണ് സഹീര്‍ എന്ന സിനിമ സംഭവിക്കുന്നത്.

തിരക്കഥ ഒരു ഒബ്ജക്ടീവ് ഫോമിലാണ് കാണുന്നതെങ്കില്‍ അതിന്റെ ആവശ്യം സിനിമയ്ക്ക് ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നതിനെ കുറിച്ച് നമുക്ക് കൃത്യമായ ധാരണയുണ്ടായിരിക്കണം, ഒരാളുടെ ചോദ്യത്തിനുള്ള മറുപടിയും സംശയത്തിനുള്ള ഉത്തരവും നമുക്കുണ്ടായിരിക്കണം. ഒരു ട്രെയിന്‍ ഓടണമെങ്കില്‍ പാളം വേണമെന്നുള്ളതുപോലെ സിനിമ ഉണ്ടാകണമെങ്കില്‍ തിരക്കഥ ഉണ്ടായേപറ്റൂ, അത് കടലാസുകളില്‍ എഴുതി നിറച്ചവയാവണമെന്നില്ലെന്നുമാത്രം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍