UPDATES

സിനിമ

ക്യു നില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള പ്രമാണിമാര്‍ക്ക് എരീസ് പ്ലെക്സില്‍ പ്രത്യേക ഐഎഫ്എഫ്‌കെ ഷോ

Avatar

അഴിമുഖം പ്രതിനിധി

21ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം നാളെ തിരുവനന്തപുരത്ത് തുടങ്ങാനിരിക്കെ അത്ര സുഖകരമായ കാര്യങ്ങളല്ല കേള്‍ക്കുന്നത്. ഇന്നലെ മുതല്‍ ടാഗോര്‍ തീയറ്ററില്‍ നിന്ന് ഡെലിഗേറ്റ് പാസ്, ബുക്ക് കാറ്റലോഗ്, സ്‌ക്രീനിംഗ് ഷെഡ്യൂള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കിറ്റ് വിതരണം ചെയ്തു തുടങ്ങിയിരിക്കുന്നു. സിനിമകളുടെ സിനോപ്‌സിസ് അടക്കം ഫെസ്റ്റിവലിന്‌റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബുക്ക് കാറ്റലോഗില്‍ പ്രദര്‍ശനമുള്ള തീയറ്ററുകളുടെ പേരുകള്‍ കൊടുത്തിട്ടുണ്ട്. ഇതില്‍ ഏരീസ്‌ പ്ലക്‌സുമുണ്ട്‌. തീയറ്ററുകള്‍ അടയാളപ്പെടുത്തിയിട്ടുള്ള മാപ്പിലും ഏരീസ് പ്ലെക്സുമുണ്ട്. എന്നാല്‍ ഏരീസില്‍ ഏതൊക്കെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് വ്യക്തമല്ല. സ്‌ക്രീനിംഗ് ഷെഡ്യൂളിനകത്ത് ഏരീസ് എന്നൊരു തീയറ്ററില്ല. സിനിമ മേഖലയുമായി ബന്ധപ്പെട്ടവരും അല്ലാത്തവരുമായ പ്രമുഖ വ്യക്തികള്‍ക്കു വേണ്ടി ഒരു പ്രത്യേക സെലിബ്രിറ്റി തീയറ്റര്‍ ഒരുങ്ങുന്നു എന്നാണ് വിവരം. സംവിധായകനും സിനിമാ സംഘടനാ നേതാവുമായ ബി ഉണ്ണികൃഷ്ണന്‌റെ ഉടമസ്ഥതയിലുള്ള ഏരീസ് പ്ലക്‌സ് തീയറ്റര്‍ കോംപ്ലക്‌സിലെ ഒരു സ്‌ക്രീനാണ് ഐഎഫ്എഫ്‌കെയ്ക്കായി അനുവദിച്ചിരിക്കുന്നത്.

എന്താണ് ഇത്തരത്തില്‍ പ്രത്യേക ക്ഷണിതാക്കള്‍ക്കുള്ള മാനദണ്ഡം എന്ന് വ്യക്തമല്ല. ഫെഫ്ക, മാക്ട, അമ്മ തുടങ്ങിയ സിനിമാ പ്രവര്‍ത്തകരുടെ സംഘടനകളിലെ അംഗത്വമാണോ? സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ ഇതില്ലാത്തവരും ഉണ്ടാകുമല്ലോ. ഇങ്ങനെയാണെങ്കിലും അല്ലെങ്കിലും എന്ത് അടിസ്ഥാനത്തിലാണ് ഒരു തീയറ്റര്‍ ഇത്തരത്തില്‍ മാറ്റിവയ്ക്കുന്നത് എന്ന ചോദ്യമുണ്ട്. മേളയുടെ സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിക്ക് എന്ത് ന്യായീകരണമാണ് ഇതിനുള്ളത്? ജൂറിക്ക് വേണ്ടിയാണ് പ്രത്യേക തീയറ്ററെന്നാണ് ഫെസ്റ്റിവല്‍ ഓഫീസിലുള്ളവര്‍ പറയുന്നത്. എന്നാല്‍ ഡിയര്‍ ഡെലിഗേറ്റ്സ്, എന്ന് അഭിസംബോധന ചെയ്തിരിക്കുന്നതിന് താഴെയാണ് പ്രദര്‍ശനമുള്ള തീയറ്ററുകളുടെ പേരുകള്‍ കൊടുത്തിരിക്കുന്നത്. ജൂറിയ്ക്കായി പ്രത്യേക സ്ക്രീനിംഗ് നടത്തുന്ന സ്ഥലം ഇത്തരത്തില് ഉള്‍പ്പെടുത്തേണ്ട കാര്യമില്ല. എന്തിനാണ് ഇതിലിത്ര ഒളിച്ചുവയ്ക്കാനുള്ളത് എന്നാണ് ചോദ്യം. തിരുവനന്തപുരത്തെ ഏറ്റവും വലിയ തീയറ്റര്‍ കോംപ്ലക്സാണ് ഏരീസ് പ്ലക്സ്. കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്രോത്സവത്തില് ഏരീസ് കോംപ്ലക്സിലെ ഒരു സ്ക്രീന് പോലും വിട്ടുനല്‍കിയിരുന്നില്ല.

 

അതേസമയം ജൂറി അംഗങ്ങള്‍ക്ക് പുറമെ, സംവിധായകരും അഭിനേതാക്കളും അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രത്യേക സ്ക്രീനിംഗ് എന്നാണ് ചലച്ചിത്ര അക്കാഡമി സെക്രട്ടറിയും ഫെസ്റ്റിവല്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ മഹേഷ് പഞ്ചു പറയുന്നത്. പ്രത്യേക ക്ഷണിതാക്കള്‍ക്കും പ്രവേശനമുണ്ട്. അതേസമയം ആരൊക്കെയായിരിക്കും ഈ പ്രത്യേക ക്ഷണിതാക്കള്‍ എന്ന് വ്യക്തമല്ല. നേരത്തെ ഫെഫ്ക, മാക്ട, അമ്മ തുടങ്ങിയ സംഘടനകളില്‍ അംഗത്വമുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടി മാത്രം പ്രത്യേക തീയറ്റര്‍ എന്ന വാര്‍ത്തയാണ് വന്നിരുന്നത്. ഇതിനെ ചോദ്യം ചെയ്തും പ്രതിഷേധമുയര്‍ത്തിയും ഡോ.ബിജു അടക്കമുള്ള സംവിധായകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍ വിലയിരുത്താന്‍ ജൂറിക്ക് മാത്രമായി പ്രത്യേക തീയറ്റര്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് ന്യായമായ ആവശ്യമാണ്. പ്രമുഖ വ്യക്തികള്‍ക്ക് റിസര്‍വേഷന്‍ ഉറപ്പാക്കുന്നത് അംഗീകരിക്കാം. എന്നാല്‍ മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍ വിലയിരുത്താന്‍ ജൂറിക്ക് മാത്രമായി ഒരോ ദിവസവും അഞ്ച് ഷോ നടത്തേണ്ട ആവശ്യമില്ല. എന്നാല്‍ ഇവിടെ പ്രമാണിമാര്‍ക്ക് വേണ്ടി മാത്രം ചലച്ചിത്രമേളയുടെ ഭാഗമായി ഒരു തീയറ്റര്‍ നീക്കി വയ്ക്കുന്നു എന്നു ആരെങ്കിലും ആരോപണം ഉയര്‍ത്തിയാല്‍ അതിന് തെറ്റുപറയാന്‍ പറ്റില്ല. ഇവിടെ ഡെലിഗേറ്റ് പാസിനപ്പുറം യാതൊരു പ്രിവിലേജുകളുമില്ലാത്ത സാധാരണ ഡെലിഗേറ്റുകള്‍ക്ക് പ്രവേശനമുണ്ടാവില്ല. നേരത്തെ ഇത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ സത്യമാണെന്ന് വ്യക്തമാവുകയാണ് ഇതിലൂടെ.

  
ഐഎഫ്എഫ്‌കെയില്‍ ലോക സിനിമാ വിഭാഗത്തില്‍ ഓരോ ഷോയ്ക്കും സ്‌ക്രീനിംഗ് ഫീസായി ശരാശരി 400 യൂറോ (ഏതാണ്ട് 29,000 രൂപ) പണമടയ്ക്കണം. കാന്‍, ബെര്‍ലിന്‍ തുടങ്ങിയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ക്ക് സ്ക്രീനിംഗ് ചാര്‍ജ്ജ് കൂടും. സ്ക്രീനിംഗ് ചാര്‍ജ്ജ് ഇനത്തിലും തീയറ്റര്‍ വാടക ഇനത്തിലുമായി ഒരു തീയറ്ററിന് വേണ്ടി മാത്രം ലക്ഷങ്ങള്‍ ചിലവാകും. സര്‍ക്കാര്‍ ഫണ്ട്, അതായത് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നടത്തുന്ന പരിപാടിയാണിത്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് നടത്തുന്ന മേളയില്‍ ഡെലിഗേറ്റുകളുടെ കയ്യില്‍ നിന്ന് കാശ് വാങ്ങി, സെലിബ്രിറ്റികള്‍ക്ക് ഇത്തരത്തില്‍ സുഖസൌകര്യം ഒരുക്കുന്നത് ശരിയാണോ? ഇതിന് മറുപടി പറയാന്‍ ചലച്ചിത്ര അക്കാഡമിയ്ക്ക് ബാദ്ധ്യതയുണ്ട്. 

ഐഎഫ്എഫ്‌കെ സംഘാടകരുടെ നടപടിയ്ക്കെതിരെ സിനിമാ മേഖലയില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സംവിധായകന്‍ ഡോ.ബിജു ഇത് ജനാധിപത്യവിരുദ്ധ നീക്കമാണെന്ന് വ്യക്തമാക്കി. “ജൂറിക്ക് മാത്രം വേണ്ടി പ്രത്യേക പ്രദര്‍ശനമോ തീയറ്ററുകളോ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് അംഗീകരിക്കാം. എന്നാല്‍ ഫിലിം പ്രൊഫഷണല്‍ എന്ന പേരില്‍ ആര്‍ക്കാണ് ഇവര്‍ ഇത്തരത്തില്‍ സൗകര്യം ഒരുക്കുന്നതെന്ന് മനസിലാകുന്നില്ല. സിനിമാ സംഘടനകളില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമാണോ ഇവര്‍ പ്രവേശനം അനുവദിക്കുന്നത്. നിരവധി യുവസംവിധായകര്‍ക്ക് സംഘടനകളില്‍ അംഗത്വമില്ല. ഫീച്ചര്‍ സിനിമകള്‍ എടുക്കുന്നവര്‍ക്ക് പുറമെ ഷോര്‍ട്ട് ഫിലിംസ് ചെയ്യുന്നവരും ചലച്ചിത്ര പ്രവര്‍ത്തകരാണ്. സംഘടനകളിലെ അംഗത്വമല്ലെങ്കില്‍ എന്ത് മാനദണ്ഡമാണ് ചലച്ചിത്ര പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നതില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അക്കാഡമി വ്യക്തമാക്കണം.”

ചലച്ചിത്ര പ്രവര്‍ത്തകര്‍ മാത്രമല്ല എന്നതാണെങ്കില്‍ ആ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്താണ് എന്നു പറയാനുള്ള ബാധ്യതയും അക്കാഡമിക്കുണ്ട്. നാളെ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം ഇത്തരത്തില്‍ സൗകര്യം ആവശ്യപ്പെട്ടാല്‍ അത് അനുവദിക്കുമോയെന്നും ബിജു ചോദിച്ചു. “ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാഡമിയ്ക്ക് മെയില്‍ അയച്ചിരുന്നു. എന്‌റെ ചിത്രങ്ങള്‍ വേണമെങ്കില്‍ ജൂറിക്ക് വേണ്ടി മാത്രം പ്രദര്‍ശിപ്പിക്കാം. അല്ലാതെ മറ്റ് പ്രമുഖര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയാണ് മെയില്‍ അയച്ചത്. എന്നാല്‍ അക്കാഡമിയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല ഇപ്പോള്‍ അറിഞ്ഞത് ഏരീസ് തീയറ്ററില്‍ എന്‌റെ ചിത്രം പ്രദര്‍പ്പിക്കുന്നില്ല എന്നുമാണ്” – ബിജു പറഞ്ഞു.

പ്രമുഖ എഡിറ്റര്‍ ബി അജിത്തും അക്കാഡമിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സിനിമയും സമൂഹവും മാറിയതറിയാത്ത ചില ആളുകളാണ് ഇത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് അജിത്ത് അഭിപ്രായപ്പെട്ടു. “സിനിമാരംഗത്ത് വന്ന വലിയ മാറ്റങ്ങള്‍ തിരിച്ചറിയാതെ ഭൂതകാലത്തിന്‌റെ മാനസികാവസ്ഥ പേറുന്നവരാണ് എലീറ്റ് ക്ലാസിന് വേണ്ടി ഇത്തരത്തില്‍ കുട പിടിക്കുന്നത്. സിനിമാപ്രവര്‍ത്തകരും സാധാരണ പ്രേക്ഷകരും തമ്മിലുള്ള അന്തരമൊക്കെ കുറഞ്ഞിരിക്കുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യ സാധാരണക്കാരനിലേയ്ക്ക് സിനിമയെ കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് ഐഎഫ്എഫ്‌കെ പോലൊരു ജനകീയ മേളയില്‍ ഇത്തരത്തില്‍ വിവേചനം കാണിക്കുന്നത്. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ ഒരു സംഘടനയിലും അംഗത്വമില്ലാത്ത നിരവധി പേരുണ്ട്.” പ്രത്യേക പ്രിവിലേജും ചിലര്‍ക്ക് മാത്രം സുഖിക്കാനുള്ള അവസരവും എന്നതിനേക്കാള്‍ ഇതിലെ ജനാധപത്യവിരുദ്ധതയെപ്പറ്റിയും ഉപരിവര്‍ഗ മനോഭാവത്തെപ്പറ്റിയുമാണ് ആശങ്കപ്പെടേണ്ടതെന്നും അജിത്ത് അഭിപ്രായപ്പെട്ടു.

ലോകത്തെ മറ്റൊരു ചലച്ചിത്ര മേളയ്ക്കും അവകാശപ്പെടാന്‍ കഴിയാത്ത തരത്തിലുള്ള ജനകീയ സ്വഭാവം കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുണ്ട്. സാധാരണ പ്രേക്ഷകരുടെ വലിയ തോതിലുള്ള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് ഐഎഫ്എഫ്‌കെ. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സാധാരണ പ്രേക്ഷകര്‍ക്കും ഇടയില്‍ യാതൊരു വിവേചനവും ഐഎഫ്എഫ്‌കെയിലില്ല. എന്നാല്‍ ഇത്തവണ ഐഫ്എഫ്കെയുടെ സംസ്കാരത്തിന് യോജിക്കാത്ത പ്രവണതയാണ് കാണുന്നത്. മേളയുടെ ജനകീയ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നപ്പോഴൊക്കെ അത് ചെറുത്തു തോല്‍പ്പിക്കപ്പെട്ടിട്ടുമുണ്ട് എന്ന്‍ അധികൃതര്‍ മനസിലാക്കണം.       

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍