UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ട് എ ഡി ജി പി ബി സന്ധ്യ?

Avatar

ഉണ്ണികൃഷ്ണന്‍ വി 

ജിഷ കൊല്ലപ്പെട്ടിട്ട് ഒരു മാസമായിട്ടും അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്ന അവസ്ഥയിലാണ് പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ കേസ് എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.  ഇതുവരെ നടന്ന അന്വേഷണത്തില്‍ പിഴവുകള്‍ ഏറെയുണ്ടെന്ന കണ്ടെത്തലും ഇതിനു കാരണമായി.

കേസ് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നുള്ള ആവശ്യം തുടക്കത്തില്‍  തന്നെ ഉയര്‍ന്നിരുന്നു. കൂടാതെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രധാന പ്രചരണ ആയുധവും ഈ കേസ് തന്നെയായിരുന്നു. അതുകൊണ്ടു തന്നെ പുതിയ ഗവണ്‍മെന്റിന്റെ ആദ്യ കാബിനറ്റ് മീറ്റിംഗില്‍ തന്നെ ഇങ്ങനെയൊരു തീരുമാനം വന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നല്ല.

തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ഉടന്‍ തന്നെ ‘സത്യം പുറത്തു കൊണ്ടുവരാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും തനിക്ക് വിശ്വാസമുള്ള ഒരു ടീമിനെ അനുവദിച്ച് തരണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടതായും’ ബി സന്ധ്യ അറിയിച്ചു.

ഏറെ പ്രതീക്ഷയോടെയാണ് കേരളം ഈ കേസിലെ വഴിത്തിരിവുകളെ കാത്തിരിക്കുന്നത്. മുന്‍പും സ്ത്രീകള്‍ ഇരകളായ പ്രമാദമായ കേസുകള്‍ അന്വേഷിച്ചിട്ടുള്ള സന്ധ്യ ഐപിഎസിന് ജിഷ കൊലക്കേസിലും കൃത്യമായ സാധ്യമാകും എന്ന വിശ്വാസം അവരെ കേസ് ഏല്‍പ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഉണ്ട്.

ബി സന്ധ്യ അന്വേഷിച്ച ചില പ്രധാന കേസുകള്‍

1. ഇന്ദു വധക്കേസ്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷക വിദ്യാര്‍ഥി ഒകെ ഇന്ദുവിന്റെ മരണം ആത്മഹത്യ എന്ന് എഴുതിത്തള്ളപ്പെടുമായിരുന്ന അവസ്ഥയില്‍ നിന്നാണ് ക്രൈംബ്രാഞ്ച് ഐജി ബി സന്ധ്യയ്ക്ക് കേസ് കൈമാറുന്നത്.

തിരുവനന്തപുരം കുമാരപുരം സ്വദേശിയായ ഇന്ദു തിരുവനന്തപുരം-കോഴിക്കോട് യാത്രയ്ക്കിടെ 2011 ഏപ്രില്‍ 24നാണ് ആലുവ പുഴയില്‍ വീണു മരിച്ചത്. ഇന്ദുവിന്റെ സുഹൃത്തും അധ്യാപകനുമായ സുഭാഷും ഇതേ ബോഗിയില്‍ യാത്ര ചെയ്തിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം നടക്കവേ, മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് കൃഷ്ണന്‍ നായര്‍ ആഭ്യന്തര മന്ത്രിയെ സമീപിക്കുകയും ഡി.ഐ.ജി ക്രൈംബ്രാഞ്ച് ഐ.ജിയായിരുന്ന സന്ധ്യയ്ക്ക് അന്വേഷണച്ചുമതല നല്‍കുകയുമായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ ഇന്ദുവിന്റെ സഹപ്രവര്‍ത്തകനായ സുഭാഷാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു. 

2.നിലമ്പൂര്‍ രാധ വധക്കേസ്

കോണ്‍ഗ്രസ് ഓഫീസിലെ സ്വീപ്പര്‍ ആയ രാധയെ പ്രതികള്‍ ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയും മൃതദേഹം ചാക്കില്‍ പൊതിഞ്ഞു കെട്ടി അമരമ്പലം ചുള്ളിയോട് ഉണ്ണിക്കുളം പൂളക്കല്‍ കുമാരന്റെ ഉടമസ്ഥതയിലുള്ള കുളത്തില്‍ തള്ളുകയുമായിരുന്നു. കൊലപാതകത്തിന് മുമ്പ് രാധയെ മാനഭംഗപ്പെടുത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗവും കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായിരുന്ന ബി.കെ.ബിജു നായര്‍, സുഹൃത്ത് കുന്നശേരി ഷംസുദീന്‍ എന്ന ബാപ്പുട്ടി എന്നിവരായിരുന്നു പ്രതികള്‍. 2014 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ബിജുവിന്റെ പരസ്ത്രീബന്ധം പുറത്തറിയിക്കുമെന്ന് പറഞ്ഞതിനായിരുന്നു കൊല നടത്തിയത്.

ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മൊബൈല്‍ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതികളെ കുടുക്കാന്‍ സഹായകമായി. കേസിലുള്ള 172 സാക്ഷികളില്‍ 108 പേരെയും വിസ്തരിച്ചു. 65 തൊണ്ടി മുതലുകളും 264 രേഖകളും ഹാജരാക്കി. 2014 ആഗസ്റ്റ് 29നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 39 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്തു.

3. മുന്‍ മന്ത്രി പിജെ ജോസഫിന്റെ പേരില്‍ ഉണ്ടായ ലൈംഗികാരോപണം

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു കേസ് ആയിരുന്നു മുന്‍ മന്ത്രി പിജെ ജോസഫിന്റെ പേരില്‍ ഉണ്ടായ ലൈംഗികാരോപണം. 2006 ഓഗസ്റ്റ് 3ന് ചെന്നൈ- കൊച്ചി വിമാനയാത്രയ്ക്കിടയില്‍ വച്ച് സീറ്റിന്റെ വിടവിലൂടെ പിജെ ജോസഫ്‌ മുന്‍ ടിവി ന്യൂസ് റീഡര്‍ ലക്ഷ്മി ഗോപകുമാറിനെ കടന്നുപിടിക്കുകയും തുടര്‍ന്ന്‌ പരാതി പറഞ്ഞ ലക്ഷ്‌മിയ്‌ക്ക്‌ എയര്‍ഹോസ്‌റ്റസ്‌ മറ്റൊരു സീറ്റ്‌ നല്‍കുകയും ചെയ്തു. തുടര്‍ന്ന്‌ വിമാനത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ പരാതി നല്‍കുകയായിരുന്നു.  

കേസ് വിവാദമായതിനെത്തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍  ഐജി സന്ധ്യയോട് 10 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. യുവതിയുടെ ആരോപണം പ്രഥമ ദൃഷ്ട്യാ ശരിയാണ് എന്നുള്ള കണ്ടെത്തലിനെത്തുടര്‍ന്ന് പിജെ ജോസഫിന് മന്ത്രി സ്ഥാനം രാജി വെയ്ക്കേണ്ടി വന്നു. എന്നാല്‍ കോടതി പിന്നീട് പിജെ ജോസഫിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.

4. ദളിത് ട്രാഫിക് വാര്‍ഡന്‍ പദ്മിനിയെ ഡ്യൂട്ടി സമയത്ത് കയ്യേറ്റം ചെയ്ത കേസ്

എറണാകുളം കത്രിക്കടവില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗത്തിന്റെ മകനായ വിനോഷ് വര്‍ഗ്ഗീസ് അവരെ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. തുടര്‍ന്ന് ഗുണ്ടയും ഐ എന്‍ ടി യു സി നേതാവുമായ ലതീഷും പദ്മിനിയെ മര്‍ദ്ദിക്കുകയുണ്ടായി. അവശ നിലയിലായ പദ്മിനിയെ കൊച്ചി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ഉന്നതരുടെ ഇടപെടല്‍ കാരണം പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഇതുവരെയായിട്ടും സാധിച്ചിട്ടില്ല.  

ജിഷ കേസില്‍ ഉന്നത കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി വാര്‍ത്തകളുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് സ്ഥിരീകരണം ഒന്നും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ജിഷയുടെ ആന്തരികാവയവങ്ങളില്‍ ലഹരിപദാര്‍ത്ഥം കലര്‍ന്നിട്ടുണ്ട് എന്ന് കണ്ടെത്തിയതായും മാധ്യമ വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ജിഷ കൊലക്കേസ് അന്വേഷണം സന്ധ്യ ഐപിഎസ് ഏറ്റെടുക്കുമ്പോള്‍ വെല്ലുവിളികള്‍ ഏറെയാണ്.

തെളിവുകള്‍ പലതും ഇതിനിടയില്‍ നശിപ്പിക്കപ്പെട്ടു എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. മൃതദേഹം ദഹിപ്പിച്ചതിലൂടെ അത് വ്യക്തമാണ്. അങ്ങനെയുള്ള ഒരു അവസരത്തില്‍ പ്രതിയെ/കളെ കണ്ടെത്താനുള്ള വഴി ദുര്‍ഘടമായിരിക്കും. സംസ്ഥാനത്തെ പ്രമുഖ പോലീസ് ഉദ്യോഗസ്ഥരില്‍ പലരും പ്രത്യക്ഷമായും പരോക്ഷമായും ജിഷ കേസില്‍ ഇടപെട്ടുവെങ്കിലും അന്വേഷണം എങ്ങും എത്തുകയുണ്ടായില്ല എന്നത് ഒരു പച്ച പരമാര്‍ത്ഥമാണ്. ഉന്നതങ്ങളില്‍ നിന്നുള്ള ‘പ്രഷര്‍’ ആണ് കേസന്വേഷണത്തെ പിന്നോട്ട് വലിക്കുന്നത് എങ്കില്‍ അതെങ്ങനെ ബി സന്ധ്യ ഐപിഎസ് നേരിടും എന്നാണ് കേരളം ഉറ്റു നോക്കുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍