UPDATES

ബീഫ് രാഷ്ട്രീയം

മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ പ്രതിഷേധക്കാര്‍ക്കെതിരേ അധികൃതര്‍

സൂരജിനെ ആക്രമിച്ചതിനു നേതൃത്വം കൊടുത്തെന്നു വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്ന വ്യക്തിക്ക് കൗണ്‍സിലിംഗ് കൊടുക്കാമെന്നാണ് അധികൃതര്‍ പറയുന്നത്

കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളെ ശാരീരികമായി നേരിടുന്നതിന്റെ ഇരയാണ് മദ്രാസ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ത്ഥി സൂരജ് എന്നു വിദ്യാര്‍ത്ഥികളുടെ ആരോപണം. ഐ.ഐ.ടി കാമ്പസില്‍ ബീഫ് ഫെസ്റ്റ് നടത്തി എന്ന കുറ്റം ആരോപിച്ചാണു വിവേകാനന്ദ സ്റ്റഡി സര്‍ക്കിള്‍ എന്ന വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയിലെ എട്ടോളം വരുന്ന വിദ്യാര്‍ത്ഥികള്‍ സൂരജിനെ മാരകമായി ആക്രമിച്ചത്.

‘കാമ്പസിലെ മെസ്സിലും റെസ്റ്ററോന്റിലും നേരത്തെ മുതല്‍ ബീഫ് നിരോധിച്ചിരിക്കുകയാണ്. ഇതിനെതിരേയുള്ള പ്രതിഷേധമെന്ന നിലയില്‍ ഒരു ബീഫ് ഫെസ്റ്റ് നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേരത്തെ തന്നെ ആലോചനയുണ്ടായിരുന്നതാണ്. കാമ്പസില്‍ ഐ ഐ ടി അധികൃതരുടെ അനുമതി ഇല്ലാതെ ഒരു പ്രോഗ്രാം നടത്താനും ഞങ്ങള്‍ക്ക് അനുമതി ഇല്ല. പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഘുലേഖ വിതരണം ചെയ്യുന്നത് തടയാന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ച് പേപ്പര്‍ വഴി ഉള്ള ആശയപ്രചാരണവും യൂണിവേസിറ്റി നിയന്ത്രിച്ചിരുന്നു. ഇത്തരം അവകാശലംഘനങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധവും ഒപ്പം ബീഫ് ഫെസ്റ്റും നടത്താനായിരുന്നു ആലോചന. എന്നാല്‍ ഗൈഡുമാര്‍ പലരും ബ്രാഹ്മണ വിഭാഗത്തില്‍ പെട്ടവരായത് കൊണ്ട് റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സമരവുമായി പൂര്‍ണമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. സാഹചര്യം ഈ തരത്തില്‍ നില്‍ക്കുമ്പോഴാണു കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഉത്തരവ് വരുന്നത്. ഇതോടെ അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു. ബീഫ് ഫെസ്റ്റ് നടത്താം എന്ന് തീരുമാനം ഉണ്ടായി. അങ്ങനെ മെസ്സിനു മുമ്പിലുള്ള ‘ഹിമാലയ ലോണി’ ല്‍ വെച്ച് ഒരുപാട് എതിര്‍പ്പുകളെ അതിജീവിച്ചാണ് ബീഫ് ഫെസ്റ്റിവല്‍ നടത്തിയത്’; ഐ.ഐ.ടി മദ്രാസിലെ വിദ്യാര്‍ത്ഥി ആയ അജ്‌സലിന്റേതാണു വാക്കുകള്‍.

കാമ്പസ് അധികൃതരുടെയും അധ്യാപകരുടെയും ഭാഗത്ത് നിന്നും ഉയര്‍ന്ന എതിര്‍പ്പുകള്‍ അവഗണിച്ചായിരുന്നു ഐ ഐ ടി യില്‍ ബീഫ് ഫെസ്റ്റ് നടത്തിയത്. ബീഫ് ഫെസ്റ്റിനു ശേഷം ഇതിനെ അപലപിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നിരുന്നു. അംബേദ്ക്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ പരസ്യമായി വെല്ലുവിളിക്കുകയും, വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

‘മനീഷ് എന്നയാളാണ് ആക്രമണം നടത്തിയത് എന്ന് കാമ്പസില്‍ എല്ലാവര്‍ക്കും അറിയാം. ഇയാളുടെ ആക്രമണം കാമ്പസില്‍ സ്ഥിരമാണ്. മാനസികപ്രശ്‌നം ഉള്ളയാളാണ് എന്നാണ് ഇയാളെക്കുറിച്ച് പറയുന്നത്. കശ്മീര്‍ വിഷയത്തില്‍ നടന്ന പ്രതിഷേധത്തിലും ഇയാള്‍ പ്രശ്‌നം ഉണ്ടാക്കിയിരുന്നു. കാമ്പസില്‍ ലഘുലേഖ വിതരണം നിരോധിച്ച വിഷയത്തിന്റെ ചര്‍ച്ചയിലും വിദ്യാര്‍ത്ഥി പ്രതിനിധികളെ മര്‍ദ്ദിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. ഹോസ്റ്റലിന്റെ കള്‍ച്ചറല്‍ സെക്രട്ടറി കൂടെയായ മനീഷ്, യഷാങ്ക് മിശ്ര എന്ന സുഹൃത്തുമായി ചേര്‍ന്ന് കഴിഞ്ഞ മാസം ഞാന്‍ ഉള്‍പ്പെടെ ഉള്ള വിദ്യാര്‍ത്ഥികളെ ഭീഷണിപെടുത്തിയിരുന്നു. പലപ്പോഴും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ ആണ് ഇത്തരം ഭീഷണികള്‍ക്ക് പിന്നില്‍. പലതവണ പരാതി കൊടുത്തിട്ടും, അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്നു യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇന്നലെ നടന്ന സംഭവത്തില്‍ പരാതി കൊടുത്തപ്പോഴും മനീഷിനെ കൗണ്‍സില്‍ ചെയ്യാം എന്ന മറുപടി ആണ് അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയത്. സൂരജിനെ മര്‍ദ്ദിക്കുന്നതിനു മുമ്പ് രാവിലെ പി.എച്ച്.ഡി സ്‌കോളറായ നിഷാന്ത് എന്നയാളെ മനീഷ് കൊന്നുകളയും എന്ന് പറഞ്ഞ് ഭീഷണിപെടുത്തിയിരുന്നു. തുടര്‍ന്ന് ഉച്ചയോടെയാണ് സൂരജിനെ ആക്രമിച്ചത്’; അജ്‌സല്‍ അഴിമുഖത്തോട് പറഞ്ഞു.

വിവേകാനന്ദ സര്‍ക്കിള്‍ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ, സൂരജിന്റെ കണ്ണിനു ഗുരുതരമായി പരിക്കാണേറ്റത്. കാമ്പസിലെ മെഡിക്കല്‍ സെന്ററില്‍ നിന്നും ശങ്കരാനേത്രാലയം എന്ന നേത്രരോഗ ആശുപത്രിയിലേക്കു സൂരജിനെ മാറ്റി പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്നേ അറിയാന്‍ കഴിയൂ എന്നു സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

സൂരജിനെതിരേ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച്, മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ ഇന്നലെ രാത്രി വലിയ പ്രതിഷേധം നടത്തിയിരുന്നു. നൂറോളം വിദ്യാര്‍ത്ഥികള്‍ കാമ്പസിലെ ലോണില്‍ രാത്രി ഒമ്പതു മണിയോടെ ഒത്തു ചേരുകയായിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷി വിവരണവും മറ്റുമായി മുന്നോട്ടുപോയ പ്രതിഷേധ സംഗമം പിരിച്ചു വിടണം എന്നാവശ്യപ്പെട്ടു സ്റ്റുഡന്റ്‌സ്‌ ഡീന്‍ രംഗത്തുവന്നതോടെ പ്രതിഷേധം കലുഷിതമായി. ഡീനിന്റെ നിര്‍ദ്ദേശം അനുസരിക്കാതെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടര്‍ന്നു. കാമ്പസിനു വെളിയില്‍ പ്രതിഷേധിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതും വിദ്യാര്‍ത്ഥികളുടെ രോഷത്തിനിടയാക്കിയിട്ടുണ്ട്. ഇന്നു രാവിലെ 10 മണിയോടെ ഡീന്‍ ഓഫീസ് ഉപരോധിക്കാനും തീരുമാനമുണ്ട്. മര്‍ദ്ദിച്ച വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന ശക്തമായ ആവശ്യമാണു വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

ഷാരോണ്‍ പ്രദീപ്‌

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍