UPDATES

സിനിമാ വാര്‍ത്തകള്‍

തന്റെ രാജ്യത്ത് ആരും പാടരുതെന്നു പറഞ്ഞ ക്രൂരനായ ഔറംഗസീബും തന്റെ പാട്ട് ആരും പാടരുതെന്നു പറയുന്ന ഇളയരാജയും തമ്മില്‍ വ്യത്യാസമില്ല; സലിം കുമാര്‍

ധര്‍മരാജന്‍ മാസ്റ്ററും പഞ്ചു അരുണാചലവും വക്കീല്‍ നോട്ടീസുമായി വന്ന് ഇളയരാജ എന്ന പേര് ഉപയോഗിക്കരുതെന്നു പറഞ്ഞാലോ?

അനുവാദം വാങ്ങിക്കാതെ താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ വേദികളില്‍ പാടരുതെന്ന വിവദം ഉയര്‍ത്തിയ സംഗീത സംവിധായകന്‍ ഇളയരാജയെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ സലിം കുമാര്‍. മലയാള മനോരമയില്‍ എഴുതിയ ‘അവര്‍ പാടട്ടെ, ഇസൈജ്ഞാനി വിളങ്ങട്ടെ’ എന്ന ലേഖനത്തിലാണു സലീം കുമാര്‍ ഇളയരാജയെ പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിമര്‍ശിക്കുന്നത്.

ഇളയരാജ എന്ന പേരിനുപോലും ഒരുപാട് അവകാശികള്‍ ഉണ്ട്. തേനിയിലെ പണ്ണൈപ്പുരത്തെ രാസയ്യ എന്ന പേര് രാജ എന്നാക്കിയത് ഗുരുനാഥനായ ധര്‍മരാജന്‍ മാസ്റ്ററാണ്. ആദ്യ ചിത്രമായ അന്നക്കിളിയുടെ നിര്‍മാതാവ് പഞ്ചു അരുണാചലമായ രാജ എന്നത് ഇളയരാജ എന്നാക്കിയത്. ധര്‍മരാജന്‍ മാസ്റ്ററും പഞ്ചു അരുണാചലവും വക്കീല്‍ നോട്ടീസസുമായി വന്ന് ഇളയരാജ എന്ന പേര് ഉപയോഗിക്കരുത് എന്നു പറഞ്ഞാലത്തെ അവസ്ഥ എന്തായിരിക്കും സാര്‍? എന്നാണു ലേഖനത്തില്‍ സലിം കുമാര്‍ ചോദിക്കുന്നത്.

ഒസ്‌കര്‍ അവാര്‍ഡിന് സംഗീതസംവിധായകരെ പരിഗണിക്കുമ്പോള്‍ സായിപ്പ് ഗാനരചയിതാവിനെയും ഗായകനെയും ഈ അവാര്‍ഡിന്റെ കൂടെ പരിഗണിക്കും. എസ് പി ബാലസുബ്രഹ്മണ്യവും ചിത്രയും എസ്. ജാനകിയുമാണ് ഇളയരാജയുടെ പാട്ടുകള്‍ ഭൂരിഭാഗവും പാടിയിരിക്കുന്നത്. അവര്‍ക്കും തീര്‍ച്ചയായും ഇളയരാജയുടെ പാട്ടുകളുടെ വിജയത്തില്‍ പങ്കുണ്ട് എന്നും സലിംകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് തന്റെ രാജ്യത്ത് ഇനിയൊരുത്തനും പാട്ടുപാടരുതെന്നു കല്‍പ്പന പുറപ്പെടുവിച്ചപോലെയാണ് എന്റെ ഗാനങ്ങള്‍ ആരും പാടരുതെന്ന് ഇളയരാജ പറയുന്നതെന്നും നടന്‍ കുറ്റപ്പെടുത്തുന്നു.

നിയമം പാട്ടുകളുടെ അവകാശം അങ്ങേയ്ക്കാണു പറയുമ്പോഴും പോലും അതിലൊരു ധാര്‍മികതയുടെ പ്രശ്‌നം ഉണ്ടാകുന്നില്ലേയെന്നും സലിം കുമാര്‍ ഇളയരാജയോടു ചോദിക്കുന്നു.

“ഏതോ പാവം പ്രൊഡ്യൂസറുടെ ചെലവില്‍, ഏതോ ഒരു ഹോട്ടല്‍ മുറിയിലിരുന്ന്, അലക്‌സാണ്ടര്‍ ടിബെയിന്‍ എന്ന പാരീസുകാരന്‍ സായിപ്പ് നിര്‍മിച്ച ഹാര്‍മോണിയംവച്ച്, ത്യാഗരാജ സ്വാമികളും മുത്തുസ്വാമി ദീക്ഷിതരും ശ്യാമശാസ്ത്രികളും പോലുള്ളവര്‍ സൃഷ്ടിച്ച രാഗങ്ങള്‍ കടമെടുത്ത്, കണ്ണദാസനെപോലെ, പുലിമൈപിത്താനെ പോലെ, ഞങ്ങളുടെ ഒ എന്‍ വി സാറിനെ പോലെ ഉള്ളവരുടെ അക്ഷരങ്ങള്‍ ചേര്‍ത്തുവച്ചു ഗാനങ്ങള്‍ സൃഷ്ടിച്ച് അതിന്റെ പകര്‍പ്പവകാശം കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു മറിച്ചു വില്‍ക്കുമ്പോള്‍ അതിന്റെ പങ്ക് മേല്‍പ്പറഞ്ഞവര്‍ക്കു കൊടുക്കാറുണ്ടോ?” എന്നാണു സലിം കുമാര്‍ ചോദിക്കുന്നത്.

ഒരു ദളിതന്‍ സംഗീതത്തിലൂടെ രാജാവായ ചരിത്രമാണ് ഇളയരാജയുടതെന്നും വിപ്ലവാത്കമായ ആ ചരിത്രം കാലമുള്ളിടത്തോളം കാലം അങ്ങയുടെ ഗാനങ്ങളിലൂടെ അലയടിക്കണമെങ്കില്‍ അതിനായി എസി പി ബാലസുബ്രഹ്മണ്യത്തെയും ചിത്രയേയും ജാനകിയേയും നമ്മുക്കത് ഏല്‍പ്പിക്കാമെന്നും അവരത് അടുത്ത തലമുറയിലേക്ക് കൈമാറിക്കൊള്ളും എന്നു പറഞ്ഞാണു സലിം കുമാര്‍ ലേഖനം അവസാനിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍