UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നു മുഖ്യമന്ത്രിമാര്‍ മരിച്ചു, നാലാമന് അധികാരം പോയി; ദുഃശകുന പേടിയില്‍ അരുണാചല്‍ മുഖ്യമന്ത്രി

Avatar

അഴിമുഖം പ്രതിനിധി

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു അടുത്തെങ്ങും ഔദ്യോഗിക വസതിയിലേക്കില്ല. മുമ്പവിടെ താമസിച്ച മൂന്നു മുഖ്യമന്ത്രിമാര്‍ മരിച്ചു, നാലാമത്തെയാള്‍ക്ക്-നബാം ടുകി-അധികാരം നഷ്ടമായി. “മുഖ്യമന്ത്രി ഇപ്പോള്‍ അവിടെക്കു താമസം മാറ്റുന്നില്ല. അവിടേക്കു മാറുന്ന കാര്യത്തില്‍ ഉടനെ തീരുമാനമെടുക്കും,” മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആ കെട്ടിടം ഒരു മ്യൂസിയമാക്കണോ അതോ സര്‍ക്കാര്‍ കാര്യാലയമാക്കണോ എന്നാണ് പുതിയ മുഖ്യമന്ത്രി പരിഗണിക്കുന്നത്.

ശപിക്കപ്പെട്ട മാളികയായാണ് പലരും ഇതിനെ കാണുന്നത്. മുന്‍ മുഖ്യമന്ത്രി കലിഖോ പുല്‍ ഇവിടെ ആത്മഹത്യ ചെയ്തതോടെ ഈ അന്ധവിശ്വാസങ്ങള്‍ ഇരട്ടിയായി. അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറിലെ നീതിവിഹാറിലുള്ള ഈ വലിയ മാളികയിലെ ആദ്യ അന്തേവാസി മുന്‍ മുഖ്യമന്ത്രി ഡോര്‍ജീ ഖണ്ഡു ആയിരുന്നു. പണിപൂര്‍ത്തിയായതിന് പിന്നാലേ ഇവിടെക്ക് താമസം മാറിയ ഖണ്ഡു മാസങ്ങള്‍ക്കുളില്‍ 2011-ലെ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഖണ്ടുവിന്റെ മരണത്തെ തുടര്‍ന്ന് 2011 മേയില്‍ ജര്‍ബോം ഗാംലിന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ ഗാംലിനെ മുഖ്യമന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച് നബാം ടുകിയുടെ അനുയായികള്‍ ഒരു മാസത്തോളം നീണ്ട അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് ആ വര്‍ഷം ഒക്ടോബര്‍ വരെ മാത്രമേ ഗാംലിന് ആ പദവിയില്‍ തുടരാനായുള്ളൂ. അസുഖബാധിതനായ ഗാംലിന്‍ പിന്നീട് 2014 നവംബറില്‍ മരിച്ചു. പിന്നീട് മുഖ്യമന്ത്രിയായ ടുകിക്കും വിമത പ്രശ്നം മൂലം കഴിഞ്ഞ ഫെബ്രുവരിയില്‍ സ്ഥാനമൊഴിയേണ്ടിവന്നു. കഴിഞ്ഞ മാസം സുപ്രീം കോടതി ടുകിയുടെ സര്‍ക്കാരിനെ പുനസ്ഥാപിച്ചതിനെ തുടര്‍ന്ന് അയാള്‍ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പേമ ഖണ്ഡുവിനായി സ്ഥാനമൊഴിഞ്ഞുകൊടുക്കാന്‍ നിര്‍ബന്ധിതനായി.

ഈ പശ്ചാത്തലത്തിലാണ് 37-കാരനായ പുതിയ മുഖ്യമന്ത്രിയോട് ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റരുതെന്ന് ചിലര്‍ ആവശ്യപ്പെട്ടത്. “പുലിന്റെ ആത്മഹത്യയ്ക്കുശേഷം ആ മാളിക ശാപം പിടിച്ചതാണെന്ന് ആള്‍ക്കാര്‍ പറയുന്നു. താമസക്കാര്‍ക്ക് ദോഷം ചെയ്യുന്ന ഒന്ന്. ഇപ്പോള്‍ പുതിയ മുഖ്യമന്ത്രി അങ്ങോട്ട് മാറാനുള്ള സാധ്യത വളരെ കുറവാണ്,” മുഖ്യമന്ത്രിയുടെ കാര്യാലയത്തിലെ ചിലര്‍ പറഞ്ഞു. ഖണ്ഡു ഒരു അന്ധവിശ്വാസിയായല്ല അറിയപ്പെടുന്നത്. പക്ഷേ ആ വീട്ടില്‍ താമസിക്കുമ്പോഴാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന അയാളുടെ അച്ഛന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രിയുടെ കാര്യാലയത്തിലും സ്വന്തം വീട്ടിലുമിരുന്നാണ് അയാളിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

2011-ല്‍ ഗാംലിനെ പുറത്താക്കി മുഖ്യമന്ത്രിയായ ടുകിയാണ് അവിടെ ഏറ്റവും കൂടുതല്‍ കാലം താമസിച്ചത്. താന്‍ കെട്ടിടത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്ന് ടുകി പറഞ്ഞു. “വാസ്തു അനുസരിച്ചാണ് മാറ്റങ്ങള്‍ വരുത്തിയതു. പക്ഷേ സംഭവിക്കാനുള്ളത് സംഭവിക്കും,” അയാള്‍ കൂട്ടിച്ചേര്‍ത്തു.

ഓരോ വീട്ടിലും പലരും മരിക്കുന്നുണ്ട്. ഓരോ മരണത്തിനും ഓരോ കാരണവമുണ്ട്. അതിനെല്ലാം വീടുകളെ പഴിക്കാന്‍ പോയാല്‍, വീട് മാറാനേ നേരം കാണൂ. പുതിയ മാളികയും ജനങ്ങളുടെ ചെലവിലാണെന്ന് ഓര്‍മ്മ വേണം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍