UPDATES

വ്യാജ അനുമതി, കോടതി വിധി ലംഘനം, കൂട്ടിന് അധികൃതരും; സ്‌കൈലൈന്‍ ബിൽഡേഴ്സിനെതിരെ നീതിക്കായി ഒരു കുടുംബം നടത്തുന്ന പോരാട്ടത്തിന്റെ കഥ

കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലം വില്ലേജിലെ കുന്നേല്‍ വീട്ടില്‍ ജേക്കബ് എബ്രഹാമിന്റെയും മകന്‍ ബിബന്‍ ജേക്കബിന്റെയും പോരാട്ടം

നഗരമെന്നും ഗ്രാമമെന്നും വ്യത്യാസമില്ലാതെ മാനംമുട്ടെ ഉയരുന്ന ഫ്ലാറ്റുകളും കോര്‍പ്പറേറ്റ് ഓഫിസുകളും കണ്ടു നാടു വികസിച്ചതിന്റെ മേനി പറയുന്നവര്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, വന്‍മരങ്ങള്‍ക്കു വേണ്ടി ചുവടു പിഴുതെറിയപ്പെടുന്ന ചെറുമരങ്ങളെ കുറിച്ച്? അവനവനിലേക്ക് ആ ഭീതി എത്താത്തിടത്തോളം അത്തരം അവസ്ഥകളെക്കുറിച്ച് ആരും വ്യാകുലപ്പെടുന്നില്ല. എന്നാല്‍ കെട്ടിപ്പൊക്കുന്ന ബിസിനസ് താത്പര്യങ്ങള്‍ക്കുവേണ്ടി തങ്ങളുടെ ജീവനും സ്വത്തും ബലികഴിക്കേണ്ടി വരുന്നവര്‍ക്ക് നിലനില്‍പ്പിനായി എതിര്‍പ്പുകള്‍ ഉയര്‍ത്താതെ കഴിയില്ല. അത്തരമൊരു പോരാട്ടത്തിന്റെ കഥയാണ് കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലം വില്ലേജിലെ കുന്നേല്‍ വീട്ടില്‍ ജേക്കബ് എബ്രഹാമിന്റെയും മകന്‍ ബിബിന്‍ ജേക്കബിന്റെയും. അവര്‍ പോരാടുന്നതാകട്ടെ കേരളത്തിലെ ഏറ്റവും ശക്തരായ ബില്‍ഡിംഗ് ഗ്രൂപ്പ് സ്‌കൈലൈനോടും.

പാരമ്പര്യമായി കൈമാറി കിട്ടിയ 18.5 സെന്റ് പുരയിടത്തിലാണു ജേക്കബും കുടുംബവും താമസിക്കുന്നത്. ഈ പുരയിടത്തിലായി രണ്ടു വീടുകള്‍ ജേക്കബിനുണ്ട്. ഈ പുരയിടത്തിനോട് ചേര്‍ന്നുള്ള ഭൂമി മാര്‍ത്തോമസഭയിലെ ക്രിസോസ്റ്റം തിരുമേനിയുടെ സഹോദരന്റെതായിരുന്നു. ആ ഭൂമി പിന്നീടവര്‍ മറ്റൊരാള്‍ക്കു വില്‍ക്കുകയും തുടര്‍ന്ന് ആ ഭൂമി മാര്‍വി ബില്‍ഡേഴ്‌സിന്റെ കെ വി എബ്രാഹം വാങ്ങുകയുമായിരുന്നു. സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിന്റെ കെയര്‍ ഓഫില്‍ ഉള്ളതാണ് മാര്‍വി ബില്‍ഡേഴ്‌സ്.

മാര്‍വി ബില്‍ഡേഴ്‌സ് തങ്ങള്‍ വാങ്ങിയ ഈ 95 സെന്റ് ഭൂമിയില്‍ ഒരു ലക്ഷ്വറി ഫ്ലാറ്റ് നിര്‍മ്മിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. അതിനായുള്ള പ്രാരംഭ നടപടിയെന്നോണം മണ്ണ് നീക്കം ആരംഭിച്ചു. പ്രസ്തുത ഭൂമിയോട് തൊട്ടു കിടക്കുന്നതാണ് ജേക്കബ് എബ്രഹാമിന്റെ പുരയിടം. 2015ല്‍ മണ്ണം നീക്കം ആരംഭിച്ചെങ്കിലും സമീപവാസികളില്‍ നിന്നും, പ്രത്യേകിച്ചു ജേക്കബിന്റെ പക്കല്‍ നിന്നും മണ്ണം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമ്മതപത്രം വാങ്ങുകയോ ഒന്നും ചെയ്തിരുന്നില്ല. ഇവിടെ 22 നിലകളുള്ള ഒരു ഫ്ലാറ്റ് ഉയരാന്‍ പോവുകയാണെന്ന വിവരം പോലും സമീപവാസികള്‍ ആ സമയത്തൊന്നും അറിഞ്ഞതുപോലുമില്ല. ഈ വിവരങ്ങളെല്ലാം തന്നെ അറിയിക്കണമെന്ന നിയമം ഉണ്ടായിട്ടുപോലും.

എങ്കിലും കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് (PW3/BA/29/13-14) 2014 ജൂലൈ 31 നു ബില്‍ഡിംഗ് ഗ്രൂപ്പ് കോട്ടയം നഗരസഭയില്‍ നിന്നും വാങ്ങിയിരുന്നു. കൊമേഴസ്യല്‍ കം റെസിഡന്‍ഷ്യല്‍ ഫ്ലാറ്റ് നിര്‍മിക്കാനുള്ള അനുമതിയായിരുന്നു നഗരസഭ നല്‍കിയത്.

അറുപതടി താഴ്ച്ചയിലേക്ക് മണ്ണെടുക്കല്‍ നീണ്ടുപോകുന്നതോടെയാണ് ജേക്കബ്, ബില്‍ഡേഴ്‌സ് ഗ്രൂപ്പിന്റെ പ്രതിനിധികളെ കണ്ടു തന്റെ ആശങ്ക അറിയിച്ചത്. വേണ്ട സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ഇങ്ങനെ മണ്ണെടുത്താല്‍ തന്റെ പുരയിടത്തില്‍ നിന്നും മണ്ണ് ഇടിഞ്ഞു വീഴുമെന്നും അതു തന്റെ വീടിനെ ബധിക്കുമെന്നും ജേക്കബ് അറിയിച്ചു. എന്നാല്‍ ജേക്കബിനെ സമാശ്വസിപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ പുരയിടത്തിന് നാശങ്ങളൊന്നും ഏല്‍ക്കാത്ത വിധം സംരക്ഷണഭിത്തി തങ്ങള്‍ ഉടന്‍ തന്നെ നിര്‍മിച്ചു നല്‍കുമെന്നാണ് ബില്‍ഡിംഗ് ഗ്രൂപ്പ് പ്രതിനിധികള്‍ മറുപടി നല്‍കിയത്. ഈ സമയം തന്നെ 12 മീറ്ററില്‍ കൂടുതല്‍ മണ്ണ് എടുത്തു കഴിഞ്ഞിരുന്നു.

ഇതിനിടയിലാണ് ജേക്കബിന്റെ കുടുംബത്തില്‍ ഒരു ദുര്‍വിധി കടന്നെത്തിയത്. ജേക്കബിന്റെ ഭാര്യയ്ക്ക് കാന്‍സര്‍ പിടിപെട്ട വിവരം വളരെ വൈകി ആ കുടുംബം അറിഞ്ഞു. പന്നെ “ആറുമാസത്തോളം തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററും വീടുമായി അങ്ങോട്ടുമിങ്ങോട്ടും അലഞ്ഞു. ഈ സമയം ഫ്ലാറ്റ് നിര്‍മാണത്തിനായി പൈലിംഗ് ജോലികള്‍ തുടങ്ങിയിരുന്നു. 385 ഓളം ഡിഎംസി പൈലുകള്‍ അതിനകം സ്ഥാപിച്ചു കഴിഞ്ഞിരുന്നു.
അവര്‍ ഞങ്ങളോട് പറഞ്ഞതിന്‍പ്രകാരമുള്ള പൈലിംഗ് ആയിരുന്നില്ല പിന്നീടു നടത്തിയത്. അവരുടെ ഭൂമിക്കടിയിലെ പാറ തകര്‍ക്കാനുള്ള ഓരോ ഇടിയുും കുലുക്കിയത് ഞങ്ങളുടെ വീടായിരുന്നു. വീട്ടില്‍ നില്‍ക്കുമ്പോള്‍ തറ കുലുങ്ങുന്നത് ഞങ്ങള്‍ നേരിട്ട് അനുഭവിച്ചു. ആര്‍സിസിയില്‍ നിന്നും മടങ്ങി അമ്മച്ചി വീട്ടില്‍ വിശ്രമിക്കുന്ന സമയത്തും ഭൂമി പിളര്‍ക്കുമ്പോലുള്ള പൈലിംഗ് അപ്പുറത്തു നടക്കുന്നുണ്ടായിരുന്നു. പലദിവസങ്ങളിലും അമ്മച്ചി പേടിയോടെ എന്നെയോ പപ്പായേയോ ഫോണ്‍ ചെയ്യും, കിടക്കാന്‍ പറ്റുന്നില്ല, ഭൂമി കുലുങ്ങുന്നതുപോലെ എന്നു അമ്മച്ചി പറയും. ഞങ്ങള്‍ പരാതി പെടുമ്പോള്‍ കുറച്ചു സമയത്തേക്ക് അവര്‍ പൈലിംഗ് നിര്‍ത്തും, വീണ്ടും അതേ ഇടി തുടരും. കുറച്ചു നാള്‍ കൂടി കഴിഞ്ഞപ്പോള്‍ അമ്മച്ചി ഞങ്ങളെ വിട്ടുപോയി. അതോടെ ഞാനും പപ്പായും മാനസികമായി ഏറെ തകര്‍ന്നു. ഈ സമയം മറ്റൊന്നിനെ കുറിച്ചും ഞങ്ങള്‍ക്കു ചിന്തിക്കാന്‍ പോലും പറ്റിയില്ല.
പിന്നീട് സാധാരണജീവിതത്തിലേക്ക് ഞങ്ങള്‍ മടങ്ങിയെത്തുമ്പോഴേക്കും ആദ്യം തിരിച്ചറിഞ്ഞത് ഞങ്ങളുടെ വീടുകള്‍ വിണ്ടുകീറി തുടങ്ങിയതാണ്. ഈ വീടിന്റെ മുറ്റത്ത് മുത്തച്ഛനായി കുഴിച്ച ഒരു കിണര്‍ ഉണ്ടായിരുന്നു. 24 അരഞ്ഞാണം താഴ്ചയുള്ള ആ കിണറ്റില്‍ കടുത്ത വേനലില്‍ പോലും വെള്ളം വറ്റില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ആ കിണര്‍ വരണ്ടുപോയി. അതു മൂടി വേറൊന്നു കുഴിക്കേണ്ടിയും വന്നു. എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും ഭേദിച്ച് ഒരു വലിയ ഗ്രൂപ്പ് അവരുടെ ലക്ഷ്വറി ഫ്ലാറ്റ് നിര്‍മിക്കാന്‍ നോക്കുന്നതിന്റെ പ്രത്യാഘാതങ്ങളായിരുന്നു ഞങ്ങള്‍ അനുഭവിച്ചത്.”

2016 ജൂണ്‍, അതുവരെ ഞങ്ങള്‍ എന്തായിരുന്നോ പേടിച്ചിരുന്നത് അതു തന്നെ സംഭവിച്ചു. ഞങ്ങളുടെ പുരയിടത്തിന്റെ പടിഞ്ഞാറ് അതിരും അവിടെ കെട്ടിയിരുന്ന മതിലും ജൂണിലെ മഴയില്‍ വലിയൊരു ശബ്ദത്തോടെ ഇടിഞ്ഞു വീണു. നിരന്തരമായി ഞങ്ങളെന്താണോ അവരെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നത്, അത് അവഗണിച്ചതിന്റെ ഫലമായിരുന്നു അന്നു ഞങ്ങള്‍ക്ക് സംഭവിച്ച നഷ്ടം. ഇനി അടുത്തതായി ഇടിഞ്ഞു വീഴാന്‍ പോകുന്നത് ഞങ്ങളുടെ വീടായിരിക്കുമെന്ന് ഉറപ്പായിരുന്നു. അതിനു മുന്നെ ഞങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നു നോക്കാനായിരുന്നു നിയമത്തിന്റെ വഴിയിലേക്ക് ഇറങ്ങിയത്.
മാര്‍വി ബില്‍ഡേഴ്‌സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നഗരസഭ, ആര്‍ഡിഒ, മൈനിംഗ് ആന്‍ഡി ജിയോളജി, വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ എല്ലാം പരാതി കൊടുത്തു. ഞങ്ങളുടെ പരാതിയില്‍ ന്യായമുള്ളതിനാല്‍ നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ബില്‍ഡിംഗ് ഗ്രൂപ്പിനു സ്റ്റോപ് മെമ്മോ നല്‍കി. എന്നാല്‍ അതവര്‍ വിലവച്ചില്ല. പിന്നീടു ഞങ്ങള്‍ കോട്ടയം മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പക്ഷേ അവിടെ നിന്നും അനുകൂലമായ വിധി കിട്ടിയില്ല. ഇതേ തുടര്‍ന്നു ഹൈക്കോടതിയെ സമീപിച്ചു. അഡ്വ. ഹരീഷ് വാസുദേവന്റെ സഹായത്തോടെ മാര്‍വി ബില്‍ഡേഴ്‌സിന് സ്റ്റേ ഓർഡർ വാങ്ങിക്കൊടുക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു.

മൂന്നുദുവസത്തോളം അവര്‍ പണി നിര്‍ത്തിവച്ചു. എന്നാല്‍ കോടതി ഉത്തരവിനെ അവഗണിച്ച് അവര്‍ വീണ്ടും നിര്‍മാണം തുടങ്ങി. ഈ വിവരം ഞങ്ങള്‍ നഗരസഭയെ അറിയിച്ചു. കോടതി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു സ്റ്റേ നല്‍കിയിട്ടും അതിനെ വെല്ലുവിളിച്ചു നിര്‍മാണം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ നഗരസഭയുടെ സഹായം അവര്‍ക്കു കിട്ടിക്കാണണം. ഞങ്ങളുടെ സംശയം ശരിവയ്ക്കുന്നതുപോലെയായിരുന്നു നഗരസഭയില്‍ നിന്നുള്ള പ്രതികരണവും. കോടതി ഉത്തരവ് ലംഘിച്ചെങ്കില്‍ നിങ്ങള്‍ കോടതിയലക്ഷ്യത്തിന് അവര്‍ക്കെതിരേ മറ്റൊരു കേസ് കൊടുക്കാനായിരുന്നു നഗരസഭ ഉദ്യോഗസ്ഥരുടെ ഉപദേശം. അല്ലാതെ നിര്‍മാണം തടയാനോ ചോദ്യം ചെയ്യാനോ തയ്യാറായില്ല. ഞങ്ങള്‍ ഉടന്‍ തന്നെ അഭിഭാഷകനെ വീണ്ടും ബന്ധപ്പെട്ടു നിലവിലെ വിവരങ്ങള്‍ അറിയിച്ചു. ഇതിനു മുമ്പ് തന്നെ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഞങ്ങള്‍ പുരയിടത്തിലായി ഫ്ലാറ്റ് നിര്‍മാണം നടക്കുന്ന സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സിസിടിവി കാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്നുള്ള തെളിവുകള്‍ ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നു. ഇതെല്ലാം കൂടി ചേര്‍ത്ത് വക്കീല്‍ വീണ്ടും കോടതിയെ സമീപിച്ചതോടെ കര്‍ശനമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും ഇല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും ഉത്തരവ് വന്നതോടെ ചെയ്തുകൊണ്ടിരുന്ന ജോലികള്‍ അതുപോലെ അവസാനിപ്പിച്ചുകൊണ്ട് അവര്‍ നിര്‍മാണം നിര്‍ത്തിവച്ചു.

എങ്കിലും ഞങ്ങള്‍ക്കു സംരക്ഷണഭിത്തി കെട്ടിത്തരാന്‍ അവര്‍ തയ്യാറായിട്ടില്ല. നിങ്ങളെ ഒരുപാഠം പഠിപ്പിക്കാമോയെന്നു നോക്കട്ടെ എന്നാണ് അവരുടെ നിലപാട്. അതല്ലെങ്കില്‍ രണ്ടു നിലകളിലേക്കെങ്കിലും കെട്ടിടം ഉയര്‍ന്നശേഷം അതിനോടു ചേര്‍ത്തു സംരക്ഷണഭിത്തി കെട്ടിത്തരാമെന്ന്. അതവരുടെ ബുദ്ധിയാണ്. രണ്ടു നിലവരെ കെട്ടിപ്പൊക്കിയെത്തിയാല്‍ പിന്നീടവര്‍ക്കു സ്റ്റേ ഓഡര്‍ വന്നാലും പറഞ്ഞു നില്‍ക്കാം. ഇത്രയും നിര്‍മാണം നടത്തിയവകയില്‍ ഉണ്ടായ ചെലവും മറ്റും ബോധിപ്പിച്ച് കോടതിയില്‍ നിന്നും അനുകൂലമായി വിധി നേടിയെടുക്കാം. പക്ഷേ അതിനു ഞങ്ങള്‍ തയ്യാറായില്ല. കേരളത്തിലെ ഏറ്റവും ശക്തരായ ഒരു ബില്‍ഡേഴ്‌സാണ് സ്‌കൈ ലൈന്‍. അവരുടെ കെയര്‍ ഓഫില്‍ വരുന്നതാണ് മാര്‍വി ഗ്രൂപ്പ്. ഇത്രയും ശക്തരായ ഒരു സംഘത്തെ വെറും സാധാരണക്കാരായ ഞങ്ങള്‍ നേരിടാന്‍ ഇറങ്ങിയത് വലിയ സാഹസികതായി പോയെന്ന് പലരും പറഞ്ഞു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പോലും സന്ധിസംഭാഷണത്തിനായി ഞങ്ങളെ തേടിയെത്തി. പക്ഷേ സ്വന്തം ജീവിതം മറ്റൊരാള്‍ക്കു പണയംവച്ചു ജീവിക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ഈ നാട്ടില്‍ സ്വസ്ഥമായും സമാധാനമായും ജീവിക്കാനുള്ള അവകാശം ഞങ്ങളെ പോലെ എല്ലാ സാധാരണക്കാര്‍ക്കും ഉണ്ടാകണം. സമ്പന്നതയും സ്വാധീനവുമുള്ളവര്‍ ഏതു നിയമവും ലംഘിച്ച് എന്തു ചെയ്താലും സര്‍ക്കാരും ഉദ്യോഗസ്ഥരും അവര്‍ക്കു പിന്തുണ കൊടുത്താല്‍ സാധാരണക്കാരെ ആരു സംരക്ഷിക്കും. ആരും സംരക്ഷിക്കാന്‍ ഇല്ലെന്ന തോന്നല്‍ വരുമ്പോഴാണു സ്വയം പോരാടാന്‍ ഇറങ്ങുന്നത്. വീണ്ടും ഞങ്ങളെ തോല്‍പ്പിച്ച് അവര്‍ മുന്നോട്ടുപോകാനാണു ശ്രമിക്കുന്നതെങ്കില്‍, ഞങ്ങള്‍ തോറ്റെന്നു മനസിലാക്കുന്നതിന്റെ അവസാന നിമിഷം എന്റെ മൂന്നുവയസുള്ള കുഞ്ഞടക്കം ഞങ്ങള്‍ ഈ ലോകത്തു നിന്നും യാത്രപോകും. പരാജിതരായി ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല“- ജേക്കബ് എബ്രഹാമിന്റെ മകന്‍ ബിബിന്‍ ജേക്കബ് പറയുന്നു.

ആരും ചോദ്യം ചെയ്യാത്ത വഞ്ചന
നിയമത്തിന്റെ വഴിയില്‍ ഞങ്ങള്‍ ഇറങ്ങിയതിനു പിന്നാലെ ആദ്യം ചെയ്തത് ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് അവര്‍ നടത്തിയിട്ടുള്ള എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ വിവരവകാശപ്രകാരം അറിയുകയെന്നതായിരുന്നു. അങ്ങനെ കിട്ടിയ പല വിവരങ്ങളും ഞെട്ടിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. പ്രസ്തുത ഫ്ലാറ്റ് നിര്‍മാണത്തിനായി നഗരസഭ അനുമതി നല്‍കിയിരിക്കുന്ന സൈറ്റ് പ്ലാനില്‍ എഴുതിയിരിക്കുന്നത് പ്രപ്പോസഡ് ബില്‍ഡിംഗ് ടു കെ കെ റോഡ് കോട്ടയം എന്നുമാത്രം. ഒരു നഗരസഭ ഈ തരത്തില്‍ ആര്‍ക്കെങ്കിലും അനുമതി നല്‍കുമോ? ആരാണു ബില്‍ഡേഴ്‌സ് എന്നുപോലും പറയാതെ കെ കെ റോഡ് കോട്ടയം എന്നുമാത്രം രേഖപ്പെടുത്തി സൈറ്റ് പ്ലാന്‍ നല്‍കുന്നത് എത്രമാത്രം ഗുരുതരമായ നിയമലംഘനമാണ്?(ഇതേ ചോദ്യം നഗരസഭയില്‍ ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ തയ്യാറായില്ല). പക്ഷേ ഇതിനെക്കാള്‍ വലിയ മറ്റൊരു തിരുമറി നടന്നിട്ടുണ്ട്.
നഗരസഭ പ്രസ്തുത നിര്‍മാണവുമായി നല്‍കിയിരിക്കുന്ന പെര്‍മിറ്റ് കൊമേഴ്‌സ്യല്‍ കം റസിഡന്‍ഷ്യല്‍ എന്നാണ്. ഇവര്‍ പണിയുന്നത് താഴത്തെ രണ്ടു നില ഷോപ്പിംഗ് കോംപ്ലക്‌സും അതിനു മുകളിലായി 22 നില ലക്ഷ്വറി ഫ്ലാറ്റുമാണ്. ഈ രീതിയില്‍ തന്നെ സ്‌കൈലൈന്‍ തങ്ങളുടെ ‘പേള്‍’ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിന്റെ പരസ്യവും നല്‍കിയിരിക്കുന്നത്. ഷോപ്പിംഗ് കോപ്ലംക്‌സിന്റെ മുഴുവന്‍ വരുമാനവും ഫ്ലാറ്റുകളില്‍ നിന്നുകിട്ടുന്ന വരുമാനത്തിന്റെ ലാഭവിഹിതവും മാര്‍വി ഗ്രൂപ്പിന്റെ കെ വി എബ്രഹാമിനുള്ളതായാണു ഞങ്ങളുടെ അറിവ്. കൊമേഴ്‌സ്യല്‍ കം റസിഡന്‍ഷ്യല്‍ ഫ്ലാറ്റ് നിര്‍മാണത്തിനു നല്‍കിയ അനുമതി പത്രത്തിന്റെ കോപ്പി കോട്ടയം നഗരസഭയില്‍ നിന്നും വിവരാവകാശം വഴി ഞങ്ങള്‍ക്കു കിട്ടിയെങ്കില്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നും കിട്ടിയ അനുമതിപത്രത്തിന്റെ കോപ്പി (നഗരസഭയില്‍ നിന്നും തങ്ങള്‍ക്കു കിട്ടിയ അനുമതി പത്രമായി മാര്‍വി ബില്‍ഡേഴ്‌സ് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നല്‍കിയത്) ഞങ്ങളെ ഞെട്ടിച്ചു. നഗരസഭയുടെതായുള്ള ആ കടലാസില്‍ റെസിഡന്‍ഷ്യല്‍ കം കൊമേഴ്‌സ്യല്‍ എന്നിടത്ത് റെസിഡന്‍ഷ്യല്‍ എന്നുമാത്രം! നഗരസഭ രണ്ടുതരത്തില്‍ അനുമതി നല്‍കിയോ? ഇല്ലെന്നു നഗരസഭ തന്നെ ഞങ്ങള്‍ വിവരാവകാശം വഴി നല്‍കിയ ചോദ്യത്തിനു മറുപടി തന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ മൈനിംഗ് ആന്‍ഡി ജിയോളജി വകുപ്പില്‍ ബില്‍ഡേഴ്‌സ് നല്‍കിയ അനുമതി പത്രം ആര് നല്‍കിയതാണ്? ട്രൂ കോപ്പി എന്ന് എഴുതി ആരോ അറ്റസ്റ്റ് ചെയ്തിരിക്കുന്നതൊഴിച്ചാല്‍ രണ്ട് അനുമതി പത്രങ്ങളും തമ്മില്‍ ഒരു കുത്തില്‍പോലും വ്യത്യാസമില്ല. സ്വാഭാവികമായും അതൊരു വ്യാജ അനുമതി പത്രം തന്നെയാണ്. അല്ലെന്നു തെളിയിക്കാന്‍ ബില്‍ഡേഴ്‌സിനു കഴിയുമോ?ഷോപ്പിംഗ് കോപ്ലക്‌സ് ഉള്ളതിനാല്‍ കൊമേഴ്‌സ്യല്‍ പെര്‍മിറ്റ് മാത്രമെ കിട്ടൂ. അതനുസരിച്ചുള്ള ടാക്‌സും കെട്ടണം. അതുമാത്രമല്ല, രണ്ടു മീറ്ററില്‍ അധികം മണ്ണെടുക്കാനും അനുമതിയില്ല. റെസിഡന്‍ഷ്യല്‍ ഫ്ലാറ്റ് നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നു നഗരസഭ തന്നെ പറയുമ്പോള്‍ അങ്ങനെയൊരു പെര്‍മിറ്റ് ഉണ്ടാക്കി മൈനിംഗ് ആന്‍ഡി ജിയോളജി വകുപ്പില്‍ സമര്‍പ്പിച്ച്, അവരെ കബളിപ്പിച്ചാണു 60-70 അടി മണ്ണു മാറ്റിയിരിക്കുന്നതെന്നു വ്യക്തമാണ്. റസിഡന്‍ഷ്യല്‍ പെര്‍മിറ്റിനു മണ്ണ് എടുക്കുന്നതിന് ആദ്യം അധികം നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നു. പിന്നീടത് ഇരുപതിനായിരം സ്‌ക്വയര്‍ ഫീറ്റുവരെ നിജപ്പെടുത്തി… ഇവര്‍ക്കുള്ളത് പതിനേഴായിരം സ്‌ക്വയര്‍ ഫീറ്റാണ്. അങ്ങനെ വരുമ്പോഴും റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് ഉപയോഗിച്ച് മണ്ണെടുക്കാം എന്നതായിരുന്നു അവരുടെ കണക്കുകൂട്ടല്‍. പക്ഷേ ഇപ്പോള്‍ റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് ഉണ്ടെങ്കിലും അതേ പ്രതലത്തില്‍ തന്നെ നിര്‍മാണം നടത്തണം എന്നാണു നിയമം. പക്ഷേ പലരെയും തെറ്റിദ്ധരിപ്പിച്ച് ഇല്ലാത്ത ഒരു പെര്‍മിറ്റിന്റെ പേരില്‍ ആറുപതെഴുപത് അടിയോളം മണ്ണ് കാര്‍ പാര്‍ക്കിംഗ് ഏരിയായ്ക്കായി അവര്‍ മാറ്റി. അവരുടെ സൈറ്റില്‍ ഒട്ടിച്ചിരിക്കുന്നതും റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് തന്നെയാണ്. ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ വേണ്ടി.

പക്ഷേ ഇതൊന്നും ആരും അറിയാതെയാണു ചെയ്യുന്നതെന്നു സാമാന്യജനം വിശ്വസിക്കുമോ? എന്നാല്‍ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട്, സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട തുകയെല്ലാം അടച്ചു തന്നെയാണു തങ്ങള്‍ നിര്‍മാണം പ്രവര്‍ത്തനം നടത്തിയതെന്നാണു ബില്‍ഡേഴ്‌സ് ഗ്രൂപ്പിന്റെ പ്രതിനിധികള്‍ പറയുന്നത്. നഗരസഭയാകട്ടെ, ഒരുകാര്യത്തിനും വ്യക്തമായ മറുപടിയും നല്‍കുന്നുമില്ല. പക്ഷേ ഇവിടെ നിലനില്‍പ്പിന്റെ പ്രശ്‌നം വരുന്നതു ഞങ്ങള്‍ക്കു മാത്രമാണ്. അടുത്തുള്ള പ്രോപ്പര്‍ട്ടിയില്‍ നിന്നും 25 മീറ്റര്‍ വിട്ടുമാത്രമെ മണ്ണെടുക്കാവു എന്നു നിയമം പറയുമ്പോഴും ഞങ്ങളുടെ പുരയിടത്തോടു തൊട്ടു ചേര്‍ന്നും അതുപോലെ മറുഭാഗത്തുളള റോഡിന്റ അരിക് ചെത്തിയെടുത്തെന്നപോലെയും മണ്ണ് എടുത്തിരിക്കുകയാണ് ഇവിടെ. ഈ നിയമലംഘനമൊന്നും ഒരു ഉദ്യോഗസ്ഥനും കാണുന്നില്ല. പക്ഷേ എല്ലാം കണ്ടുംകേട്ടും മിണ്ടാതിരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല- ബിബിന്‍ പറയുന്നു.

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍