UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാറമട ഖനനം: സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പാര്‍ട്ടിയംഗം, ആരോപണം നിഷേധിച്ച് പാര്‍ട്ടി

Avatar

അഖില എം

പത്തനംതിട്ട റാന്നി ചിറ്റാര്‍ പഞ്ചായത്തിലെ ക്വാറി ഖനനം പുതിയ വിവദങ്ങളിലേക്ക്. പ്രദേശത്തു നടക്കുന്ന ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നത് സിപിഎം നേതാക്കളാണെന്ന ആരോപണമുയര്‍ത്തി പാര്‍ട്ടിയുടെ തന്നെ പഞ്ചായത്തംഗമായ നിതിന്‍ കിഷോര്‍ രംഗത്തു വന്നതോടെയാണ് ചിറ്റാറിലെ പാറമടകള്‍ വീണ്ടും വാര്‍ത്തകളില്‍ വന്നിരിക്കുന്നത്.

ചിറ്റാര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ മണക്കയത്തിന്റെ ജനപ്രതിനിധിയായ നിതിന്‍ കിഷോര്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് അനധികൃത പറഖനനത്തിനും അതിനു കൂട്ടുനില്‍ക്കുന്നുവെന്ന തരത്തില്‍ പാര്‍ട്ടിക്കുമെതിരെ ശക്തമായ പ്രതികരണം നടത്തിയിരിക്കുന്നത്.

ചിറ്റാറില്‍ പ്രവര്‍ത്തിക്കുന്നത് പഞ്ചായത്തോ വില്ലേജ് ഓഫിസോ അനുമതി നല്‍കാത്ത അനധികൃത പാറമടകളാണെന്നാണ് നിതിന്‍ പറയുന്നത്. ഇതിനെതിരേയാണ് വില്ലേജ് ഓഫിസര്‍ക്കും പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കിയത്. എന്നാല്‍ ഇത്തരമൊരു നീക്കം തന്റെ ഭാഗത്തു നിന്നും ഉണ്ടായതിന്റെ പ്രതികാരമെന്നോണം പിന്നീടുള്ള ദിവസങ്ങളില്‍ നേരിട്ടും ഫോണ്‍ വഴിയും ഭീഷണിയും സമ്മര്‍ദ്ദവും പരാതികളും തനിക്കുനേരെ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നു നിതിന്‍ പറയുന്നു. ബോംബു വയ്ക്കും, വണ്ടി ഇടിപ്പിക്കുമെന്നൊക്കെ ഭീഷണിയുണ്ടെന്നും ഇതിനെതിരെ താന്‍ ചിറ്റാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നിതില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ തനിക്കൊപ്പം നില്‍ക്കുമെന്നു കരുതിയ പാര്‍ട്ടി ഇക്കാര്യങ്ങളില്‍ എതിര്‍പക്ഷത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് തുടര്‍ന്നുള്ള നിതിന്‍ പരാതി. കൂടെ നില്‍ക്കേണ്ട പ്രിയപ്പെട്ടവര്‍ പറഞ്ഞിരിക്കുന്നത് അവന്‍ ഷോ ആണ്, ഞങ്ങള്‍ക്ക് പങ്കില്ല എന്നാണ്; നിതിന്‍ പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ട് കുറിച്ചിരിക്കുന്നു.

ഈ പോസ്റ്റ് ഇട്ടതിനു പിന്നാലെ അനധികൃതമായി പ്രവര്‍ത്തിക്കുന്നതെന്നാക്ഷേപമുള്ള പാറമടകളുടെ ചിത്രങ്ങളും ഫെയ്‌സ്ബുക്കില്‍ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളില്‍ ഒന്ന്‍ സിപിഎമ്മിന്റെ ചിറ്റാര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന ശ്രീധരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്നും നിതിന്‍ ആരോപിക്കുന്നു. 

ഇതിനു പിന്നാലെയാണ് താന്‍ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുകയാണെന്നും ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വരുന്നതില്‍ തന്നെ ജയിപ്പിച്ച ജനങ്ങളോടു മാപ്പ് ചോദിക്കുന്നതായും ഉള്ള മറ്റൊരു ഫെയ്‌സ്ബുക്ക് കുറിപ്പ് നിതിന്‍ കിഷോര്‍ ഇട്ടിരിക്കുന്നത്. പഞ്ചായത്തംഗത്വം രാജിവയ്ക്കുന്നതിനൊപ്പം സിപിഎമ്മിലും ഡിവൈഎഫ്‌ഐയിലും നടത്തിവന്ന പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച് പൊതുപ്രവര്‍ത്തനത്തില്‍ നിന്നും പിന്‍വാങ്ങുന്നതായുമുള്ള അറിയിപ്പും നിതിന്‍ നടത്തിയിട്ടുണ്ട്.

നിതിന്‍ കിഷോറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ പുറത്തുവന്നതോടെ ചിറ്റാറിലെ അനധികൃത പാറമടകള്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന ശക്തമായ വികാരം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഈ ആക്ഷേപങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കി. പാറമട മുതലാളിമാര്‍ക്ക് സിപിഎം കൂട്ടുനില്‍ക്കുന്നൂവെന്ന ആക്ഷേപം ഒരു സിപിഎം പഞ്ചായത്തംഗം തന്നെ ഉയര്‍ത്തിയ സ്ഥിതിക്ക് പാര്‍ട്ടിയും സര്‍ക്കാരും ഒരുപോലെ ഇക്കാര്യത്തില്‍ മറുപടി പറയേണ്ട അവസ്ഥയാണ്.

ചിറ്റാര്‍ ഖനന നിരോധിത മേഖല
2013 നവംബര്‍ 13ന് കേന്ദ്ര വനം മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ചിറ്റാര്‍ വില്ലേജില്‍ ഖനനം നിരോധിച്ചിരിക്കുകയാണ്. 2013 ഏപ്രില്‍ 17നു മുമ്പ് പാരിസ്ഥിതികാനുമതി കിട്ടിയവര്‍ക്കു മാത്രമെ ഇതില്‍ ഇളവ് നല്‍കുന്നുള്ളൂ. എന്നാല്‍ രേഖകള്‍ പ്രകാരം പ്രദേശത്ത് ഖനനം നടത്താന്‍ മേല്‍പ്പറഞ്ഞ തീയതിക്കു മുമ്പായി ആര്‍ക്കും തന്നെ അനുമതി കിട്ടിയിട്ടുമില്ല. അതിനാല്‍ തന്നെ മേഖലയില്‍ ഒരുതരത്തിലുള്ള ഖനനവും നടക്കരുതാത്തതാണ്. വീടിനു പ്ലോട്ട് എടുക്കുന്നതിലേക്കു പോലും മണ്ണെടുക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇതു ലംഘിക്കുന്നവര്‍ക്കെതിരേ EP Act 19- ആം വകുപ്പ് പ്രകാരം ക്രിമിനല്‍ കേസ് എടുക്കാന്‍ ജില്ല കളക്ടര്‍ക്ക് അധികാരവുമുണ്ട്.

ആരോപണം  വ്യക്തിവൈരാഗ്യം മൂലം
എന്നാല്‍ നിതിന്‍ കിഷോര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ബ്ലോക്ക് പഞ്ചായത്തംഗം ഓമന ശ്രീധരന്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. ‘അച്ഛന്റെ കാലം തൊട്ടുണ്ടായിരുന്ന സ്ഥലമാണിത്. ഇവിടെ ആയിരം മൂട് റബ്ബര്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞാല്‍ അതിന്റെ ഫലം കുറയും. പിന്നെ നോക്കി നടത്താനുള്ള ബുദ്ധിമുട്ടു കാരണം അല്‍ബീസ മരം നടാമെന്നു വിചാരിച്ചു. അതിന് ഇടക്കാല കെട്ടാനും ഭൂമിയുടെ ചെരിവൊന്നു കുറയ്ക്കാനുമാണ് ചെറിയ ഉരുളന്‍ കല്ലുകള്‍ പൊട്ടിച്ചത്; ഓമന ശ്രീധരന്‍ അഴിമുഖത്തോട് പറഞ്ഞു.

ഇതെല്ലം അദ്ദേഹം പേരിനും പ്രശസ്തിക്കും വേണ്ടി ചെയ്യുന്നതായിരിക്കും. ഞങ്ങള്‍ ആത്മാര്‍ഥമായി സഹകരിച്ചു പ്രവര്‍ത്തിച്ചവരായിരുന്നു. അതിനാല്‍ ഇത്തരത്തിലുള്ള ഒരു വാര്‍ത്ത പ്രചരിപ്പിച്ചത് അത്ഭുതപ്പെടുത്തുകയാണ്. എനിക്ക് ക്വാറി ഉടമകളുമായി ഒരു ബന്ധവുമില്ല. നിതിന്റെ പിതാവ് പാക്കിസ്ഥാന്‍കാരനാണെന്ന തരത്തില്‍ എന്റെ ഭര്‍ത്താവ് ആക്ഷേപം നടത്തിയെന്ന് ആരോ അയാളെ പറഞ്ഞു ധരിപ്പിച്ചു. ഇതു വിശ്വസിച്ചതു കൊണ്ടുണ്ടായ തെറ്റിദ്ധാരണയുടെ പുറത്താണ് നിതിന്‍ ഇങ്ങനെയെല്ലാം വിളിച്ചു പറയുന്നത്; ഓമന തന്റെ നിലപാട് വ്യക്തമാക്കുന്നു.

പാര്‍ട്ടിക്ക് പങ്കില്ല
‘പാര്‍ട്ടിക്കിതില്‍ ഒരു പങ്കുമില്ല. നിതിന്‍ ഇതൊന്നും പാര്‍ട്ടിയെ അറിയിച്ചല്ല ചെയ്യുന്നത്. അനധികൃതമായാണ് ക്വാറി നടത്തുന്നതെങ്കില്‍ അന്വേഷിക്കട്ടെ. കേസെടുക്കട്ടെ. ചിറ്റാറില്‍ ഒരു മാഫിയ പ്രവര്‍ത്തനവും നടക്കുന്നില്ല. പാര്‍ട്ടിയെ ഇതില്‍ വലിച്ചിഴക്കരുത്’; ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയപ്പോള്‍ സിപിഎം ചിറ്റാര്‍ ലോക്കല്‍ സെക്രട്ടറി കെ.ജി മുരളീധരന്‍ അഴിമുഖത്തോടു പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നു നിതിനെതിരേ വധഭീഷണി ഉണ്ടായെന്നൊക്കെ പറയുന്നത് ദുഷ്പ്രചാരണമാണെന്നും മുരളീധരന്‍ വ്യക്തമാക്കുന്നു.

ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ പാറമട നടത്തുന്നുവെന്ന നിതിന്റെ ആക്ഷേപം പാര്‍ട്ടിയെ അപമാനിക്കുന്നതാണെന്നാണ് മറ്റു ചില പാര്‍ട്ടി നേതാക്കളും പറയുന്നത്. പാറമട നടത്തുന്നുവെന്നു പറയുന്ന പ്രസ്തുത സ്ഥലത്തുള്ള 50 സെന്റില്‍ രണ്ടു വീടുകള്‍ വയ്ക്കാനുള്ള മണ്ണ് നിരപ്പാക്കുകയാണെന്നും ഇതു നടക്കുന്നത് ജിയോളജി വകുപ്പിന്റെ അനുമതിയോടുകൂടിയാണെന്നും വിശദീകരിക്കുന്ന സിപിഎം നേതാവ് ബിജു പടനിലത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തുടര്‍ന്നു വിശദീകരിക്കുന്നത് ഇപ്രകാരമാണ്; ജിയോളജി വകുപ്പിന്റെ അനുവാദത്തോടെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഉരുണ്ട പാറക്കല്ലുകള്‍ എവിടെയും ബ്രക്കര്‍ ഉപയോഗിച്ച് പൊട്ടിച്ചിട്ടുണ്ട്. നിരപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന ഉരുളന്‍ കല്ലുകള്‍ മാറ്റാതെ ബില്‍ഡിംഗ് പണിയാന്‍ പറ്റില്ലല്ലോ? പാറമടയാണ്, ഖനനമാണ് നടക്കുന്നതെന്നുള്ള ആരോപണം പാര്‍ട്ടിയെ അപമാനിക്കാനുള്ളതാണ്.

ഇക്കാര്യത്തില്‍ നിതിന്റെ തുടര്‍ പ്രതികരണത്തിനായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിക്കുന്നത്. നിതിനും പാര്‍ട്ടിയും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മുഖാമുഖം നില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരുപോലെ തലവേദനയായിരിക്കുകയാണ്. പരിസ്ഥിതി വിഷയങ്ങളിലുള്ള സിപിഎമ്മിന്റെ നിലപാട് അടക്കമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. ഇക്കാര്യത്തില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ ഇങ്ങനെ പ്രതികരിച്ചു: അവസാന മലയും പൊട്ടിച്ചു കഴിയുമ്പോൾ, അവസാന കുന്നും ഇടിച്ചു കഴിയുമ്പോൾ, ജൈവവൈവിദ്ധ്യം ഭൂരിഭാഗവും നശിച്ചു കഴിയുമ്പോൾ, അവശേഷിക്കുന്ന ഉറവകൾ കൂടി വറ്റിക്കഴിയുമ്പോൾ, പശ്ചിമഘട്ട സംരക്ഷണത്തിനായി ഒരു പ്രത്യേക പദ്ധതി, പാറമട ഉടമകളും വനഭൂമി-ആദിവാസി ഭൂമി കയ്യേറ്റക്കാരായ എംപി മാരുടെയും ഒക്കെ പിന്തുണയോടെ ഇടതു മുന്നണി ആവിഷ്കരിക്കും. അതുകൊണ്ട്‌ പ്രിയ നിതിൻ, പാർട്ടി നയത്തിനു വിരുദ്ധമായി ഒന്നും ചെയ്യരുത്‌. മലയിടിക്കുന്ന പാർട്ടിയംഗമാണ്‌ ഇപ്പോൾ പാർട്ടിയ്ക്ക്‌ ശരി. തിരക്കു കൂട്ടരുത്‌. ക്ഷമയോടെ കാത്തിരിക്കുക. എല്ലാം ശരിയാകും. (ttps://www.facebook.com/harish.vasudevan.18/posts/10154583379527640)

  

നിതിന്‍ കിഷോറിന്റെ ആരോപണങ്ങള്‍ ശരിയാണെങ്കില്‍ ചിറ്റാറില്‍ ഇപ്പോള്‍ നടക്കുന്നത് നിയമത്തെ വെല്ലുവിളിച്ചുള്ള ഖനനമാണ്. അതല്ല, സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നത് പോലെ ഈ ആരോപണങ്ങള്‍ ശരിയല്ല എങ്കില്‍ അക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ അവര്‍ക്ക് ഉത്തരവാദിത്തമുണ്ട്.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് അഖില)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍