UPDATES

‘പുലയന്’ എങ്ങനെ നിയമപ്രശ്‌നമാകും? ഒരു കോളേജ് മാഗസിന്‍ തടയാന്‍ മാനേജ്‌മെന്റ് പറയുന്ന ന്യായം അതാണ്

എന്തുകൊണ്ട് അങ്ങനെയൊരു പേരിട്ടു എന്ന ചോദിച്ചാല്‍ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ പറയുന്നത്- ആ പേര് ഒരു സമര്‍പ്പണം, അല്ലെങ്കില്‍ ആദരവ് ആയിരുന്നു എന്നാണ്

അടിച്ചമര്‍ത്തപ്പെട്ടവർക്ക് ആദരവ് എന്ന നിലയിലാണ് വിദ്യാര്‍ത്ഥികള്‍ കോളേജ് മാഗസിന് ‘പുലയന്’ എന്ന പേരിട്ടത്. പക്ഷേ കോളേജ് മാനേജ്‌മെന്റിന്റെ കണ്ണില്‍ ഏറെ നിയമപ്രശ്‌നം വരുത്തിവയ്ക്കുന്നതും കോളേജിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതുമായ ഒന്നായിരുന്നു ആ വാക്ക്.

ഒരു കോളേജ് മാഗസിന്റെ തലക്കെട്ടായി പോലും അംഗീകരിക്കാന്‍ കഴിയാതെ പോകുന്ന തരത്തില്‍ എന്തു ഭീകരതയാണ് ‘പുലയന്’ എന്ന വാക്കിനുള്ളതെന്നു ചോദിക്കാന്‍ കേരളം തയ്യാറായില്ല. അറിഞ്ഞില്ല എന്ന ന്യായീകരണമാണു പറയാനുള്ളതെങ്കില്‍ കേട്ടോളൂ-

വയനാട് കല്‍പ്പറ്റയിലെ കൂളിവയലില്‍ സ്ഥിതി ചെയ്യുന്ന വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ കീഴിലുള്ള ഇമാം ഗസാലി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കോളേജ് മാഗസിനു നല്‍കിയ പേര് ‘പുലയന്’ എന്നായിരുന്നു. എന്തുകൊണ്ട് അങ്ങനെയൊരു പേരിട്ടു എന്നു ചോദിച്ചാല്‍ എസ്എഫ്ഐ യുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ പറയുന്നത്- ആ പേര് ഒരു സമര്‍പ്പണം, അല്ലെങ്കില്‍ ആദരവ് ആയിരുന്നു എന്നാണ്. അടിച്ചമര്‍ത്തപ്പെട്ടു കിടന്ന ഒരു ജനതയോട് ഞങ്ങള്‍ക്കുള്ള സമര്‍പ്പണം, അവര്‍ക്കുള്ള ആദരം.

സ്റ്റാഫ് എഡിറ്റര്‍ താഹിറിനും ആ പേരിനോട് യോജിപ്പായിരുന്നു. കോളേജ് ചെയര്‍മാന്‍ മുഹമ്മദ് ജാഫിറും അങ്ങനെയൊരു പേരിനോട് ആദ്യം വിയോജിപ്പു പ്രകടിപ്പിച്ചില്ല. പക്ഷേ മാനേജ്‌മെന്റിന് ‘പുലയന്’ എന്ന പേര് അംഗീകരിക്കാന്‍ സാധിച്ചില്ല. സ്റ്റാഫ് എഡിറ്ററോട് നല്ല പേര് എന്നു പറഞ്ഞ ചെയര്‍മാന്‍ പിന്നീടു തന്റെ നിലപാടു മാറ്റി. എല്ലാവരുടെയും അംഗീകാരത്തോടെയാണു മാഗസിന്‍ പൂര്‍ത്തിയാക്കിയത്. രണ്ടു മാസം മുമ്പ് തന്നെ പിഡിഎഫ് തയ്യാറാക്കി ഏല്‍പ്പിക്കുകയും ചെയ്തു. പിന്നീടാണ് മാനേജ്‌മെന്റിന് ആ പേരിനോട് യോജിക്കാന്‍ ആകില്ലെന്ന നിലപാട് വന്നത്– വിദ്യാര്‍ത്ഥിയായ അഖില്‍ പറയുന്നു.



പുലയന്‍ എന്ന പദം ഉപയോഗിക്കുന്നതിന് കോടതി വിലക്ക് ഉണ്ടെന്നും ആ പേരില്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചാല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കപ്പെടുക വരെ സംഭവിക്കാമെന്നുമാണ് മാനേജ്‌മെന്റ് ഭയപ്പെടുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മുസ്ലിം മാനേജ്‌മെന്റിനു കീഴിലുള്ള ഒരു കോളേജില്‍ നിന്നും ഈ പേരില്‍ ഒരു മാഗസിന്‍ ഇറങ്ങുന്നത് ശരിയാവില്ലെന്നാണു മാനേജ്‌മെന്റ് പറയുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കോടതി വിലക്ക് ഉള്ളതിനാല്‍ പേരുമാറ്റിയാലേ മാഗസിന്‍ പുറത്തിറക്കാന്‍ അനുവാദം നല്‍കൂ എന്ന നിലപാട് മാനേജ്‌മെന്റ് കൈക്കൊണ്ടതോടെ വിദ്യാര്‍ത്ഥി യൂണിയന്‍ നിയമവിദഗ്ദരുമായി ബന്ധപ്പെട്ടപ്പോള്‍ പുലയന് എന്ന പേര് മാഗസിന് ഉപയോഗിക്കുന്നതുകൊണ്ട് നിയമപ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നാണാണ് അറിയിച്ചത്. ഈ കാര്യം മാനേജ്‌മെന്റിനെ അറിയിച്ചപ്പോള്‍ അഭിഭാഷകന്‍ പ്രസ്തുത കാര്യം സ്ഥിരീകരിക്കുന്ന കത്ത് ഹാജരാക്കിയാല്‍ മാഗസിന്‍ പ്രകാശനത്തിന് അനുവദിക്കാമെന്നായി മാനേജ്‌മെന്റ്. എന്നാല്‍ ഇങ്ങനെയൊരു കത്ത് നല്‍കാന്‍ അഭിഭാഷകന്‍ തയ്യാറായില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

മാനേജ്‌മെന്റ് കടുംപിടുത്തം നടത്തുന്നതോടെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന വാശിയിലാണു വിദ്യാര്‍ത്ഥികളും. പുലയന് എന്ന പേരില്‍ തന്നെ മാഗസിന്‍ ഇറക്കുമെന്ന നിലപാട് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറയുന്നു. കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികളും ഈ കാര്യത്തില്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ഇവര്‍ പറയുന്നു.

ഈ വിഷയത്തില്‍ കോളേജ് മാനേജ്‌മെന്റിന്റെ നിലപാട് എത്രത്തോളം ശരിയാണെന്നറിയാന്‍ ബന്ധപ്പെട്ട അഭിഭാഷകര്‍ പറഞ്ഞതും കോളേജിന്റെ അഫിലിയേഷന്‍ നഷ്ടപ്പെടാനോ ഏതെങ്കിലും തരത്തിലുള്ള കേസോ നൂലാമാലകളോ ഉണ്ടാക്കാന്‍ മാത്രം ‘ഭയപ്പെടേണ്ട’ ഒരു വാക്കല്ല പുലയന് എന്നാണ്. അതായാത് അകാരണമായ ആശങ്ക, അതല്ലെങ്കില്‍ ബോധപൂര്‍വം ഒരു നിരാകരിക്കല്‍- ഇതാണ് ഇമാം ഗസാലി കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. തങ്ങളെ അപമാനിക്കുന്നൂ എന്ന ആക്ഷേപവുമായി ഏതെങ്കിലുമൊരാള്‍ പുലയ സമുദായത്തില്‍ നിന്നും മാഗസിനെതിരേ പരാതി കൊടുത്താല്‍ മാത്രമെ ഇതില്‍ ഏതെങ്കിലും തരത്തില്‍ ഒരു നിയമപ്രശ്‌നം ഉടലെടുക്കുന്നുള്ളു. അങ്ങനെ വന്നാല്‍ പോലും കോടതിയില്‍ കേസ് തള്ളിപ്പോവുകയേയുള്ളൂവെന്നും ഇതുമായി ബന്ധപ്പെട്ടു സംസാരിച്ച അഭിഭാഷകര്‍ വ്യക്തമാക്കുന്നു.

വെറുതെ എന്തിനൊരു പൊല്ലാപ്പ് എടുത്തുവയ്ക്കണം എന്നാണു മാനേജ്‌മെന്റ് ചിന്തിച്ചതെങ്കില്‍, ആ വിദ്യാര്‍ത്ഥികളല്ല, ഒരു പൊല്ലാപ്പായി മാത്രം ഇപ്പോഴും ദളിതരെ കാണുന്നവരാണ് നിയമവിരുദ്ധപ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍