UPDATES

വിപണി/സാമ്പത്തികം

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.7 മാത്രം; നോട്ട് നിരോധനവും ജി എസ് ടിയും തിരിച്ചടിയായെന്ന് ഐഎംഎഫ്

ഏപ്രില്‍, ജൂലായ് മാസങ്ങളില്‍ കണക്കാക്കിയിരുന്നതിനേക്കാള്‍ 0.5 ശതമാനം കുറവാണിത്. നോട്ട് അസാധുവാക്കലും ചരക്ക്-സേവന നികുതിയുടെ വരവും വളര്‍ച്ചയെ പിന്നോട്ടടിച്ചതായും ഐഎംഎഫ് പറയുന്നു.

മാന്ദ്യത്തില്‍ നിന്ന് ആഗോള സമ്പദ് വ്യവസ്ഥ അതിവേഗം കരകയറുന്നതായും 2017-18 സാമ്പത്തികവര്‍ഷം ആഗോള സമ്പദ് വ്യവസ്ഥ 3.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും വിലയിരുത്തുന്ന ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി), ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അനുമാനം 6.7 ശതമാനത്തിലേക്ക് താഴ്ത്തി. ഏപ്രില്‍, ജൂലായ് മാസങ്ങളില്‍ കണക്കാക്കിയിരുന്നതിനേക്കാള്‍ 0.5 ശതമാനം കുറവാണിത്. നോട്ട് അസാധുവാക്കലും ചരക്ക്-സേവന നികുതിയുടെ വരവും വളര്‍ച്ചയെ പിന്നോട്ടടിച്ചതായും ഐഎംഎഫ് പറയുന്നു. 2018ല്‍ പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ വളര്‍ച്ചാനിരക്കിലും 0.3 ശതമാനം പോയന്റ് കുറവ് വരുത്തിയിട്ടുണ്ട്. 7.4 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍, ജൂലായ് മാസങ്ങളില്‍ പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ 0.3 ശതമാനം പോയന്റാണ് കുറച്ചിരിക്കുന്നത്. 7.1 ശതമാനം വളര്‍ച്ചയാണ് 2016ല്‍ ഇന്ത്യക്കുണ്ടായിരുന്നത്.

ചൈന, റഷ്യ, ജപ്പാന്‍ എന്നിവയും ചില യൂറോപ്യന്‍ രാജ്യങ്ങളും വളര്‍ച്ചയില്‍ മുന്നേറ്റം തുടരുകയാണെന്ന് ഐഎംഎഫിന്റെ വിലയിരുത്തല്‍. 2017-ല്‍ ചൈനയില്‍ 6.8 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍, ജൂലായ് മാസങ്ങളില്‍ പ്രവചിച്ചിരുന്നതിനെക്കാള്‍ 0.1 ശതമാനം കൂടുതലാണിത്. 2017-ല്‍ ലോക സമ്പദ്‌വ്യവസ്ഥ 3.6 ശതമാനവും 2018-ല്‍ 3.7 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നും അവലോകനത്തില്‍ ഐ.എം.എഫ് വ്യക്തമാക്കി. ഏപ്രില്‍, ജൂലായ് മാസങ്ങളില്‍ നടത്തിയ പ്രവചനത്തേക്കാള്‍ 0.1 ശതമാനം കൂടുതലാണിത്. ഉപഭോക്താക്കള്‍ക്ക് വിശ്വാസം വര്‍ധിച്ചതിനും വ്യാപാരം ശക്തമായതിനുമൊപ്പം നിക്ഷേപം, വാണിജ്യം, വ്യവസായികോല്‍പ്പാദനം എന്നിവയില്‍ കാര്യമായ മുന്നേറ്റമുണ്ടായത് സാമ്പത്തിക വളര്‍ച്ചക്ക് വേഗം കൂട്ടി. പ്രതീക്ഷിച്ചതിനേക്കാള്‍ വളര്‍ച്ചയാണ് 2017 ആദ്യപകുതിയില്‍ രേഖപ്പെടുത്തിയത്. അമേരിക്ക, ഇന്ത്യ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും ചൈന, റഷ്യ, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും പ്രതീക്ഷിച്ചതിനെക്കാള്‍ ശക്തമായ തിരിച്ചുവരവ് പ്രകടമായെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആഗോള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് അതിവേഗം തുടരുകയാണെന്ന് ഐഎംഎഫ് ഇക്കണോമിക് കൗണ്‍സിലറും റിസര്‍ച്ച് ഡയറക്ടറുമായ മൗറിസ് ഒബ്സ്റ്റ്ഫെല്‍ഡ് പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ വളര്‍ച്ചയുടെ ചുവടുപിടിച്ച് 2017 പകുതിവരെ 2.2 ശതമാനം വളര്‍ച്ചയാണ് ആഗോള സമ്പദ്വ്യവസ്ഥ കൈവരിച്ചത്. രണ്ട് ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു ഏപ്രിലില്‍ പ്രതീക്ഷിച്ചിരുന്നത്. അതേസമയം ബ്രിട്ടന്‍, യു.എസ് എന്നിവിടങ്ങളില്‍ സ്ഥിതി വിപരീതമാണ്. 2017, 2018 സാമ്പത്തികവര്‍ഷങ്ങളിലും ബ്രിട്ടനിലും അമേരിക്കയിലും വളര്‍ച്ച കുറയുമെന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. 2017ലെ വളര്‍ച്ചയ്ക്ക് പ്രധാന പങ്ക് വഹിച്ചത് വികസിത രാജ്യങ്ങളാണെന്നും എന്നാല്‍, 2018 വര്‍ഷത്തെ ശുഭപ്രതീക്ഷ നിലനിര്‍ത്തുന്നതില്‍ വികസ്വര സമ്പദ് വ്യവസ്ഥകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും ഒബ്സ്റ്റ്ഫെല്‍ഡ് പറഞ്ഞു. പ്രധാനമായും കഴിഞ്ഞ രണ്ട് വര്‍ഷമായി ആളോഹരി വരുമാനം ശരാശരി കടക്കാത്ത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 2018ഓടെ സ്ഥിതി മെച്ചപ്പെടുമെന്നും ഐഎംഎഫ് പറഞ്ഞു. മാന്ദ്യത്തില്‍ നിന്ന് ആഗോള സമ്പദ് വ്യവസ്ഥ ഇതുവരെ പൂര്‍ണമായി കര കയറിയിട്ടില്ല. സമ്പദ് വ്യവസ്ഥയെ തിരികെക്കൊണ്ടുവരാന്‍ നടപടികളെടുക്കേണ്ട ശരിയായ സമയം ഇതാണെന്നും ഒബ്സ്റ്റ്ഫെല്‍ഡ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍