UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ഹെല്‍ത്ത് / വെല്‍നെസ്സ്

ആരോഗ്യമുള്ള ജനതയ്ക്കുവേണ്ടി; പരിസ്ഥിതി സാക്ഷരതയിലേക്ക് ഒരു ചുവട്‌

കേവല സാക്ഷരത നേടുക എന്നതായിരുന്നു സക്ഷരതായജ്ഞത്തിന്റെ പ്രധാന ലക്ഷ്യം. ഒരു വര്‍ഷത്തെ ജനകീയ പ്രവര്‍ത്തനത്തിലൂടെ ആ ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞു. അതുകൊണ്ടു തന്നെ സാക്ഷരതയിലും സ്ത്രീ സാക്ഷരതയിലും വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പമെത്തുവാന്‍ കേരളത്തിന് കഴിഞ്ഞു. തുടര്‍ന്ന് സാക്ഷരതാ രംഗത്ത് ശ്രദ്ധപതിപ്പിക്കുവാനാണ് പിന്നീട് കേരളം ശ്രദ്ധിച്ചത്. തൊഴില്‍ സാക്ഷരതയടക്കം നിരവധി പ്രാഥമിക സാക്ഷരതാ മേഖലകളില്‍ തുടര്‍ സാക്ഷരതാ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്‌  ഈ വര്‍ഷത്തെ പരിസ്ഥിതി സാക്ഷരതാദിനം (സെപ്തംബര്‍ 8) വരുന്നത്. ഈ കാലയളവില്‍ പ്രാഥമികമായും നാം ആര്‍ജിക്കേണ്ട പ്രധാന ആശയമാണ് പരിസ്ഥിതി സാക്ഷരത. അതുകൊണ്ടുതന്നെ ഈ വര്‍ഷം (2016 സെപ്തംബര്‍ 8 മുതല്‍ 2017 സെപ്തംബര്‍ 8 വരെ) പരിസ്ഥിതി സാക്ഷരതായജ്ഞമായി നാം ആചരിക്കുകയാണ്. അതിന്റെ ഉദ്ഘാടനമാണ് ഇന്നു(സെപ്തംബര്‍ 8) നടന്നത്. കേരളത്തിലെ എല്ലാ താലൂക്ക് തലങ്ങളിലും ഒരേസമയം പരിസ്ഥിതി സാക്ഷരതയെ കുറിച്ച് ചര്‍ച്ച നടന്നു.

പ്രകൃതിയും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും ഇതര ജീവികളും തമ്മില്‍ സ്ഥൂലവും സൂക്ഷ്മവുമായ നിരവധി ബന്ധങ്ങളുണ്ട്. മൗലികമായ ഈ ബന്ധങ്ങള്‍ ശാശ്വതമായി നിലനില്‍ക്കുമ്പോഴാണ് പരിസ്ഥിതി സന്തുലനം നിലനില്‍ക്കുക. പരിസ്ഥിതി സന്തുലനമാണ് പ്രകൃതിയുടെ നിലനില്‍പ്പിന് ആധാരം. ഈ സന്തുലനം നിലനിര്‍ത്തുക എന്നതാണ് മനുഷ്യന്റെ കടമ. പരിസ്ഥിതി സന്തുലനത്തെ തെറ്റിക്കുവാന്‍ ശ്രമിക്കുന്ന ഭൂമിയിലെ ഏക ജനുസ്സ് മനുഷ്യന്‍ മാത്രമാണ്. ഈ ശാസ്ത്ര ബോധമില്ലാതെ (സാക്ഷരതയില്ലാതെ) മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായിട്ടാണ് കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക തകര്‍ച്ചയും മാരക രോഗങ്ങളുടെ വളര്‍ച്ചയും എല്ലാം ഉണ്ടാകുന്നത്. ഈ കാര്യത്തില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയിലാണ് കേരളം. കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക രംഗത്ത് ഏറ്റവും പ്രതികൂലമായി ബാധിച്ച പ്രദേശമാണ് കേരളം. ഭക്ഷണ ശീലങ്ങളിലും ജീവിത ശൈലിയിലും വലിയ മാറ്റമുണ്ടായ ജനതയാണ് കേരള ജനത. അതുകൊണ്ടു തന്നെ രോഗാതുരതയില്‍ നാം വളരെ മുന്നിലായിരിക്കുന്നു. നാം നേടിയ അത്ഭുത നേട്ടങ്ങളെല്ലാം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് കേരളം മുന്നോട്ടു പോകുന്നത്. ഈ ഭീഷണിയില്‍ നിന്നുള്ള മോചനത്തിനുള്ള വഴിയാണ് പരിസ്ഥിതി സാക്ഷരത.

ചുറ്റുമുള്ള പരിസ്ഥിതിയെക്കുറിച്ച് ബോധവത്കരിച്ചുകൊണ്ടാണു പരിസ്ഥിതി സാക്ഷരതായജ്ഞം ആരംഭിക്കുന്നത്. ഒരുപരിധിവരെ മലയാളികളെല്ലാം പരിസ്ഥിതി നിരക്ഷരരാണ്. ചുരുക്കത്തില്‍ കേരളത്തില്‍ വര്‍ത്തമാനകാല ദുരന്തങ്ങളില്‍ നിന്ന് മോചനം നേടുവാനുള്ള ബഹുജന പരിപാടിയാണ് പരിസ്ഥിതി സാക്ഷരതാ യജ്ഞം. ചുറ്റുപാടിന്റെ ശാസ്ത്രീയതയെക്കുറിച്ചുള്ള ശാസ്ത്രാവബോധത്തില്‍ നിന്നു തുടങ്ങുമ്പോള്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നു. പ്രകൃതിയുടെ അടിസ്ഥാനമായ സന്തുലനം നമുക്ക് ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളിലും കാണുവാന്‍ കഴിയും. ആവാസ വ്യവസ്ഥ എന്നു പറയുന്നത് ഇതാണ്. പ്രകൃതി സന്തുലനത്തിന്റെ ഉത്തമ പ്രതീകമാണ് ആവാസ വ്യവസ്ഥ. ആവാസ വ്യവസ്ഥയെ സംരക്ഷിക്കുവാനുള്ള ബോധമുണ്ടെങ്കില്‍ പരിസ്ഥിതി സാക്ഷരതയുണ്ടെന്ന് പറയാം. ചുരുങ്ങിയത് ഈ അവസ്ഥയെങ്കിലും മുഴുവന്‍ ജനങ്ങളിലുമെത്തിക്കാന്‍ കഴിയത്തക്ക വിധമാണ് യജ്ഞം മുന്നോട്ടു പോകേണ്ടത്. വളരെ മൗലികമായ പരിസ്ഥിതി ബോധം സൃഷ്ടിക്കുക എന്നതിനപ്പുറം സന്തുലിതവും ശാസ്ത്രീയവുമായ പരിസ്ഥിതി ബോധമുണ്ടാക്കുക എന്നതാണ് ലക്ഷ്യം.

ഒരു ആവാസ വ്യവസ്ഥയില്‍ നാലു തരം ജനുസ്സുകള്‍ ഉണ്ട്. ഭക്ഷണമുണ്ടാക്കുന്ന ഹരിതനിറം നല്‍കുന്ന സസ്യങ്ങള്‍,  ഈ ഭക്ഷണം എടുക്കുന്ന സസ്യഭുക്കുകള്‍, മാംസഭുക്കുകള്‍ എന്നിവക്കുശേഷം മൃതഭോജികള്‍. ഈ ശൃംഖല സന്തുലിതമാകുമ്പോഴാണ് ശുദ്ധമായ ആവാസ വ്യവസ്ഥ നിലനില്‍ക്കുന്നത്. നല്ല വെള്ളവും ഭക്ഷണവും അപ്പോഴാണ് ലഭ്യമാകുക. ഈ തിരിച്ചറിവില്ലാതെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുമ്പോള്‍ ജീവിത രീതിയും ജീവിതവും താറുമാറാകും. ആധുനികത, പുരോഗമനം എന്നത് ആവാസ വ്യവസ്ഥയുടെ സന്തുലനം നിലനിര്‍ത്തിക്കൊണ്ടുള്ള ഗുണപരമായ മാറ്റങ്ങളാണ്. പ്രകൃതിയില്‍ നിന്ന് വല്ലാതെ അകന്നു പോകുന്നതാണ് വികസനം എന്ന തെറ്റായബോധം കമ്പോള സംസ്‌കാരം നമുക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഉപഭോഗ സംസ്‌കാരമാണ് പുരോഗമനം, വികസനം എന്ന ചിന്ത തെറ്റാണ്. പ്രാദേശികതയും പ്രാദേശിക സംസ്‌കാരവും വിഭവങ്ങളുമാണ് ശരീരത്തിന് ആരോഗ്യം നല്‍കുന്നത്. കാലാവസ്ഥ അനുസരിച്ചാണ് ഭക്ഷണ, ജീവിത രീതികള്‍. പക്ഷേ മാധ്യമങ്ങളുടേയും പരസ്യങ്ങളുടേയും അമിത സ്വാധീനംമൂലം തെറ്റായ ഭക്ഷണരീതി വളര്‍ന്നു വരുന്നു. ഇത് മാരക രോഗങ്ങളിലേക്കുള്ള വഴിമരുന്നാണ്. പുതിയ തലമുറയെ ഈ അപകടത്തില്‍ നിന്നും രക്ഷിക്കേണ്ടതുണ്ട്. ആരോഗ്യരംഗത്ത് നമുക്ക് മുന്നേറുവാന്‍ പരിസ്ഥിതി സാക്ഷരത ആവശ്യമാണ്. വികസനത്തിന്റെ അടിത്തറ തന്നെ ആരോഗ്യമുള്ള ജനതയാണ്. ഈ അര്‍ത്ഥത്തില്‍ സെപ്തം 8ന് ആരംഭിക്കുന്ന പരിസ്ഥിതി സാക്ഷരതാ പരിപാടി വിജയിപ്പിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍