UPDATES

ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ സുപ്രീംകോടതി റദ്ദാക്കി

അഴിമുഖം പ്രതിനിധി

ജഡ്ജിമാരെ നിയമിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ജുഡീഷ്യല്‍ നിയമന കമ്മീഷനെ സുപ്രീംകോടതി റദ്ദാക്കി. കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. അഞ്ചംഗം ഭരണഘടനാ ബഞ്ചിന്റേതാണ് വിധി. ജഡ്ജിമാരെ നിയമിക്കുന്നതിന് ഒരു ദശാബ്ദത്തോളം പിന്തുടര്‍ന്നിരുന്ന കൊളീജിയം സംവിധാനം ഒഴിവാക്കി ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്ന തരത്തിലെ നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നത്. കമ്മീഷന് പകരം ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനം തുടരും. കൊളീജിയം സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ എടുക്കുന്നത്‌വിപുലമായ ഭരണഘടനാ ബഞ്ചിന് വിട്ടു. കമ്മീഷന്‍ സംവിധാനത്തിന് എതിരെ ഹര്‍ജി നല്‍കിയ സുപ്രീംകോടതി അഡ്വക്കേറ്റ്‌സ് ഗ്രൂപ്പും മറ്റും കമ്മീഷന്‍ ഭരണഘടനാവിരുദ്ധമാണെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നും വാദിച്ചിരുന്നു. എന്നാല്‍ ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ നിയമിക്കുന്നത് പോരായ്മകള്‍ ഇല്ലാത്ത ഒന്നല്ല എന്നാണ് സര്‍ക്കാര്‍ വാദിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലില്‍ കൊണ്ടു വന്ന നിയമം ദേശീയ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ്‌സ് കമ്മീഷന് ജഡ്ജിമാരുടെ നിയമനം നടത്താന്‍ അധികാരം നല്‍കുന്നതായിരുന്നു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് അടക്കമുള്ള ആറു പേരാണ് കമ്മീഷന്‍ അംഗങ്ങള്‍. സുപ്രീംകോടതിയിലെ രണ്ട് മുതിര്‍ന്ന ജഡ്ജിമാരും രണ്ടു പ്രഗത്ഭരായ വ്യക്തികളും നിയമമന്ത്രിയും ആണ് മറ്റംഗങ്ങള്‍. രണ്ട് പ്രമുഖ വ്യക്തികളെ തെരഞ്ഞെടുക്കുന്നത് ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവും ചേര്‍ന്നാണ്. ജുഡീഷ്യന്‍ നിയമന കമ്മീഷന്റെ സ്ഥാപനത്തെ ചോദ്യം ചെയ്ത് ഭരണഘടനാ ബഞ്ചില്‍ ഹര്‍ജി നിലനില്‍ക്കുന്നത് പരിഗണിക്കാതെ സര്‍ക്കാര്‍ ബില്ല് പാര്‍ലമെന്റില്‍ പാസാക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍