UPDATES

സിനിമ

ബോളിവുഡും പാകിസ്താനെതിരേ; പാക് ചലചിത്രതാരങ്ങള്‍ക്ക് നിര്‍മാതാക്കളുടെ വിലക്ക്

Avatar

അഴിമുഖം പ്രതിനിധി

പാകിസ്താന്‍ അഭിനേതാക്കള്‍ ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നത് വിലക്കി ചലച്ചിത്രനിര്‍മാതാക്കളുടെ സംഘടനയായ ഐഎംപിപിഎ( ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍). പാക് അധിനിവേസ കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു പിന്നാലെ ഉരുണ്ടു കൂടിയ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചലച്ചിത്രമേഖലയിലും പാക് വിരുദ്ധത നിലപാട് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ചയാണ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പാക് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അഭിനേതാകള്‍ക്കു പുറമെ പാക് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ബോളിവുഡില്‍ പ്രവര്‍ത്തിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്നു ഐഎംപിപിഎ വൈസ് പ്രസിഡന്റ് അശോക് പണ്ഡിറ്റ് അറിയിച്ചു.

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും പാക് ചലച്ചിത്ര പ്രവര്‍ത്തകരെ വിലക്കുകയാണെന്നാണു വ്യാഴാഴ്ച്ചത്തെ യോഗത്തിനുശേഷം അശോക് പണ്ഡിറ്റ് മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞത്. എന്നാല്‍ വിലക്ക് പുതിയ പ്രൊജക്ടുകളുടെ ഭാഗമാകുന്നവര്‍ക്കു മാത്രമായിരിക്കുമെന്നും പാക് താരങ്ങളോ സാങ്കേതികപ്രവര്‍ത്തകരോ ഭാഗമായിട്ടുള്ള പൂര്‍ത്തിയ ചിത്രങ്ങളുടെ റിലീസിങ്ങിന് തടസം ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. ഇത്തരമൊരു തീരുമാനം തങ്ങള്‍ കൈക്കൊള്ളുന്നത് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയസമ്മര്‍ദ്ദത്തിന്റെ പുറത്തല്ലെന്നും അശോക് പണ്ഡിറ്റ് വ്യക്തമാക്കുന്നു. പാക് താരങ്ങളെ ഇന്ത്യയില്‍ നിന്നും പുറത്താക്കണമെന്നാവിശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ചോദ്യത്തിനു വ്യക്തത വരുത്തുകയായിരുന്നു അദ്ദേഹം. പാക് ഗായകന്‍ രഹത് ഫത്തേ അലിഖാന്റെ ഗാനങ്ങള്‍ പുതിയ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനു നിലവിലെ വിലക്ക് തടസ്സമാകും. അത്തിഫ് അസ്ലാം ഗുഡ്ഗാവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംഗീത പരിപാടിയും റദ്ദാക്കി.

കരണ്‍ ജോഹര്‍ പാക് നടന്‍ ഫവദ് ഖാനെ നായകനാക്കി ഒരുക്കുന്ന ഏയ് ദില്‍ ഹേയ് മുഷ്‌കില്‍ എന്ന ചിത്രവും ഷാരുഖാന്റെ നായികയായി പാക് താരം മഹിറ ഖാന്‍ എത്തുന്ന റായീസ് എന്ന ചിത്രവും വിലക്കില്‍ പെടുമെന്നതാണ് സിനിമാപ്രേമികളെ ഞെട്ടിക്കുന്നത്.

അതേസമയം പാകിസ്താന്‍ താരങ്ങള്‍ക്ക് പിന്തുണയുമായി ഇന്നലെ ബോളുവുഡ് താരം സല്‍മാന്‍ ഖാന്‍ രംഗത്തു വന്നിരിക്കുന്നു. പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാനുള്ള സ്വാതന്ത്ര്യവും അവര്‍ക്ക് ഇന്ത്യയില്‍ വരാന്‍ വീസ നല്‍കിയതും കേന്ദ്രസര്‍ക്കാര്‍ ആണെന്നും അതിന്റെ പുറത്തുള്ള വിലക്കുകള്‍ നിര്‍ഭാഗ്യകരമാണെന്നുമായിരുന്നു സല്‍മാന്‍ പ്രതികരിച്ചത്. പാക് താരങ്ങള്‍ക്ക് താന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍