UPDATES

ട്രെന്‍ഡിങ്ങ്

അയല്‍ക്കാരായിട്ടും ജര്‍മ്മനിയും ജപ്പാനും പരസ്പരം യുദ്ധം ചെയ്‌തെന്ന് ഇമ്രാന്‍ഖാന്റെ വിവാദ പരാമര്‍ശം, പ്രധാനമന്ത്രി ചരിത്രവും ഭൂമിശാസ്ത്രവും തെറ്റിച്ചെന്ന് പാകിസ്താനില്‍ വിമര്‍ശനം

ഇമ്രാന്റെ ആണവ പ്രസ്താവനയ്ക്ക് വിദേശകാര്യവകുപ്പിന്റെ തിരുത്ത്

ഇന്ത്യയുമായുള്ള സംഘര്‍ഷാവസ്ഥയെ കുറിച്ച് വിശദീകരിക്കുന്നതിനിടയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയ തെറ്റായ പരമാര്‍ശങ്ങള്‍ക്കെതിരെ വ്യാപക പരിഹാസം. ജര്‍മ്മനിയും ജപ്പാനും രണ്ടാം ലോകയുദ്ധ കാലത്ത് യുദ്ധം ചെയ്തിരുന്നുവെന്നും അവര്‍ അയല്‍ക്കാരായിരുന്നുവെന്നുമായിരുന്നു ഇമ്രാന്റെ പരാമര്‍ശം

അയല്‍ക്കാരായാലും യുദ്ധം ഉണ്ടായ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സൂചിപ്പിക്കാനാണ് ഇമ്രാന്‍ഖാന്‍ ജര്‍മ്മനിയേയും ജപ്പാനെയും കുറിച്ച് പറഞ്ഞത്. രണ്ട് കാര്യങ്ങളാണ് ഈ രാജ്യങ്ങളെക്കുറിച്ച് ഇമ്രാന്‍ പറഞ്ഞത്. രണ്ടും യഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതായിരുന്നു. ജര്‍മ്മനിയും ജപ്പാനും അയല്‍രാജ്യങ്ങളെന്നായിരുന്നു ഒരു പരാമര്‍ശം. ജപ്പാന്‍ ഏഷ്യയിലാണ്. ജര്‍മ്മനി അകലെ യൂറോപ്പിലും.

രണ്ടാമത്തെ കാര്യം ഇമ്രാന്‍ഖാന്‍ പറഞ്ഞത് രണ്ടാം ലോകയുദ്ധത്തെ കുറിച്ചായിരുന്നു. ജപ്പാനും ജര്‍മ്മനിയും പരസ്പരം യുദ്ധം ചെയ്തുവെന്നായിരുന്നു ഇമ്രാന്റെ വാദം. എന്നാല്‍ രണ്ടാം ലോകയുദ്ധത്തില്‍ അച്ചുതണ്ട് ശക്തികളെന്ന വിളിക്കുന്ന ആക്‌സിസ് പവറിന്റെ ഭാഗമായിരുന്നു ജര്‍മ്മനിയും ജപ്പാനും. അവര്‍ ഒന്നിച്ചാണ് സഖ്യകക്ഷികള്‍ക്കെതിരെ പോരടിച്ചത്. എന്നാല്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇതിനെ ശത്രുരാജ്യങ്ങളാക്കി. അവര്‍ പരസ്പരം പോരടിച്ചുവെന്നാക്കി മാറ്റി ഇമ്രാന്‍ ഖാന്‍.

വസ്തുതാവിരുദ്ധവും ചരിത്രവിരുദ്ധവുമായി പ്രസ്താവനയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ പരിഹാസമാണ് ഇമ്രാന്‍ഖാന്റെ പരമാര്‍ശങ്ങള്‍ ഉണ്ടാക്കിയത്.  ചരിത്രവും ഭൂമിശാസ്ത്രവും തെറ്റിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് പാക്‌സിതാന്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍ വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനി പറഞ്ഞു. പാകിസ്താനെ മൊത്തതില്‍ പരിഹാസ്യമാക്കിയിരിക്കയാണ് ഇമ്രാന്‍ ഖാന്‍ എന്നും അവര്‍ പറഞ്ഞു.

പാകിസ്താന്‍ ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞതും വിവാദമായി. ലാഹോറില്‍ നടന്ന അന്താരാഷ്ട്ര സിഖ് കണ്‍വെന്‍ഷനിലാണ് ഇമ്രാന്‍ഖാന്‍ പാകിസ്താന്‍ ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ തെറ്റായി ഉദ്ധരിച്ചാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയതെന്ന് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. പാകിസ്താന്റെ ആണവ നയത്തില്‍ ഒരു മാറ്റവുമില്ലെന്നും വിദേശകാര്യ ഓഫീസ് വ്യക്തമാക്കി. ഇമ്രാന്റെ പ്രസ്താവനയില്‍ പാകിസ്താന്‍ സൈന്യത്തിനുള്ള അതൃപ്തിയാണ് വിദേശകാര്യ വകുപ്പിന്റെ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നതെന്നാണ് സൂചന.

 

Read More- സമരം ജയിച്ചു, സ്ത്രീത്തൊഴിലാളികള്‍ക്ക് ഇപ്പോഴും പഴയ അവസ്ഥ തന്നെ, മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുന്ന എസ് എം സ്ട്രീറ്റിലെ തൊഴിലാളി ജീവിതം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍