UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേപ്പാള്‍; ഈ ഇടനാഴിയില്‍ ആര് ആധിപത്യമുറപ്പിക്കും? ഇന്ത്യയോ ചൈനയോ?

Avatar

നതാലിയ ഒബികോ പിയേഴ്‌സണ്‍, സാന്‍ഡ്രിനെ റാസ്റ്റെല്ലോ
(ബ്ലൂംബര്‍ഗ് ന്യൂസ്)

7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ശനിയാഴ്ച നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിനെ തകര്‍ത്തു തരിപ്പണമാക്കുകയും മൗണ്ട് എവറസ്റ്റില്‍ ഹിമപാതം അഴിച്ചു വിടുകയും ചെയ്തതിന് ശേഷം ഇന്ത്യയും ചൈനയും ഒരു അവസരവും നഷ്ടപ്പെടുത്തിയിട്ടില്ല. 

ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രവര്‍ത്തകരും, മരുന്നും, കമ്പിളികളും അടങ്ങുന്ന സൈനിക വിമാനങ്ങള്‍ അയച്ചു. ഒരു ദിവസത്തിന് ശേഷം പ്രസിഡന്റ് സി ജിന്‍ പിങ്ങിന്റെ സര്‍ക്കാര്‍ തെരച്ചിലിനായും രക്ഷാപ്രവര്‍ത്തനത്തിനുമായുള്ള സംഘത്തെ ചികിത്സാ ഉപകരണങ്ങളോടും തെരച്ചില്‍ നായകളോടും കൂടി ഹിമാലയന്‍ പ്രദേശത്തേക്ക് അയക്കുകയുണ്ടായി.

പതിനായിരത്തിനടുത്ത് ആളുകള്‍ മരിച്ചെന്ന് പറയപ്പെടുന്ന ദുരന്തം ഉണ്ടാകുന്നതിന് മുമ്പെ തന്നെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നേപ്പാളിന് രണ്ട് ഏഷ്യന് ശക്തികളില്‍ നിന്നും ശ്രദ്ധ കിട്ടാറുണ്ടായിരുന്നു. തെക്ക് പടിഞ്ഞാറ് ചൈനയിലെ തിബത്തന്‍ പീഠഭൂമിയെ ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് തന്ത്രപ്രധാനമായി സ്ഥിതി ചെയ്യുന്ന രാജ്യത്താണ് ലോകത്തിലെ ഉയരം കൂടിയതും ഏറ്റവും ജലസമ്പുഷ്ടമായതുമായ പര്‍വത നിരകള്‍ ഉള്ളത്. അതിര്‍ത്തി തര്‍ക്കം ഉള്ളതിനാല്‍, തിബത്തില്‍ ചൈന കൈക്കൊണ്ട നയങ്ങള്‍ ഇന്ത്യയുമായി ഗൗരവമേറിയ സമ്മര്‍ദ്ദം സൃഷ്ടിച്ചിട്ടുണ്ട്.

മാവോയിസ്റ്റ് പ്രക്ഷോഭത്തിനും, രാജകുടുംബത്തിന്റെ രക്തരൂഷിതമായ ഭരണത്തുടര്‍ച്ചക്കും സ്ഥിരതയാര്‍ന്ന ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിനും വേദിയായ നേപ്പാള്‍ ഇതിന്റെയെല്ലാം മധ്യത്തില്‍ നില്‍ക്കുന്നു. അമേരിക്കയുടെ 50 സ്റ്റേറ്റുകളില്‍ ഒന്നിന്റെ പോലും അടുത്ത് വെക്കാന്‍ കഴിയാത്തത്ര കുറഞ്ഞ ദേശീയ വരുമാനമുള്ള ഈ രാജ്യം ഐക്യരാഷ്ട്രസഭയുടെ കണ്ണില്‍ ‘ഏറ്റവും അവികസിതമായ രാജ്യ’മാണ്.

എന്നിരുന്നാലും ലോകത്തിന്റെ നെറുകയിലുള്ള, അമേരിക്കന്‍ സ്‌റ്റേറ്റായ ടെന്നിസ്സീയുടെ അത്രയും കഷ്ടിച്ച് മാത്രം വലിപ്പമുള്ള രാജ്യത്തിന്, മറ്റൊരു അര്‍ഥത്തില്‍ പ്രാധാന്യമുണ്ട്. 2011 മുതല്‍ 2013 വരെ നേപ്പാളിലെ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിച്ച ജയന്ത് പ്രസാദിനെ സംബന്ധിച്ച് അതിനേക്കാള്‍ ശക്തരായ അയല്‍ക്കാരെ സ്വാധീനിക്കാനുള്ളത് ആ രാജ്യത്തിന് ഉണ്ട്.

”സ്വാഭാവികമായും അതിന്റെ ആവശ്യങ്ങള്‍ക്കായി ഇന്ത്യയെയും ചൈനയെയും നേപ്പാള്‍ സന്തുലിതമായി കൊണ്ടുപോകുന്നു”, പ്രസാദ് പറഞ്ഞു. അതേസമയം, കാഠ്മണ്ഡുവില്‍ സ്വാധീനം നേടാനായി ഇന്ത്യ-ചൈനീസ് മത്സരം കണ്ടിട്ടില്ലെന്നും പ്രസാദ് പറയുന്നു. ‘അവിടത്തെച്ചൊല്ലി ചൈന നമ്മളുമായി മത്സരത്തിലല്ല, കാരണം നമുക്കുള്ളത് പോലെ തന്നെ നേപ്പാളുമായി അവര്‍ക്കും നല്ല ബന്ധമുണ്ട്. ”

തിബത്തന്‍ പീഠഭൂമിക്ക് അകത്തും ചുറ്റിലുമായുള്ള കൊടുമുടികള്‍ പതിനായിരക്കണക്കിന് ഹിമാനികളുടെ ഭൂമികയാണ്. ഈ ജലസ്രോതസ്സാണ് മെക്കോങ് മുതല് ഗംഗ വരെയുള്ള, യാങ്‌സെ മുതല്‍ യെല്ലോ റിവര്‍ വരെയുള്ള ഏഷ്യയിലെ പ്രധാനപ്പെട്ട നദീ വ്യവസ്ഥകളെ ഊട്ടി, ഡസനിലേറെ രാജ്യങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നത്. ലോക ജനസംഖ്യയുടെ മൂന്നിലൊന്നും പ്രതിനിധീകരിക്കുന്ന ചൈനയും ഇന്ത്യയും അതില്‍ ഉള്‍പ്പെടുന്നു. 

നദികളാലും മലകള്‍ നിറഞ്ഞ ഭൂപ്രകൃതിയാലും അനുഗ്രഹീതമാണ് നേപ്പാള്‍. ആഭ്യന്തരവും പ്രദേശികവുമായ ആവശ്യങ്ങള്‍ക്കായി ജലവൈദ്യുതി ഉത്പാദിപ്പിക്കാനുള്ള, ഇതുവരെ യാഥാര്‍ഥ്യമാക്കാത്ത വലിയ സാധ്യത ആ രാജ്യത്തിനുണ്ട്. പ്രസിഡന്റ് രാം ബരാന്‍ യാദവ് നയിച്ച സര്‍ക്കാര്‍ ജലവൈദ്യുത പദ്ധതികള്‍ക്കായി ശ്രമം നടത്തിയിട്ടുണ്ട്. 

ഇതുവരെ രാജ്യത്തുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ വിദേശ നിക്ഷേപത്തിന്, ചൈനയുടെ ത്രീ ഗോര്‍ജസ് ഇന്റര്‍നാഷണല്‍ കോര്‍പ്പിന്റെ 160 കോടി ഡോളറിന്റെ ജലവൈദ്യുത പദ്ധതിക്ക് നേപ്പാളിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് ഏപ്രില്‍ മധ്യത്തോടെ അനുമതി നല്‍കി. 

ചൈനയിലെ വ്യാപാരികള്‍ക്ക് ഹിമാലയം സ്വാഭാവിക തടസ്സം സൃഷ്ടിച്ചതിനാല്‍, ചരിത്രപരമായി ഇന്ത്യക്കായിരുന്നു രാഷ്ട്രീയമായും സാമ്പത്തികമായും ഉറ്റബന്ധമുണ്ടായിരുന്നത്. ഇപ്പോഴും നേപ്പാളിന്റെ വ്യാപാരത്തിന്റെ പകുതിയിലധികവും ഇന്ത്യയുമായാണ് നടക്കുന്നത്.

എന്നിരുന്നാലും 2014 ല്‍ ഇന്ത്യയെ കടത്തിവെട്ടിക്കൊണ്ട്, ഊര്‍ജ പ്ലാന്റുകള്‍ക്കും നൂഡില്‍സ് വ്യവസായ ശാലകള്‍ക്കും മാംസ സംസ്‌കരണ യൂണിറ്റുകള്‍ക്കും ഫണ്ടു നല്‍കിക്കൊണ്ട് ചൈന നേപ്പാളിന്റെ ഏറ്റവും വലിയ വിദേശ നിക്ഷേപകരായി. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനം നേപ്പാളിന്റെ ആദ്യ എട്ടുവരിപ്പാതക്കായി കാഠ്മണ്ഡുവില് ചൈനീസ് എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുകയായിരുന്നു. 450 ലക്ഷം ഡോളര്‍ ചെലവഴിച്ച് തലസ്ഥാനത്തെ ചുറ്റുന്ന തരത്തില്‍ നിലനില്‍ക്കുന്ന റോഡിന്റെ നിലവാരമുയര്‍ത്തുന്ന ജോലി ആയിരുന്നു അത്. 

‘ചൈനയുടെ പ്രാധാന്യം കൂടിക്കൊണ്ടിരിക്കുകയാണ്.” നേപ്പാളിന്റെ ധനകാര്യ മന്ത്രി രാം ഷരണ്‍ മഹത് കഴിഞ്ഞ ഡിസംബറില്‍ ബ്ലൂംബര്‍ഗുമായി നടത്തിയ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ഈ വാക്കുകള്‍. ‘കച്ചവട സീമകള്‍ പുതുക്കിയതും ചൈനീസ് വസ്തുക്കളുടെ കുറഞ്ഞ നിരക്കും കാരണം ചൈനയുടെ കച്ചവടവും അതിനോടൊപ്പം നേപ്പാളും വളരുകയാണ്.”

2008 മാര്‍ച്ചില്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ തിബത്തുകാരുടെ ചൈനാ വിരുദ്ധ പ്രതിഷേധ പ്രവാഹം ഉണ്ടായപ്പോഴാണ് ചൈന നേപ്പാളിനെ അംഗീകരിച്ചു തുടങ്ങിയതെന്ന് ന്യൂഡല്‍ഹിയിലെ രാഷ്ട്രീയ, സുരക്ഷാ പ്രശ്‌ന നിരീക്ഷകനും ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്റ്ററേറ്റ് നേടുകയും ചെയ്ത പ്രമോദ് ജയ്‌സ്വാള്‍ പറയുന്നു.

‘നേപ്പാള്‍ കേന്ദ്രീകരിച്ച് ഏകദേശം 20,000ത്തോളം തിബത്തന്‍ അഭയാര്‍ഥികള്‍ നടത്തുന്ന അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുക എന്നതായിരുന്നു അവരുടെ ആവശ്യം.” കഴിഞ്ഞ വര്‍ഷം ഒരു പത്രത്തില്‍ അദ്ദേഹം എഴുതി.

അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില് 1962 ല്‍ യുദ്ധത്തിനിറങ്ങിയ രണ്ടു രാജ്യങ്ങള്‍ക്കിടയിലെ നിഷ്പക്ഷ രാജ്യമാണെന്നതിനാല്‍ നേപ്പാളുമായി സഖ്യമുണ്ടാകുന്നത് ഗുണം ചെയ്യുമെന്ന് ബെയ്ജിങ്ങിലെ ചൈന ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് കണ്ടമ്പററി ഇന്റര്‍ നാഷണല്‍ റിലേഷന്‍സിലെ ഗവേഷകനായ ലി ലി പറയുന്നു. ”ഭൗമരാഷ്ട്രീയം വെച്ച് നോക്കുമ്പോള്‍, തെക്ക് ഏഷ്യന്‍ രാജ്യങ്ങളുമായി നേരിട്ട് ബന്ധപ്പെടാനുള്ള ചൈനയുടെ ആഗ്രഹത്തിന് ഒരു സുപ്രധാന ഇടനാഴിയാണ് നേപ്പാള്‍.”

കഴിഞ്ഞ വര്‍ഷം അവസാനം ചൈന ഡെയ്‌ലിയില്‍ വാര്‍ത്തയായത് പോലെ ഷിങ്ഹായി തിബത്ത് റെയില്‍വേ ചൈന-നേപ്പാള്‍ അതിര്‍ത്തി വരെ നീട്ടുക എന്ന ശുപാര്‍ശ പുരോഗമിക്കുകയാണെങ്കില്‍ ചൈനീസ് സ്വാധീനം കൂടുതല്‍ വളരും.

ഏഷ്യയിലെ റോഡുകള്‍ക്കും, പാലങ്ങള്‍ക്കും, ഊര്‍ജ്ജ പ്ലാന്റുകള്‍ക്കും ഫണ്ട് ചെയ്യാനുള്ള പ്രത്യേക സംവിധാനം കൊണ്ടു വരാനുള്ള പദ്ധതി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ചൈനയുടെ 4000 കോടി ഡോളര്‍ സില്‍ക്ക് റോഡ് ഫണ്ടിന്റെ നാലില്‍ ഒന്നു പോലും ആകില്ലെന്ന് ചര്‍ച്ചയില്‍ ഭാഗമായിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. അടിസ്ഥാനസൗകര്യത്തിനായി മധ്യ തെക്ക് ഏഷ്യയില്‍ വന്തുകയുടെ ഇടപാടുകള്‍ നടക്കാവുന്ന പാത ചൈനയ്ക്കും മദ്ധ്യധരണ്യാഴിയ്ക്കും ഇടയിലെ കച്ചവട പാതയായ പഴയ സില്‍ക്ക് റോഡിന്റെ പകര്‍പ്പാണ്.

വരും മാസങ്ങളില്‍ അതിന്റെ രണ്ട് ശക്തരായ അയല്‍ക്കാരില്‍ നിന്നും നേപ്പാളിന് സഹായങ്ങള്‍ തീര്‍ച്ചയായും ആവശ്യമായി വരും. രാജ്യത്തിന്റെ വാര്‍ഷിക സാമ്പത്തിക ഉത്പാദനത്തിന്റെ 20 ശതമാനത്തിന് തുല്യമായ 500 കോടി ഡോളറിന്റെ നിര്‍മാണ ചെലവാണ് രാജ്യത്തിന് നേരിടേണ്ടിയിരുന്നത് എന്ന് ഐ എച്ച് എസിലെ മുഖ്യ ഏഷ്യന്‍ സാമ്പത്തിക വിദഗ്ധന്‍ കുറിക്കുന്നു.

നേപ്പാളിനെ പുനര്‍നിര്‍മ്മിക്കാനായി രണ്ട് ഏഷ്യന്‍ ശക്തികളും നേതൃപരമായ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘ഹൈവേകളുടെയും ആശുപത്രികളുടെയും കാര്യത്തില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയും ചൈനയും പരസ്പരം മത്സരിക്കുമെന്നാണ് കരുതപ്പെടുന്നത്,” രാഷ്ട്രീയ വിശകലന വിദഗ്ധന്‍ ജയ്‌സ്വാള്‍ പറഞ്ഞു. ‘ഹ്രസ്വകാല അടിസ്ഥാനത്തില്‍ പ്രതിച്ഛായക്കും നേരിയ തരത്തിലുള്ള അധികാരത്തിനും വേണ്ടിയാണ് ഇത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് അവരുടെ സുരക്ഷാ താത്പര്യങ്ങളെ സംബന്ധിക്കുന്നതാണ്.”

നേപ്പാളിന്റെ മുന്‍ ധനകാര്യ മന്ത്രി മധുകര്‍ എസ് ജെ ബി റാണയെ സംബന്ധിച്ച് രാജ്യത്തിന്റെ അടിസ്ഥാന വ്യാവസായിക രംഗം കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. ‘രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമാണ് കാഠ്മണ്ഡു, അത് ഇപ്പോള്‍ മോശം അവസ്ഥയിലാണ്,”

ഭൂകമ്പം റോഡുകള്‍ക്കും പവര്‍ ലൈനുകള്‍ക്കും നാശം ഉണ്ടാക്കി. അടിസ്ഥാനസൗകര്യങ്ങള്‍ക്കായി വാര്‍ഷികമായി നിലവില്‍ ചെലവഴിക്കുന്ന തുകയുടെ നാല് മടങ്ങ് അധികം ചെലവാക്കിയാല്‍ മാത്രമെ 2020ഓടെ നിക്ഷേപകരെ ആകര്‍ഷിക്കാനാകുവെന്ന് ദുരന്തത്തിന് മുന്നെ തന്നെ ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് കണക്കുകൂട്ടിയിരുന്നു.

ചൈനയുടെ വാണിജ്യ മന്ത്രാലയം ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി 32 ലക്ഷം ഡോളര്‍ വിലമതിക്കുന്ന ജനറേറ്ററുകളും ടെന്റുകളും മറ്റ് അവശ്യ സാധനങ്ങളും അയക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പീപ്പിള്‍സ് ലിബറേഷന് ആര്‍മി ദുരിതാശ്വാസത്തിനായും രക്ഷാപ്രവര്‍ത്തന സാമഗ്രികളുമായും നാല് II-176 യാത്രാ വിമാനങ്ങള്‍ അയക്കുമെന്ന് പ്രതിരോധ മന്ത്രാലയം അതിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

അഴിമുഖം യു ടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

“അതിനിടെ ഒരു പ്രാദേശിക റേഡിയോ അഭിമുഖത്തില്‍ ‘നേപ്പാളിലെ ഓരോ വ്യക്തിയുടെയും കണ്ണുനീര് തുടക്കാന്‍, അവരുടെ കൈ പിടിച്ച് കൂടെ നില്‍ക്കാന്‍ ഇന്ത്യ എല്ലാ തരത്തിലും പരിശ്രമിക്കും” എന്നാണ് മോദി വാക്കു നല്‍കിയിരിക്കുന്നത്. 

“ശക്തരായ അയല്‍ക്കാരില്‍ നിന്നുള്ള സഹായം കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ വേഗത്തില്‍ നേപ്പാളിന് രക്ഷപ്പെടാനായേക്കും ‘എന്നാല്‍ അവര്‍ക്ക് ഒരു കൈത്താങ്ങിന്റെ ആവശ്യമുണ്ട്,” മുംബൈ ആസ്ഥാനമായുള്ള ഗേറ്റ് വേ ഹൗസിലെ മുതിര്‍ന്ന ജിയോ എക്കണോമിസ്റ്റായ രാജ്‌റിഷി സിംഗാള്‍ പറഞ്ഞു.

“മോശം അടിസ്ഥാന സൗകര്യങ്ങളും അത് നടപ്പിലാക്കുന്നതിലെ പിഴവുകളും ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ കൂടണഞ്ഞു കൊണ്ടിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. ”കുറഞ്ഞ വരുമാനം, കുറഞ്ഞ ആദായം, കൂടിയ പണപ്പെരുപ്പം, ഇറക്കുമതിയിലെ നഷ്ടം എന്നതിലേക്കാണ് നിങ്ങള്‍ നോക്കുന്നത്. ഇത് അവര്‍ക്കൊരു ഭയാനകമായ വര്‍ഷമാകാനിരിക്കുകയാണ്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍