UPDATES

മനുഷ്യാവകാശ കമ്മീഷനംഗമായി ബിജെപി നേതാവ്; പ്രതിപക്ഷത്തിനും എതിര്‍പ്പില്ല

അഴിമുഖം പ്രതിനിധി

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി ബി.ജെ.പി നേതാവിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ആദ്യമായാണ് ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരനെ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി നിയമിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. എല്ലാ കീഴ്‌വഴക്കങ്ങളെയും തെറ്റിച്ചു കൊണ്ടുള്ള നടപടിയായാണ് ഇതിനെ കണക്കാക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇത്തരം രാഷ്ട്രീയ നിയമനങ്ങളോട് വലിയ എതിര്‍പ്പ് പ്രകടിപ്പിച്ച പാര്‍ട്ടിയായിരുന്നു ബി.ജെ.പി.

 

ബി.ജെ.പി വൈസ് പ്രസിഡന്റ് അവിനാശ് റായി ഖന്നയെ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി നിയമിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായാണ് വിവരം. ഈ പദവി രണ്ടു വര്‍ഷമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ജമ്മു-കാശ്മീര്‍ ചുമതലയുള്ള മുന്‍ രാജ്യസഭാംഗം കൂടിയാണ് ഖന്ന. നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ അദ്ദേഹത്തെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി നിയമിച്ചിരുന്നുവെങ്കിലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ 13 മാസത്തിനു ശേഷം ഖന്ന ഈ പദവി രാജിവച്ചിരുന്നു.

 

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക്‌സഭാ സ്പീക്കര്‍, ആഭ്യന്തര മന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, രാജ്യസഭാ പ്രതിപക്ഷ നേതാവ്, രാജ്യസഭാ ഉപാധ്യക്ഷന്‍ എന്നിവരങ്ങുന്ന സമിതിയാണ് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍, അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന്റെ ഗുലാം നബി ആസാദും ഉപാധ്യക്ഷന്‍ കോണ്‍ഗ്രസിന്റെ തന്നെ പിജെ കുര്യനുമാണ്. 

 

ഒഴിഞ്ഞു കിടക്കുന്ന പദവികളിലേക്കുള്ള നിയമനം തീരുമാനിക്കാന്‍ ഈ സമിതി കഴിഞ്ഞ മാസം യോഗം ചേര്‍ന്നിരുന്നുവെന്നും മറ്റ് പേരുകള്‍ ചര്‍ച്ച ചെയ്‌തെങ്കിലും ഖന്നയുടെ പേര് ഒടുവില്‍ തീരുമാനിക്കുകയായിരുന്നുവെന്നും അവിടെ എതിര്‍പ്പുകളേ ഉണ്ടായിരുന്നില്ലെന്നും സമിതിയിടെ ഒരംഗത്തെ ഉദ്ധരിച്ചു കൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. 1993-ലെ മനുഷ്യാവകാശ കമ്മീഷന്‍ നിയമത്തില്‍ കമ്മീഷന്റെ ഘടന എങ്ങനെയായിരിക്കണമെന്ന് പറയുന്നുണ്ട്. ഇതനുസരിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരിക്കണം കമ്മീഷന്റെ അധ്യക്ഷന്‍.

 

നിയമം അനുസരിച്ച് നാല് മുഴുവന്‍ സമയ അംഗങ്ങളില്‍ ഒരാള്‍ സുപ്രീം കോടതി മുന്‍ ജഡ്ജി, ഒരു ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്, മനുഷ്യാകാശ വിഷയങ്ങളില്‍ അവഗാവവും പ്രവര്‍ത്തനപരിചയവുമുള്ള രണ്ടു പേര്‍ എന്നിങ്ങനെയായിരിക്കണം ഘടന എന്നുമാണ്. രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരാളെ ഈ പദവിയില്‍ നിയമിക്കുന്നതിന് തടസമില്ലെങ്കിലും ഇത്തരം നിയമനങ്ങള്‍ എപ്പോഴും അധിക്ഷേപാര്‍ഹമാണ്- ഒരു മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം പ്രതികരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഇത്തരം പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുറ്റമറ്റ യോഗ്യതകളുള്ളവരായിരിക്കണമെന്ന് ബി.ജെ.പി പ്രതിപക്ഷത്തിരുന്നപ്പോള്‍ വാദിച്ചിരുന്നു. സുപ്രീം കോടതി മുന്‍ ജഡ്ജി സിറിയക് ജോസഫിനെ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി നിയമിക്കാനുള്ള യു.പി.എ സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് അന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്ന അരുണ്‍ ജയ്റ്റ്‌ലി സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോടും മതസംഘടനകളോടും ആഭിമുഖ്യമുള്ളയാളാണ് സിറിയക് ജോസഫ് എന്നു ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും മറ്റ് അംഗങ്ങളും ഈ എതിര്‍പ്പ് അവഗണിച്ച് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി നിയമിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍