UPDATES

വിദേശം

കളി പിഴയ്ക്കുന്നു? ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ പുതിയവഴികള്‍ തേടി അമേരിക്ക

Avatar

ഗ്രെഗ് മില്ലര്‍, സ്‌കോട് ഹിഗാം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സിറിയയിലേക്ക് പോരാളികള്‍ വലിയ തോതില്‍ എത്തിക്കൊണ്ടിരുന്ന കഴിഞ്ഞ വേനല്‍ക്കാലത്ത് ഇസ്ലാമിക് സ്‌റ്റേറ്റിന്റേത് പോലുള്ള ദൃശ്യങ്ങളുമായി ഒരു വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി. 

‘ഐ എസ് ഐ എസ് ദേശത്തേക്ക് നടക്കുകയല്ല, ഓടൂ..,’ എന്നാരംഭിക്കുന്ന വീഡിയോ ഭീകരവാദി സംഘത്തിന്റെ ക്രൂരതകളുടെ ദൃശ്യങ്ങള്‍ മാറിമറിയുന്നതാണ്. തടവുകാരെ വെടിവെച്ചുകൊല്ലല്‍, വെട്ടിമാറ്റിയ തലകളും കുത്തിനിര്‍ത്തിയ കബന്ധങ്ങളും; കവലകളില്‍ കുരിശുകളില്‍ തൂക്കിയിട്ട ശവശരീരങ്ങള്‍. 

അവസാന ദൃശ്യത്തില്‍ മാത്രമേ വീഡിയോയുടെ ഉറവിടം വെളിവാകൂ: യു.എസ് വിദേശകാര്യ വകുപ്പ്. 

നീണ്ടകാലത്തെ പ്രചാരണയുദ്ധത്തില്‍ യു.എസ് നേടിയെടുത്ത ഒരു മേല്‍ക്കൈ ആയാണ് ഇതിനെ അവര്‍ കണ്ടത്. ഈ വീഡിയോ 8,44,000 പേരാണ് കണ്ടത്. 

എന്നാല്‍ ഇത്തരം പ്രചാരണത്തില്‍ യു.എസിന് ഏതറ്റം വരെ വരെ പോകാം എന്ന കാര്യത്തില്‍ വലിയ സംവാദങ്ങളാണ് ഉയര്‍ന്നത്. 

തീവ്രവാദ ഇസ്ലാമിക സിദ്ധാന്തത്തിന്റെ പ്രചാരണം തടയുന്നതിന് വിദേശകാര്യ വകുപ്പിന്റെ ഒരു പ്രത്യേക സംഘം തയ്യാറാക്കിയതാണ് ഈ വീഡിയോ. Cetnre for tSrategic Counter terrorism Communications-CSCC- പ്രസിഡണ്ട് ഒബാമയുടെ നേരിട്ടുള്ള പിന്തുണയും CIAയുടെ സഹായവും അറബി, ഉറുദു, സോമാലി ഭാഷ വിദഗ്ദ്ധരും ഒക്കെയുള്ള ഒരു സംഘമാണ്. നവ സാമൂഹ്യമാധ്യമങ്ങളില്‍ ഇവര്‍ സജീവമായി ഇടപെടുന്നു. 

‘ഒരു രാഷ്ട്രീയ പ്രചാരണത്തിലെ യുദ്ധമുറി പോലെയാണ്’ അവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഇതിന്റെ ചുമതലയുള്ള മുതിര്‍ന്ന യു.എസ് നയതന്ത്ര വിദഗ്ധന്‍ ആല്‍ബെര്‍റ്റോ ഫെര്‍ണാണ്ടസ് പറഞ്ഞു. എതിരാളിയുടെഇസ്ലാമിക് സ്‌റ്റേറ്റ് അതേ തന്ത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് സിറിയയിലേക്ക് പോകുന്നത് വിശുദ്ധ ദൗത്യത്തിനല്ല, മറിച്ച് ഇതൊരു വൃത്തികെട്ട സംഗതിയാണ് എന്നാണ് കാണിച്ചത്. 

എന്നാല്‍ ഈ തന്ത്രം കടുത്ത വിമര്‍ശനങ്ങളും നേരിടുന്നു. ഈ തന്ത്രം എതിരാളിയെ സഹായിക്കുകയെ ഉള്ളൂ എന്നു പല വിദഗ്ദ്ധരും പറയുന്നു. ഈ ചിത്രം അതിന്റെ ലക്ഷ്യം നേടിയോ എന്ന് അത് ഉണ്ടാക്കിയവര്‍ക്കുപോലും തിട്ടമില്ല; തീവ്രവാദികളാകാന്‍ ആഗ്രഹമുള്ളവരെ സിറിയയിലേക്ക് പോകുന്നതില്‍ നിന്നും തടയുക. 

ഇതോടെ യു.എസ് വീണ്ടും ആ പഴയ പ്രതിസന്ധിയില്‍ തന്നെ അകപ്പെട്ടിരിക്കുന്നു. ഇസ്ലാമിക തീവ്രവാദം പ്രചരിക്കുന്നത് തടയാന്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ഒരു പ്രചാരണ തന്ത്രം കണ്ടെത്തുക. 

ഭീകരവാദ വിരുദ്ധ യുദ്ധത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പ്രശ്‌നമാണിത്. സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷമുള്ള 14 വര്‍ഷം, യു.എസ് ആല്‍ ഖ്വയ്ദ പോലുള്ള സംഘടനകളെ ദുര്‍ബലമാക്കുകയും, ഒസാമ ബിന്‍ ലാദനെ കൊല്ലുകയും രാജ്യത്തെ വന്‍ ആക്രമണങ്ങളില്‍ നിന്നും സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്. 

എന്നാല്‍ അല്‍ ക്വയ്ദയുടേത് പോലുള്ള തീവ്രവാദ സിദ്ധാന്തം പരക്കുകയാണ് ഉണ്ടായത്. 

മുമ്പ് സി ഐ എ പ്രചാരണ പരിപാടികള്‍ മുതല്‍ വാള്‍ട് ഡിസ്‌നി സിനിമ വരെ യു.എസ് ഉപയോഗിച്ചിട്ടുണ്ട്. അതൊന്നു വേണ്ടത്ര ഫലിക്കുന്നില്ല എന്നതുകൊണ്ടാകാം സര്‍ക്കാര്‍ ഡ്രോണ്‍ ആക്രമണങ്ങളും കമാന്‍ഡോകളും വിനാശകാരിയായ ആയുധങ്ങളുമൊക്കെ വീണ്ടുമെടുത്തത്. 

ഒബാമയുടെ രണ്ടാം തവണത്തെ ഭരണം അവസാനിക്കാന്‍ രണ്ടുകൊല്ലത്തില്‍ കുറവ് മാത്രമേ ഉള്ളപ്പോള്‍ മറ്റൊരു പരീക്ഷണം നടത്തുകയാണ് അധികൃതര്‍. ഫെര്‍ണാണ്ടസിനെ തലപ്പത്ത് നിന്നും മാറ്റി. അയാള്‍ നയിച്ച സംഘത്തോട് ഇസ്ലാമിക് സ്‌റ്റേറ്റിനെ നേരിട്ടു ലക്ഷ്യമിടുന്നത് ഒഴിവാക്കാന്‍ പറഞ്ഞു. Information Coordination Cell എന്ന പുതിയൊരു സ്ഥാപനത്തിന് വിദേശകാര്യ വകുപ്പ് രൂപം കൊടുത്തു. യു.എസ് നയതന്ത്ര കാര്യാലയങ്ങള്‍, സൈനിക നേതാക്കള്‍, മേഖലാ സഖ്യക്ഷികള്‍ എന്നിവരെ ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള സംഘങ്ങളെ തുറന്നു കാട്ടുന്നതിനുള്ള ഒരു ആഗോള സന്ദേശ സംവിധാനത്തിന്റെ ഭാഗമാക്കുകയാണ്. 

കൂടുതല്‍ വസ്തുതാപരവും തെളിവുകളുളോട് കൂടിയതുമാവുകയാണ് പുതിയ പരിപാടി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കാപട്യം തുറന്നു കാണിക്കുക, സംഘം വിട്ടു ഓടിപ്പോന്നവരെ കുറിച്ച് വിശദമാക്കുക, പോരാട്ടത്തില്‍ അവര്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ എന്നിങ്ങനെയായിരിക്കും ഈ പരിപാടി. 

വാഷിംഗ്ടണ്‍ നിലവാരത്തില്‍ ഇവര്‍ക്കുള്ളത് വളരെ ചെറിയ തുകയാണ്. യു.എസ് സര്‍ക്കാരിന്റെ എന്ന രീതിയില്‍ പുറത്തുവരുന്നതോടെ മുസ്ലീങ്ങളെ കൂടുതല്‍ അകറ്റുകയും ചെയ്യും. 

പുതിയ തീവ്രവാദികള്‍ ഉണ്ടാകുന്നത് തടയുക എന്നതിനെക്കാളേറെ അവരെ കൊള്ളുക എന്ന രീതിയിലേക്ക് വാഷിംഗ്ടണ്‍ മാറുന്നു എന്നതില്‍ ആശങ്കയുള്ള ഭീകരവാദ വിരുദ്ധ തലവന്‍ ഡാനിയല്‍ ബെഞ്ചമിന്‍ അടക്കമുള്ളവരാണ് ഈ കേന്ദ്രത്തിന് രൂപം കൊടുത്തത്. അന്നത്തെ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ഇതിന് വലിയ പ്രാധാന്യം നല്‍കി. 

ക്ലിന്റന്റെ പിന്തുണയുണ്ടായിട്ടും വൈറ്റ് ഹൗസില്‍ ഇത് തര്‍ക്കവിഷയമായി തുടര്‍ന്നു. ഈ പദ്ധതി ഒബാമക്കും ദേശീയ സുരക്ഷാ സംഘത്തിനും മുമ്പാകെ ബെഞ്ചമിന്‍ സമര്‍പ്പിച്ചപ്പോള്‍ പാകിസ്ഥാനില്‍ സി ഐ എ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളായിരുന്നു പ്രധാന തര്‍ക്കം. 

ബെഞ്ചമിന്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍, ഒബാമ ഇടപെട്ടു. 

‘ഇതാണ് ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്താണിത് നമ്മള്‍ മുമ്പ് ചെയ്യാഞ്ഞത്?’

എന്നാല്‍ ഒബാമയുടെ സംഘത്തിലെ എല്ലാവര്‍ക്കും അത് സ്വീകാര്യമായിരുന്നില്ല. അത്തരം എതിര്‍പ്പുകളുടെ ഇടയിലാണ് പദ്ധതി തുടങ്ങിയത്. പ്രസിഡണ്ടിന്റെ ഈ പരാമര്‍ശങ്ങളുണ്ടായിട്ടും കേന്ദ്രം സ്ഥാപിക്കുന്നതിന് ഒരുത്തരവു വരാന്‍ ഒരു കൊല്ലമെടുത്തു എന്നു ഹിലരി ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നു. 

സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ പത്താം വാര്‍ഷികത്തിന് രണ്ടു ദിവസം മുമ്പിറങ്ങിയ ഉത്തരവില്‍ കേന്ദ്രത്തിന്റെ ദൗത്യങ്ങള്‍ വിശാലാടിസ്ഥാനത്തില്‍ വ്യക്തമാക്കി. 

‘സന്തുഷ്ടരായ മുസ്ലീങ്ങള്‍’ പ്രചാരണം 
വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാനും മറ്റും നടത്തി പരാജയപ്പെട്ട മുന്‍ശ്രമങ്ങളില്‍ നിന്നും ഒരു വിടുതല്‍ കൂടിയായിരുന്നു വിദേശകാര്യ വകുപ്പിന് ഇത്. മാഡിസണ്‍ അവന്യൂ പരസ്യ വിദഗ്ധന്‍ ഷാര്‍ലറ്റ് ബീര്‍സ് സെപ്റ്റംബര്‍ 11 ആക്രമണത്തിന് ഒരുമാസം ശേഷം തയ്യാറാക്കിയ ഒരു പുതിയ നയതത്ര ചിത്രവും ഇതില്‍പ്പെടും. 15 ദശലക്ഷം ഡോളര്‍ ചെലവാക്കിയ ഈ ചിത്രത്തില്‍ യു.എസില്‍ സസന്തോഷം കഴിയുന്ന മുസ്ലീങ്ങളെ ചിത്രീകരിച്ചിരുന്നു. 

വിദേശകാര്യ വകുപ്പിലെ പലരും ഇതിനെ ആക്ഷേപിച്ചുകൊണ്ട് ‘സന്തുഷ്ട മുസ്ലീം’ എന്നാണ് വിളിച്ചത്. ആ പ്രചാരണചിത്രം പെട്ടന്ന് നിര്‍ത്തിവെച്ചു. ബീര്‍സ് 2003ല്‍ ഭരണസംവിധാനത്തില്‍ നിന്നും ഒഴിവായി. 

പിന്നീട് 2005ല്‍ ഇറാക്ക് യുദ്ധം മൂര്‍ച്ഛിച്ചപ്പോള്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിന്റെ ഉപദേശക കരേന്‍ ഹ്യൂസ്, ഡിസ്‌നി കമ്പനിയെ പ്രേരിപ്പിച്ച് വിമാനത്താവളങ്ങളിലും യു.എസ് നയതന്ത്ര കാര്യാലയങ്ങളിലും കാണിക്കാന്‍ ‘Potrraits of America’ എന്നൊരു ചിത്രം നിര്‍മ്മിച്ചു. 

യു.എസ് ശ്രമങ്ങള്‍ വിജയിക്കാതായതോടെ അനുകൂലമായ മാധ്യമ സാഹചര്യം അല്‍ക്വെയ്ദ മുതലെടുക്കാന്‍ തുടങ്ങി. 

ആദ്യമൊക്കെ ബിന്‍ലാദന്റെ സന്ദേശങ്ങളൊക്കെയായിരുന്നു എത്തിച്ചത്. പക്ഷേ വളരെ പെട്ടെന്ന് അതിന്റെ പ്രാധാന്യം മനസിലാക്കിയ അവര്‍ അസ്‌സഹബ് (മേഘം)എന്ന മാധ്യമ ശാഖ തുടങ്ങി. മതം മാറിയ അമേരിക്കക്കാരന്‍ ആഡം ഗാദാന്റെ നേതൃത്വത്തില്‍ നിരവധി ചിത്രങ്ങളാണ് അവര്‍ വര്‍ഷം തോറും ഇറക്കിയത്. ഇയാള്‍ സി ഐഎ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതുവരെ ഇത് തുടര്‍ന്നു. 

2009 ആയതോടെ അല്‍ ക്വയ്ദയുടെ യെമന്‍ അനുബന്ധ സംഘടന AQAP യുടെ തീപ്പൊരി പ്രഭാഷകന്‍ അന്‍വര്‍ അല്‍ അവ്‌ലാകിയുടെ ഇംഗ്ലീഷ് മതപ്രഭാഷണങ്ങള്‍ ആഗോളതലത്തില്‍ ആരാധകരെ സൃഷ്ടിച്ചു. ടെക്‌സാസില്‍ 19 പേര്‍ കൊല്ലപ്പെടാനിടയായ 2009 ലെ വെടിവെയ്പ്പടക്കം ഇയാളുടെ പ്രകോപനപരമായ ആഹ്വാനം മൂലമാണെന്നും കരുതുന്നു. 

ഒരു വര്‍ഷത്തിന് ശേഷം AQAP, Inspire എന്ന പേരില്‍ ഇംഗ്ലീഷ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണവും ആരംഭിച്ചു. ബോംബുണ്ടാക്കുന്നത് എങ്ങനെ എന്നൊക്കെയായിരുന്നു ഉള്ളടക്കം. ഒബാമയുടെ CSCC പദ്ധതിയുടെ യോഗം നടന്ന അതേ മാസമാണ് ആദ്യലക്കം ഇറങ്ങിയത്. 

ഒടുവില്‍ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയപ്പോഴേക്കും സമയം ഏറെ നഷ്ടപ്പെട്ടെന്ന് വിദേശകാര്യ വകുപ്പ് മനസിലാക്കിയിരുന്നു. പുതിയ മേധാവി റിച്ചാഡ് ലെ ബാരണ്‍ തന്ത്രമൊന്നു മാറ്റി. ആദ്യത്തെ ഓണ്‍ലൈന്‍ വീഡിയോയില്‍ പശ്ചിമേഷ്യയില്‍ മാറ്റം കൊണ്ടുവരാണ്‍ അക്രമത്തിന് മാത്രമേ കഴിയൂ എന്ന അല്‍ ക്വയ്ദ നേതാവ് അയ്മന്‍ അല്‍സവാഹിരിയുടെ പ്രസംഗത്തോടൊപ്പം സമാധാനപരമായ അറബ് വസന്ത സമരത്തിന്റെ ദൃശ്യങ്ങളാണ് കാണിച്ചത്. 

എന്നാല്‍ ബാരണ്‍ പോയി 2012 ആദ്യം ഫെര്‍ണാണ്ടസ് വന്നതോടെ ഈ രീതി മാറി. വകുപ്പിലെ മികച്ച അറബി പണ്ഡിതരില്‍ ഒരാളായ ഫെര്‍ണാണ്ടസ് അല്‍ ക്വയ്ദ സിദ്ധാന്തം ഗവേഷണബുദ്ധിയോടെ മനസിലാക്കാന്‍ തുടങ്ങി. എന്നാല്‍ അദ്ദേഹത്തിന്റെ തുറന്നടിച്ചുള്ള പറച്ചില്‍ പലരെയും മുഷിപ്പിക്കുകയും ചെയ്തു. 2006ല്‍ അല്‍ ജസീറ ടെലിവിഷനില്‍ ഇറാക്കില്‍ യു.എസ് ധിക്കാരവും ധാര്‍ഷ്ട്യവും കാണിച്ചെന്നു പറഞ്ഞതിന് മാപ്പും പറയേണ്ടിവന്നു. 

ഫെര്‍ണാണ്ടസിന്റെ പ്രചരണതന്ത്രങ്ങള്‍ മുറുകിയപ്പോഴേക്കും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ രൂപത്തില്‍ പുതിയ എതിരാളി പ്രത്യക്ഷപ്പെട്ടിരുന്നു. പാശ്ചാത്യ തടവുകാരുടെ തലയറുക്കലടക്കമുള്ള അവരുടെ ദൃശ്യങ്ങള്‍ പ്രചരിക്കാനും തുടങ്ങി. സിറിയക്കപ്പുറമുള്ള അവരുടെ പ്രചാരം മുഴുവന്‍ ട്വിറ്റര്‍ പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ്. അല്‍ ക്വയ്ദ ചിന്തിക്കുക പോലും ചെയ്യാത്ത രീതിയില്‍ വ്യാപകമായി അവരത് പ്രയോഗിക്കുന്നു. 

കഴിഞ്ഞ 4 കൊല്ലത്തിനിടയില്‍ 20,000ത്തിലേറെ വിദേശ പോരാളികള്‍ സിറിയയിലും ഇറാക്കിലുമെത്തി. അതില്‍ 3,400 പേര്‍ പാശ്ചാത്യരാണ്. 1980കളില്‍ അഫ്ഗാനിസ്ഥാനിലേക്ക് നടന്നതിനേക്കാള്‍ കൂടുതല്‍. 

ഇസ്ലാമിക് സ്‌റ്റേറ്റ് യുദ്ധരംഗങ്ങള്‍ പകര്‍ത്തി അത് പ്രചാരണ ചിത്രങ്ങളാക്കി മാറ്റുന്നു (Flames of War). തങ്ങളുടെ ഒരു തടവുകാരന്‍ ബ്രിട്ടീഷ് ടെലിവിഷന്‍ ലേഖകന്‍ ജോണ്‍ കാന്റ്‌ലീയെ നിര്‍ബന്ധിച്ച് ചില വാര്‍ത്താ ശകലങ്ങളും അവര്‍ തയ്യാറാക്കുന്നു. ഐ എസ് ഐ എസ് വധുക്കളാകാന്‍ പാശ്ചാത്യ സ്ത്രീകളെ അവര്‍ സിറിയയിലേക്ക് ക്ഷണിക്കുന്നു. അവരുടെ സാങ്കേതികത്തികവും വളരെ മികച്ചതാണെന്ന് ഫെര്‍ണാണ്ടസ് തന്നെ സമ്മതിക്കുന്നു. 

2013 മദ്ധ്യത്തോടെ അല്‍ ക്വയ്ദയല്ല ഇസ്ലാമിക് സ്‌റ്റേറ്റായി സിഎസ്‌സിസിയുടെ മുഖ്യ ലക്ഷ്യം. ഐ എസ് ഐ എസ് സിറിയയിലെ മുസ്ലീങ്ങള്‍ക്ക് എന്തുമാത്രം ദോഷം ചെയ്യുന്നു എന്നു കാണിക്കുന്ന നിരവധി വീഡിയോകള്‍ അവര്‍ ഉണ്ടാക്കി. ട്വിറ്ററിലും യുദ്ധം തുടങ്ങി. പലപ്പോഴും വിദേശകാര്യ വകുപ്പിന്റെ ട്വീറ്റുകള്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ട്വീറ്റ് പ്രളയത്തില്‍ മുങ്ങിപ്പോയി. 

ഇസ്ലാമിക് സ്‌റ്റേറ്റ് പല തന്ത്രങ്ങളും പ്രയോഗിച്ചു. സേവനദാതാക്കള്‍ക്ക് പരാതി പല രീതിയില്‍ നല്‍കി. അകൗണ്ടുകള്‍ മരവിപ്പിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് പല തവണ സേവന ദാതാക്കളോട് അഭ്യര്‍ത്ഥിക്കേണ്ടിവന്നു എന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു. സെന്ററിലെ ജോലിക്കാര്‍ക്കെതിരെ വധഭീഷണികളും കുറവായിരുന്നില്ല. സാമൂഹ്യമാധ്യമങ്ങളിലെ മിക്ക ജോലികളും കരാര്‍ ജീവനക്കാരാണ് ചെയ്യുന്നത്. 

തുടക്കം മുതലേ ഇംഗ്ലീഷില്‍ എന്തെങ്കിലും പ്രചാരണ വസ്തുക്കള്‍ തയ്യാറാക്കാതിരിക്കാന്‍ കേന്ദ്രം ശ്രദ്ധിക്കാറുണ്ട്. അമേരിക്കന്‍ പൗരന്മാരെ സ്വാധീനിക്കാതിരിക്കാനാണ്. വാഷിംഗ്ടണ്‍ വക സൂക്ഷ്മ പരിശോധന ഒഴിവാക്കാനും. എന്നാല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഇംഗ്ലീഷ് പ്രചാരണത്തിലൂടെ പാശ്ചാത്യരെ ആകര്‍ഷിക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയപ്പോള്‍ വിദേശകാര്യ വകുപ്പ് ഈ നയം ഉപേക്ഷിച്ചു. 

‘ISIS Land’ എന്ന ചിത്രത്തിന്റെ ആശയം 2014 വേനല്‍ക്കാലത്താണ് വന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് ആക്രമണം രൂക്ഷമാക്കിയ കാലം. ഇറാക്കിലെ മൊസൂള്‍ പിടിച്ചെടുത്തു. ഇംഗ്ലീഷില്‍ പുതിയ വീഡിയോകള്‍ ഐ എസ് ഇറക്കി. അതില്‍ ഐ എസ് പോരാളികള്‍ ആഡംബരപൂര്‍ണമായ ജീവിതമാണ് നയിക്കുന്നതെന്ന് കാണിക്കുന്ന ‘പഞ്ച നക്ഷത്ര ജിഹാദിന്റെ’ വീഡിയോകളും ഉണ്ടായിരുന്നു. 

എന്നാല്‍ ഇതിനെ കളിയാക്കുന്ന വീഡിയോ നല്‍കാനായിരുന്നു ഫെര്‍ണാണ്ടസ് തീരുമാനിച്ചത്. മോണ്ടി പൈത്തണ്‍ ആക്ഷേപഹാസ്യമായിരുന്നു ഫെര്‍ണാണ്ടസിന്റെ മനസില്‍. 

‘Welcome to ISIS Land’ മറ്റ് നിരവധി ദൃശ്യങ്ങളുടെ കൂട്ടത്തില്‍ അത്രയൊന്നും ശ്രദ്ധ പിടിച്ചുപറ്റിയില്ല ജൂലായ് 23നു പോസ്റ്റ് ചെയ്തപ്പോള്‍. പക്ഷേ പിന്നെ ദൃശ്യം ജനശ്രദ്ധ വ്യാപകമായി പിടിച്ചുപറ്റാന്‍ തുടങ്ങി. 

ഗാര്‍ഡിയന്‍ ലേഖകന്‍ ഇതിന്റെ ലിങ്ക് ട്വിറ്ററിലിട്ടു. CNN ഒരു ഭാഗം സംപ്രേഷണം ചെയ്തു. HBO ഹാസ്യതാരം തന്റെ പരിപാടിയില്‍ വീഡിയോയെ നിശിതമായി കളിയാക്കി. ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂലികള്‍ ‘Run Do Not Walk to U.S Terrorist State’ ഹാസ്യാനുകരണവും ഇറക്കി. 

എന്നാല്‍ വീഡിയോ പ്രതികൂല സ്വാധീനമാണ് ഉണ്ടാക്കുന്നതെന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 

വീഡിയോക്ക് വൈറ്റ് ഹൗസ്, സി ഐ എ, പെന്റഗന്‍, വിദേശകാര്യ വകുപ്പ് എന്നിവരുടെ മുന്‍കൂര്‍ അനുമതി ഫെര്‍ണാണ്ടസ് വാങ്ങിയിരുന്നു. പക്ഷേ പൊതുജനാഭിപ്രായം എതിരായതോടെ പഴയ വിമര്‍ശകര്‍ അതായുധമാക്കി. 

‘ഞാനൊരു ഭീകരവാദിയാകാന്‍ പോവുകയായിരുന്നു. നിങ്ങളുടെ വീഡിയോ കണ്ടു. ഇഷ്ടപ്പെട്ട് മനം മാറ്റി എന്ന് പറയുന്ന ഒരാളെ കണ്ടാലെ വിജയം കണക്കാക്കൂ എന്നാണെങ്കില്‍, അത് നിങ്ങള്‍ക്കൊരിക്കലും കിട്ടില്ല,’ ഫെര്‍ണാണ്ടസ് പറഞ്ഞു. 

എന്തായാലും പണ്ടേ ദുര്‍ബ്ബലമായ കേന്ദ്രത്തിന്റെ നില ഇതോടെ കൂടുതല്‍ പരുങ്ങലിലായി. തുടക്കം മുതലേ 5 ദശലക്ഷം ഡോളറിനും 6 ദശലക്ഷം ഡോളറിനും ഇടയിലായിരുന്നു ബജറ്റ്. വാഷിംഗ്ടണ്‍ നിലവാരത്തില്‍ വളരെ കുറവ്. ഉദാഹരണത്തിന് പെന്റഗണിന്റെ പൊതുജനാഭിപ്രായ സ്വാധീന ബജറ്റ് പ്രതിവര്‍ഷം 150 ദശലക്ഷം ഡോളറാണ്. സി ഐ എ ഇതിനായി 250 ദശലക്ഷം ഡോളറാണ് ചെലവാക്കിയത്. 

കേന്ദ്രത്തിന്റെ അനുകൂലികള്‍ സര്‍ക്കാരില്‍ കുറഞ്ഞുവന്നു. എന്നാലും ബജറ്റ് ഇരട്ടിയാക്കാനുള്ള ശുപാര്‍ശയുമായി ഫെര്‍ണാണ്ടസ് മുന്നോട്ട് പോയി. എന്നാല്‍ കൂടുതല്‍ പണം വേണം, പക്ഷേ അത് പുതിയൊരു സ്ഥാപനത്തിനായിരിക്കണം എന്നായിരുന്നു പുതിയ നേതൃത്വത്തിന്റെ അഭിപ്രായം. ഫെര്‍ണാണ്ടസ് സേവനം മതിയാക്കാറായി എന്നും സൂചനകള്‍ നല്‍കി. 

ഫെബ്രുവരിയില്‍ വിദേശകാര്യ വകുപ്പ് Information Coordination Cell-നു രൂപം നല്‍കി. സാമൂഹ്യമാധ്യമങ്ങളില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെ വെല്ലാന്‍ വകുപ്പിന് ബുദ്ധിമുട്ടാണ്. അതുകൊണ്ട് മറ്റ് വകുപ്പുകളുടെയും സഖ്യകക്ഷികളുടെയും സഹായം വേണം. എല്ലാ ദിവസവും യു.എസ് നയതന്ത്രകാര്യാലയങ്ങള്‍ക്കും സഖ്യ സര്‍ക്കാരുകള്‍ക്കും ‘talking points’ അയച്ചു നല്‍കലാണ് സെല്ലിന്റെ ഒരു ചുമതല. 

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രലോഭനം വികാരപരമാണ് എന്ന് ഫെര്‍ണാണ്ടസ് കരുതുന്നു. അന്യവത്കരിക്കപ്പെട്ട മുസ്ലീംങ്ങളുടെ ഇരകളെന്ന വികാരത്തേയും ദുര്‍ബ്ബലരെന്ന തോന്നലിനെയുമാണ് അവര്‍ മുതലെടുക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തന്നെ ക്രൂരതകള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ അതിനെതിരെ പ്രയോഗിക്കണം എന്നദ്ദേഹം വിശ്വസിക്കുന്നു. 

എന്നാല്‍ ഇത് അവരുടെ വിശ്വാസത്തെ ശക്തമാക്കുകയെ ഉള്ളൂ എന്ന എതിര്‍വാദം ശക്തമാണ്. 

ഫെബ്രുവരിയില്‍ ഫെര്‍ണാണ്ടസ് മാറി. പകരം ഇസ്‌ളാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മ OICയില്‍ ഒബാമയുടെ പ്രതിനിധിയായിരുന്ന ഹുസൈന്‍ വന്നു. 

മാസങ്ങളോളം പുതിയ വീഡിയോകളൊന്നും സെന്റര്‍ നിര്‍മ്മിച്ചില്ല. ‘Terror Facts’ എന്ന പുതിയ വാചകം സ്ഥാനം പിടിച്ചു. CSCC ഇനി Information coordination Cell-മായി യോജിപ്പിക്കും. 

ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ പുതിയ പ്രചാരണ തന്ത്രങ്ങള്‍ മെനയാനാണ് വിദേശകാര്യവകുപ്പ് ശ്രമിക്കുന്നത് . എന്നാല്‍ ഒന്നും അത്ര എളുപ്പമല്ല എന്ന് പഴയ അനുഭവങ്ങളിലെ പാളിച്ചകള്‍ വ്യക്തമാക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍