UPDATES

വിദേശം

പാരിസ് കരാറിന്റെ പേരില്‍ ട്രംപും ഷ്വാസനഗറും തമ്മില്‍ വീണ്ടും വാക്ക്‌പോര്

അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ പുറത്തുവരുന്നതിനിടയ്ക്കാണ് ഷ്വാസനഗറിന്റെ പുതിയ പ്രകോപനം

പ്രമുഖ ഹോളിവുഡ് നടന്‍ ആര്‍നോള്‍ഡ് ഷ്വാസനഗറും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ട്വിറ്റര്‍ യുദ്ധം പുതിയ മേഖലകളിലേക്ക് കടക്കുന്നു. അമിത വാചകമടിയുടെയും പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുകയും ചെയ്തതിന്റെ പേരില്‍ നേരത്തെ ട്രംപിനെ ഷ്വാസനഗര്‍ രൂക്ഷമായി വിമര്‍ശിക്കുകയും തിരിച്ച് നടന്റെ ചില സിനിമകളുടെ പേരില്‍ ട്രംപ് തിരിച്ചടിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പാരീസ് കാലാവസ്ഥ കരാറില്‍ നിന്നും പിന്മാറാന്‍ യുഎസ് തീരുമാനിച്ചതാണ് ഇപ്പോള്‍ പ്രകോപനം സൃഷ്ടിച്ചത്. നീക്കത്തിനിടെ അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ പുറത്തുവരുന്നതിനിടയ്ക്കാണ് ഷ്വാസനഗറിന്റെ പുതിയ പ്രകോപനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതില്‍ താന്‍ ബഹുമാനിതനായെന്നും ശുദ്ധ ഊര്‍ജ്ജത്തിന്റെ ഭാവിക്കായി തങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും വെള്ളിയാഴ്ച വൈകിട്ട് ഷ്വാസനഗര്‍ ട്വീറ്റ് ചെയ്തു. മക്രോണ്‍ മഹത്തായ നേതാവാണെന്നും കാലിഫോര്‍ണിയ ഗവര്‍ണര്‍ കൂടിയായ നടന്‍ പറഞ്ഞുവെച്ചു.

പാരീസ് കരാറില്‍ പിന്മാറാനുള്ള ട്രംപിന്റെ തീരുമാനം പുറത്തുവന്നപ്പോള്‍ തന്നെ ഷ്വാസനഗര്‍ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ഒരു മനുഷ്യന് മാത്രമായി നമ്മുടെ പുരോഗതിയെ തടസപ്പെടുത്താനാവില്ലെന്നും ഒരാള്‍ക്ക് മാത്രമായി ശുദ്ധ ഊര്‍ജ്ജ വിപ്ലവത്തെ തടയാനാവില്ലെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചും ഹരിത ഭാവിയെ കുറിച്ചും തങ്ങള്‍ ചര്‍ച്ച നടത്തിയെന്നും ഷ്വാസനഗര്‍ ട്വീറ്റില്‍ അവകാശപ്പെട്ടു. ഭൂമിയെ ഒരു ഹരിതഗ്രഹമായി പരിവര്‍ത്തിപ്പിക്കുന്നതിന് തങ്ങള്‍ ഇരുവരും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

പാരീസ് കരാറില്‍ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തെ നേരത്തെ മക്രോണും വിമര്‍ശിച്ചിരുന്നു. യുഎസിനും ഭൂമിക്കും നടപടി ദോഷം ചെയ്യുമെന്നായിരുന്നു അന്ന് മക്രോണിന്റെ പ്രതികരണം. യുഎസ് പ്രസിഡന്റിന്റെ പെട്ടെന്നുള്ള തീരുമാനത്തില്‍ നിരാശരായ ശാസ്ത്രജ്ഞന്മാരെയും എഞ്ചിനീയര്‍മാരെയും സംരംഭകരെയും അദ്ദേഹം ഫ്രാന്‍സിലേക്ക് ക്ഷണിക്കുകയും അവിടെ സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഷ്വാസനഗറും മക്രോണും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതില്‍ അത്ഭുതത്തിന് അവകാശമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്രംപിനെ പരസ്യമായി വിമര്‍ശിക്കുന്നതില്‍ ഇരുവരും മടികാണിക്കാറില്ലെന്നതും മറ്റൊരു കാരണമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍