UPDATES

സയന്‍സ്/ടെക്നോളജി

നാം ശരീരക്യാമറ ധരിക്കുന്ന കാലം വിദൂരമല്ല

Avatar

ജെസിക കൊന്റേറ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നിങ്ങള്‍ കാലത്ത് ഒരുങ്ങുകയാണെന്ന് സങ്കല്‍പ്പിക്കുക. പല്ലുതേയ്ക്കുന്നു, പ്രാതല്‍ ഉണ്ടാക്കുന്നു, ഉടുപ്പുകള്‍ ഇടുന്നു. പാന്റ്, ഷര്‍ട്ട്, ഒരു വാച്ച്, പിന്നെ നിങ്ങളുടെ ശരീരകാമറയും. 

കുറച്ചു നിമിഷങ്ങള്‍ അതിന്റെ ഭാരം നിങ്ങള്‍ അറിയുന്നു. നിങ്ങളുടെ നെഞ്ചിലോ നിങ്ങളുടെ കണ്ണടയിലോ ആവും അത് ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വേഗം തന്നെ അതവിടെ ഇല്ല എന്ന വിചാരത്തില്‍ നിങ്ങള്‍ എത്തും. 

നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ കാണുന്ന മിക്കവരും ഇങ്ങനെതന്നെയാണ് നടക്കുന്നത്. 

കെട്ടിടങ്ങളിലും ആളുകളുടെ പോക്കറ്റുകളിലും എപ്പോഴും കാമറകള്‍ കണ്ടു നമുക്ക് ശീലമായതുപോലെ ശരീരങ്ങളില്‍ ഉള്ള കാമറകളും ഇപ്പോള്‍ ആളുകള്‍ക്ക് പരിചിതമാണ്. ഓരോ പത്തുസെക്കന്റിലും ഫോട്ടോകള്‍, ഫുട്ടേജ് പിന്നീട് ഉപകാരപ്രദമായാല്‍ എടുക്കാന്‍ പാകത്തിന്. 

ധരിക്കാവുന്ന കാമറകളെപ്പറ്റി ഗവേഷണം നടത്തുന്ന ആളുകള്‍ ഭാവനയില്‍ കാണുന്ന ഒരു ലോകം ഇതാണ്. അവിടെ ഓരോ ദിനചര്യയും റെക്കോര്‍ഡ് ചെയ്യപ്പെടുന്നു. 

മിസോറിയിലെ ഫെര്‍ഗൂസനിലെ മൈക്കല്‍ ബ്രൗണിന്റെ മരണത്തോടെ നിയമപാലനത്തില്‍ സുതാര്യത കൊണ്ടുവരുന്നതിനായി ശരീരക്യാമറകള്‍ വേണമെന്ന ആശയം കൂടുതല്‍ ഉയര്‍ന്നുവന്നു. ബ്രൗണിന്റെ കുടുംബം ഈ സാങ്കേതികവിദ്യയെ പിന്തുണയ്ക്കും എന്ന് പ്രഖ്യാപിച്ചു. യു എസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അമ്പതിനായിരം ശരീരകാമറകള്‍ വാങ്ങാനായി 75 മില്യന്‍ ഡോളര്‍ നീക്കിവയ്ക്കാന്‍ പ്രസിഡന്റ് ഒബാമ പദ്ധതി മുന്നോട്ടുവെച്ചു. 

പോലീസും സമൂഹവും തമ്മില്‍ വിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ശരീരത്തില്‍ ധരിക്കാവുന്ന കാമറകള്‍ എന്ന് ഒബാമ പറഞ്ഞു. 

പ്രസിഡന്റും പോലീസും കരുതുന്നത് ശരീരകാമറകള്‍ക്ക് അവ ഷൂട്ട് ചെയ്യുന്ന മനുഷ്യരുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള കഴിവുണ്ടെന്നാണ്. പല പഠനങ്ങളും സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്. 

‘ഇത് അത്ര വിദൂരഭാവിയല്ല’, ജര്‍മ്മനിയിലെ സ്റ്റട്ട്ഗാര്‍ഡ് സര്‍വകലാശാലയില്‍ മനുഷ്യസമ്പര്‍ക്കത്തിന്റെ പ്രൊഫസറായ അല്‍ബ്രക്റ്റ് ഷ്മിഡ് പറയുന്നു. ‘ഇപ്പോള്‍ കാമറയില്‍ എന്ത് പതിക്കണം എന്നത് നമ്മള്‍ തീരുമാനിക്കുകയാണ്. നമ്മള്‍ കാമറകള്‍ ധരിക്കുമ്പോള്‍ പക്ഷെ നമുക്ക് ആവശ്യമുള്ളതിലും കൂടുതല്‍ നമ്മള്‍ ശേഖരിക്കുന്നു. ആവശ്യമുള്ളപ്പോള്‍ എപ്പോഴും അത് നമ്മുടെ പക്കല്‍ ഉണ്ടാവുകയും ചെയ്യും.’

മെമ്മറി ഓഗ്‌മെന്റേഷനെപ്പറ്റി യൂറോപ്യന്‍ യൂണിയന്‍ നടത്തുന്ന ഒരു പഠനത്തിലെ ഗവേഷകനാണ് ഷ്മിഡ്. കാര്യങ്ങള്‍ കൃത്യമായി ഓര്‍ക്കാന്‍ കഴിയുന്നതിനെപ്പറ്റിയാണ് ഗവേഷണം. കാര്യങ്ങള്‍ കൃത്യമായി ഓര്‍ക്കാന്‍ വേണ്ടിക്കൂടിയാണ് പോലീസ് ശരീരകാമറകള്‍ ധരിക്കണം എന്ന് ആളുകള്‍ കരുതുന്നതും. 

മനുഷ്യന്റെ തലച്ചോറിന് പറ്റുന്ന പിഴവുകളെ മാറ്റിയെടുക്കാന്‍ വീഡിയോ ഫുട്ടെജിനു കഴിയും. ഒരു ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്ന് ഒരു സാധാരണക്കാരന്‍ പരാതിപ്പെട്ടാല്‍ അത് പരിശോധിക്കാനുള്ള സംവിധാനമുണ്ടാകും.

സാധാരണക്കാര്‍ക്ക് ഈ സാങ്കേതികവിദ്യ കൊണ്ട് എന്താണ് പ്രയോജനം? കാതാല്‍ ഗുരിന് ഒരു ആശയമുണ്ട്. ഡബ്ലിന്‍ സര്‍വകലാശാലയിലെ പ്രൊഫസറാണെങ്കിലും ലൈഫ്‌ലോഗ്ഗര്‍ എന്ന പേരില്‍ 2008 മുതല്‍ എല്ലാ ദിവസവും ശരീരത്തില്‍ കാമറ ധരിച്ചതിന്റെ പേരില്‍ പ്രശസ്തനാണ് ആള്‍. 

വീഡിയോ കാമറയ്ക്ക് പ്രകാരം ഒരു മിനുട്ടില്‍ രണ്ടു മുതല്‍ ആറുവരെ ചിത്രങ്ങള്‍ എടുത്ത ശേഷം അവ ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു തിരഞ്ഞു കണ്ടുപിടിക്കാവുന്ന രീതിയിലാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഈ ചിത്രങ്ങള്‍ എവിടെയും തൂക്കിയിടാനോ ആരെയും കാണിക്കാനോ ഉള്ളവയല്ല. ഒരു ദിവസം കൃത്യം എന്തൊക്കെ സംഭവിച്ചു എന്ന് ഓര്‍മ്മിക്കാന്‍ വേണ്ടിയാണ് ഈ ചിത്രങ്ങള്‍. 

‘അവസാനം എപ്പോഴാണ് എന്റെ കയ്യില്‍ താക്കോല്‍ ഉണ്ടായിരുന്നത്? എന്നാണ് ഞാന്‍ അവസാനം ഈ വ്യക്തിയോട് സംസാരിച്ചത്? ഞാന്‍ എത്രയധികം സൂഷി കഴിക്കുന്നുണ്ട്? ഇത് എന്റെ ഓര്‍മ്മയുടെ ഒരു വെര്‍ഷനാണ്’, ഗുരിന്‍ പറയുന്നു.

മുഖങ്ങളും വസ്തുക്കളും തിരിച്ചറിയാന്‍ സോഫ്റ്റ്‌വെയര്‍ കൂടുതല്‍ സജ്ജമാകുംതോറും ഇവയുടെ പ്രയോജനവും കൂടുന്നു. നമ്മുടെ കഴിഞ്ഞ ദിവസങ്ങള്‍ ഓര്‍മ്മിക്കാന്‍ ഇത് സഹായിക്കും എന്ന് മാത്രമല്ല (ഇത്തരത്തില്‍ തിരിഞ്ഞുനോക്കുന്നത് ഡിമെന്‍ഷ്യ രോഗികള്‍ക്കും മറ്റ് ഓര്‍മ്മ അസുഖങ്ങള്‍ക്കും ഗുണകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.) നമ്മുടെ സമയം നമ്മള്‍ എങ്ങനെയാണ് ചെലവഴിക്കുന്നത് എന്നതിനെപ്പറ്റിയും നമുക്ക് ധാരണയുണ്ടാകും. നാം എന്ത് കഴിച്ചു, കുടിച്ചു, എങ്ങനെ വ്യായാമം ചെയ്തു എന്നൊക്കെ കൃത്യമായി ഡോക്ടര്‍മാരോട് പറയാന്‍ കഴിയും. 

ഈ വ്യക്തിപരമായ ഡാറ്റ ഷെയര്‍ ചെയ്യുക സാധാരണമായാല്‍ ഒരേ അസുഖമുള്ള നൂറുകണക്കിന് ആളുകളുടെ ജീവിതശൈലികളെ പഠിക്കാന്‍ ഗവേഷകര്‍ക്ക് സാധിക്കും. ഒരു പുതിയ ഹോട്ടലോ നഗരമോ കാണുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് യാത്രക്കാര്‍ക്ക് നേരത്തെ മനസിലാക്കാന്‍ കഴിയും. ഒരു ദുരന്തമോ ഒരു തീവ്രവാദി ആക്രമണമോ ഉണ്ടാകുമ്പോള്‍ എന്ത് സംഭവിച്ചു എന്ന് മനസിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആയിരക്കണക്കിന് ചിത്രങ്ങള്‍ ലഭിക്കും. 

തീര്‍ച്ചയായും പ്രൈവസി  പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍ ടെക്‌നോളജി കൂടുതല്‍ ഉപകാരപ്രദമാകുന്നതിനനുസരിച്ച് ഇവ പരിഹരിക്കാവുന്നതാണെന്ന് ഗവേഷകര്‍ കരുതുന്നു.

“വാമൊഴിയില്‍ നിന്ന് എഴുത്തിലെത്തിയതുപോലെ ഒരു മാറ്റത്തിന്റെ കാലത്താണ് നമ്മുടെ സമൂഹം എത്തിനില്‍ക്കുന്നത്”, ഷ്മിഡ് പറയുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ എടുത്തെങ്കിലും ആളുകള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ എഴുതാത്ത സമൂഹങ്ങള്‍ക്ക് നിലനില്‍ക്കുക തന്നെ പ്രശ്‌നമായിമാറി.

ശരീരത്തില്‍ ധരിക്കാവുന്ന കാമറകള്‍ ലഭ്യമാണ്. നരേട്ടീവ് ക്ലിപ്പ്, ഗോപ്രൊ, ഓട്ടോഗ്രാഫര്‍ എന്നിവയൊക്കെ ഉദാഹരണം. ശരാശരി 350 ഡോളര്‍ വില. 

ഒരാഴ്ച ഞാന്‍ നരേറ്റീവ് ക്ലിപ്പ് ഉപയോഗിച്ചുനോക്കി. 1.4 ഇഞ്ച് വലിപ്പമുള്ള ഒരു ചതുരമാണത്, ഒരു കോണില്‍ ഒരു ലെന്‍സ് ഉണ്ട്. ഓരോ മുപ്പത് സെക്കന്റിലും ഫോട്ടോ എടുക്കും. കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതവിടെ ഉണ്ട് എന്നത് തന്നെ ഞാന്‍ മറന്നുവെന്ന് മാത്രമല്ല മറ്റുമനുഷ്യര്‍ക്കും അത് പ്രശ്‌നമായില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഞാന്‍ അത് ധരിച്ച് ഷോപ്പിങ്ങിനു പോയി. ആരും എന്നോടൊന്നും ചോദിച്ചില്ല. ഞാന്‍ അത് ബസില്‍ ധരിച്ചു, രണ്ടുപേര്‍ മാത്രമാണ് അത് ശ്രദ്ധിച്ച ശേഷം തിരിഞ്ഞുപോകുന്നത് കണ്ടത്. ഞാന്‍ അത് വീട്ടില്‍ ധരിച്ചപ്പോള്‍ എന്റെ റൂം മേറ്റ് ‘എന്നെ ഷൂട്ട് ചെയ്യുകയാണോ?’ എന്ന് ചോദിച്ചെങ്കിലും ചെറിയ ഒരു വിശദീകരണത്തോടെ അവര്‍ക്കത് പ്രശ്‌നമല്ലാതായി. ഇത് ഇങ്ങനെ സംഭവിക്കും എന്നായിരുന്നു നരേറ്റീവ് ക്ലിപ്പ് കമ്പനിയുടെ പ്രതീക്ഷയും, സിഇഒ ആയ മാര്‍ട്ടിന്‍ കാല്‍സ്‌ട്രോം പറഞ്ഞു.

‘സത്യസന്ധവും മുഴച്ചുനില്‍ക്കാത്തതുമായ ഒരു കാമറയായിരുന്നു ഞങ്ങളുടെ ആഗ്രഹം.’ കാല്‍സ്‌ട്രോം പറയുന്നു. ‘ഇതൊരു കാമറയാണെന്ന് അറിയിക്കുകയും വേണം. ഒരു രഹസ്യ കാമറയായിരുന്നില്ല ഞങ്ങളുടെ ഉദ്ദേശം.’

നരേറ്റീവ് ക്ലിപ്പ് കാഴ്ചയില്‍ ഒരു കാമറ പോലെ തന്നെയാണ്. ലെന്‍സിനുചുറ്റും ഒരു ലോഹ വളയമുണ്ട് എന്നാല്‍ അതൊരു മൂന്നാംകണ്ണുപോലെ തോന്നുകയുമില്ല.
എല്ലാവരും ഇത് ധരിച്ചാല്‍ കാമറകളോടെ നമുക്ക് സാധാരണജീവിതം ജീവിക്കാനാകുമോ?

പോലീസുകാര്‍ക്ക് കാമറകള്‍ നല്‍കുന്നതിനെപ്പറ്റി നടക്കുന്ന പഠനങ്ങളിലെ പ്രധാനചോദ്യം ഇതാണ്. കാമറയുള്ളപ്പോള്‍ സ്വഭാവം മാറുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാമറ ധരിച്ചപ്പോള്‍ ഓഫീസര്‍മാര്‍ക്കെതിരെയുള്ള പരാതികളുടെ എണ്ണവും കുറഞ്ഞു.

‘ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഒരു റെസ്‌റ്റോറന്റില്‍ ചെന്നാല്‍ ഉടമ ചിലപ്പോള്‍ ‘സൗജന്യ ഭക്ഷണമൊക്കെ’ തന്നേക്കാം. എന്നാല്‍ കാമറയുള്ളതുകൊണ്ട് ഓഫീസര്‍ പണം കൊടുത്തു ഭക്ഷണം കഴിക്കും.’ ഓര്‍ലാണ്ടോ, ടാമ്പ പോലീസ് സ്റ്റേഷനുകളില്‍ ശരീരകാമറകളുടെ ഫലം പഠിക്കുന്ന സൗത്ത് ഫ്‌ളോറിഡ സര്‍വകലാശാല പ്രൊഫസര്‍ വെസ്ലി ജെന്നിങ്‌സ് പറയുന്നു. ‘ചട്ടത്തിനനുസരിച്ച് പെരുമാറാന്‍ താല്‍പ്പര്യം കൂടുതല്‍ ഉണ്ടാകുമെന്ന് അര്‍ഥം.’

എന്നാല്‍ എന്തുസംഭവിച്ചു എന്നത് എല്ലാവരും അംഗീകരിക്കും എന്നിതിന് അര്‍ത്ഥമില്ല. എറിക് ഗാര്‍നരുടെ മരണം ഒരുദാഹരണമാണ്. ഒരു വഴിപോക്കന്‍ എടുത്ത വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

“പോലീസ് അതിക്രമത്തെപ്പറ്റിയുള്ള അന്വേഷണത്തില്‍ ഒഫീസര്‍മാരുടെ കഥയും സാക്ഷികളുടെ കഥയും മറ്റു കാഴ്ചക്കാരുടെ കഥകളും എല്ലാം ഇപ്പോഴും പരിഗണനയിലുണ്ട്.” ജെന്നിങ്‌സ് പറയുന്നു. “ശരീരകാമറകളാണ് ഏറ്റവും കാഴ്ച്ചയിലുള്ളത്, എന്നാല്‍ അത് മൊത്തം കഥയുടെ ഭാഗംമാത്രമായിട്ടേ കരുതപ്പെടുന്നുള്ളൂ” 

പൗരന്മാര്‍ പോലീസിനോട് ഇടപെടുന്ന രീതിയിലും ശരീരകാമറകള്‍ മാറ്റം കൊണ്ടുവരുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു ഓഫീസര്‍ക്കെതിരെ വ്യാജപരാതികള്‍ ഉണ്ടാകാനുള്ള സാധ്യതയും കുറവാകുന്നു.

“എന്താണ് സംഭവമെന്ന് കൃത്യമായി മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരും. ഈ ഇടപെടലിലെ മാറ്റം എന്തുകൊണ്ട് സംഭവിക്കുന്നു എന്നതാണ് ചോദ്യം? സംസ്‌കാരത്തില്‍ എന്തായാലും ഒരു മാറ്റം കാണാനുണ്ട്.” അരിസോണ സ്റ്റേറ്റ് സര്‍വകലാശാല പ്രൊഫസറായ മൈക്ക് വൈറ്റ് പറയുന്നു. എങ്കിലും എല്ലാവരും കാമറകള്‍ ധരിക്കുമ്പോള്‍ പതിയെ ഒരു സാച്ചുറേഷന്‍ പോയിന്റിലെത്തുകയും പിന്നീട് ഇതൊരു കാര്യമല്ലാതാവുകയും ചെയ്യാന്‍ സാധ്യതയുണ്ട്.

നിയമനിര്‍വഹണത്തില്‍ കാമറകളുടെ ഇഫക്റ്റ് അറിയണമെങ്കില്‍ അവ എങ്ങനെ ഉപയോഗിക്കുന്നു എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ഈ ടേപ്പുകള്‍ മീഡിയയുടെ പക്കല്‍ എത്തുമോ, ഇവ തെളിവായി ഉപയോഗിക്കുമോ എന്നൊക്കെ പഠിക്കേണ്ടിവരും.

പോലീസ് ധരിക്കുന്ന ശരീരകാമറകളുടെ വീഡിയോ ടിവിയിലോ ഓണ്‍ലൈനായോ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞാല്‍ പോലീസുകാരും ആളുകളും കാമറയെ അവഗണിക്കാന്‍ സാധ്യത കുറയും.

നമ്മെ മിടുക്കരാക്കുന്ന ആപ്ലിക്കേഷനുകള്‍ ഉണ്ടാകുമ്പോള്‍ ആളുകള്‍ അത് തെരഞ്ഞെടുക്കും എന്നാണ് ഷ്മിഡ് പറയുന്നത്. പത്തുവര്‍ഷം കഴിഞ്ഞാല്‍ ഇത് സാധാരണയാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍