UPDATES

ട്രെന്‍ഡിങ്ങ്

മന്ത്രിയുടെ മുഖം കറുക്കാതിരിക്കാന്‍ അത്യാസന്ന നിലയിലുള്ള രോഗികളെ വെയിലത്തിരുത്തി

ഉത്തര്‍പ്രദേശ് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായാണു രോഗികളെ പുറത്താക്കിയത്‌

മുഖ്യമന്ത്രിയെ കാണുന്നത്‌ സോപ്പു തേച്ചു കുളിച്ച് സുഗന്ധദ്രവ്യവും പൂശി വേണമെന്നു മുസര്‍ വിഭാഗത്തിലെ ദളിതര്‍ക്ക് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയ വാര്‍ത്ത വന്ന ഉത്തര്‍പ്രദേശില്‍ നിന്നു തന്നെ മന്ത്രിക്ക് അലോസരം ഉണ്ടാകാതിരികാന്‍ അത്യാസന്ന നിലയിലുള്ള രോഗികളെ അടക്കം ആശുപത്രിയില്‍ നിന്നും മാറ്റിയതിന്റെ വാര്‍ത്തയും വന്നിരിക്കുന്നു. സാങ്കേതിക-മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അശുതോഷ് ഠണ്ടന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി നടത്തിയ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു രോഗികളെയും മാറ്റിയതെന്നു ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ പറയുന്നു.

ശനിയാഴ്ച രാവിലെയാണ് എസ് എന്‍ മെഡിക്കല്‍ കോളേജില്‍ മന്ത്രി സന്ദര്‍ശനം നടത്തിയത്. മന്ത്രിയുടെ സന്ദര്‍ശനം അവിടുത്തെ രോഗികള്‍ക്ക് ഒരു ദുഃസ്വപ്‌നമായി മാറിയിട്ടുണ്ടെന്നാണു വാര്‍ത്തയില്‍ പറയുന്നത്. അത്യാഹിത വാര്‍ഡില്‍ ചികിത്സയില്‍ ആയിരുന്നവരോടു പോലും ഉദ്യോഗസ്ഥര്‍ കരുണ കാണിച്ചില്ല. പലരും അവരുടെ ഐവി ഫഌയിഡ് ബോട്ടിലും ഓക്‌സിജന്‍ സിലണ്ടറുകളുമൊക്കെയായി ആശുപത്രിയുടെ താഴെയായി കടുത്ത വെയിലും കൊണ്ട് മന്ത്രിയുടെ മടങ്ങിപ്പോക്കും കാത്തിരുന്നു. ആശുപത്രിയില്‍ രോഗികളുടെ ബാഹുല്യം ഉണ്ടെന്നു മന്ത്രിക്കു തോന്നാതിരിക്കാനായിരുന്നു അധികൃതരുടെ ഈ ‘ക്ലീന്‍’ ചെയ്യല്‍.

യോഗി സന്ദര്‍ശിക്കുന്ന സ്ഥലത്ത് മുന്‍പേര്‍ ചെന്നു ഉദ്യോഗസ്ഥര്‍ റോഡ് വൃത്തിയാക്കലും വഴിവിളക്ക് തെളിക്കലും വീടുകളില്‍ താത്കാലിക എസി വയ്ക്കലുമൊക്കെ ചെയ്യുന്നതുപോലെ മന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ആശുപത്രിക്കു നല്ല പേര് കിട്ടാനായി ഇവിടെയും ഉദ്യോഗസ്ഥരുടെ വക ‘നന്നാക്കല്‍’ നടത്തിയതാണ്. സ്‌ട്രെച്ചറുകള്‍ വൃത്തിയാക്കിയിടല്‍, കട്ടിലുകളില്‍ നല്ല ബ്ലാങ്കറ്റുകള്‍ വിരിക്കുക, ആശുപത്രി ഉപകരണങ്ങള്‍ തിളക്കമുള്ളതാക്കി വയ്ക്കുക എന്നിവയൊക്കെ കൃത്യമായി തന്നെ നടന്നു. ഇതിനൊപ്പമാണ് ആശുപത്രി രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന തോന്നല്‍ മന്ത്രിക്ക് ഉണ്ടാകരുതെന്ന വിചാരവും ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായത്. അത്യാഹിത വാര്‍ഡില്‍ രോഗികളുടെ ബാഹുല്യം ഉണ്ടെന്നു കണ്ടതോടെ അവിടെ നിന്നും രോഗികളെ നിര്‍ബന്ധപൂര്‍വം മാറ്റി. ചിലരെ മറ്റു മുറികളിലേക്കായി മാറ്റിയെങ്കിലും എല്ലാവര്‍ക്കും ആ ഭാഗ്യം പോലും കിട്ടിയില്ല. 45 ഡിഗ്രി വെയിലുംകൊണ്ട് അവര്‍ക്ക് പുറത്തിരിക്കേണ്ടി വന്നു.

എന്നാല്‍ ഈ സംഭവത്തോട് വളരെ നിസാരമായാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പ്രതികരിച്ചത്. മന്ത്രി വന്നു പോകുന്നതുവരെയുള്ള രണ്ടോമൂന്നോ മണിക്കൂറത്തെ കാര്യം മാത്രമായിരുന്നു അത്. അതു കഴിഞ്ഞ് എല്ലാം നേരെ തന്നെയായി; ഡോക്ടര്‍മാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

എന്റെ പത്തുമാസം പ്രായമുള്ള കുഞ്ഞിന് കടുത്ത പനിയായിട്ടാണ് അത്യാഹിത വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന് ഐവി ഡ്രിപ്പ് ഇട്ടിരിക്കുകയായിരുന്നു. ആശുപത്രിയധികൃതര്‍ ഞങ്ങളോട് താത്കാലം ഇവിടെ നിന്നും പുറത്തേക്കു പോകാന്‍ പറഞ്ഞു; ഒരമ്മ പത്രത്തോട് പറഞ്ഞ കാര്യമാണിത്. അവര്‍ കുഞ്ഞുമായി ഒരു മണിക്കൂറോളമാണ് പുറത്തിരുന്നത്, കുഞ്ഞിന്റെ മുത്തശ്ശിയാണ് ഐവി ഡ്രിപ്പ് കൈയില്‍ തൂക്കിപ്പിടിച്ചത്.

മണിപ്പൂരില്‍ നിന്നുള്ള അത്യാഹിത നിലയിലുള്ള ഒരു രോഗി ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണു കിടന്നിരുന്നത്. ഇയാളെ ഒരു മണിക്കൂറോളം പുറത്ത് ആംബുലന്‍സില്‍ കിടത്തുകയായിരുന്നു.

അത്യാഹിതവിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ വേണ്ടി രോഗികളെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയെന്നേയുള്ളൂ. അത്യാഹിതത്തില്‍ എല്ലാ രോഗികള്‍ക്കുമായി പരിമിതമായ സജ്ജീകരണങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ എല്ലാം സാധാരണനിലയില്‍ തന്നെയാണു പോകുന്നത്; എസ്എംഎന്‍സി പ്രതിനിധി ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

അതേസമയം ആശുപത്രിയില്‍ പരിശോധനയ്ക്കു വന്ന മന്ത്രി ഇവിടുത്തെ പ്രവര്‍ത്തനങ്ങളിലും സൗകര്യങ്ങളിലും അതൃപ്തി രേഖപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ രോഗികള്‍ക്ക് കുടിക്കാന്‍ ദാഹജലം പോലും ഇല്ലെന്നു മന്ത്രി കണ്ടെത്തി. ഇതിനിടയില്‍ ഫാര്‍മസിയില്‍ ആവശ്യത്തിനു മരുന്നുകള്‍ ഇല്ലാത്ത കാര്യം രോഗികളില്‍ ചിലര്‍ മന്ത്രിയെ അറിയിക്കുകയും ചെയ്തു.

പരിഹരിക്കേണ്ടതായ പല പ്രശ്‌നങ്ങളും മെഡിക്കല്‍ കോളേജില്‍ ഉണ്ടെന്നും ബന്ധപ്പെട്ടവരോട് വേണ്ട നടപടി സ്വീകരിക്കാന്‍ താന്‍ ആവശ്യപ്പെടുമെന്നും മന്ത്രി പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രോഗികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായതായി തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നണ് എസ്എന്‍എംസി പ്രിന്‍സിപ്പല്‍ സരോജ് സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍