UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നികുതി ദായകര്‍ക്ക് മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്താന്‍ നിര്‍ബന്ധിക്കുന്നെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍

ആദായനികുതി ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഭാസ്‌കര്‍ ഭട്ടാചാര്യ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) ഡയറക്ടര്‍ക്ക് കത്ത് അയച്ചു

നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണം പിടിക്കാന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അധികൃതര്‍ സമ്മര്‍ദം ചെലുത്തുന്നത് മൂലം വകുപ്പിന് പൊതുജനങ്ങള്‍ക്കിടയിലുള്ള പ്രതിച്ഛായ മോശമാകുന്നതായി പരാതി. ആദായനികുതി ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഭാസ്‌കര്‍ ഭട്ടാചാര്യ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) ഡയറക്ടര്‍ക്ക് അയച്ച കത്തിലാണ് ഉന്നതങ്ങളില്‍ നിന്നും അനാവശ്യ സമ്മര്‍ദങ്ങള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

മാര്‍ച്ച് 28ന് സിബിഡിടി അദ്ധ്യക്ഷ സൂശീല്‍ ചന്ദ്രയ്ക്ക് അയച്ച കത്തില്‍, മുകളില്‍ നിന്നും മണിക്കൂറുകള്‍ വ്യത്യാസത്തില്‍ നിര്‍ദ്ദേശങ്ങള്‍ മാറി മാറി വന്നുകൊണ്ടിരിക്കുകയാണെന്നും നികുതിദായകരില്‍ സമ്മര്‍ദം ചെലുത്താന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുകയാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതുമൂലം ‘കടുത്ത ആശയക്കുഴപ്പവും തീരുമാനമെടുക്കാനാവാത്ത അവസ്ഥയും’ വകുപ്പില്‍ നിലനില്‍ക്കുന്നതായും കത്തില്‍ ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയ്ക്കായി പുറത്തിറക്കിയ അടിസ്ഥാന പ്രവര്‍ത്തന മാര്‍ഗ്ഗരേഖയിലെ (എസ്ഒപി) ചട്ടങ്ങള്‍ അടിക്കടി ലംഘിക്കപ്പെടുകയാണെന്നും നികുതിദായകരെ ഫോണില്‍ വിളിക്കാനും എസ്എംഎസുകള്‍ അയ്ക്കാനും ഐടി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാവുകയാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരം നികുതിദായകര്‍ക്ക് അനാവശ്യമായി സമന്‍സുകള്‍ അയയ്ക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാവുന്നു.

വെളിപ്പെടുത്താത്ത വരുമാനത്തില്‍ 30 ശതമാനം നികുതിയായും 33 ശതമാനം സെസായും പത്തു ശതമാനം പിഴയായും അടച്ച് കള്ളപ്പെണം വെള്ളപ്പണമാക്കാനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി കല്യാണ്‍ യോജന. വെളിപ്പെടുത്തുന്ന വരുമാനത്തിന്റെ 25 ശതമാനം നാല് വര്‍ഷത്തേക്ക് പലിശരഹിത നിക്ഷേപമായി നല്‍കുകയും ചെയ്യണം.

സര്‍വെകള്‍ സംഘടിപ്പിക്കാനും വെളിപ്പെടുത്താത്ത ആസ്തിയുള്ളവരെ കല്യാണ്‍ യോജനയില്‍ പങ്കാളികളാക്കാന്‍ സമ്മര്‍ദം ചെലുത്താനും ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കപ്പെടുന്നു. പിന്നീട് ഇത്തരം ആളുകളെ ടെലിഫോണില്‍ വിളിച്ച് കല്യാണ്‍ യോജനയില്‍ പങ്കാളികളാക്കാനുള്ള നിര്‍ദ്ദേശം വന്നു. ഇത് എസ്ഒപിയുടെ സത്തയ്ക്ക് എതിരാണെന്നും ഭട്ടാചാര്യ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായ ആശയവിനിമയങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാവരുത് എന്നാണ് എസ്ഒപി നിര്‍ദ്ദേശിക്കുന്നത്.

മാത്രമല്ല, ഈ നിര്‍ദ്ദേശങ്ങളെല്ലാം വാക്കാലാണ് നല്‍കുന്നത് എന്നതിനാല്‍, പരാതിപറയാന്‍ അവലോകന ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല എന്ന് മാത്രമല്ല, ആസ്തി ഉടമകളുടെ വെറുപ്പിനും അവര്‍ ഇരയാകുന്നു. അതുകൊണ്ട് ഏകീകൃതമായ മാര്‍ഗ്ഗരേഖകള്‍ എഴുതി നല്‍ക്ണമെന്ന് കത്ത് ചന്ദ്രയോട് ആവശ്യപ്പെടുന്നു. വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ നിയമപരമായി ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും അതുമായി ബന്ധപ്പെട്ട നിയമലംഘന സാധ്യതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നതോടൊപ്പം, ഇത്തരം നിര്‍ദ്ദേശങ്ങള്‍ വരുമ്പോഴൊക്കെ വിശദീകരണം തേടുമ്പോള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ബോര്‍ഡ് നിര്‍ദ്ദേശിച്ചതാണെന്നോ അല്ലെങ്കില്‍ അതീവ രഹസ്യമായ രേഖകളിലൂടെ ആവശ്യപ്പെട്ടതാണെന്നോ ഉള്ള മറുപടിയാണ് ലഭിക്കുകയെന്ന് ഭട്ടാചാര്യ ചൂണ്ടിക്കാട്ടുന്നു. നിര്‍ഭാഗ്യവശാല്‍ ഉദ്യോഗസ്ഥര്‍ക്കോ നികുതിദായകര്‍ക്കോ ഇത്തരം രേഖകളില്‍ യാതൊരു പ്രാപ്യതയുമില്ല.

നേതൃത്വത്തിന്റെ അഭാവമാണ് അവലോകന ഉദ്യോഗസ്ഥരെ ഏറ്റവും കൂടുതല്‍ അലട്ടുന്നത് എന്ന് അദ്ദേഹം പറയുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. മണിക്കൂറുകള്‍ ഇടവിട്ട് 20-24 ഖണ്ഡികകള്‍ വരുന്ന നിര്‍ദ്ദേശങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. കല്യാണ്‍ യോജനയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ എണ്ണം, തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇത് വലിയ തടസമാകുന്നു. ഉന്നതോദ്യാഗസ്ഥരുടെ വൈകല്യം നിമിത്തം താഴെ തട്ടിലെ ഉദ്യോഗസ്ഥര്‍ അസ്വസ്തരാണ്. അതുകൊണ്ടുതന്നെ പൊതുജനങ്ങളുടെ കണ്ണില്‍ വകുപ്പിന്റെ പ്രതിച്ഛായയ്ക്ക് വലിയ കോട്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ഭട്ടാചാര്യ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഒരു ആശയക്കുഴപ്പവും നിലവില്ലെന്നാണ് സിബിഡിടി അധികൃതര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. ആശയക്കുഴപ്പത്തിന് അവകാശമില്ലാത്ത വിധത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ നിക്ഷേപങ്ങളെ കുറിച്ച് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവരുടെ അടുത്ത് പോയി പരിശോധന നടത്തേണ്ടി വരും. ഒരു ഉദ്യോഗസ്ഥന്റെ മേലും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും ആരെയും കല്യാണ്‍ യോജനയുടെ പരിധിയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവന്നിട്ടില്ലെന്നും സിബിഡിടി വിശദീകരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍