UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കേസിലെ മാപ്പുസാക്ഷി രാജീവ് സക്‌സേനയുടെ ഒമ്പത് കേന്ദ്രങ്ങളില്‍ ആദായനികുതി റെയ്ഡ്

മാപ്പുസാക്ഷിയായി മാറിയ സക്‌സേനയ്‌ക്കെതിരെ റെയ്ഡ് നടത്തുന്നത് ശ്രദ്ധേയമാണ്.

വിവാദമായ അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസിലെ മാപ്പുസാക്ഷി രാജീവ് സക്‌സേനയുമായി ബന്ധപ്പെട്ട ഡല്‍ഹിയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ ആദായനികുതി റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് ഇന്‍കം ടാക്‌സ് റെയ്ഡ്. ജനുവരിയില്‍ ദുബായില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് നാട് കടത്തിയ രാജീവ് സക്‌സേന കേസില്‍ മാപ്പുസാക്ഷിയായി മാറുകയായിരുന്നു. വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ സാധ്യമാക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കൈക്കൂലി നല്‍കിയത് സംബന്ധിച്ച് പൂര്‍ണമായ വിവരങ്ങളും രാജീവ് സക്‌സനേയ്ക്ക് അറിയാം എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. അതേസമയം മാപ്പുസാക്ഷിയായി മാറിയ സക്‌സേനയ്‌ക്കെതിരെ റെയ്ഡ് നടത്തുന്നത് ശ്രദ്ധേയമാണ്.

കരാറിലെ ഇടനിലക്കാരന്‍ എന്ന് വിശേഷിപ്പിക്കുന്ന ബ്രിട്ടീഷ് പൗരന്‍ ക്രിസ്്റ്റിയന്‍ മിഷേലിനെ 2018 ഡിസംബറില്‍ ദുബായില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന് വിചാരണ തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും പേരുകള്‍ താന്‍ കോടതിയില്‍ പറഞ്ഞ എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ക്രിസ്റ്റിയന്‍ മിഷേല്‍ തള്ളിയിരുന്നു.

ദുബായിലെ രണ്ട് കമ്പനികളും (ഉ എച്ച് വൈ സക്‌സേന, മാട്രിക്‌സ് ഹോള്‍ഡിംഗ്‌സ്) മൗറീഷ്യസിലെ ഒരു കമ്പനിയുമാണ് (ഇന്റര്‍സ്‌റ്റെല്ലാര്‍ ടെക്‌നോളജീസ്) ഇതിലുള്ളത്. ടൂണിഷ്യയിലെ ഗോര്‍ഡിയാന്‍ സാള്‍, ഐഡിഎസ് ടെക്‌നോളജീസ് എന്നീ കമ്പനികളില്‍ നിന്നാണ് ഇവര്‍ക്ക് പണം ലഭിച്ചത് എന്ന് പറയുന്നു. ഐഡിഎസ് ടെക്‌നോളജീസ് എന്ന കമ്പനി അഗസ്റ്റ കേസിലെ പ്രതി ഗൗതം ഖൈത്താന്റെ ഉടമസ്ഥതയിലുള്ളതാണ്.

രാജീവ് സക്‌സേന സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയല്ല. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ പ്രധാന പ്രതിയാണ്. ദുബായില്‍ നിന്ന് ഇന്ത്യയിലെത്തിച്ച സക്‌സേനയെ സിബിഐയും ചോദ്യം ചെയ്തിരുന്നു. രാജീവ് സക്‌സേനയുടെ ദുബായ് കമ്പനികള്‍ പണ തട്ടിപ്പില്‍ പങ്കാളിയായിട്ടുണ്ട് എന്നാണ് ആരോപണം. രാജീവ് സക്‌സേനയുടെ കമ്പനികള്‍ വഴിയാണ് ഇന്ത്യന്‍ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി എത്തിയത് എന്നാണ് ആരോപണം. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജീവ് സക്‌സേനയ്ക്ക് ജാമ്യം നല്‍കിയിരുന്നു. പിന്നീട് സിബിഐ പ്രത്യേക കോടതി സക്‌സേനയും മാപ്പ് സാക്ഷിയാക്കാന്‍ അനുവദിക്കുകയാണുണ്ടായത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള വിവിഐപികള്‍ക്ക് സഞ്ചരിക്കാനായി 12 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനായാണ് ബ്രിട്ടീഷ് കമ്പനി അഗസ്റ്റവെസ്റ്റ്‌ലാന്‍ഡുമായി ഇന്ത്യ കരാര്‍ ഒപ്പുവച്ചത്. അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് യുപിഎ കാലത്ത് തന്നെ, എകെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെ ഇന്ത്യ കരാറില്‍ നിന്ന് പിന്മാറിയിരുന്നു. 3600 കോടി രൂപയുടെ കരാറില്‍ 2666 (398.21 യൂറോ) കോടിയുടെ അഴിമതി നടന്നു എന്നാണ് സിബിഐ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍