UPDATES

പാകിസ്താനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചു വിളിക്കുന്നു

അഴിമുഖം പ്രതിനിധി

ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ച പാകിസ്ഥാന്‍ നടപടിക്ക് മറുപടിയുമായി ഇന്ത്യ. ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കീഷണനില്‍ നിന്ന് എട്ട് ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചു വിളിക്കുമെന്നാണ് സൂചന. ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം പാക് മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി ചൂണ്ടിക്കാണിച്ചാണിത്. എട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥന്മാര്‍ ചാരപ്പണി നടത്തിയതായാണ് പാകിസ്ഥാന്‌റെ ആരോപണം. രാജേഷ് അഗ്നിഹോത്രി, ബല്‍ബീര്‍ സിങ് എന്നിവരുടെ പേരുകളാണ് ആദ്യം പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. പിന്നീട് ആറ് പേരുകള്‍ കൂടി പുറത്തുവിട്ടു. ഇന്ത്യന്‍ ഏജന്‍സികളായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), ഇന്റലിജന്‍സ് ബ്യൂറോ എന്നിവയ്ക്ക് വേണ്ടി ഇവര് ചാരപ്പണി നടത്തിയതായാണ് പാകിസ്ഥാന്റെ ആരോപണം.  

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ മഹ്മൂദ് അക്തറിനെ ചാരവൃത്തി ആരോപിച്ച് ഇന്ത്യ പുറത്താക്കിയത് മുതല്‍ ഇന്ത്യന്‍ ഉദ്യേഗസ്ഥര്‍ക്കെതിരേയും പാകിസ്ഥാന്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതേസമയം ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പാകിസ്ഥാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ആറ് ഉദ്യോഗസ്ഥരും തിരികെ നാട്ടിലേക്ക് മടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
   
ചാരവൃത്തി കേസിലെ ചോദ്യം ചെയ്യലിനിടെ മഹമൂദ് അക്തര്‍ നല്‍കിയ മൊഴി പ്രകാരം  കോമേഴ്സ്യല്‍ കൗണ്‍സിലര്‍ സയ്ദ് ഫുറുക്ക് ഹബിബ്, ഫസ്റ്റ് സെക്രട്ടറി ഖദീം ഹുസൈന്‍, മുദാസിര്‍ ചീമ, ഷഹീദ് ഇഖ്ബാല്‍ എന്നിവരെ ഉള്‍പ്പടെയാണ്് പാകിസ്ഥാന്‍ തിരിച്ച് വിളിച്ചത്. പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യന്‍ ഗവണ്‍മെന്‌റ് ഭീഷണിപ്പെടുത്തുകയാണ് എന്നും ഔദ്യോഗിക വൃത്തങ്ങള്‍ ആരോപിക്കുന്നു. നിലവിലെ മോശം സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്തിനാലാണ് ഇവരെ തിരിച്ച് വിളിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.

ചാരവൃത്തി ആരോപണം നേരിടുന്ന പാക് നയതന്ത്ര ഉദ്യോഗസ്ഥരുമായി വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി വിട്ടതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരായ ചാരവൃത്തി ആരോപണം പാക് മാധ്യമങ്ങളില്‍ നിറഞ്ഞത്. അതേസമയം പാക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തത് സംബന്ധിച്ച വീഡിയോ ഡല്‍ഹി പൊലീസ് മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത് പാകിസ്ഥാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ സഹിതം വിവരങ്ങള്‍ ചാനലുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും കൊടുത്തതെന്നാണ് സൂചന. ഒരു കൗണ്‍സിലര്‍, മൂന്ന് ഫസ്റ്റ് സെക്രട്ടറിമാര്‍, നാല് അസിസ്റ്റന്‌റ് സെക്രട്ടറിമാര്‍ ഇങ്ങനെയാണ് ആരോപണവിധേയരായ എട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍. നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയും പിന്‍വലിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍