UPDATES

ട്രെന്‍ഡിങ്ങ്

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലെ സ്ത്രീകള്‍ ‘വെപ്പാട്ടി’കളെപ്പോലെയെന്ന് രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തലവന്‍ ജ. മഹേഷ്‌ ചന്ദ്ര ശര്‍മ

മയിലുകള്‍ ഇണ ചേരാറില്ലെന്നും പെണ്‍മയില്‍ ആണ്‍ മയിലിന്റെ കണ്ണീര്‍ കുടിക്കുന്നതു വഴിയാണ് അവ ഗര്‍ഭിണിയാകുന്നതെന്നും മുമ്പ് പ്രസ്താവന നടത്തിയയാളാണ് ശര്‍മ

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ഉടന്‍ നിരോധിക്കണമെന്നും ഇത്തരം ബന്ധങ്ങളിലെ സ്ത്രീകള്‍ ‘വെപ്പാട്ടി’മാരെപ്പോലെയാണെന്നുമുള്ള വിവാദ പ്രസ്താവനയുമായി രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട) മഹേഷ് ചന്ദ്ര ശര്‍മ. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി സ്ത്രീ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി.

മയിലുകള്‍ ബ്രഹ്മചാരികളാണെന്നും അവ ഇണ ചേരാറില്ലെന്നും പെണ്‍മയില്‍ ആണ്‍മയിലിന്റെ കണ്ണീര്‍ കുടിച്ചാണ് ഗര്‍ഭം ധരിക്കുന്നതെന്നും വിരമിക്കുന്ന ദിവസം  പ്രസ്താവിച്ച ജഡ്ജി കൂടിയാണ് മഹേഷ് ചന്ദ്ര ശര്‍മ. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

‘അപലപനീയം’ എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തക കവിതാ ശ്രീവാത്സവ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ പ്രസ്താവനയെ വിശേഷിപ്പിച്ചത്. ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളെ ‘മൃഗങ്ങളുടേതിനു സമാനം’ എന്ന് വിശേഷിപ്പിച്ച ശര്‍മ, ഇത് ഭരണഘടനയുടെ അന്ത:സത്തയ്ക്കും സ്ത്രീകളുടെ മനുഷ്യാവകാശത്തിനും നിരക്കുന്നതല്ലെന്നും പറഞ്ഞു.

ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ നിരോധിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരണമെന്നും ശര്‍മ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന ‘വിവാഹം പോലെ തന്നെ ജീവിക്കുന്ന’ എന്ന ഭാഗം എടുത്തുകളയണമെന്നും ശര്‍മ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിക്കാമെന്ന് നിരവധി ഉത്തവുകളിലായി സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ട്. ഒപ്പം അത്തരം ബന്ധങ്ങള്‍ ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന 2005-ലെ നിയമത്തിലും ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ബന്ധങ്ങളില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ വിവാഹപ്രായമായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവാഹം കഴിക്കാതെ തന്നെ ദമ്പതികളെ പോലെ കഴിയാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ നിയമങ്ങളും കോടതി വിധികളുമൊക്കെ നിലനില്‍ക്കെയാണ് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകളിലെ സ്ത്രീകള്‍ വെപ്പാട്ടികളെ പോലെയാണെന്ന പരാമര്‍ശവുമായി മനുഷ്യാവകാശ കമ്മീഷന്‍ തലവന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി സ്ഥാനത്തു നിന്ന് വിരമിക്കുന്ന ദിവസം ശര്‍മ നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പരിഹാസത്തിനു കാരണമായിരുന്നു. മയിലുകള്‍ ഇണ ചേരാറില്ലെന്നും പെണ്‍മയില്‍ ആണ്‍ മയിലിന്റെ കണ്ണീര്‍ കുടിക്കുന്നതു വഴിയാണ് അവ ഗര്‍ഭിണിയാകുന്നതെന്നുമായിരുന്നു ശര്‍മയുടെ പ്രസ്താവന. മയില്‍ ബ്രഹ്മചാരിയായതു കൊണ്ടാണ് അതിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചതെന്നും ശര്‍മ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍