UPDATES

ട്രെന്‍ഡിങ്ങ്

മോദി നമ്മെ ഉണര്‍ത്തുകയാണ്; ഓരോ ജനാധിപത്യ സ്ഥാപനവും തങ്ങളെ എറിഞ്ഞു തകര്‍ക്കാന്‍ ശ്രമിക്കുന്ന നേതാവിനെ പ്രതീക്ഷിക്കണം

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചുരുങ്ങിയ ചരിത്ര ഘട്ടത്തിനിടയിലെ അത്യന്തം നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പാണ് ഇത്. – എഡിറ്റോറിയല്‍

ഓരോ തലമുറ കഴിയുന്തോറും ഇന്ത്യന്‍ ജനാധിപത്യം കടന്നുപോകുന്നത് യോഗ്യതയില്ലാത്തവരും കഴിവുകെട്ടവരുമായ രാഷ്ട്രീയ പ്രവര്‍ത്തകരിലൂടെയാണ് എന്നത് ഒരു വസ്തുതയാണ്. ക്രിമിനലുകളുടേയും അഴിമതിക്കാരുടേയും എണ്ണം വര്‍ധിച്ചു വരുന്നതു മാത്രമേയുള്ളൂ. വോട്ട് നേടുന്നതിനായി അവര്‍ സാമുദായിക വേര്‍തിരിവും വര്‍ഗീയ ലഹളയുമുണ്ടാക്കുന്നു. ഭരണഘടനയോടും ഇവിടുത്തെ ജനാധിപത്യ സമൂഹത്തോടും അവര്‍ക്കുള്ള ഉത്തരവാദിത്തവും ബഹുമാനവും ഓരോ നിമിഷവും ഇല്ലാതായിക്കൊണ്ടുമിരിക്കുന്നു.

എന്നിട്ടും ഇന്ത്യന്‍ ജനാധിപത്യം പിടിച്ചു നില്‍ക്കുന്നു, പാകതയെത്താന്‍ ശ്രമിക്കുന്നു. അതിന് നന്ദി പറയേണ്ടത് ഏതൊക്കെ സമയത്ത് വെല്ലുവിളികള്‍ ഉയരുന്നുവോ അപ്പോഴൊക്കെ ഉയര്‍ന്നു വരുന്ന മിടുക്കരും പ്രതിബദ്ധതയുള്ളവരുമായ ചില വ്യക്തികളുടെ ഇടപെടലുകള്‍ക്കാണ്. അങ്ങനെയൊരു മോശം സമയത്തായിരിക്കും അത്തരമൊരു ഇടപെടല്‍ അഡ്വ. പ്രശാന്ത് ഭൂഷനെപ്പോലൊരാളില്‍ നിന്നുണ്ടാവുക. ഇന്ത്യ എന്ന ആശയത്തെ മുറകെപ്പിടിക്കാന്‍, സുപ്രീം കോടതിയില്‍ ശക്തമായ പൊതുതാത്പര്യ ഹര്‍ജികളുമായി അദ്ദേഹമുണ്ടാകും. ഇന്ത്യന്‍ ഏജന്‍സികളെ തങ്ങള്‍ നിര്‍വഹിക്കേണ്ട പല കര്‍ത്തവ്യങ്ങളെക്കുറിച്ചും ഓര്‍മിപ്പിക്കാനും അവരെ അതിന് സജ്ജരാക്കാനും ഇത്തരം ഇടപെടലുകള്‍ സഹായിക്കാറുണ്ട്. അതുവഴി സാധാരണക്കാരായ പൗരന്മാര്‍ക്ക് ഇന്ത്യ എന്ന ആശയത്തെക്കുറിച്ചുള്ള ഉറപ്പുകള്‍ നല്‍കാനും.

നമ്മുടെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ടി.എന്‍ ശേഷനുണ്ടായിരുന്നു, ജെ.എം ലിങ്‌തോ ഉണ്ടായിരുന്നു. 1975-ല്‍ ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ ജസ്റ്റിസ് ജഗ്‌മോഹന്‍ ലാല്‍ സിന്‍ഹ അലഹബാദ് ഹൈക്കോടതിയില്‍ ഉണ്ടായിരുന്നു. 1984 കൂട്ടക്കൊലയിലെയിലെ ഇരകള്‍ക്ക് നീതി ലഭിക്കാന്‍ ജീവിതം മുഴുവനായി മാറ്റിവച്ച അഭിഭാഷകനായ എച്ച്.എസ് ഫൂല്‍ക്കെയുണ്ട്. 2002 വംശഹത്യാ സമയത്ത് അവിടെ ടീസ്റ്റ സെറ്റല്‍വാദ് എന്ന ജേര്‍ണലിസ്റ്റ് ഉണ്ടായിരുന്നു.

ഇവരെപ്പോലുള്ള വ്യക്തികള്‍ ഓരോരുത്തരും ഇന്ത്യ എന്ന ആശയത്തെ നിലനിര്‍ത്താന്‍ പ്രാപ്തരായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഈ ചെറിയ ചരിത്രത്തില്‍ നാമിന്ന് ഒരു നിര്‍ണായക ടേണിംഗ് പോയിന്റിലാണ്.

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഭരണഘടനാ പരിപാവനതകളെയും ഇല്ലാതാക്കുന്ന വിധത്തില്‍ ഏതൊക്കെ വിധത്തിലുള്ള ആക്രമണങ്ങളും അഴിച്ചു വിടുന്ന, ഓരോ സ്ഥാപനങ്ങളെയും തങ്ങളുടെ നേട്ടങ്ങള്‍ക്കായി അവിഹിതമായി പ്രവര്‍ത്തിപ്പിക്കുന്ന, ഓരോ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിക്കുന്നതു മാത്രമാകുന്ന ഒരു ഭരണകക്ഷിയും ഒരു പ്രധാനമന്ത്രിയും നമുക്കുണ്ടായി. ഓരോ സ്ഥാപനങ്ങളുടേയും തലപ്പത്തിരിക്കുന്ന വ്യക്തികളുടെ ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്യാനും അവരെ തങ്ങളുടെ വരുതിക്ക് കൊണ്ടുവരാനും അവര്‍ക്ക് കഴിയുന്നു. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഈ ഭരണഘടനാ സ്ഥാപനങ്ങളൊക്കെ ഈ വിധത്തില്‍ ദുര്‍ബലമാകാന്‍ കാരണമായതെന്ന് ബിജെപി നേതൃത്വത്തിന് വ്യക്തമായറിയാം, ഒപ്പം, ഈ സ്ഥാപനങ്ങളുടെയൊക്കെ നടത്തിപ്പുകാര്‍ക്കും.

സുപ്രീം കോടതി മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരെ, പ്രധാനപ്പെട്ട മാധ്യമ സ്ഥാപനങ്ങള്‍ മുതല്‍ അന്വേഷണ ഏജന്‍സികള്‍ വരെ, അങ്ങനെ ഓരോ സ്ഥാപനങ്ങളും പൊതുജനമധ്യത്തില്‍ തുറന്നുകാട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, മോദി സാമ്രാജ്യം നടത്തുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ തങ്ങള്‍ അശക്തരാണ് എന്ന കാര്യം.

ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് എന്തെങ്കിലും മേന്മ പുലര്‍ത്തിയിരുന്നു എന്ന് ഇതിന് അര്‍ത്ഥമില്ല. ഈ സ്ഥാപനങ്ങളെയൊക്കെ ഈ വിധത്തിലാക്കുന്നതില്‍ അവരും തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട്. പക്ഷേ, ഇന്ന് നമ്മള്‍ സംസാരിക്കുന്നത് അധികാരം കൈയാളുന്നവരെയും അതിന് നേതൃത്വം നല്‍കുന്നവരെയും കുറിച്ചാണ്.

എഴുതിവച്ചിട്ടില്ലെങ്കില്‍ പോലും പ്രധാനമന്ത്രി പദത്തിനുണ്ടായിരിക്കേണ്ട വിശ്വാസ്യതയും അതിനുള്ള ബഹുമാന്യതയും എല്ലാ വിധത്തിലും ഇല്ലാതാക്കുന്ന മറ്റൊരു പ്രധാനമന്ത്രി ഇന്ത്യന്‍ ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല. മോദി മതങ്ങളെ കൂട്ടുപിടിക്കുന്നു, ന്യൂനപക്ഷങ്ങളോട് ഭീഷണിയുടേതായ സ്വരത്തില്‍ സംസാരിക്കുന്നു, ഇന്ത്യയുടെ വൈവിധ്യത്തെ അപഹസിക്കുന്നു, ഓരോ ദിവസവും എന്നോണം ഞങ്ങളും അവരും എന്ന രീതിയില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നു. മോദിയുടെ ഭാഷയില്‍ അവര്‍ എന്നാല്‍ ദേശവിരുദ്ധരാണ് (Anti-nationals) – അവര്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നവരാണ്. ഇതുവഴി രാജ്യത്തിന്റെ ഓരോ കോണിലും നടത്തുന്ന പ്രചരണ പരിപാടികളിലൂടെ വര്‍ഗീയ വിഷം ഈ സമൂഹത്തിലുടനീളം പടര്‍ത്തുന്നു, തന്റെ പാര്‍ട്ടിയുടെ പരിപൂര്‍ണ പിന്തുണയോടെ തന്നെ.

ഇത്തരം ഭാഷകള്‍ ഇന്ത്യ പോലൊരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഉപയോഗിക്കുന്നത് അങ്ങേയറ്റം നാണക്കേടാണ്. ഇന്ദിരാ ഗാന്ധിക്ക് ശേഷമുണ്ടായിട്ടുള്ള ഒരു പ്രധാനമന്ത്രിയും ഇത്തരത്തിലുള്ള ഭിന്നിപ്പിക്കല്‍ നടപടികള്‍ എടുത്തിട്ടുണ്ടാകില്ല.

മോദി ആരാധനയ്ക്ക് കൂടുതല്‍ പിന്തുണക്കാരെയുണ്ടാക്കാനുള്ള ഏതു വഴിയും സ്വീകരിക്കുന്നതിന്റെ ഭാഗമായി നിലനില്‍ക്കുന്ന നിയമങ്ങളെയും നിയമ വ്യവസ്ഥയേയുമൊക്കെ അവര്‍ അട്ടിമറിക്കുന്നു. ആരുടേതാണ് നമോ ടിവി എന്ന പ്രശ്‌നം ഗൗരവമായ പ്രശ്‌നമായി ഉയര്‍ന്നുവരുന്നതു വരെ അത് തങ്ങളുടേതാണ് എന്ന് പറയാന്‍ പോലും ബിജെപി മടിച്ചിരുന്നു എന്നോര്‍ക്കണം. അത്തരത്തിലുള്ള വക്രതകളുടേയും നാണക്കേടിന്റേയും നിരവധി കാര്യങ്ങളാണ് ഓരോ ദിവസവും അരങ്ങേറുന്നത്.

Read More: ഒന്നുകില്‍ മോദിയും കൂട്ടരും തലതാഴ്ത്തും, അല്ലെങ്കില്‍ ഈ ജനാധിപത്യത്തെക്കുറിച്ചുള്ള കാല്‍പ്പനികതകള്‍ അവസാനിക്കും

ഓരോ ദിവസവും സര്‍ക്കാര്‍ ഇപ്പോള്‍ തങ്ങളുടെ എതിരാളികള്‍ക്ക് നേരെ അന്വേഷണ ഏജന്‍സികളെ കെട്ടഴിച്ചു വിടുന്നു. തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തിന്റെ അന്വേഷണ ഏജന്‍സികളെ ഈ വിധത്തില്‍ ദുരുപയോഗം ചെയ്തിട്ടുള്ളത് ചരിത്രത്തിലുണ്ടയിട്ടില്ല.

ഇത്തരത്തിലുള്ള ഒരു പാര്‍ട്ടിക്ക്, ഇത്തരത്തിലുള്ള ഒരു നേതൃത്വത്തിന് അധികാരം പിടിക്കാനായി അവര്‍ ചെയ്തു കൂടാത്തതായി ഒരു കാര്യവും ഉണ്ടാകില്ല എന്നതാണ് അവസ്ഥ. ഈ ദു:സ്വപ്നം എത്രയും വേഗം അവസാനിച്ചു കിട്ടാന്‍ ഓരോ പൗരനും ജാഗ്രവത്തായി ഇരിക്കേണ്ട സമയമാണ് ഇത്.

മോദി നമ്മെ ചില അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ഉണര്‍ത്തിയിരിക്കുന്നത്: ഓരോ ജനാധിപത്യ സ്ഥാപനവും തങ്ങളെ എറിഞ്ഞു തകര്‍ക്കാന്‍ ശ്രമിക്കുന്ന നേതാവിനെ പ്രതീക്ഷിക്കണം. നല്ല കാലത്ത് നല്ലതിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പോരാ. ധാര്‍മ്മിക മൂല്യങ്ങളെ നിര്‍ലജ്ജമായി നിരാകരിക്കുന്ന ഒരു ബലവാന്‍റെ ഉദയം ജനാധിപത്യം തീര്‍ച്ചയായും പ്രതീക്ഷിക്കണം എന്നു കൂടി അയാള്‍ ഇന്ത്യയുടെ ആത്മാവിനോട് മന്ത്രിക്കുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചുരുങ്ങിയ ചരിത്ര ഘട്ടത്തിനിടയിലെ അത്യന്തം നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പാണ് ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍