UPDATES

ന്യൂസ് അപ്ഡേറ്റ്സ്

10% മുന്നാക്ക സംവരണം: അധികച്ചെലവ് സ്ഥാപനങ്ങൾ വഹിക്കണമെന്ന് കേന്ദ്രം

മുന്നാക്ക ജാതിക്കാർക്ക് 10 ശതമാനം സംവരണം നടപ്പാക്കുന്നതു വഴി കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുണ്ടാകുന്ന അധികച്ചെലവുകൾ അതാത് സ്ഥാപനങ്ങൾ തന്നെ വഹിക്കണമെന്ന് കേന്ദ്ര സർക്കാർ. സീറ്റുകൾ കൂടുന്നതനുസരിച്ച് ആവശ്യമായി വരുന്ന അടിസ്ഥാനവികസന ചെലവുകളെല്ലാം സ്വന്തമായി കണ്ടെത്തേണ്ടി വരും. സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ ഈ നിർദ്ദേശം കാബിനറ്റ് അംഗീകരിച്ചതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

2006ൽ യുപിഎ സർക്കാർ ഒബിസി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിയപ്പോഴും സമാനമായ പ്രതിസന്ധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മുമ്പിലുമ്ടായിരുന്നു. കൂടുതലായി വേണ്ടിവരുന്ന അടിസ്ഥാന സൗകര്യവികസനം സർക്കാർ തന്നെ ഏറ്റെടുക്കുകയാണ് അന്നുണ്ടായത്. ഇത്തവണ ഇതെല്ലാം അതാത് സ്ഥാപനങ്ങളുടെ തലയിലിട്ടതിനാൽ പ്രതിസന്ധി രൂക്ഷമാകും.

കേന്ദ്ര സർവ്വകലാശാലകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റനുബന്ധ കാര്യങ്ങൾക്കുമായി 2,166.89 കോടി രൂപയാണ് അന്ന് സർക്കാർ അനുവദിച്ചത്. കേന്ദ്ര ഫണ്ടോടെ പ്രവർത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങൾക്ക് 4,227.46 കോടി രൂപയും അനുവദിക്കുകയുണ്ടായി.

സംവരണം നടപ്പിലാകുന്നതോടെ ജനറൽ കാറ്റഗറി സീറ്റുകൾ കുറയ്ക്കാതിരിക്കാൻ പുതുതായി സൃഷ്ടിക്കപ്പെടുന്ന സീറ്റുകൾക്കു വേണ്ടി വരുന്ന പുതിയ സൗകര്യങ്ങള്‍ക്കു വേണ്ടിയാണ് അന്ന് സർക്കാർ തുകയനുവദിച്ചത്.

പുതിയ മുന്നാക്ക സംവരണം നിലവിൽ വരുന്നതോടെ എസ്‌സി/എസ്‌ടി/ഒബിസി/ജനറൽ കാറ്റഗറികളിൽ പെട്ടവരുടെ സീറ്റുകളിൽ കുറവു വരാതിരിക്കാൻ സ്ഥാപനങ്ങൾക്ക് കൂടുതൽ വിദ്യാർത്ഥികളെ എടുക്കേണ്ടതായി വരും. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 25% സീറ്റുവർധന ഉണ്ടാകുമെന്നാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കേർ പറയുന്നത്. നിലവിൽ ഐഐടികൾ, എൻഐടികൾ, ഐഐഎമ്മുകൾ തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളിലായി 9.28 ലക്ഷം സീറ്റുകളുണ്ട്. ഇവയിൽ മാത്രമായി 4200 കോടി രൂപയുടെ അധികച്ചെലവാണ് ഉണ്ടാവുക.

ജനുവരി 12നാണ് ഭരണഘടനാഭേദഗതിയിലൂടെ മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ നിയമത്തിന് പ്രസിഡണ്ടിന്റെ അനുമതി ലഭിച്ചത്. ജനുവരി 9ന് ഈ ബിൽ പാർലമെന്റ് പാസ്സാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍