UPDATES

ട്രെന്‍ഡിങ്ങ്

സുപ്രിം കോടതി ഗര്‍ഭഛിദ്രം വിലക്കിയ പീഢന ഇരയായ 10 വയസുകാരി പ്രസവിച്ചു

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയെന്ന് ഇനിയവളെ വിളിക്കാം

നിരന്തമായ ലൈംഗിക പീഢനത്തിന് ഇരയാവുക വഴി ഗര്‍ഭം ധരിക്കുകയും സുപ്രിം കോടതി ഗര്‍ഭഛിദ്രം വിലക്കുകയും ചെയ്ത 10 വയസുകാരി പ്രസവിച്ചു. ചണ്ഡിഗഡില്‍ ഇന്നു രാവിലെ 9.22 ന് സിസേറിയനിലൂടെയായിരുന്നു ആ 10 വയസുകാരി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ടരക്കിലോ ഭാരമുള്ള കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ജൂലൈ പകുതിയോടെയാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. വയറുവേദനയെന്നു വീട്ടുകാരോടു പറഞ്ഞതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

സ്വന്തം അമ്മാവനാല്‍ നിരന്തരപീഢനത്തിന് ഇരയായാണ് പെണ്‍കുട്ടി ഗര്‍ഭം ധരിക്കുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആദ്യം ചണ്ഡിഗഡിലെ ലോക്കല്‍ കോടതി പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തുന്നത് വിലക്കിയിരുന്നു. ഗര്‍ഭഛിദ്രം നടത്തുന്നത് കുട്ടിക്ക് അപകടം വരുത്തിവച്ചേക്കാമെന്ന ഡോക്ടര്‍മാരുടെ വിദഗ്ദധ സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി മാതാപിതാക്കളുടെ ആവശ്യം നിരാകരിച്ചത്. പിന്നീട് സുപ്രിം കോടതിയില്‍ കേസ് എത്തിയപ്പോഴും മുന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് അവിടെയും ഗര്‍ഭഛിദ്രത്തിനു വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

കുട്ടിയുടെ ജനനം 35 ആഴ്ച മുന്നേയാണ് നടന്നിരിക്കുന്നതെന്നും ഇപ്പോള്‍ കുട്ടിയെ നിയോ-നാറ്റല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടി സാധാരണനിലയില്‍ ആകുമെന്നും ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നവജാതശിശുവിനെ സ്വീകരിക്കാന്‍ തയ്യാറല്ലെന്നു പ്രഖ്യാപിച്ചതിനെ തുടര്‍ന്നു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടിയെ ദത്തുനല്‍കല്‍ കേന്ദ്രത്തിനു കൈമാറുമെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടുകള്‍ പറയുന്നത് അനുസരിച്ച് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ ഏറ്റവും പ്രായം കുറഞ്ഞ അമ്മയാണ് ഈ 10 വയസുകാരി.

ഇന്ത്യയിലെ നിയമം അനുസരിച്ച് 20 ആഴ്ചകള്‍ കഴിഞ്ഞാല്‍ കുഞ്ഞിനോ മാതാവിനോ അപകടമുണ്ടെന്നു ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്യാതെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദമില്ല. എന്നാല്‍ ഇപ്പോള്‍ കോടതിയില്‍ ഈ കേസിലെന്നപോലെ നിരവധി പരാതികളാണ് കിട്ടുന്നത്. ഇതെല്ലാം തന്നെ പീഢനത്തിന് ഇരയായി ഗര്‍ഭം ധരിക്കുന്ന കുട്ടികളാണ്. ഇത്തരം കുട്ടികളുടെ കാര്യത്തില്‍ 20 ആഴ്ചകള്‍ കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടി ഗര്‍ഭം അലസിപ്പിക്കുന്നത് തടയരുതെന്നാണ് പരാതികളില്‍ പറയുന്നത്. കുട്ടികളായതിനാല്‍ തന്നെ തങ്ങള്‍ക്ക് സംഭവിച്ച അപകടത്തെ കുറിച്ച് അവര്‍ അറിയുന്നില്ല. പിന്നീട് വളരെ വൈകിയായിരിക്കും മാതാപിതാക്കള്‍ ഇക്കാര്യം അറിയുന്നത്. അപ്പോഴേക്കും സമയം വളരെ വൈകിയിരിക്കും. ചണ്ഡീഗഡിലെ കുട്ടിയുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയംഗങ്ങള്‍ ഈ കുട്ടിയോട് ദിവസങ്ങളോളം അവള്‍ക്ക് എന്താണ് സംഭവിച്ചതെന്നു തിരക്കിക്കൊണ്ടിരുന്നെങ്കിലും ആ കുട്ടിക്ക് ഒന്നും പറഞ്ഞു വിശദീകരിക്കാന്‍ അറിയില്ലായിരുന്നു. മാതാപിതാക്കളും കുട്ടിയിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ല.

ഇന്ത്യയിലെ കുട്ടികള്‍ നേരിടുന്ന പീഢനങ്ങളെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെയും യുനിസെഫിനെയും അധികരിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങളും ഈ റിപ്പോര്‍ട്ടിനൊപ്പം ബിബിസി പറയുന്നുണ്ട്. അതനുസരിച്ച് ഓരോ 13 മണിക്കൂറിലും 10 വയസില്‍ താഴെയുള്ള ഒരു പെണ്‍കുട്ടി ഇന്ത്യയില്‍ പീഢിപ്പിക്കപ്പെടുന്നു. ഓരോ 15 മിനിട്ടിലും 16 വയസില്‍ താഴെയുള്ള ഒരു പെണ്‍കുട്ടിയും പീഢിപ്പിക്കപ്പെടുന്നു. 2015 ല്‍ ഇന്ത്യയില്‍ പീഢനത്തിന് ഇരകളായത് പതിനായിരത്തിനു മുകളില്‍ കുട്ടികള്‍. 53.22 ശതമാനം കുട്ടികള്‍ ഇന്ത്യയില്‍ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നു. ഇതില്‍ 50 ശതമാനവും ഏറ്റവും അടുത്ത വ്യക്തികളില്‍ നിന്നുതന്നെയാണ് ചൂഷണം നേരിടേണ്ടി വരുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍