UPDATES

11 ലക്ഷം ആദിവാസി കുടുംബങ്ങളെ വനഭൂമിയിൽ നിന്ന് ഒഴിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ

11 ലക്ഷം ആദിവാസികളെ വനഭൂമിയിൽ നിന്ന് ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് സ്റ്റേ. കഴിഞ്ഞയാഴ്ച ജഡ്ജിമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്ന ബഞ്ചാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളിലെ ആദിവാസികളെ ബാധിക്കുന്ന ഈ വിഷയത്തിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു.

ഫെബ്രുവരി 13നായിരുന്നു ആധിവാസികളെ വനഭൂമിയിൽ നിന്നും നീക്കണമെന്നാവശ്യപ്പെട്ടുള്ള കോടതിയുടെ ഉത്തരവ് പുറത്തു വന്നത്. കേരളത്തിൽ മാത്രം 894 കുടുംബങ്ങളെയാണ് ഈ ഉത്തരവ് ബാധിക്കുക. വനാവകാശ നിയമത്തിന്റെ പരിരക്ഷയില്ലെന്ന് സംസ്ഥാന സർക്കാരുകൾ തന്നെ ചൂണ്ടിക്കാട്ടിയ കുടുംബങ്ങളെ ഒഴിപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.

വനഭൂമിയിൽ താമസിക്കാനുള്ള നിയമപരമായ പരിരക്ഷയ്ക്കായി 39,999 അപേക്ഷകൾ കേരളത്തിൽ നിന്നു മാത്രം ലഭിച്ചിരുന്നു. ഇതിൽ 894 എണ്ണം തള്ളിപ്പോയി. ഇങ്ങനെ തള്ളാനുണ്ടായ കാരണം ഇനി കോടതിയെ അറിയിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരുകൾ സത്യവാങ്മൂലങ്ങളിലൂടെയാണ് കോടതിയെ വിവരമറിയിക്കേണ്ടത്.

അപേക്ഷകൾ തള്ളിയതിനു ശേഷം വനഭൂമിയിൽ അനധികൃതമായി താമസിക്കുന്നവർക്കെതിരെ എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഈ കുടുംബങ്ങൾക്ക് എന്തുകൊണ്ട് വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ ബോധിപ്പിക്കണം. വിഷയത്തിൽ ഇടപെടാതെ സോളിസിറ്റർ ജനറൽ ഉറങ്ങുകയാണോയെന്ന ചോദ്യവും കോടതി ഉന്നയിച്ചു.

വനഭൂമി അനധികൃതമായി കൈവശം വെക്കുന്നവരെ നീക്കം ചെയ്യലായിരുന്നു കോടതിയുടെ പ്രധാന ഉദ്ദേശ്യം. മനുഷ്യനും മൃഗങ്ങളും തമ്മിലുണ്ടാകുന്ന സംഘർഷങ്ങൾ പരമാവധി ഒഴിവാക്കാനും കോടതി ലക്ഷ്യമിട്ടു. എന്നാൽ കോടതിയുടെ ഈ ശ്രമം ആദിവാസികളെ തന്നെയാണ് ബാധിക്കുകയെന്ന് സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയ കക്ഷികളും ചൂണ്ടിക്കാട്ടുകയുണ്ടായി.

വനാവകാശ നിയമപ്രകാരമുള്ള പരിരക്ഷ ലഭിക്കുന്നതിന് തെളിവുകൾ ഹാജരാക്കാൻ നിരവധി കുടുംബങ്ങൾക്ക് കഴിയാതെ പോയിട്ടുണ്ട്. ഇതിനു കാരണം പ്രസ്തുത കുടുംബങ്ങളുടെ ദരിദ്രമായ പശ്ചാത്തലമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത കോടതിയെ ബോധിപ്പിച്ചു. ഇത് കോടതിയെ പ്രകോപിപ്പിക്കുകയുണ്ടായി. ‘നിങ്ങൾ ഉറങ്ങാൻ പോയി തിരിച്ചെത്തി ഇപ്പോൾ പുനപ്പരിശോധിക്കണമെന്ന് പറയുകയാണ്’ എന്നായിരുന്നു കോടതിയുടെ പ്രസ്താവന.

ഒരു പ്രദേശം വനമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാൽ അവിടെ അനധികൃതമായി താമസിക്കുന്നവരെല്ലാം ഒഴിഞ്ഞുപോകണമെന്ന് സോളിസിറ്റർ ജനറലിനോട് കോടതി പറഞ്ഞു. കേന്ദ്രം ഇതിനായി ഏതെങ്കിലും പുനപ്പരിശോധനാ സമിതിയെ നിയോഗിച്ചിരുന്നോയെന്ന ചോദ്യവും കോടതി ഉന്നയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍