UPDATES

ട്രെന്‍ഡിങ്ങ്

മഹാരാഷ്ട്രയില്‍ 4 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 12,021 കര്‍ഷകര്‍; കടാശ്വാസങ്ങളും കാര്‍ഷിക വായ്പയും കര്‍ഷകര്‍ക്ക് കിട്ടുന്നില്ലെന്ന് പ്രതിപക്ഷം

എല്ലാ ആനുകൂല്യങ്ങളും വന്‍കിട കര്‍ഷകരിലേക്കാണ് എത്തുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും ഈ പ്രശ്നത്തിലൂന്നിയാണ്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 12021 കര്‍ഷകര്‍. വരുന്ന ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ ഈ കണക്കുകള്‍ ബിജെപി സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ദിവസത്തില്‍ ശരാശരി എട്ടുപേര്‍ എന്ന നിലയില്‍ സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ നടന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

സംസ്ഥാന ദുരിതാശ്വാസ-പുനരധിവാസ മന്ത്രി സുഭാഷ് ദേശ്മുഖ് നിയമസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. 2015 ജനുവരി മാസത്തിനും 2018 ഡിസംബര്‍ മാസത്തിനുമിടയിലാണ് ഇത്രയധികം പേര്‍ ആത്മഹത്യ ചെയ്തത്. ഇവയില്‍ 6,888 കേസുകള്‍ (5ക്ഷ%) മാത്രമേ സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടവയായി കണക്കാക്കിയിട്ടുള്ളൂ എന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

കാര്‍ഷികത്തകര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങളോരോന്നിനും 1 ലക്ഷം രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഈ സഹായം ഇതുവരെ 6.845 കുടുംബങ്ങള്‍ക്ക് എത്തിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജലസേചന പദ്ധതികള്‍ മെച്ചപ്പെടുത്താന്‍ നിരവധി കാര്യങ്ങള്‍ തങ്ങള്‍ ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. കാര്‍ഷികക്കടം എഴുതിത്തള്ളുന്നതടക്കമുള്ള പദ്ധതികള്‍ തങ്ങള്‍ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന ഇടമാണ് മഹാരാഷ്ട്ര. 2019ല്‍ മാത്രം, ആദ്യ മൂന്ന് മാസങ്ങളില്‍ 610 കര്‍ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ഇവരില്‍ 192 പേരുടെ കുടുംബങ്ങള്‍ക്കു മാത്രമേ പക്ഷെ, സാമ്പത്തികസഹായം ലഭിച്ചുള്ളൂ. സംസ്ഥാന സര്‍ക്കാരിന്റെ നയവൈകല്യങ്ങളാണ് കര്‍ഷകരുടെ ആത്മഹത്യ തുടര്‍ക്കഥയാകാന്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഈ പ്രശ്നത്തിലേക്ക് തങ്ങള്‍ ഭരിക്കുന്നവരുടെ ശ്രദ്ധ കൊണ്ടുവരാന്‍ എപ്പോഴും ശ്രമിച്ചു വരികയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ജയന്ത് പാട്ടീല്‍ പറയുന്നു. കടാശ്വാസങ്ങളോ, കാര്‍ഷിക വായ്പയോ ഒന്നും ആവശ്യമുള്ള കര്‍ഷകര്‍‌‍ക്ക് കിട്ടുന്നില്ലെന്ന ഗൗരവമേറിയ ആരോപണവും അദ്ദേഹം നിയമസഭയിലുന്നയിച്ചു. ഇതാണ് കര്‍ഷകരെ സാമ്പത്തിക കെടുതിയിലേക്ക് തള്ളിവിടുന്നതും ഒടുവില്‍ ആത്മഹത്യയിലേക്ക് നയിക്കുന്നതുമെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.

തങ്ങളാണ് ഇക്കാലയളവില്‍ ഏറ്റവും വലിയ കാര്‍ഷിക കടം എഴുതിത്തള്ളല്‍ നടത്തിയതെന്ന് അവകാശപ്പെട്ടാണ് ബിജെപി സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. 50 ലക്ഷം കര്‍ഷകരുടെ 24,000 കോടി രൂപയുടെ കടം എഴുതിത്തള്ളിയെന്നാണ് അവകാശവാദം. കര്‍ഷകര്‍ക്കു ഓരോ വര്‍ഷവും കൂടുതല്‍ വായ്പ ലഭ്യമാക്കുകകയും ചെയ്യുന്നു. ഏതാണ്ട് 58,000 കോടി രൂപയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വായ്പയായി നല്കിയത്.

അതെസമയം, ഈ സഹായങ്ങളൊന്നും തന്നെ ചെറുകിട കര്‍ഷകരിലേക്കും നാമമാത്ര കര്‍ഷകരിലേക്കും എത്തുന്നില്ല എന്നതാണ് പ്രശ്നമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ ആനുകൂല്യങ്ങളും വന്‍കിട കര്‍ഷകരിലേക്കാണ് എത്തുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും ഈ പ്രശ്നത്തിലൂന്നിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍