UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സർക്കാർ വെബ്സൈറ്റില്‍ നിന്നും ചോർന്നത് 1.3 ലക്ഷം ആധാർ വിവരങ്ങൾ; ചോര്‍ന്നത് ജാതിമതാടിസ്ഥാനത്തിൽ സൃഷ്ടിച്ച ‘പ്രൊഫൈലുകൾ’

ആധാർ വിവരങ്ങളെ മറ്റു സർവ്വേ വിവരങ്ങളുമായി യോജിപ്പിക്കില്ലെന്ന UIDAI-യുടെ വാദവും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.

ആധാർ സംബന്ധിച്ച് സുപ്രീംകോടതിയിൽ വാദം തുടരുന്നതിനിടെയാണ് ചോർച്ച സംഭവിച്ചതെന്നത് ശ്രദ്ധേയമാണ്. ബെംഗളൂരുവിൽ ശക്തമായ മതിൽക്കെട്ടിനകത്ത് സൂക്ഷിച്ചിരിക്കുന്ന ആധാർ ഡാറ്റ ഏറ്റവും സുരക്ഷിതമാണെന്നും ഡാറ്റ ഒരു കാരണവശാലും ലീക്കാകില്ലെന്നും അറ്റോർണി ജനറൽ കെകെ വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു.

ആന്ധ്രപ്രദേശ് ഹൗസിങ് കോര്‍പ്പറേഷന്റെ വെബ്സൈറ്റിലാണ് ആധാർ വിവരങ്ങൾ ആർക്കും തുറന്നെടുക്കാവുന്ന വിധത്തിൽ നൽകിയിരുന്നത്. 1.3 ലക്ഷം പേരുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. ആധാർ നമ്പർ, വിലാസം, മൊബൈൽ നമ്പർ, റേഷൻ കാര്‍ഡ് നമ്പർ എന്നിവയ്ക്കൊപ്പം ജാതിയും മതവും വരെ രേഖപ്പെടുത്തിയിരുന്നു. ഓരോ ഗുണഭോക്താവിന്റെയും ബാങ്ക് വിവരങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ബാങ്ക് ബ്രാഞ്ച്, ഐഎഫ്എസ്‌സി കോ‍ഡ് തുടങ്ങിയ വിവരങ്ങളടക്കം വെബ്സൈറ്റിൽ നൽകിയിരുന്നു.

ഡാറ്റ ഗവഷകനായ ശ്രീനിവാസ് കോഡാലിയാണ് ഈ വാർത്ത ട്വിറ്ററിലൂടെ പുറത്തു കൊണ്ടുവന്നത്.

ആധാർ നമ്പർ ചോർന്നതിനൊപ്പം തികച്ചും സ്വകാര്യമായ വിവരങ്ങൾ കൂടി ചോർന്നിരിക്കുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. ആധാറുമായി ഇത്തരം വിവരങ്ങൾ ലിങ്ക് ചെയ്യില്ലെന്നാണ് UIDAI (Unique Identification Authority of India) പറഞ്ഞിരുന്നത്. എന്നാൽ ഇത് വെറും നുണയാണെന്ന തെളിയിക്കപ്പെട്ടിരിക്കുന്നതായി ശ്രീനിവാസ് കൊഡാലി പറയുന്നു.
ഫയലുകൾ എല്ലാം ഡൗൺലോഡ് ചെയ്തെടുക്കുകയും ചെയ്യാവുന്ന തരത്തിലായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ വെബ്സൈറ്റ് പൂട്ടുകയുണ്ടായി.

വിവരം UIDAI-യുടെ പക്കൽനിന്ന് നേരിട്ട് ചോർന്നില്ലെങ്കിലും ചോരാൻ മറ്റു വഴികളുമുണ്ട് എന്നാണിത് തെളിയിക്കുന്നതെന്നും കൊഡാലി പറഞ്ഞു.

ആന്ധ്ര-തെലങ്കാന വിഭജന സമയത്ത് വൻതോതിലുള്ള ഒരു സർവ്വേ നടന്നിരുന്നു. വളരെ ആഴത്തിലുള്ള വിവരശേഖരണമാണ് അന്ന് നടന്നത്. ഇവയുപയോഗിച്ചാണ് ആന്ധ്ര ഹൗസിങ് ബോര്‍ഡ് ‘പ്രൊഫൈൽ’ നിർമാണം നടത്തിയിരിക്കുന്നത് എന്നത് വ്യക്തമാണ്. ഫോൺ നമ്പരുകള്‍ അടക്കമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തായിട്ടുള്ളത്.

ആധാർ വിവരങ്ങളെ മറ്റു സർവ്വേ വിവരങ്ങളുമായി യോജിപ്പിക്കില്ലെന്ന UIDAI-യുടെ വാദവും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.

ആന്ധ്രയ്ക്ക് സ്വന്തമായി ആധാർ നിയനം ഉണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഓര്‍ഡിനൻസായി നിലനിൽക്കുന്ന ഈ നിയമം കേന്ദ്രത്തിന്റെ ആധാർ നിയമം അതേപടി പകർത്തിയതാണെന്ന ആക്ഷേപവുമുണ്ട്. UNICORE എന്ന പേരില്‍, ആധാറിനു പുറമെ സ്വന്തമായി തിരിച്ചറിയൽ സംവിധാനം നടപ്പാക്കിയ സംസ്ഥാനവുമാണ് ആന്ധ്ര. ഇവയെല്ലാം വിവിധ ഡിപ്പാർട്ടുമെന്റുകൾ പല ആവശ്യങ്ങൾക്കായി കൂട്ടി യോജിപ്പിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. ചുരുക്കത്തിൽ ആന്ധ്രയിൽ ആധാർ ചോരുന്നു എന്നതിനർത്ഥം പൗരന്മാർ പൂർണ നഗ്നരാകുന്നു എന്നു തന്നെയാണ്!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍