UPDATES

ഈ ഖനിത്തൊഴിലാളികൾ ‘എലിമാളങ്ങളി’ൽ കുടുങ്ങിയിട്ട് ദിവസം പത്ത് കഴിഞ്ഞു; തായ്‌ലാൻഡിലെ കുട്ടികൾക്കു വേണ്ടി മോട്ടോർ പമ്പ് അയച്ച ഇന്ത്യാ സർക്കാർ എവിടെ?

മേഘാലയയിലെ സായ്പുങ്ങിൽ ജയന്തിയ മലനിരകളിലെ 370 അടിയോളം ആഴമുള്ള ഒരു കൽക്കരി ഖനി. ഖനിയുടെ അടിത്തട്ടിൽ ‘എലി മാളങ്ങൾ’ (റാറ്റ് ഹോൾ) എന്ന് വിളിക്കുന്ന ഭൂമിക്ക് സമാന്തരമായ അനേകം തുരങ്കങ്ങൾ. ഒരു മനുഷ്യന് ഇഴഞ്ഞു നീങ്ങാൻ മാത്രം വലിപ്പമുള്ള ഈ തുരങ്കങ്ങളിലൂടെ കിലോമീറ്ററുകളോളം നിരങ്ങി നീങ്ങിയാണ് ഖനിത്തൊഴിലാളികൾ കൽക്കരി ശേഖരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 13 നു ഖനിയിലെ എലിമാളത്തിലൂടെ കൽക്കരി തേടി നീങ്ങിയ തൊഴിലാളികളിൽ ആരോ ഒരാൾ പാറ ചുരണ്ടി നീക്കിയ ദ്വാരത്തിലൂടെ തുരങ്കത്തിനുള്ളിലേയ്ക്ക് ഇരച്ചെത്തിയത് ജയന്തിയ കുന്നുകളെ ചുറ്റി ഒഴുകുന്ന ലൈറ്റിൻ നദിയായിരുന്നു. ഉപതുരങ്കങ്ങളിൽനിന്ന് തുരങ്കങ്ങളിലേയ്ക്കും അവിടെ നിന്ന് പ്രധാന ദ്വാരത്തിലേയ്ക്കും മിനിറ്റുകൾ കൊണ്ട് നദീജലം ഇരച്ചെത്തി. തുരങ്കങ്ങളിൽ കൽക്കരി ശേഖരിച്ചുകൊണ്ടിരുന്ന 17 തൊഴിലാളികൾ ഉള്ളിൽ കുടുങ്ങി. ഖനിയുടെ മുഖ്യ കവാടത്തിൽ 70 അടിയോളം ആഴത്തിലാണ് ഇപ്പോൾ വെള്ളമുള്ളത്. ദുരന്തമുണ്ടായി പത്തു ദിവസം പിന്നിടുമ്പോൾ ഖനിക്കുള്ളിൽ അകപ്പെട്ടവരെ രക്ഷിക്കാമെന്നുള്ള പ്രതീക്ഷ ഏതാണ്ട് അവസാനിച്ച മട്ടാണ്.

അപകടമുണ്ടായ അന്നു തന്നെ ദേശീയ ദുരന്ത നിവാരണ സേന (NDRF) സംഭവ സ്ഥലത്ത് എത്തിയിരുന്നു. പക്ഷെ ഖനിയിലെ വെള്ളം വേണ്ട വിധത്തിൽ പമ്പ് ചെയ്തു പുറത്തെത്തിക്കാനുള്ള സംവിധാനം ഇല്ലാത്തതിനാൽ സേനയ്ക്ക് ഇതുവരെ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഖനിക്കുള്ളിലെ ജലത്തിന്റെ മർദ്ദം മൂലം പരമാവധി 35 അടി ആഴം വരെയേ സേനയിലെ മുങ്ങൽ വിദഗ്ദ്ധർക്ക് ചെന്നെത്താൻ സാധിക്കുകയുള്ളു. അതിനാൽ ഖനിയിലെ വെള്ളത്തിന്റെ അളവ് അത്രയും കുറച്ചെങ്കിൽ മാത്രമേ ദുരന്ത നിവാരണ സേനയ്ക്ക് രക്ഷാ ദൗത്യം സാധ്യമാവൂ. 100 കുതിരശക്തിയുള്ള 10 പമ്പുകൾ എങ്കിലും ഒരുമിച്ച് പ്രവർത്തിപ്പിച്ചാലേ ഖനിയിലെ ജലത്തിന്റെ അളവിൽ പ്രതീക്ഷിക്കുന്ന കുറവുണ്ടാവു എന്ന് വിദഗ്ദ്ധർ വ്യക്തമാക്കുമ്പോൾ വെറും 25 കുതിര ശക്തിയുള്ള 3 പമ്പുകൾ കൊണ്ട് ഒരു നദിയെ വറ്റിക്കാനുള്ള പാഴ്ശ്രമമാണ് ഇപ്പോൾ സായ്പുങ്ങിൽ നടക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 15 വര്‍ഷം തുടര്‍ച്ചയായി വിജയിക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ് എന്ന സംഘടനയുടെ പിന്നില്‍ ആരൊക്കെ?

ദുർഘടമായ സ്ഥലത്തേയ്ക്ക് ഇത്രയധികം പമ്പുകൾ എത്തിക്കാനുള്ള പരിമിതികളാണ് ഇതിനു കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ മാസങ്ങൾക്കു മുൻപ് അധിക ശേഷിയുള്ള പമ്പുകൾ തായ്ലാന്റിലെ രക്ഷാ പ്രവർത്തിന് അയച്ച ഇന്ത്യ ഗവണ്മെന്റ് സ്വന്തം രാജ്യത്തെ പാവപ്പെട്ട തൊഴിലാളികളുടെ കാര്യത്തിൽ ഉപേക്ഷ കാണിക്കുകയാണെന്ന വിമർശനമാണ് ഉയരുന്നത്.

ജല പരിശോധനയിൽ നിന്നാണ് ഖനിക്കുള്ളിലുള്ളത് നദീജലം തന്നെയാണെന്ന് വ്യക്തമായത്. എന്നാൽ തുരങ്കങ്ങളും ഉപതുരങ്കങ്ങളുമായി കിലോമീറ്ററുകൾ നീളുന്ന ഖനിക്കുള്ളിൽ നദി എങ്ങനെ എവിടെവച്ച് പ്രവേശിച്ചു എന്ന കാര്യത്തിൽ ആർക്കും വ്യക്തമായ ധാരണയില്ല. ഖനനം നിരോധിച്ച പ്രദേശത്ത് അശാസ്ത്രീയമായി നിർമ്മിച്ച ഖനിയെകുറിച്ചുള്ള സാങ്കേതിക വിവരങ്ങൾ ആർക്കും അറിയില്ല എന്നതാണ് രക്ഷാപ്രവർത്തകർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

രണ്ടു ദിവസമായി പ്രദേശത്തു തുടരുന്ന മഴ അവസാനിച്ചുവെങ്കിലും ഖനിയിലെയും നദിയിലെയും ജലം വെറും മൂന്നിഞ്ച് മാത്രമാണ് കുറഞ്ഞിരിക്കുന്നത്.

മേഘാലയ കുന്നുകളിലെ കൽക്കരി ഖനനം നിരോധിച്ച് 2014 ഏപ്രിൽ മാസത്തിൽ ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തരവിറക്കിയതാണ്. എന്നാൽ രാഷ്ട്രീയ നേതൃത്വങ്ങളുടെയും പോലീസിന്റെയും ഒത്താശയോടെ സ്വകാര്യ വ്യക്തികളുടെ അനധികൃത ഖനികൾ പ്രവർത്തിക്കുന്നുണ്ട്. ‘റാറ്റ് ഹോൾ മൈനിങ് ‘ എന്ന പ്രാകൃത സംവിധാനം ഉപയോഗിച്ചാണ് ഇവയിലെ കൽക്കരി ഖനനം. പരിസ്ഥിതി ആഘാതത്തിനു പുറമെ അശാസ്ത്രീയമായ ഖനനരീതി കൂടി പരിഗണിച്ചാണ് ഹരിത ട്രൈബ്യുണൽ ഖനനം നിരോധിച്ചത്. എന്നാൽ ഖനന വിലക്ക് നീക്കണം എന്നാവശ്യപ്പെട്ട് നിരവധി ഹർജികൾ പിന്നീട് സുപ്രീം കോടതിയിലും ഹരിത ട്രൈബ്യുണലിലും സമർപ്പിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപ് ഖനനം ചെയ്തു ശേഖരിച്ച കൽക്കരി ഖനന പ്രദേശത്തു നിന്നും നീക്കാനുള്ള അനുമതി കോടതി ഹർജിക്കാർക്കു നൽകി. ഈ ഉത്തരവിന്റെ മറവിലാണ് ഖനനം നിർബാധം തുടർന്നു പോരുന്നത്.

മേഘാലയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ നിന്ന് 130 കിലോമീറ്റർ അകലെയാണ് ഇപ്പോൾ അപകടമുണ്ടായ കിഴക്കൻ ജയന്തിയായിലെ കൽക്കരി ഖനി. ഇതുൾപ്പെടെ നൂറു കണക്കിന് ഖനികൾ അനധികൃതമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. മേഘാലയയിലെ ഖാസി, ഗാരോ കുന്നുകളിലും ഇതുപോലുള്ള നിരവധി ഖനികളുണ്ട്. ഇവയിലെല്ലാം കൂടി ഏതാണ്ട് 600 ദശലക്ഷം ടണ്ണിന്റെ കൽക്കരി നിക്ഷേപമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

സ്വകാര്യ ഭൂവുടമകൾ അനധികൃതമായി പ്രവർത്തിപ്പിക്കുന്നവയായതുകൊണ്ടു തന്നെ ഈ ഖനികളിലൊന്നും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല. തൊഴിലാളികളെ വലിയ കുട്ടകളിൽ ഇരുത്തി ക്രൈൻ ഉപയോഗിച്ചോ മുള ഗോവണികൾ വഴിയോ ഖനിക്കുള്ളിലേയ്ക്ക് ഇറക്കുന്നു. തുടർന്ന് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ പാറ തുരക്കാനുള്ള ഉപകരണങ്ങളുമായി തൊഴിലാളികൾ എലിമാളങ്ങളിലേയ്ക്ക് നുഴഞ്ഞു കയറിയാണ് കൽക്കരി ശേഖരിക്കുന്നത്. ഇത്തരം ചില ഉപതുരങ്കങ്ങൾ മറ്റു ഖനികളിലാണ് ചെന്നവസാനിക്കുന്നത്. അവസാനം എത്തുന്നത് വരെ തുരക്കുക എന്നതാണ് തൊഴിലാളികൾക്ക് കൊടുക്കുന്ന നിർദ്ദേശം. അതനുസരിച്ചു നടത്തിയ ഖനനമാണ് ഒടുവിൽ നദിയുടെ ഉറവ വരെ എത്തിയത്.

2012 ജൂലൈ മാസത്തിൽ ഖരോ കുന്നുകളിലെ കൽക്കരി ഖനിയിൽ 15 തൊഴിലാളികളാണ് മുങ്ങി മരിച്ചത്. 2014 ൽ സമാനമായ അപകടത്തിൽ ഒൻപതു പേർ കൊല്ലപ്പെട്ടു. എന്നാൽ ഖനിക്കുള്ളിൽ നടക്കുന്ന ഒറ്റപ്പെട്ട അപകട മരണങ്ങൾ പലതും പുറംലോകം അറിയാറില്ല.

മേഘാലയയുടെ പരിസ്ഥിതി സന്തുലനത്തെ തന്നെ അട്ടിമറിക്കുന്ന ഖനികൾക്കെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് നടന്നിട്ടുള്ളത്. കുടിക്കാൻ പോലും ശുദ്ധജലം കിട്ടാത്ത പ്രദേശമായി ഇവിടം മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ സംസ്ഥാനത്തെ സമാന്തര സാമ്പത്തിക വ്യവസ്ഥയായി വളർന്നു കഴിഞ്ഞ കൽക്കരി ഖനി മാഫിയയെ നിയന്ത്രിക്കാൻ ഈ പ്രക്ഷോഭങ്ങൾക്ക് സാധിച്ചില്ല. ഖനനം ചെയ്തെടുക്കുന്ന കൽക്കരി അനധികൃതമായി ബംഗ്ലാദേശിലേക്ക് കടത്തുന്നതുകൊണ്ട് റവന്യു ഇനത്തിൽ മാത്രം 300 കോടിയിലധികം രൂപ ഗവണ്മെന്റിനു നഷ്ടമാവുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇപ്പോൾ ദുരന്തം നടന്ന കിഴക്കൻ ജയന്തിയായിലെ ഖനിക്കു സമീപത്തു വച്ച് ഏതാണ്ട് ഒരു മാസം മുൻപ് മേഘാലയിലെ മനുഷ്യാവകാശ പ്രവർത്തകയായ ആഗ്നസ് ഖാർഷിങ്ങിന് നേരെ ഒരു ആക്രമണം നടന്നിരുന്നു. നവംബർ എട്ടാം തീയതിയാണ് അനധികൃത കൽക്കരി ഖനനത്തിന്റെ ചിത്രങ്ങൾ എടുക്കുന്നതിനിടയിൽ ആഗ്നസും അവരുടെ സഹായിയായ അമിത സാങ്മയും ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ആഗ്നസ് ഇപ്പോഴും സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നിട്ടില്ല.

അനധികൃത ഖനികൾക്കും അവിടങ്ങളിലെ തൊഴിലാളികൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ വർഷങ്ങളായി പോരാടുന്ന ആഗ്നസിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഖനി മാഫിയ തന്നെയാണെന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ മേഘാലയിലെ ഇലക്ഷൻ പോലും സ്പോൺസർ ചെയ്യുന്ന ഖനി മാഫിയയ്ക്കെതിരെ പോലീസ് ഒരന്വേഷണത്തിനും തയ്യാറാവില്ല എന്നും അവർ പറയുന്നു. കൽക്കരി കടത്തിയ 32 ട്രക്കുകൾ പിടിച്ചെടുത്തതിന്റെ പേരിൽ പി ജെ മർബാനിയാങ് എന്ന പോലീസ് ഉദ്യോഗസ്ഥനെ 2015 ജനുവരിയിൽ ഖനി മാഫിയ കൊലപ്പെടുത്തിയിരുന്നു.

പതിനഞ്ചിനും ഇരുപതിനുമിടയിൽ പ്രായമുള്ളവരാണ് ഖനിക്കുള്ളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഏറെയും. കഷ്ടിച്ച് രണ്ടരയടി മാത്രം വ്യാസമുള്ള റാറ്റ് ഹോളുകളിലൂടെ നിരങ്ങിച്ചെന്ന് കൽക്കരി ചുരണ്ടിയെടുക്കാൻ ചെറിയ ശരീരമുള്ളവർക്ക് സാധിക്കും എന്നതിനാലാണ് ഖനിക്കുള്ളിലെ ജോലിക്ക് കുട്ടികളെ നിയോഗിക്കുന്നത്. ആസ്സാമിൽ നിന്നും നേപ്പാളിൽ നിന്നും ഖനികളിൽ ജോലി ചെയ്യാൻ ഈ പ്രായക്കാർ എത്താറുണ്ട്. ദാരിദ്ര്യം മൂലമാണ് അപകടം നിറഞ്ഞ ഈ ജോലി ഇവർ തിരഞ്ഞെടുക്കുന്നത്. ശേഖരിക്കുന്ന കൽക്കരിയുടെ അളവനുസരിച്ചു 800 രൂപ മുതൽ 2000 വരെ കൂലിയായി ലഭിക്കാറുണ്ടെന്ന് ഇവർ പറയുന്നു. അനധികൃത തൊഴിലാളികളായതു കൊണ്ട് പലരുടെയും വിവരങ്ങൾ നടത്തിപ്പുകാർക്ക് പോലും അറിയില്ല. ഇപ്പോഴും ഖനിക്കുള്ളിൽ എത്ര പേർ കുടുങ്ങിയിട്ടുണ്ട് എന്ന കാര്യത്തിൽ അധികൃതർക്ക് വ്യക്തതയില്ല. 13 പേരാണ് ഖനിക്കുള്ളിൽ കുടുങ്ങിയിരിക്കുന്നത് എന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാൽ ഇതു കൂടാതെ രണ്ടു തൊഴിലാളികളുടെ ബന്ധുക്കൾ കൂടി പരാതിയുമായി എത്തിയിട്ടുണ്ട്.

ദുരന്തത്തിൽ നിന്ന് രക്ഷപെട്ട ഏക ഖനിത്തൊഴിലാളിയായ സയാബ് അലി പറയുന്നത് ഖനിക്കുള്ളിൽ 17 പേർ കുടുങ്ങിയിട്ടുണ്ടെന്നാണ്. വടക്കുകിഴക്കൻ ഉൾഗ്രാമങ്ങളിലെ ഇവരുടെ ബന്ധുക്കൾ ദുരന്തവിവരം അറിഞ്ഞിട്ടുണ്ടാവില്ല എന്നാണ് നിഗമനം. ഖനിക്കുള്ളിൽ തൊഴിലാളികൾ ജീവനോടെ ശേഷിക്കുന്നുണ്ടോ എന്നറിയാൻ ദുരന്തനിവാരണ സേന ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണവും ഇതുവരെ ഫലം കണ്ടിട്ടില്ല.

അനധികൃത കൽക്കരി ഖനനം അവസാനിപ്പിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനവുമായാണ് പതിനഞ്ചു വർഷം സംസ്ഥാനം ഭരിച്ച കോൺഗ്രസ്സിനെ പരാജയപ്പെടുത്തി ബിജെപി-നാഷണൽ പീപ്പിൾസ് പാർട്ടി സഖ്യം അധികാരത്തിലേറിയത്. എന്നാൽ കോൺഗ്രസ്സിനെ പോലെ തന്നെ ഖനി മാഫിയയെ പിന്തുണയ്ക്കുന്ന സമീപനമാണ് പുതിയ ഗവണ്മെന്റും സ്വീകരിക്കുന്നത്. 1973 ലെ കോൾ മൈൻസ് ആക്ട് അനുസരിച്ച് ഇന്ത്യയിൽ കൽക്കരി വ്യവസായം ദേശസാൽക്കരിക്കപ്പെട്ടതും കൽക്കരി നിക്ഷേപത്തിന്റെ ഉടമസ്ഥാവകാശം ഗവണ്മെന്റ് ഓഫ് ഇന്ത്യയിൽ നിക്ഷിപ്തവുമാണ്. എന്നാൽ ഭരണ ഘടനയുടെ ആറാം ഷെഡ്യുൾ അനുസരിച്ചു മേഘാലയ സംസ്ഥാനത്തെ ജനങ്ങൾക്ക് ഭൂമിയിൻ മേലുള്ള പ്രത്യേക അവകാശങ്ങൾ മറയാക്കിയാണ് ദേശീയ ഖനന നിയമം അവഗണിച്ച് കൽക്കരി ഖനനവും കള്ളക്കടത്തും ഇവിടെ നടക്കുന്നത്.

‘മാപ്പിളരാജാവ്’: കുഞ്ഞാലിമരയ്ക്കാരിൽ മമ്മൂട്ടിയുടെ ക്യാരക്ടർ ലുക്കിനു പിന്നിൽ ബാഹുബലിയുടെ കലാസംവിധായകൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍