UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിർമാണത്തിലിരുന്ന ഫ്ലൈഓവർ തകർന്നു വീണു; 19 പേർ കൊല്ലപ്പെട്ടു

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി.

വാരാണസിയിൽ നിർമാണത്തിലിരുന്ന ഫ്ലൈഓവർ തകർന്നു വീണ് കുറഞ്ഞത് 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പന്ത്രണ്ടോളം പേർക്ക് പരിക്കുണ്ട്. പാലത്തിനായി സ്ഥാപിച്ച രണ്ട് കോൺക്രീറ്റ് തൂണുകൾ തകർന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. 40 അടി വീതം ഉയരമുള്ള തൂണുകളാണ് ഇവ.

വാരാണസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെ ഫ്ലൈഓവറാണ് തകർന്നത്.

ഒരു ബസ്സ്, രണ്ട് എസ്‍യുവികൾ, രണ്ട് കാറുകൾ, രണ്ട് ടൂ വീലറുകൾ എന്നിവ തകർന്നുവീണ തൂണുകൾക്കടിയിൽ പെട്ടു. 200 ടൺ ഭാരമുള്ള തൂണുകൾക്കടിയിൽ പെട്ടവർ ക്ഷണത്തിൽ ചതഞ്ഞരഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ 350 പേരടങ്ങുന്ന സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ തുടങ്ങുമ്പോഴേക്കും അടുത്തുള്ള ചേരിപ്രദേശത്തെ ആളുകൾ രക്ഷാപ്രവര്ഡത്തനത്തിൽ ഏർപ്പെട്ടിരുന്നു. തൂണുകൾക്കടിയിൽ പൂർണമായും പെടാതിരുന്ന ചിലരെ ഇങ്ങനെ രക്ഷിക്കാനായി.

ദുരന്തനിരാവണ സേന സ്ഥലത്തെത്താൻ ഒരു മണിക്കൂറോളമെടുത്തു. 15 കിലോമീറ്റർ അകലെ നിന്ന് വലിയ ഭാരം നീക്കാൻ ശേഷിയുള്ള ക്രെയിൻ എത്തിക്കേണ്ടി വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തിൽ നടന്ന അപകടത്തിനു ശേഷം സ്ഥിതിവിവരങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സംഭവസ്ഥലത്തേക്ക് പ്രത്യേക വിമാനത്തിൽ നേരിട്ടെത്തി.

തൂണുകൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്ത് മൃതശരീരങ്ങൾ പുറത്തെടുക്കാൻ നാല് മണിക്കൂറോളം പ്രയത്നിക്കേണ്ടി വന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളും കോൺട്രാക്ടറും അപകടം നടന്നതോടെ മുങ്ങി.

വളരെക്കുറച്ച് യാത്രക്കാർ മാത്രമേ തൂണിനടിയിൽ പെട്ട ബസ്സിലുണ്ടായിരുന്നുള്ളൂവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇവരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി ഓട്ടോറിക്ഷകളിൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ എസ്‍യുവികൾ, കാറുകൾ, ബൈക്കുകൾ എന്നിവയിലുണ്ടായിരുന്നവരെ രക്ഷിക്കുക അസാധ്യമായിരുന്നെന്നും അവർ പറഞ്ഞു.

മരണമടഞ്ഞവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുരുതരമായി പരിക്കേറ്റവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും നൽകും.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാര്‍ത്ഥിക്കുന്നതായും മോദി തന്റെ ട്വീറ്റിൽ പറഞ്ഞു. ഉദ്യോഗസ്ഥരുമായി സംസാരിച്ചുവെന്നും സാധ്യമായ എല്ലാ സഹായങ്ങൾ അനൽകാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍