UPDATES

ട്രെന്‍ഡിങ്ങ്

സുധാ ഭരദ്വാജിനെയും മറ്റ് ആക്ടിവിസ്റ്റുകളെയും മോചിപ്പിക്കണം; കാൻപൂർ ഐഐടിയിലെ 190 പേർ ഒപ്പുവെച്ച പ്രസ്താവന

മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജിന്റെ അറസ്റ്റിനെതിരെ കാൻപൂർ ഐഐടിയിലെ വിദ്യാർഥികളും അദ്ധ്യാപകരുമടങ്ങുന്ന 190 പേർ ചേർന്ന് പ്രസ്താവനയിറക്കി. സുധ ഭരദ്വാജിനെതിരെയുള്ള കേസുകൾ കെട്ടിച്ചമച്ചതാണെന്നും അവരുടെ സൽപ്പേരിനെയും പ്രവർത്തികളെയും മോശമായി ചിത്രീകരിക്കാൻ വേണ്ടിയുള്ളതാണെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.

ഭീമ കൊരഗോൺ അക്രമവുമായി ബന്ധപ്പെട്ട് സുധ ഭരദ്വാജിനെ കൂടാതെ വെർണൻ ഗോൺസ്ലേവ്സ്, അരുൺ ഫരൈരാ എന്നീ അഭിഭാഷകരും സാമൂഹിക പ്രവർത്തകരായ ഗൗതം നവ്ലാഖാ, വരവര റാവു എന്നിവരും വീട്ടുതടങ്കലിൽ കഴിയുകയാണ്. ഇവര്‍ക്കെല്ലാവർക്കും സിപിഐ മാവോയിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടെന്നാണ് ആരോപണം.

പൊതു പ്രവർത്തകരെയും എഴുത്തുകാരെയും പ്രൊഫസർമാരെയും മാദ്ധ്യമപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഭയപ്പെടുത്താനും അറസ്റ്റു ചെയ്യാനുമുള്ള ശ്രമങ്ങളുടെ തുടർച്ച മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. തടവിൽ കഴിയുന്നവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.

സുധാ ഭരദ്വാജിനെതിരെയുള്ള എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണ്. പ്രോസീക്യൂഷന്റെ പരസ്യ പ്രസ്താവനകൾ പരസ്പര വിരുദ്ധമായിരുന്നു. അവർ എഴുതിയതെന്ന് പറയപ്പെടുന്ന കത്തിന്റെ കൂടെ മറ്റ് തെളിവുകളൊന്നുമില്ല. ആ കത്ത് തെരഞ്ഞെടുക്കപ്പെട്ട ചില മാദ്ധ്യമങ്ങൾക്ക് മാത്രമാണ് കിട്ടിയിരുന്നത്. പ്രോസിക്യൂഷന് കോടതിയിലെ വിചാരണയെക്കാളും മാദ്ധ്യമങ്ങളുടെ വിചാരണയാണ് താത്പര്യമെന്ന് തോന്നുന്നു.

പ്രസ്താവനയുടെ പൂർണ്ണരൂപം

ഐഐടി കാൻപൂറിലെ പൂർവവിദ്യാർഥിയായ സുധ ഭരദ്വാജിന്റെയും മറ്റ് ആക്ടിവിസ്റ്റുകളുടെയും അറസ്റ്റും ആനന്ദ് തെൽതുംബ്ദെ, കെ. സത്യനാരായണ, സ്റ്റാൻ സ്വാമി എന്നിവരുടെ വീടുകളിൽ നടന്ന റെയ്ഡും ഐഐടി കാൻപൂരിലെ വിദ്യാർഥികളും ഗവേഷകരും അദ്ധ്യാപകരും ആയ ഞങ്ങൾ അപലപിക്കുന്നു. പൊതു പ്രവർത്തകരെയും എഴുത്തുകാരെയും പ്രൊഫസർമാരെയും മാദ്ധ്യമപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഭയപ്പെടുത്താനും അറസ്റ്റു ചെയ്യാനുമുള്ള ശ്രമങ്ങളുടെ തുടർച്ച മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ മുപ്പത് വർഷമായി ഏറ്റവും അരികുവത്കരിക്കപ്പെട്ടവർക്ക് വേണ്ടി സമർപ്പിച്ചതാണ് സുധാ ഭരദ്വാജിന്റെ ജീവിതം. ഐഐടി കാൻപൂരിൽ നിന്ന് 1984ൽ ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അവർ 1986ൽ അവർ ഛത്തീസ്ഗഢിലെ തൊഴിലാളി സംഘടനയുടെ കൂടെയും മൈനിങ് മേഖലയിലെ ട്രേഡ് യൂണിയന്റെ കൂടെയും പ്രവർത്തിക്കാൻ തുടങ്ങി. ട്രേഡ് യൂണിയൻ മേഖലയിൽ കൂടുതൽ പ്രവർത്തിക്കാനും പിന്നീട് അഭിഭാഷകയാകാനും അവർക്ക് പ്രചോദനമായത് ഈ കാലഘട്ടമായിരുന്നു. ഇന്ത്യൻ ഭരണഘടനയിൽ ഉറപ്പുതന്നിട്ടുള്ള അവകാശങ്ങൾക്ക് വേണ്ടി ഏറ്റവും സാധാരണപ്പെട്ട ആളുകൾക്കിടയിലാണ് അവർ പ്രവർത്തിച്ചത്.

പൊതുരംഗത്ത് പ്രവർത്തിക്കുന്ന അവർക്കെതിരെ ജാമ്യം കിട്ടാത്തതും ദീർഘകാലം തടവ് കിട്ടാൻ സാധ്യതയുള്ളതുമായ യുഎപിഎ ചുമത്തുന്നത് നീതിനിഷേധമാണ്. സുധാ ഭരദ്വാജിനെതിരെയുള്ള എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണ്. പ്രോസീക്യൂഷന്റെ പരസ്യ പ്രസ്താവനകൾ പരസ്പര വിരുദ്ധമായിരുന്നു. സുധ ഭരദ്വാജ് എഴുതിയതെന്ന് പറയപ്പെടുന്ന കത്തിന്റെ കൂടെ മറ്റ് തെളിവുകളൊന്നുമില്ല. ആ കത്ത് തെരഞ്ഞെടുക്കപ്പെട്ട ചില മാദ്ധ്യമങ്ങൾക്ക് മാത്രമാണ് കിട്ടിയിരുന്നത്. പ്രോസിക്യൂഷന് കോടതിയിലെ വിചാരണയെക്കാളും മാദ്ധ്യമങ്ങളുടെ വിചാരണയാണ് താത്പര്യമെന്ന് തോന്നുന്നു.
കാര്യങ്ങൾ കെട്ടിച്ചമച്ച് അവരുടെ സൽപ്പേരിനെയും പ്രവർത്തികളെയും മോശമായി ചിത്രീകരിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. മറ്റ് അറസ്റ്റുകളും സമാനമാണ്.

മാറ്റിനിർത്തപ്പെട്ടവരുടെ കൂടെ നിന്ന് അവരുടെ പ്രശ്നങ്ങളെ നിയമവ്യവസ്ഥക്കകത്തേക്ക് കൊണ്ടുവരുന്നതിലൂടെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വികസന രീതിയെയാണ് അവർ മുന്നോട്ട് വെച്ചത്. നിരവധി ബുദ്ധിജീവികളും സർക്കാർ ഉദ്യോഗസ്ഥരും അക്കാദമിക് മേഖലയിലുള്ളവരും പൊതുജനങ്ങളും അവരെ പിന്തുണക്കാൻ മുന്നോട്ട് വന്നതിൽ അതുകൊണ്ട് തന്നെ അദ്ഭുതമില്ല. അവർ പഠിച്ചിറങ്ങിയ സ്ഥാപനത്തിലെ അംഗങ്ങൾ എന്ന നിലക്ക് പിന്തുണക്കാനുള്ള ശബ്ദങ്ങളോട് ഞങ്ങൾ ഞങ്ങളുടേതും ചേർക്കുകയാണ്.

ഞങ്ങൾ സുധ ഭരദ്വജിന്റെയും മറ്റുള്ളവരുടെയും നിരുപാധികമായ മോചനം ആവശ്യപ്പെടുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

ഓഗസ്ത് 28നാണ് മുംബൈയിലെയും റാഞ്ചിയിലെയും ‍ഡൽഹിയിലെയും ഫരീദാബാദിലെയും ഗോവയിലെയും ആക്ടിവിസ്റ്റുകളുടെ വീടുകൾ പൂനാ പോലീസ് റെയ്ഡ് ചെയ്തത്. ഭീമ കോറഗോവനിൽ അക്രമസംഭവം ഉണ്ടാകുന്നതിന്റെ തലേദിവസം നടന്ന ഒരു പോതുസമ്മേളനത്തിനെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. സെപ്തംബർ 12 വരെ അവരെ വീട്ടുതടങ്കലിൽ വെക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍