UPDATES

സോണിയ ഗാന്ധിയുടെ 19 വര്‍ഷം; കോണ്‍ഗ്രസിന്റേയും

“എന്നെ ഉണ്ടാക്കിയത് എന്താണെന്ന് അവര്‍ക്ക് അറിയില്ല” എന്ന് വിമര്‍ശകരെക്കുറിച്ച് സോണിയ പറഞ്ഞു.

132 വയസ് പ്രായമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ദീര്‍ഘകാലം ആ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ച സോണിയ ഗാന്ധി സ്ഥാനമൊഴിഞ്ഞിരിക്കുന്നു. 19 വര്‍ഷത്തെ സോണിയ കാണ്ഡം കോണ്‍ഗ്രസിനെ സംബന്ധിച്ച്, പ്രതീക്ഷ നഷ്ടപ്പെട്ട പാര്‍ട്ടിയുടെ തിരിച്ചുവരവും ജയവും തോല്‍വിയും വന്‍ വീഴ്ചകളുമെല്ലാം കണ്ട കാലമായിരുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ 19 വര്‍ഷങ്ങളെക്കുറിച്ചാണ് സ്‌ക്രോള്‍ (scroll.in) പറയുന്നത്.

സിപിഎം നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നയാളുമായ ജ്യോതി ബസു പറഞ്ഞത് അവരൊരും വീട്ടമ്മ മാത്രം എന്നാണ്. ബിജെപി നേതാവ് പ്രമോദ് മഹാജനാണെങ്കില്‍ അവരെ മോണിക്ക ലെവിന്‍സ്‌കിയോട് താരതമ്യപ്പെടുത്താന്‍ വരെ മടി കാണിച്ചില്ല. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സോണിയയെ വിശേഷിപ്പിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ റാബ്രി ദേവി എന്നാണ്. ടൂറിനിലെ നൂര്‍ജഹാന്‍ എന്ന് വിളിച്ച് എതിരാളികള്‍ അവരെ പരിഹസിച്ചു. എന്നാല്‍ 1998ല്‍ നേതൃത്വമില്ലാതെ അരക്ഷിതമായി മുന്നോട്ടുപോവുകയായിരുന്ന കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി അവര്‍ ഏറ്റെടുത്തതിന് ശേഷം കാര്യങ്ങള്‍ മാറി. സംശയാലുക്കളുടേയും വിമര്‍ശകരുടേയും വായടപ്പിച്ചു. “എന്നെ ഉണ്ടാക്കിയത് എന്താണെന്ന് അവര്‍ക്ക് അറിയില്ല” എന്ന് വിമര്‍ശകരെക്കുറിച്ച് സോണിയ പറഞ്ഞു. 1984ന് ശേഷം പാര്‍ട്ടി തുടര്‍ച്ചയായി അധികാരം നേടുന്നത് സോണിയയുടെ നേതൃത്വത്തില്‍ 2009ലാണ്.

രാഷ്ട്രീയത്തിലെ നേതൃത്വത്തിലെ പരിചയമില്ലായ്മ പ്രശ്‌നമായിരുന്നെങ്കിലും വിദേശ രാജ്യത്ത് ജനിച്ചയാള്‍ എന്നതായിരുന്നു അവരെ വലിയ പ്രതിസന്ധിയിലാക്കിയത്. കിട്ടിയ അവസരത്തിലെല്ലാം ബിജെപി ഇത് എടുത്തുപയോഗിച്ചു. രാജ്യത്തിന്റെ ഭരണഘടയുടെ പുനപരിശോധനയ്ക്കായി മുന്‍ ചീഫ് ജസ്റ്റിസ് എംഎന്‍ വെങ്കടചെല്ലയ്യയെ അദ്ധ്യക്ഷനാക്കി ഒരു കമ്മിറ്റിയെ വാജ്‌പേയ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇത് വിദേശ വംശജരായവര്‍ ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നത് തടയുന്നതിന് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് ആശങ്കപ്പെട്ടു. സോണിയ ഗാന്ധിയുടെ വിദേശ ബന്ധം കോണ്‍ഗ്രസിനകത്തും പൊട്ടിത്തെറിയുണ്ടാക്കി. വിദേശ വംശജയായ നേതാവ് പാര്‍ട്ടിയെ നയിക്കുന്നത് അവര്‍ അംഗീകരിച്ചില്ല. ശരദ് പവാര്‍, പിഎ സാങ്മ, താരിഖ് അന്‍വര്‍ എന്നിവര്‍ സോണിയയുടെ വിദേശജന്മ പ്രശ്‌നം ഉയര്‍ത്തി കലാപമുണ്ടാക്കുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കുകയും ചെയ്തു.

അതേസമയം പാര്‍ട്ടിക്കകത്തും പുറത്തും വിശ്വാസ്യത നേടാന്‍ സോണിയയ്ക്ക് കഴിഞ്ഞു. ഇന്ദിര ഗാന്ധിയുടെ പിന്‍ഗാമിയാണ് താനെന്ന് ജനങ്ങളെ ബോധിപ്പിക്കാന്‍ സോണിയ ശ്രമിച്ചു. തന്റെ ക്രിസ്ത്യന്‍ കുടുംബ പശ്ചാത്തലവും വിശ്വാസവും എതിരാളികള്‍ ദുരുപയോഗം ചെയ്യുമെന്ന് കണ്ട് അവര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് മൃദു ഹിന്ദുത്വ പ്രോത്സാഹനവും ഹിന്ദു പ്രീണനവും നടത്തി. 2001ലെ കുംഭമേളയില്‍ പങ്കെടുത്തു. സോണിയ ഗാന്ധി പ്രസിഡന്റ് പദവി ഏറ്റെടുക്കുമ്പോള്‍ കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ തോതില്‍ ചോര്‍ന്ന് പോയിരുന്നു. നാല് സംസ്ഥാനങ്ങളില്‍ മാത്രമാണ് ആ സമയത്ത് പാര്‍ട്ടിക്ക് അധികാരമുണ്ടായിരുന്നത്. വലിയ ദൗത്യമാണ് സോണിയയുടെ മുന്നിലുണ്ടായിരുന്നത്.

കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ സോണിയയുടെ തുടക്കം ഒരിക്കലും മികച്ചതായിരുന്നില്ല. 1998ല്‍ അധികാരത്തില്‍ വന്ന വാജ്‌പേയിയുടെ എന്‍ഡിഎ സര്‍ക്കാര്‍ ജയലളിതയുടെ അണ്ണാ ഡിഎംകെ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് 1999ല്‍ വിശ്വാസവോട്ടില്‍ പുറത്താകുന്നു. ഈ സമയം സോണിയ അവരുടെ രാഷ്ട്രീയമായ അപക്വത പ്രദര്‍ശിപ്പിച്ചു. രാഷ്ട്രപതി ഭവന് മുന്നില്‍ വച്ച് മാധ്യമങ്ങളോട് കക്ഷി നേതാവ് എന്ന നിലയില്‍ സംസാരിച്ചപ്പോളായിരുന്നു അത്. ഞങ്ങള്‍ക്ക് 272 അംഗങ്ങളുടെ പിന്തുണയുണ്ട്. കൂടുതല്‍ പേര്‍ വരാനിരിക്കുന്നു. ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. എന്നാല്‍ മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണച്ചില്ല. 1999ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 151ല്‍ നിന്ന് 114 സീറ്റിലേയ്ക്ക് ചുരുങ്ങി.

തോല്‍വിയില്‍ നിന്ന് സോണിയ പാഠങ്ങള്‍ പഠിച്ചു. രാഷ്ട്രീയമായ പക്വത നേടി. 12ഓളം സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ അവര്‍ സജ്ജമാക്കി. മുന്നണി രൂപീകരണത്തോടുള്ള അവജ്ഞയും ഏകക്ഷി ഭരണം എന്ന വ്യാമോഹവും ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി. ബിജെപി ഇതര പാര്‍ട്ടികളുമായി സോണിയ ചര്‍ച്ച നടത്തി. ഡിഎംകെ നേതാവ് എം കരുണാനിധി, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയവരെ ചെന്നുകണ്ട് മുന്നണി രൂപീകരണവും സഖ്യസാധ്യതകളും ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസ് കാ ഹാഥ് ആം ആദ്മി കെ സാഥ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. 2004ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി. യുപിഎ മുന്നണിയുണ്ടായി.

ബിജെപി വിദേശജന്മ പ്രശ്‌നം വീണ്ടും ഉയര്‍ത്തി. താന്‍ പ്രധാനമന്ത്രിയാകാനില്ലെന്ന് സോണിയ വ്യക്തമാക്കി. ഈ സ്ഥാനത്തേയ്ക്ക് മന്‍മോഹന്‍ സിംഗിനെ നിയോഗിച്ചു. സോണിയയുടെ ജനപ്രീതി ഇതോടെ വീണ്ടും ഉയര്‍ന്നു. സോണിയയുടെ റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന പാവയാണ് മന്‍മോഹന്‍ സിംഗ് എന്ന് ബിജെപി പരിഹസിച്ചു. എന്നാല്‍ ക്ഷേമ പദ്ധതികളുമായി തുടക്കത്തില്‍ മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഇതില്‍ സോണിയയുടെ പങ്ക് നിര്‍ണായകമായിരുന്നു. തൊഴിലുറപ്പ് പദ്ധതി പോലെ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയ പദ്ധതികള്‍ വന്നു. വിവരാവകാശ നിയമവും ഭക്ഷ്യസുരക്ഷാ പദ്ധതിയും വന്നു.

അതേസമയം 2009ല്‍ അധികാരം നിലനിര്‍ത്തിയ യുപിഎ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിക്കുന്നതാണ് പിന്നീട് കണ്ടത്. 2004 മുതല്‍ 2014 വരെ അധികാരത്തിലുണ്ടായിരുന്ന സമയത്ത് പാര്‍ട്ടി സംഘടനാ സംവിധാനത്തെ സോണിയ അവഗണിച്ചു എന്നൊരു പരാതി ശക്തമാണ്. ഇതിന് വലിയ വില കൊടുക്കേണ്ടി വന്നു. കോണ്‍ഗ്രസ് വെറും 44 സീറ്റിലേയ്ക്ക് ചുരുങ്ങി. മകന്‍ രാഹുല്‍ ഗാന്ധിക്ക് ബാറ്റണ്‍ കൈമാറിയപ്പോള്‍ സോണിയ പ്രസിഡന്റ് പദവി ഏറ്റെടുത്ത സമയത്തുണ്ടായിരുന്നതിനേക്കാള്‍ മോശമായ അവസ്ഥയിലാണ് പാര്‍ട്ടി. ഉടനടി അറ്റകുറ്റപ്പണി നടത്തേണ്ട ഒന്ന്. കോണ്‍ഗ്രസിന്റെ നേതൃത്വം നെഹ്രു-ഗാന്ധി കുടുംബത്തില്‍ തന്നെ നിലനിര്‍ത്തിയതില്‍ സോണിയയ്ക്ക് വേണമെങ്കില്‍ ആശ്വസിക്കാം. ഏതായാലും കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി യുഗം തുടങ്ങിയിരിക്കുന്നു. ഇനി രാഹുല്‍ എങ്ങനെയാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ പോകുന്നത് എന്ന് കാണാം.

സോണിയ ഗാന്ധി; കോര്‍പറേറ്റ്-മതഭ്രാന്തന്മാരുടെ കാലത്തെ ഒരു മതേതര സോഷ്യലിസ്റ്റ്

അങ്ങനെ രാഹുല്‍ ഗാന്ധി തലപ്പത്തേക്ക്; ദയവായി ഇനി ജനാധിപത്യത്തെക്കുറിച്ച് കൂടി പറയരുത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍