UPDATES

ട്രെന്‍ഡിങ്ങ്

എംജെ അക്ബറിനെതിരെ പ്രിയ രമണിയെ പിന്തുണച്ച് 20 വനിത മാധ്യമപ്രവര്‍ത്തകര്‍; മൊഴി നല്‍കാന്‍ തയ്യാര്‍

രമണി ഈ പോരാട്ടത്തില്‍ ഒറ്റയ്ക്കല്ല. രമണിക്കെതിരെ അക്ബര്‍ ഫയല്‍ ചെയ്തിരിക്കുന്ന മാനനഷ്ട കേസ് കോടതി പരിഗണിക്കുമ്പോള്‍ ഞങ്ങള്‍ക്ക് പറയാനുള്ളതും കേള്‍ക്കണം – ഇവര്‍ ആവശ്യപ്പെടുന്നു.

വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്ക് പിന്തുണയുമായി 20 വനിത മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത്. ഏഷ്യന്‍ ഏജില്‍ അക്ബറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള 19 പേരും ഡെക്കാണ്‍ ക്രോണിക്കിളിലെ മുന്‍ മാധ്യമപ്രവര്‍ത്തകയുമാണ് അക്ബറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ പൊതുപ്രസ്താവനയിറക്കി. കോടതിയില്‍ അക്ബറിനെതിരെ മൊഴി നല്‍കാന്‍ തങ്ങള്‍ തയ്യാറാണ് എന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഇതില്‍ ചിലര്‍ അക്ബറില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടവരും മറ്റ് ചിലര്‍ ഇതിന് സാക്ഷികളുമാണ്. തന്റെ വ്യക്തിപരമായ അനുഭവം മാത്രമല്ല പ്രിയ രമണി പങ്കുവച്ചത്. തൊഴില്‍മേഖലയിലെ സ്ത്രീവിരുദ്ധതയെ തുറന്നുകാട്ടുകയാണ് അവര്‍ ചെയ്തത്. ഏഷ്യന്‍ ഏജില്‍ അക്ബര്‍ നടത്തിയ ലൈംഗികചൂഷണവും പെണ്‍വേട്ടയും വെളിപ്പെടുത്തുകയാണ് ചെയ്തത്. രമണി ഈ പോരാട്ടത്തില്‍ ഒറ്റയ്ക്കല്ല. രമണിക്കെതിരെ അക്ബര്‍ ഫയല്‍ ചെയ്തിരിക്കുന്ന മാനനഷ്ട കേസ് കോടതി പരിഗണിക്കുമ്പോള്‍ ഞങ്ങള്‍ക്ക് പറയാനുള്ളതും കേള്‍ക്കണം – ഇവര്‍ ആവശ്യപ്പെടുന്നു.

ഏഷ്യന്‍ ഏജില്‍ വിവിധ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മീണല്‍ ബാഗല്‍, മനീഷ പാണ്ഡെ, തുഷിത പട്ടേല്‍, കനിക ഗലോട്ട്, സുപര്‍ണ ശര്‍മ, രമോല തല്‍വാര്‍ ബദാം, ഹോയ്ഹ്നു ഹോസെല്‍, ഐഷ ഖാന്‍, കുശാല്‍റാണി ഗുലാബ്, കനിസ ഗസാരി, മാളവിക ബാനര്‍ജി, എ.ടി.ജയന്തി, ഹാമിദ പാര്‍ക്കര്‍, ജൊനാലി ബുറാഗോഹെയ്ന്‍, മീനാക്ഷി കുമാര്‍, സുജാത ദത്ത സച്ച്‌ദേവ, രശ്മി ചക്രബര്‍ത്തി, കിരണ്‍ മണ്‍റാല്‍, സഞ്ചാരി ചാറ്റര്‍ജി എന്നിവരും ഡെക്കാണ്‍ ക്രോണിക്കിളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രിസ്റ്റീന ഫെര്‍ണാണ്ടസുമാണ് പ്രസ്താവനയില്‍ ഒപ്പ് വച്ചിരിക്കുന്നത്. പ്രിയ രമണിക്കെതിരായ അപകീര്‍ത്തി കേസിലൂടെ
അന്വേഷണം തനിക്ക് ബാധകമല്ലെന്ന അധികാരത്തിന്റെ ഹുങ്ക് കാണിക്കുകയാണ് അക്ബര്‍ എന്ന് പ്രസ്താവന അഭിപ്രായപ്പെടുന്നു.

പ്രിയ രമണിയും ഏഷ്യന്‍ ഏജിലെ മറ്റൊരു മുന്‍ മാധ്യമപ്രവര്‍ത്തക ഗസാല വഹാബും ഒരു വിദേശ മാധ്യമപ്രവര്‍ത്തകയുമടക്കം എട്ട് പേരാണ് എംജെ അക്ബറിനെതിരെ ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചിരുന്നത്. കേന്ദ്ര മന്ത്രിമാരായ മേനക ഗാന്ധി, സ്മൃതി ഇറാനി, രാംദാസ് അതാവാലെ എന്നിവര്‍ ഇരകളെ പിന്തുണച്ചും അക്ബറിനെതിരായും രംഗത്തുവന്നിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച എംജെ അക്ബര്‍ തിങ്കളാഴ്ച പ്രിയ രമണിക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അതേസമയം കേസ് നേരിടാന്‍ താന്‍ തയ്യാറാണെന്ന് പ്രിയ രമണി വ്യക്തമാക്കി. സത്യമാണ് പറയുന്നത് എന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ട് ഇതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെടുന്നവര്‍ അനുഭവിക്കുന്ന മാനസികാഘാതങ്ങളും സംഘര്‍ഷങ്ങളും പരിഗണിക്കാത്തതാണ് മന്ത്രിയുടെ നടപടിയെന്ന് പ്രിയ രമണിയും അവരെ പിന്തുണക്കുന്ന വനിത മാധ്യമപ്രവര്‍ത്തകരും കുറ്റപ്പെടുത്തുന്നു.

#MeToo കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു ‘വശീകരണശേഷിയുള്ള’ മന്ത്രി; തുറന്നു കാട്ടപ്പെട്ട് മാധ്യമ മാടമ്പിമാരും സിനിമാ താരങ്ങളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍