UPDATES

ട്രെന്‍ഡിങ്ങ്

2018ലെ യുപി വിരല്‍ ചൂണ്ടുന്നത് 2019ലെ ഇന്ത്യയിലേയ്‌ക്കോ?

ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങള്‍ക്ക് അനുസൃതമായി, തങ്ങളുടെ സ്വാധീനവും സ്വാധീനക്കുറവും എല്ലാം കണക്കിലെടുത്ത് ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകാതെ ഏകീകരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്നതായിരിക്കും 2019ല്‍ പ്രതിപക്ഷത്തിന്‍റെ സാധ്യതകള്‍ നിര്‍ണയിക്കുക.

പ്രതിപക്ഷ ഐക്യം യാഥാര്‍ത്ഥ്യമായാല്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കാന്‍ കഴിയും എന്ന് തന്നെയാണ് ഗോരഖ്പൂരിലേയും ഫൂല്‍പൂരിലേയും ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ്‌ മൗര്യയും രാജി വച്ചൊഴിഞ്ഞ സീറ്റുകളാണ് സമാജ് വാദി പാര്‍ട്ടി പിടിച്ചെടുത്തിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിക്ക് പിന്തുണ നല്‍കിയ ബി എസ് പി, 2019ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ സ്വീകരിക്കേണ്ട സമീപനവും തന്ത്രവും എന്തായിരിക്കണം എന്നതിന് വഴി കാട്ടിയിരിക്കുന്നു. മഹാസഖ്യം ബിഹാറിലെ പരാജയപ്പെട്ട പരീക്ഷണമല്ലെന്നും അത് ഇനിയും പല രൂപത്തിലും തുറന്ന സാധ്യതയാണ് എന്നും യുപി തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങള്‍ക്ക് അനുസൃതമായി, തങ്ങളുടെ സ്വാധീനവും സ്വാധീനക്കുറവും എല്ലാം കണക്കിലെടുത്ത് ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകാതെ ഏകീകരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്നതായിരിക്കും 2019ല്‍ പ്രതിപക്ഷത്തിന്‍റെ സാധ്യതകള്‍ നിര്‍ണയിക്കുക.

ബിജെപിക്കെതിരായ ജനരോഷവും ബിജെപിക്കെതിരെ ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് ജനങ്ങള്‍ വോട്ട് ചെയ്യുമെന്നതുമാണ് യുപി ഉപതിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി വിരുദ്ധ ഐക്യത്തിന് കോണ്‍ഗ്രസ് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ അന്ത്യം അടുത്തു എന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പറഞ്ഞത്. ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ ചിരവൈരികളായ സിപിഎമ്മിനോട് മൃദുസമീപനം സ്വീകരിച്ചുകൊണ്ട് അവര്‍ രംഗത്തെത്തിയിരുന്നു. ബിജെപി അധികാരത്തില്‍ എത്തുന്നത് ഒഴിവാക്കാനായി ത്രിപുരയില്‍ നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഞാന്‍ സന്തോഷിക്കും എന്ന് മമത സിപിഎമ്മിനോട് പറഞ്ഞിരുന്നു. പശ്ചിമബംഗാളില്‍ ബിജെപി സ്വാധീനം ശക്തമാക്കുന്ന സാഹചര്യത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്.

ബിഹാറില്‍ മഹാസഖ്യം പൊളിച്ചെങ്കിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കക്ഷിയായിരുന്ന ആര്‍ജെഡിയുടെ സ്വാധീനത്തിന് ഒരു പോറവും ഏല്‍പ്പിക്കാന്‍ നിതീഷിനെ മറുകണ്ടം ചാടിച്ച് സര്‍ക്കാരുണ്ടിക്കിയ ബിജെപിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ബിഹാര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. അരാരിയ ലോക്‌സഭ മണ്ഡലത്തിലും ജെഹ്നാബാദ് നിയമസഭ മണ്ഡലത്തിലും ആര്‍ജെഡി ജയിച്ചു. എസ് പി നേതാവ് അഖിലേഷ്, യാദവ്, ബി എസ് പി നേതാവ് മായാവതി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവരെ മമത അഭിനന്ദിച്ചു – “ഇത് മഹത്തായ വിജയമാണ്. അന്ത്യത്തിന്റെ ആരംഭം തുടങ്ങിയിരിക്കുന്നു” – മമത ട്വിറ്ററില്‍ കുറിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിജയികളെ അഭിനന്ദിച്ച് രംഗത്തെത്തി.

നിലവിലെ സാഹചര്യത്തില്‍ തന്റെ നിഗമനം തെറ്റാണെന്ന് തെളിയിച്ച ബിജെപി സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. 2019നെക്കുറിച്ച് ആലോചിച്ച് സമയം കളയാതെ 2024ലെ തിരഞ്ഞെടുപ്പിന് ആവശ്യമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാമെന്ന് നേരത്തെ ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്ത് കാറ്റ് ഏത് ദിശയിലാണ് എന്ന് വ്യക്തമാക്കുന്നതാണ് യുപി ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് ഗുജറാത്ത് പിസിസി അധ്യക്ഷന്‍ ഭരത് സോളങ്കി അഭിപ്രായപ്പെട്ടു.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 80ല്‍ 73 സീറ്റും നേടി ബിജെപി സഖ്യം ജംബോ വിജയം നേടിയപ്പോള്‍ മൂന്ന് ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ ജയിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ ഗോരഖ്പൂരില്‍ എസ് പിക്കും ബി എസ് പിക്കും കൂടി കിട്ടിയ വോട്ട് യോഗിയുടെ ഭൂരിപക്ഷത്തിലും താഴെയായിരുന്നു. 1998 മുതല്‍ 2014വരെ തുടര്‍ച്ചയായ അഞ്ച് ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ വലിയ ഭൂരിപക്ഷത്തിന് യോഗി ജയിച്ചിരുന്ന സീറ്റാണിത്. യോഗിക്ക് മുമ്പ് മൂന്ന് തവണ ഇവിടെ എംപിയായിരുന്നത് അദ്ദേഹത്തിന്റെ തന്നെ മഠവുമായി ബന്ധപ്പെട്ട മഹന്ത് അവൈദ്യനാഥ് ആണ്. 1989ല്‍ ഹിന്ദുമഹാസഭയുടേയും 91ലും 96ലും ബിജെപിയുടേയും സ്ഥാനാര്‍ത്ഥിയായി മഹന്ത് അവൈദ്യനാഥ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഒരു ഘട്ടത്തില്‍ ബിജെപിയെ തന്നെ വെല്ലുവിളിച്ച് യോഗി രൂപീകരിച്ച ഹിന്ദു യുവ വാഹിനി എന്ന ക്രിമിനല്‍ ഗുണ്ടാസംഘം അഴിഞ്ഞാടുന്ന മേഖല. ഇങ്ങനെയൊരിടത്താണ് തോറ്റിരിക്കുന്നത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ലോക്‌സഭാംഗത്വം രാജി വച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും ബിജെപി തോറ്റിരിക്കുന്നു. കേശവ്പ്രസാദ് മൗര്യയുടെ ഫൂല്‍പൂര്‍ 2014 മാത്രം ബിജെപി പിടിച്ചെടുത്ത സീറ്റാണെങ്കില്‍ 1991 മുതല്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി ജയിച്ച സീറ്റാണ് ഗോരഖ്പൂര്‍. 2014ല്‍ മൂന്ന് ലക്ഷത്തില്‍ പരം വോട്ടിന് ജയിച്ച സീറ്റില്‍ ഇത്തവണ 59,000ല്‍ പരം വോട്ടിന് എസ് പി ജയിച്ചിരിക്കുന്നു.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെയും തുടര്‍ന്ന് പിന്നാലെ വന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകളിലേയും വന്‍ വിജയത്തില്‍ ആധിപത്യം പുലര്‍ത്തിയ ബിജെപിക്ക് പിന്നീട് നേട്ടം എന്ന് പറയാവുന്നത്. ആസാമിലേയും ത്രിപുരയിലേയും തിരഞ്ഞെടുപ്പ് വിജയങ്ങളാണ്. ബാക്കിയെല്ലായിടത്തും ബിജെപി ചാക്കിട്ട് പിടിത്തത്തിലൂടെ അധികാരം പിടിക്കുകയായിരുന്നു. 2015ല്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വന്‍ വിജയവും ബിഹാറില്‍ മഹാസഖ്യത്തിന്റെ വലിയ വിജയവും മോദി – ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്യത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ് ആയിരുന്നു. എന്നാല്‍ ബിഹാറില്‍ മഹാസഖ്യം തകര്‍ത്ത് സര്‍ക്കാരിനെ വീഴ്ത്തി അധികാരത്തിലെത്താന്‍ ബിജെപിക്ക് കഴിഞ്ഞു.

രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയും ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്നേറ്റവുമാണ് ബിജെപിക്ക് പിന്നീട് അടിയായത്. രാജസ്ഥാനില്‍ മൂന്ന് സിറ്റിംഗ് സീറ്റുകളിലും – ആല്‍വാര്‍, അജ്മീര്‍ ലോക്‌സഭ മണ്ഡലങ്ങളിലും മണ്ഡല്‍ഗഡ് നിയമസഭ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ കോണ്‍ഗ്രസ് തോല്‍പ്പിച്ചു. മൂന്നും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു. ഇതില്‍ അജ്മീറില്‍ 89 മുതല്‍ 2014 വരെയുള്ള എട്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ആറ് തവണയും ജയിച്ചത് ബിജെപിയാണ്. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ആല്‍വാറില്‍ 61 ശതമാനം വോട്ട് നേടിയ ബിജെപി 2018ലെ ഉപതിരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടിലേയ്ക്ക് ചുരുങ്ങി. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 34 ശതമാനത്തില്‍ നിന്ന് 58ലേയ്ക്ക് ഉയര്‍ന്നു. കോണ്‍ഗ്രസ് – ബിജെപി ധ്രുവങ്ങളിലേയ്ക്ക് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ചുവട് മാറ്റുന്ന പ്രവണത തന്നെയാണ് രാജസ്ഥാന്‍ കാണിക്കുന്നത് എന്ന് പറയാം. എന്നാല്‍ മോദി സര്‍ക്കാരിനെതിരെ ശക്തമായ ഒരു ജനവികാരം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട് എന്നത് അവഗണിക്കാനാവില്ല. ഇതിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുമോ എന്നതാണ് ചോദ്യം.

കേന്ദ്ര മന്ത്രിയായിരുന്ന, ഇപ്പോഴത്തെ രാജസ്ഥാന്‍ പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റിനെയാണ് അജ്മീറില്‍ 1.72 ലക്ഷം വോട്ടിന് ബിജെപിയിലെ സന്‍വര്‍ലാല്‍ ജാട്ട് പരാജയപ്പെടുത്തിയിരുന്നത്. ഈ സീറ്റില്‍ സന്‍വര്‍ലാല്‍ ജാട്ടിന്റെ മകന്‍ രാംസ്വരൂപ് ശര്‍മ ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ 84,000ല്‍ പരം വോട്ടിന് ജയിച്ചു. ഇവിടെ കോണ്‍ഗ്രസിന്റെ വോട്ട് 41 ശതമാനത്തില്‍ നിന്ന് 51 ശതമാനമായി ഉയര്‍ന്നു. ബിജെപിയുടേത് 56ല്‍ നിന്ന് 44 ആയി കുറഞ്ഞു. മണ്ഡല്‍ഗഡില്‍ 20 ശതമാനം വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. 2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കിട്ടിയ 52 ശതമാനം വോട്ടില്‍ നിന്ന് 32 ശതമാനത്തിലേയ്ക്ക് ഇടിഞ്ഞു. മണ്ഡല്‍ഗഡില്‍ 20 ശതമാനം വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. 2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കിട്ടിയ 52 ശതമാനം വോട്ടില്‍ നിന്ന് 32 ശാതമാനത്തിലേയ്ക്ക് ഇടിഞ്ഞു. ഇതെല്ലാം വ്യക്തമായ സൂചനകളാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നഷ്ടമാകും എന്നാണ് ആര്‍എസ്എസിന്‍റെ ആഭ്യന്തര സര്‍വേ പറയുന്നത്. ദക്ഷിണേന്ത്യയില്‍ കേരളവും തമിഴ് നാടും പിടിക്കുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആകാനുള്ള സാഹചര്യമൊന്നും 2019ല്‍ ഉരുത്തിരിയുമെന്ന പ്രതീക്ഷ അവര്‍ക്കില്ല.

തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് പുറമേ ശക്തമായ ബഹുജന മുന്നേറ്റങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ നടക്കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും എല്ലാം നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉദാഹരണം. മഹാരാഷ്ട്രയില്‍ അതിജീവന സമരം നടത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ അവഗണിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാഷികില്‍ നിന്ന് മുംബൈയിലേയ്ക്ക് നടത്തിയ ലോംഗ് മാര്‍ച്ച് വന്‍ വിജയമായിരിക്കുകയാണ്. രാജ്യത്തെ പ്രതിപക്ഷ മുന്നേറ്റങ്ങള്‍ക്ക് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ പകര്‍ന്ന കരുത്ത് ചെറുതല്ല. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ശിവസേനയുമെല്ലാം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് ഈ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്‍റെ ഭാഗമായി തന്നെയാണ്. യുപി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്നത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തില്‍ അതിശയോക്തിയല്ല. ലക്‌നൗവാണ് ഡല്‍ഹിയിലേയ്ക്ക് പ്രവേശിക്കാനുള്ള കവാടമെന്ന് ഒരിക്കല്‍ എബി വാജ്‌പേയി പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍