UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീരില്‍ ഓഗസ്റ്റ് 5നു ശേഷം ഫയല്‍ ചെയ്യപ്പെട്ടത് 250 ഹേബിയസ് കോര്‍പസുകള്‍; നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതായി റിപ്പോര്‍ട്ട്

ഈ കേസുകളില്‍ 147 എണ്ണത്തില്‍ പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടേയുള്ളുവെന്നാണ് അറിയുന്നത്.

ജമ്മു കാശ്മീര്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളില്‍ ഫയല്‍ ചെയ്യപ്പെട്ടത് 250 ഹേബിയസ് കോര്‍പസ് ഹരജികളെന്ന് റിപ്പോര്‍ട്ട്. ദിവസത്തില്‍ ശരാശരി ആറ് ഹേബിയസ് കോര്‍പസ് ഹരജികള്‍ എന്ന നിലയിലാണ് കോടതിക്കു മുമ്പാകെ എത്തുന്നത്. ദി ഇന്ത്യന്‍ എക്സ്പ്രസ്സാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഈ വിവരം അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പൊതുസുരക്ഷാ നിയമപ്രകാരം ജനകീയ നേതാക്കളെയും ബിസിനസ്സുകാരെയും മറ്റ് പ്രമുഖരെയും തടങ്കലുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ് കശ്മീരില്‍ സര്‍ക്കാര്‍. മുന്‍ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുള്ളയെ അദ്ദേഹത്തിന്റെ വസതിയിലെ ഒറ്റമുറിയില്‍ അടച്ചിട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഓഗസ്റ്റ് 5 മുതലുള്ള ഹേബിയസ് കോര്‍പസ് ഹരജികളുടെ കണക്കാണ് പുറത്തു വന്നിരിക്കുന്നത്. ഈ ദിവസത്തിലാണ് കാശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്.

ഈ കേസുകളില്‍ 147 എണ്ണത്തില്‍ പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടേയുള്ളുവെന്നാണ് അറിയുന്നത്. 85 എണ്ണത്തില്‍ ഉത്തരവിന് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 20 കേസുകളുടെ സ്ഥിതി എന്താണെന്ന് വ്യക്തമല്ല.

എത്ര കേസുകളില്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കിയെന്നോ, എത്രയെണ്ണത്തില്‍ സര്‍ക്കാര്‍ പ്രതികരിച്ചെന്നോ വ്യക്തമല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. 11 കേസുകളില്‍ ഓര്‍ഡറായത് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ കേസുകളൊന്നും അടിയന്തിര പ്രാധാന്യത്തോടെ കോടതി എടുത്തിട്ടില്ലെന്നത് വ്യക്തമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍