UPDATES

ബാലവേല: പാർലെ-ജി പ്ലാന്റിൽ റെയ്ഡ്; 26 കുട്ടികളെ രക്ഷപ്പെടുത്തി

ഒഡീഷ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുട്ടികളിൽ പലരും.

രാജ്യത്തെ പ്രശസ്ത ബിസ്കറ്റ് കമ്പനിയായ പാർലെ-ജിയുടെ പ്ലാന്റിൽ ബാലവേല. 26 കുട്ടികളെ ഛത്തീസ്ഗഢിലെ റായ്പൂരിലെ ബിസ്കറ്റ് പ്ലാന്റിൽ നിന്നും പൊലീസ് രക്ഷപ്പെടുത്തി. അമാസിവ്നി മേഖലയിലെ പ്ലാന്റിൽ കുട്ടികളെ ജോലിക്ക് നിർത്തിയിട്ടുണ്ടെന്ന വിവരം ബാലവേലയ്ക്കെതിരെ സർക്കാർ രൂപീകരിച്ച ദൗത്യസേനയ്ക്ക് ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലൂടെയാണ് കുട്ടികളെ രക്ഷിക്കാനായത്. വെള്ളിയാഴ്ച വൈകീട്ടാണ് റെയ്ഡ് നടന്നത്. 26 കുട്ടികളെ കണ്ടെത്തിയതായി വിധാൻസഭ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വ്യക്തമാക്കി.

കുട്ടികളെയെല്ലാം ജുവനൈൽ ഹോമിലേക്ക് അയച്ചിട്ടുണ്ട്. പാർലെ ജി ഉടമയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ്സെടുത്തിട്ടുണ്ട്. ചൈൽഡ് ഡവലപ്മെന്റ് വകുപ്പിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

13 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് പ്ലാന്റിൽ നിന്നും രക്ഷിച്ചത്. സംസ്ഥാനത്ത് ബാലവേലയ്ക്കെതിരായ പ്രവർത്തനങ്ങൾ സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ബാലവേലയ്ക്കെതിരായ ലോകദിനാചരണം നടന്ന ജൂൺ 12 മുതലാണ് റെയ്ഡുകൾ സംഘടിപ്പിച്ചു തുടങ്ങിയത്. ഇതിൽ കുറഞ്ഞ ദിവസത്തിനുള്ളിൽ 51 കുട്ടികളെ രക്ഷിക്കാനായി.

ഒഡീഷ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുട്ടികളിൽ പലരും. ഇവർക്ക് പ്രതിമാസം 5000 മുതൽ 7000 വരെയാണ് ശമ്പളം നൽകിയിരുന്നത്. രാവിലെ 8 മണി മുതൽ വൈകീട്ട് 8 മണി വരെയാണ് കുട്ടികളെ പണിയെടുപ്പിച്ചിരുന്നത്.

അതെസമയം പാർലെ ജിക്കെതിരായ കേസിൽ കൂടുതൽ ശക്തമായ വകുപ്പുകൾ ചേർക്കേണ്ടതുണ്ടെന്ന് ബച്പൻ ബചാവോ ആന്ദോളൻ എന്ന എൻജിഓയുടെ സംസ്ഥാന കോർഡിനേറ്റർ സന്ദീപ് കുമാർ റാവു ആവശ്യപ്പെട്ടു. ഇദ്ദേഹമടക്കമുള്ളവരാണ് പാർലെ ജി കമ്പനിയിലെ ബാലവേല പുറത്തു കൊണ്ടുവരാൻ പൊലീസിന് വിവരങ്ങൾ നൽകിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍