UPDATES

ട്രെന്‍ഡിങ്ങ്

3 കോടി മുസ്ലിങ്ങൾക്കും 4 കോടി ദളിതർ‍ക്കും വോട്ടില്ല; ഈ തിരഞ്ഞെടുപ്പ് അട്ടിമറിയെ നേരിടാന്‍ ‘മിസ്സിങ് വോട്ടർ ആപ്പ്’

2014 പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലാണ് ലക്ഷക്കണക്കിന് മുസ്ലിം വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികകളിൽ മിസ്സിങ്ങാണെന്നത് സൈഫുള്ള മനസ്സിലാക്കുന്നത്

രാജ്യത്തെ വോട്ടർ പട്ടികകളിൽ 25% മുസ്ലിം വോട്ടർമാർക്ക് ഇടം കിട്ടിയിട്ടില്ലെന്ന് ‘മിസ്സിങ് വോട്ടർ ആപ്പ്’ സിഇഒ ഖാലിദ് സൈഫുള്ള. അതായത് 3 കോടിയോളം മുസ്ലിം വോട്ടർമാർക്ക് ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ലെന്ന് സൈഫുള്ള പറയുന്നു. രാജ്യത്തെ ജനസംഖ്യയുടെ 14.2 ശതമാനമാണ് മുസ്ലിം ജനസംഖ്യ. ജനസംഖ്യാനുപാതം വെച്ച് നോക്കുകയാണെങ്കിൽ കുറഞ്ഞത് 80 മുസ്ലിം എംപിമാരെങ്കിലും പാർലമെന്റിൽ വേണം. നിലവില്‍ സഭയിൽ 24 എംപിമാർ മാത്രമാണുള്ളത്. അനുപാതത്തിന്റെ കാര്യത്തിലുള്ള ഈ അന്യായം വോട്ടർപട്ടികയിൽ പേര് ചേർക്കപ്പെടുന്ന കാര്യത്തിലും സംഭവിക്കുന്നുണ്ടെന്നാണ് 38കാരനായ ഈ സംരംഭകൻ പറയുന്നത്.

തനിക്ക് ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്താണ് മിസ്സിങ് വോട്ടർ ആപ്ലിക്കേഷൻ സിഇഒ ആയ ഈ യുവാവ് വോട്ടർപട്ടികകളിൽ പെടാതെ പോകുന്നവരെക്കുറിച്ചുള്ള കണക്ക് വേർതിരിച്ചെടുത്തത്. ആകെ വോട്ടർമാരിൽ 15 ശതമാനം പേർക്ക് വോട്ടർ പട്ടികകളിൽ സ്ഥാനം കിട്ടിയിട്ടില്ല. മുസ്ലിങ്ങളുടെ കാര്യ മാത്രമെടുത്താൽ ആകെ ജനസംഖ്യയുടെ 25 ശതമാനത്തിനും പട്ടികയിൽ ഇടം കിട്ടിയിട്ടില്ല. രാജ്യത്താകെ 12.7 കോടി വോട്ടർമാരാണുള്ളത്.

ദളിത് വോട്ടർമാരുടെ കാര്യത്തിലും വലിയ അന്യായം നടക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ആകെ 20 കോടി വോട്ടർമാരാണ് രാജ്യത്തുള്ളത്. ഇതിൽ 4 കോടി പേരും വോട്ടർപട്ടികയിൽ ഇടം കണ്ടെത്തിയിട്ടില്ല.

2014 പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലാണ് ലക്ഷക്കണക്കിന് മുസ്ലിം വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികകളിൽ മിസ്സിങ്ങാണെന്നത് സൈഫുള്ള മനസ്സിലാക്കുന്നത്. ഗുജറാത്തിലെ കേസ് പ്രത്യേകമെടുത്ത് പഠിച്ചു. ഇവിടെ മുസ്ലിങ്ങൾ തങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയാത്തതിനെ കുറിച്ച് പരാതിപ്പെടുന്നുണ്ടായിരുന്നു. ഗുജറാത്തിലെ പതിനാറോളം അസംബ്ലി മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളുടെ വിജയം തന്റെ പക്കലുള്ള കണക്കുകൾ വെച്ച് പരിശോധിച്ചപ്പോൾ കണ്ടെത്തിയ കാര്യങ്ങള്‍ സൈഫുള്ളയെ അമ്പരപ്പിക്കുന്നതായിരുന്നു. ഈ മണ്ഡലങ്ങളിലെല്ലാം സ്ഥാനാർത്ഥികൾ മുവായിരത്തിൽ താഴെ വോട്ടുകൾക്കാണ് ജയിച്ചത്. വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ ആയിരക്കണക്കിന് മുസ്ലിങ്ങൾക്ക് ഇവിടങ്ങളിൽ വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്ന് സൈഫുള്ള മനസ്സിലാക്കി. ഒരു വലിയ അട്ടിമറി തന്നെ നടന്നിരിക്കാമെന്ന് അനുമാനിക്കാവുന്ന കണ്ടെത്തലായിരുന്നു ഇത്.

ഇതെത്തുടർന്നാണ് മിസ്സിങ് വോട്ടർ ആപ്പ് എന്ന ആപ്ലിക്കേഷൻ നിർമിക്കാൻ ഇദ്ദേഹം തീരുമാനിച്ചത്. ഈ മൊബൈൽ ആപ്ലിക്കേഷനിൽ ഓരോ മണ്ഡലത്തിലെയും എല്ലാ തെരുവുകളും വീടുകളും അവിടങ്ങളിലെ വോട്ടർമാരുടെ എണ്ണവുമെല്ലാം ലഭ്യമാണ്. ഇതുവെച്ച് വോട്ടർ പട്ടികയിൽ ഇല്ലാത്തവരുടെ പേരുകൾ കണ്ടെത്താൻ കഴിയും. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാനാകും.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ പറയുന്നതിനെക്കാള്‍ എളുപ്പമാണ് എന്നാണ് സൈഫുള്ള അവകാശപ്പെടുന്നത്. പല രാഷ്ട്രീയക്കാരും വോട്ടര്‍ പട്ടികയില്‍ പേര് നീക്കം ചെയ്യാനുള്ള ഫോം 7 ദുരുപയോഗം ചെയ്യുകയാണ്. രാജ്യത്തെ 800 നിയമസഭാ മണ്ഡലങ്ങളിലെ ഡാറ്റ പരിശോധിച്ചതില്‍ നിന്നും 1.6 കോടി കുടുംബങ്ങള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നു കണ്ടു. ഇതില്‍ 40 ലക്ഷം പേര്‍ മുസ്ലീംങ്ങളാണ്. ഇപ്പോള്‍ 9000 വളണ്ടിയര്‍മാര്‍ ഈ ആപില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആപ്പിലൂടെ പേര് ചേര്‍ക്കാന്‍ 25,000 വോട്ടര്‍മാര്‍ അപേക്ഷിച്ചിട്ടുണ്ട്.

കര്‍ണ്ണാടക തിരഞ്ഞെടുപ്പ് കാലത്ത് ആപ് വന്‍ വിജയമായി എന്നു സൈഫുള്ള അവകാശപ്പെടുന്നു. 18 ലക്ഷം മുസ്ലീങ്ങളാണ് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കാതെ ഉണ്ടായിരുന്നത്. 12,000 വളണ്ടിയര്‍മാരുടെ മൂന്നാഴ്ചത്തെ പ്രവര്‍ത്തനത്തിലൂടെ 12 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു.

Citizens for Justice and Peace (CJP’s)യുടെ വിദ്വേഷ പ്രചരണത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന HateHatao App തയ്യാറാക്കിയതും ഖാലിദ് സൈഫുള്ളയാണ്. മനുഷ്യാവകാശ പ്രവര്‍ത്തക ടിസ്റ്റ തെസല്‍വാദ് ആണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍